July 15, 2025 |
Share on

മറഞ്ഞിരുന്നത് 30 വര്‍ഷം, അല്‍-ഉമ്മ ഭീകരന്‍ അബൂബക്കര്‍ സിദ്ദിഖ് പിടിയില്‍

ബെംഗുളൂരു ബിജെപി ഓഫീസിലെ ഉള്‍പ്പെടെ നിരവധി സ്‌ഫോടന കേസുകളിലെ മുഖ്യ സൂത്രധാരന്‍

2013ല്‍ ബെംഗളൂരുവിലെ ബിജെപി ഓഫീസ് സ്ഫോടനം ഉള്‍പ്പെടെ കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനും, നിരോധിത സംഘടന അല്‍ ഉമ്മയിലെ അംഗവുമായ അബുബക്കര്‍ സിദ്ദിഖ് അറസ്റ്റില്‍. ആന്ധ്രപ്രദേശില്‍ നിന്നും തമിഴ്‌നാട് പൊലീസ് പിടികൂടിയ ഇയാള്‍ കഴിഞ്ഞ 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു.

ആന്ധ്രപ്രദേശിലെ അണ്ണാമയ ജില്ലയില്‍ നിന്നാണ് അബുബക്കര്‍ സിദ്ദിഖിനെ തമിഴ്‌നാട് ആന്റി-ടെറസിസം സ്‌ക്വാഡ്(എടിഎസ്) അറസ്റ്റ ്‌ചെയ്തത്. ബിജെപി-വലതുപക്ഷ നേതാക്കന്മാര്‍ക്കെതിരേ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത സിദ്ദിഖിനെ പിടികൂടാനായി 2013 ല്‍ തമിഴ്‌നാട് സിബി- സിഐഡി അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

1995 മുതല്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളില്‍ അല്‍-ഉമ്മ ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിദ്ദിഖിന്റെ തലച്ചോര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 1995ല്‍ ചെന്നൈ ചിന്താദ്രിപേട്ടിലെ ഹിന്ദു മുന്നണി ഓഫീസില്‍ ഉണ്ടായ സ്‌ഫോടനം, നാഗൂര്‍ തങ്കം മുത്തുകൃഷ്ണന്റെ വീട്ടില്‍ ഉണ്ടായ പാഴ്‌സല്‍ ബോംബ് സ്‌ഫോടനം, 1999-ല്‍ ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നടന്ന സ്‌ഫോടനം അടക്കം തമിഴ്നാട്ടിലെയും കേരളത്തിലെയും ഏഴ് സ്ഥലങ്ങളിലായി നടന്ന സ്ഫോടനങ്ങളില്‍ സിദ്ദിഖിന് ബന്ധമുണ്ടെന്നാണ് എടിഎസ് പറയുന്നത്.

ഇയാള്‍ വിദേശത്ത് നിന്നും തീവ്രവാദ പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണെന്നും തമിഴ്‌നാട് പൊലീസ് പറയുന്നു. 2013 ല്‍ നടന്ന ബെംഗളൂരു ബിജെപി ഓഫീസ് സ്‌ഫോടന കേസില്‍ സിദ്ദിഖി 19 ആം പ്രതിയാണ്. ഇയാളായിരുന്നു ബിജെപി ഓഫീസ് ആക്രമിക്കാനുള്ള പദ്ധതിയുടെ മുഖ്യസൂത്രധാരന്‍. കേസിന്റെ വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സ്‌ഫോടക വസ്തുവായ ഐഇഡി നിറച്ചൊരു ബൈക്ക് ബിജെപി ഓഫിസിന് മുന്നിലായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.

തമിഴ്‌നാട് നാഗൂര്‍ സ്വദേശിയാണ് അബൂബക്കര്‍ സിദ്ദിഖ്. ഇയാള്‍ക്കൊപ്പം തിരുനല്‍വേലിക്കാരനായ മുഹമ്മദ് അലി എന്ന കൂട്ടാളിയും പിടിയിലായിട്ടുണ്ട്. 1995 മുതല്‍ തമിഴ്‌നാട്ടില്‍ വിവിധ ബോംബ് സ്‌ഫോടനങ്ങളും മതപരമായ കൊലപാതകങ്ങളും ഇവര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, അതിനുശേഷം രണ്ടു പേരും ഒളിവില്‍ പോവുകയായിരുന്നുമെന്നുമാണ് തമിഴ്‌നാട് എടിഎസ് പറയുന്നത്.

