കടുത്ത ഇസ്ലാമോഫോബിയയെ മറികടന്നുക്കൊണ്ടാണ് ന്യൂയോർക്ക് നഗരത്തിന്റെ 111ാമത് മേയറായി സൊഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്ലീമാണ് ഈ 34കാരൻ. 75 ശതമാനത്തോളം വോട്ടെണ്ണിയപ്പോൾ 50.4 ശതമാനം വോട്ട് നേടിയായിരുന്നു മംദാനിയുടെ വിജയം.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ സൊഹ്‌റാന്‍ മംദാനിക്കെതിരായ ആക്ഷേപങ്ങളും ആരോപണങ്ങളും ശക്തമായിരുന്നു. കടുത്ത ഇസ്ലാം വിരുദ്ധതയാണ് സൊഹ്‌റാന് നേരിടേണ്ടി വന്നിരുന്നത്. ഹമാസ് ഭീകരവാദികളുടെ അനുഭാവി, ജിഹാദി ഭീകരന്‍ എന്നിങ്ങനെയാണ് സൊഹ്‌റാന് എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത പേരുകള്‍. ഡെമോക്രാറ്റിക് പ്രൈമറിയില്‍ സൊഹ്‌റാന്‍ വിജയിച്ചതോടെയാണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും കടുത്ത യാഥാസ്ഥികരും രാഷ്ട്രീയ എതിരാളികളും വിഷം തുപ്പുന്ന ആരോപണങ്ങളുമായി നിറയാന്‍ തുടങ്ങിയത്. ട്രംപ് ഭരണകൂടത്തിന്റെ പ്രതിനിധികളും വൈറ്റ് ഹൗസില്‍ സ്വാധീനമുള്ളവരും സൊഹ്‌റാനെ നാടുകടത്തണമെന്നും, അയാള്‍ മേയര്‍ ആവുകയാണെങ്കില്‍ സെപ്തംബര്‍ പതിനൊന്നിലെ(9/11 ഭീകരാക്രമണം) നടന്നതുപോലെ വീണ്ടും അമേരിക്ക ഭീകരാക്രമണങ്ങള്‍ നേരിടേണ്ടി വരുമെന്നുള്ള പ്രവചനങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സൊഹ്‌റാന്റെ മതം പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ പ്രധാനമായും ആക്രമിച്ചിരുന്നത്.
അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ(ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ നഗരം) ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായി സൊഹ്റാൻ ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ സൊഹ്‌റാന്‍ വിജയിച്ചതിനു പിന്നാലെ റിപ്പബ്ലിക്കന്‍മാരും യാഥാസ്ഥിതിക ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളും 33 കാരനായ ഈ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് നേതാവിനെതിരേ വധ ഭീഷണികളും വിദ്വേഷ പ്രചാരണങ്ങളുമായി രംഗത്തുവന്നു. സ്റ്റേറ്റ് അസംബ്ലി അംഗമായ സൊഹ്‌റാന്‍ ന്യൂയോര്‍ക്കിന്റെ മേയര്‍ ആകുന്നത് അംഗീകരിക്കാനാകില്ലെന്ന വാശിയിലായിരുന്നു വിദ്വേഷ പ്രചാരകര്‍.
‘മോദി വിരോധി, ട്രംപിന്റെ പേടിസ്വപ്നം’: സൊഹ്‌റാൻ മംദാനിയുടെ നിലപാടുകൾ ചർച്ചയാകുമ്പോൾ
സൊഹ്‌റാന്റെ കുടിയേറ്റ പശ്ചാത്തലം, മുസ്സിം മതവിശ്വാസം, പുരോഗമന ചിന്തകള്‍ എല്ലാം മുന്‍നിര്‍ത്തിയാണ്, അദ്ദേഹം ന്യൂയോര്‍ക്കിന്റെ മേയര്‍ ആകുന്നത് അമേരിക്കയുടെ തന്നെ നാശത്തിന് കാരണമാകുമെന്ന തരത്തില്‍ ഇവർ പ്രചാരണം നടത്തി.