2011ലെ മധുര തിരുമംഗലത്ത് ബിജെപി നേതാവും അന്നത്തെ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍ കെ അദ്വാനിയുടെ രഥയാത്രയില്‍ സ്‌ഫോടനം നടത്താനുദ്ദേശിച്ച് നടത്തിയ പൈപ്പ് ബോംബ് സ്‌ഫോടന കേസിലും, 2012-ല്‍ വെല്ലൂരിലെ ഡോക്ടര്‍ അരവിന്ദ് റെഡ്ഡി കൊലപാതക കേസിലും സിദ്ദിഖ് പ്രതിയാണ്. സിദ്ദിഖിന്റെ കൂട്ടാളിയായ അലി 1999-ല്‍ തമിഴ്നാട്ടിലും കേരളത്തിലുമായി ഏഴ് സ്ഥലങ്ങളില്‍ ബോംബ് വച്ചതായി ആരോപിക്കപ്പെടുന്നയാളാണ്.

തീവ്രവാദ ഗൂഢാലോചനകളുമായി ബന്ധപ്പെട്ട് 1995 മുതല്‍ 2024 വരെ നടന്നിട്ടുള്ള നിരവധി അന്വേഷണങ്ങളില്‍ അബൂബക്കര്‍ സിദ്ദിഖ് എന്ന പേര് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇയാളിലേക്ക് എത്താന്‍ അവര്‍ക്കായില്ല. അതിനുള്ള കാരണം സിദ്ദിഖ് സ്വീകരിച്ചിരുന്ന രഹസ്യസ്വഭാവമായിരുന്നു. അയാള്‍ എപ്പോഴും മറഞ്ഞിരിക്കുകയായിരുന്നു. പിന്നില്‍ നിന്നുള്ള ആസൂത്രണങ്ങളായിരുന്നു നടത്തിയിരുന്നത്. സ്‌ഫോടനങ്ങളിലും ആക്രമണങ്ങളിലും നേരിട്ട് ഉള്‍പ്പെടുന്നവരുമായി പ്രത്യക്ഷത്തില്‍ ഇടപഴകാന്‍ സിദ്ദിഖ് തയ്യാറായിരുന്നില്ല. മറിച്ച് രഹസ്യ നീക്കങ്ങളിലൂടെയായിരുന്നു ആശയവിനിമയങ്ങള്‍ നടത്തിപ്പോന്നിരുന്നത്. ഈ തന്ത്രമാണ് പൊലീസിന് ഇത്രനാളും അയാളിലേക്ക് എത്താന്‍ പ്രതിസന്ധിയുണ്ടാക്കി കൊണ്ടിരുന്നത്.

സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളയാളാണ് അബൂബക്കര്‍ സിദ്ദിഖ്. കന്നഡ, മലയാളം, തമിഴ്, ഉറുദു, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകള്‍ ഇയാള്‍ക്ക് സംസാരിക്കാനറിയാം. അല്‍-ഉമ്മയിലെ രണ്ട് വിഭാഗങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോയിരുന്നത് സിദ്ദിഖായിരുന്നു. ഇയാളായിരുന്നു ആ ഭീകരപ്രസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സും.