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും വൈറ്റ് ഹൗസില്‍ സ്വാധീനവുമുള്ള ലോറ ലൂമര്‍ ആരോപിച്ചത്, സൊഹ്‌റാന്‍ മേയര്‍ ആയാല്‍ ‘ന്യൂയോര്‍ക്കില്‍ മറ്റൊരു 9/11 ഉണ്ടാകും’ എന്നാണ്. അവരത് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗം വിക്കി പലാഡിനോ ഒരു റേഡിയോ അഭിമുഖത്തില്‍ സൊഹ്‌റാനെ ആക്ഷേപിച്ചത് അദ്ദേഹം ‘അറിയപ്പെടുന്ന ജിഹാദിസ്റ്റ് തീവ്രവാദി’ ആണെന്നും ‘കമ്മ്യൂണിസ്റ്റ്’ ആണെന്നുമായിരുന്നു. അമേരിക്കന്‍ പൗരത്വം ഉണ്ടെങ്കിലും സൊഹ്‌റാനെ നാടുകടത്തണമെന്നും വിക്കി ആവശ്യപ്പെട്ടിരുന്നു.

വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ട്രംപ് ഭരണകൂടത്തിന്റെ പ്രധാന അജണ്ടയായ കുടിയേറ്റക്കാരെ നാടുകടത്തുന്ന പദ്ധതിയുടെ മുഖ്യ ശില്‍പ്പിയുമായ സ്റ്റീഫന്‍ മില്ലര്‍ ഉള്‍പ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നതന്മാരും സൊഹ്‌റാനെ ആക്ഷേപിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചും രംഗത്തിറങ്ങിയിരുന്നു. ‘കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ഒരു സമൂഹത്തിന് എന്ത് സംഭവിക്കും എന്നതിന്റെ ഏറ്റവും വ്യക്തമായ മുന്നറിയിപ്പാണ് ന്യൂയോര്‍ക്ക് സിറ്റി.’ എന്നാണ് അവര്‍ സൊഹ്‌റനെതിരേ നടത്തിയ വിദ്വേഷം.
ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡറും ന്യൂയോര്‍ക്കില്‍ നിന്നുള്ള യുഎസ് പ്രതിനിധി സഭ അംഗവുമായ എലീസ് സ്റ്റെഫാനിക് സൊഹ്‌റാനെ ‘ഹമാസ് തീവ്രവാദ അനുഭാവി’ എന്നു മുദ്രകുത്തിയാണ് ഫണ്ട്റൈസിംഗ് ഇമെയിലുകള്‍ അയച്ചത്. സൊഹ്‌റാന്റെ വിജയത്തിന് മുന്നേയായിരുന്നു ഈ പരാമര്‍ശം. സെപ്തംബര്‍ 11 ലെ ആക്രമണം മറന്നാണ് ന്യൂയോര്‍ക്കുകാര്‍ ഇപ്പോള്‍ പെരുമാറുന്നതെന്ന കുറ്റപ്പെടുത്തലായിരുന്നു ഡൊണാള്‍ഡ് ട്രംപ ്ജൂനിയര്‍ നടത്തിയത്. ന്യൂയോര്‍ക്ക് നശിച്ചുവെന്ന് അയാള്‍ വിലപിച്ചു.
പ്രതിനിധിസംഭാഗമായ റിപ്പബ്ലിക്കന്‍ മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍, ബുര്‍ഖ ധരിച്ച സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഒരു എഐ ചിത്രമാണ് സൊഹ്‌റാനെ പരിഹസിക്കിനായി പോസ്റ്റ് ചെയ്തത്. യാഥാസ്ഥിതിക വക്താവായ മാറ്റ് വാല്‍ഷ് ഉയര്‍ത്തിയ ആക്ഷേപം, ന്യൂയോര്‍ക്ക് ഇനി ഒരു അമേരിക്കന്‍ നഗരമല്ല’ എന്നായിരുന്നു. അവിടുത്തെ ജനസംഖ്യ 40% വിദേശികളാണെന്നാണ് അയാള്‍ അതിനുള്ള കാരണമായി പറയുന്നത്.
നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സൊഹ്‌റാനെ അധിക്ഷേപിച്ച് രംഗത്തു വന്നിരുന്നു. 100 ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നായിരുന്നു ട്രംപിന്റെ ആക്ഷേപം. സൊഹ്‌റാന്റെ രൂപത്തെയും ശബ്ദത്തെയും വരെ പ്രസിഡന്റ് ആക്ഷേപിച്ചു. മതവും വംശവും നേരിട്ട് പറഞ്ഞില്ലെങ്കിലും സൊഹ്‌റാനെ പിന്തുണയ്ക്കുന്നവരെല്ലാം പലസ്തീന്‍ അനുകൂലികളാണെന്ന് ട്രംപ് വിളിച്ചു പറഞ്ഞിരുന്നു.
കടുത്ത ഇസ്ലാമോഫോബിയ നിറഞ്ഞ ആക്രമണങ്ങളാണ് സൊഹ്‌റാനെതിരേ മേയര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം എതിരാളികള്‍ നടത്തിയത്. മതവും സൊഹ്‌റാന്റെ പുരോഗമന നിലപാടുകളുമാണ് അവരെ ചൊടിപ്പിക്കുന്നത്. പലസ്തീന്‍ അനുകൂല നിലപാടുകളാണ് അയാളെ ഒരു തീവ്രവാദിയാക്കി മുദ്രകുത്താനുള്ള ശ്രമത്തിനു പിന്നില്‍.
100 ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തന്‍; സൊഹ്‌റാന്‍ മംദാനിയെ ആക്ഷേപിച്ച് ട്രംപ്
മാധ്യമങ്ങള്‍ പോലും സൊഹ്‌റാനെ പ്രത്യേകം ലക്ഷ്യം വച്ചു. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരാത്ത ചോദ്യങ്ങളാണ് അദ്ദേഹത്തിനു നേരെ ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് പലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍. ഏത് വിദേശ രാജ്യമായിരിക്കും മേയര്‍ ആയിക്കഴിഞ്ഞാല്‍ ആദ്യം സന്ദര്‍ശിക്കുക എന്നതു വരെ പ്രത്യേക ഉദ്ദേശം വച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. ഇസ്രയേലിന്റെ നിലനില്‍പ്പിനായുള്ള അവകാശത്തെ കുറിച്ചുള്ള ചോദ്യമൊക്കെ സൊഹ്‌റാനെ കെണിയില്‍ വീഴ്ത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു.
തീവ്രവാദിയായി മുദ്രകുത്തപ്പെടേണ്ടിവരുമെന്ന ഭയത്തിലാണ് ഓരോരുത്തരും ജീവിക്കുന്നത്, ഒരു നിഴല്‍ ജീവിതത്തിലേക്കാണ് അവര്‍ തള്ളപ്പെടുന്നത്. നമ്മുടെ നഗരം ഇങ്ങനെയല്ല ആകേണ്ടത്, നമ്മുടെ രാജ്യവും. ന്യൂയോര്‍ക്കിലെ നിരവധി മുസ്ലിങ്ങളോട് സംസാരിച്ചതിന്റെ അനുഭവത്തില്‍ സൊഹ്‌റാന്‍, ഒരു അഭിമുഖത്തില്‍ പറയുന്ന കാര്യമാണിത്. തന്റെ വിശാലമായ കാഴ്ച്ചപ്പാടായാണ് സൊഹ്‌റാന്‍ ഇക്കാര്യം പറയുന്നത്. സ്വന്തം നിലയ്ക്ക് അയാളും അനുഭവിക്കുന്നത് ഇതൊക്കെ തന്നെയാണ്. Zohran Mamdani faces Islamophobic attack after his New York primary success
Content Summary; Zohran Mamdani faces Islamophobic attack after his New York primary success
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.