സിദ്ദിഖ് തന്റെ യാത്രകള്‍ ആസൂത്രണം ചെയ്തിരുന്നതും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നത് തികച്ചും രഹസ്യസ്വഭാവത്തിലായിരുന്നു. ഇതിനര്‍ത്ഥം അയാള്‍ക്ക് രഹസ്യ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ്. അയാള്‍ക്ക് വിദേശ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു, 2013 ല്‍ പോലീസ് അറിയിച്ചിരുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഏകദേശ 16 വര്‍ഷത്തോളം സിദ്ദിഖ് പൊലീസിന്റെ റഡാറില്‍ നിന്നും അപ്രത്യക്ഷനായിരുന്നുവെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്. ഇയാള്‍ പരിശീലനം നല്‍കിയവരുമായി ആശയവിനിമയം നടത്തുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ ഒരു തീവ്രവാദ ഗ്രൂപ്പില്‍ നിന്നും താന്‍ പരിശീലനം നേടിയതായി സിദ്ദിഖ് അവകാശപ്പെട്ടിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

ബെംഗളൂരു ബിജെപി ഓഫീസ് സ്‌ഫോടനത്തില്‍ പങ്കാളികളായ ഫക്രുദീന്‍, പന്ന ഇസ്മായില്‍, ബിലാല്‍ മാലിക് എന്നിവരെ 2013 ലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന പര്‍വായ് ബാഷ 2014 ലും പിടിയിലായി. ഇവരെല്ലാം അല്‍-ഉമ്മയുമായി ബന്ധമുള്ളവരായിരുന്നു. ഇവരെയെല്ലാം ചോദ്യം ചെയ്തതില്‍ നിന്നാണ് ബിജെപി ഓഫീസ് സ്‌ഫോടന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ സിദ്ദിഖ് ആണെന്ന് പൊലീസിന് മനസിലായത്.

ബെംഗളൂരു സ്ഫോടന അന്വേഷണത്തിലാണ്, തമിഴ്നാട് ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് ഫോര്‍ മൈനോറിറ്റീസിലെ ഒരു പ്രധാന പങ്കാളിയായിരുന്നു സിദ്ദിഖ് എന്ന് കണ്ടെത്തുന്നത്. ബിജെപി ഓഫീസ് സ്ഫോടനത്തിനായി ആസൂത്രണം ചെയ്യുന്നതിനായി കിച്ചന്‍ ബുഹാരി, ഫക്രുദീന്‍ തുടങ്ങിയവര്‍ ഈ ട്രസ്റ്റില്‍ നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് മനസിലായി.

ബിജെപി ഓഫിസ് സ്‌ഫോടന കേസിന്റെ കുറ്റപത്രത്തില്‍, ബെംഗളൂരു പോലീസ് പറയുന്നത്, ചാരിറ്റബിള്‍ ട്രസ്റ്റ് ഫോര്‍ മൈനോറിറ്റീസ് കുറ്റാരോപിതര്‍ക്ക് 1.5 ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ടെന്നാണ്. ട്രസ്റ്റിന്റെ മുഖ്യനടത്തിപ്പുകാരനായി സിദ്ദിഖിനെയാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഗൂഢാലോചനയില്‍ പ്രതി ചേര്‍ക്കപ്പെട്ട 20 പേരില്‍ ഒരാളായ അബൂബക്കര്‍ സിദ്ദിഖിനെ ‘സിദ്ദിഖ് ഭായ്’ എന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

2013 ഏപ്രില്‍ 17 ന് ബിജെപി ഓഫീസ് ലക്ഷ്യമാക്കി നടത്തിയ സ്‌ഫോടനത്തിന് ഫക്രുദീനെയും മാലിക്കിനെയും പ്രേരിപ്പിച്ചതും പദ്ധതി ആസൂത്രണം ചെയ്തതും സിദ്ദിഖാണെന്നാണ് പോലീസ് പറയുന്നത്. ഫക്രുദീനെ ഐഇഡികള്‍ നിര്‍മ്മിക്കാന്‍ പഠിപ്പിച്ചത് സിദ്ദിഖാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പറയുന്നു. ബിജെപി ഓഫീസ് സ്‌ഫോടനത്തിനായുള്ള ഐഇഡി ചിറ്റൂരിനടുത്തുള്ള ഒരു ഒളിത്താവളത്തിലാണ് തയ്യാറാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്.  2013 Bengaluru BJP office blast case terror suspect Abubakar Siddique arrested

Content Summary; 2013 Bengaluru BJP office blast case terror suspect Abubakar Siddique arrested

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×