UPDATES

ഹോളിവുഡില്‍ എഴുത്തുകാര്‍ സമരം അവസാനിപ്പിക്കുന്നു

സമരം 146 ദിവസം പിന്നിട്ടു

                       

ശമ്പളവര്‍ധനവ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ (AI) കടന്നുകയറ്റം കുറയ്ക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ചു ഹോളിവുഡിലെ എഴുത്തുകാരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ചലച്ചിത്ര പ്രവര്‍ത്തകര്‍ മെയ് മാസം മുതലാരംഭിച്ച അനിശ്ചിതകാല സമരം അവസാനിക്കുന്നു. സ്ട്രീമിംഗ് സേവനങ്ങള്‍, സ്റ്റുഡിയോകള്‍, നിര്‍മാതാക്കള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സുമായി (AMPTP), റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക (WGA) താത്കാലിക ധാരണയിലെത്തിയതോടെയാണ് സമരത്തിന് തിരശീലവീഴുന്നത്.

ഹോളിവുഡിലെ മുന്‍നിര സ്റ്റുഡിയോകള്‍ അവരുടെ പ്രൊജക്ടുകളില്‍ AI യുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് എഴുത്തുകാരുടെ യൂണിയന്‍ ആയ ദി റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക (WGA) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോളിവുഡിലെ വലിയ വിനോദ കമ്പനികളെ പ്രതിനിധീകരിക്കുന്ന ട്രേഡ് അസോസിയേഷന്‍ ആയ അലയന്‍സ് ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് (AMPTP) ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരുന്ന എമ്മി അവാര്‍ഡുകള്‍ ജനുവരിയിലേക്ക് നീട്ടി വക്കുകയും നെറ്റ്ഫ്‌ളിക്സിന്റെ ‘സ്‌ട്രേഞ്ചര്‍ തിംഗ്‌സ്,’ എച്ച്ബിഒ യുടെ ‘ദി ലാസ്റ്റ് ഓഫ് അസ്’, എബിസിയുടെ ‘അബോട്ട് എലിമെന്ററി’, കൂടാതെ ‘ഡെഡ്പൂള്‍ 3’, ‘സൂപ്പര്‍മാന്‍: ലെഗസി’ എന്നിവയുടെ ഷൂട്ടിങ് നിര്‍ത്തിവക്കുകയും ചെയ്തിരുന്നു.

ഞായാഴ്ച ഇരുകൂട്ടരും നടത്തിയ കൂടിക്കാഴ്ചയില്‍ അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സും (AMPTP) WGA യും തമ്മില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ താത്കാലിക കരാര്‍ ഉണ്ടാക്കി. പണിമുടക്കിന് കാരണമായ പ്രധാന മൂന്ന് പ്രശ്നങ്ങളായ; എഴുത്തുകാരുടെ സൃഷ്ടികളില്‍ കൃത്രിമ ബുദ്ധിയുടെ കടന്നുകയറ്റത്തിനെതിരെയുള്ള സംരക്ഷണം, സ്ട്രീമിംഗിലെ ഷോകള്‍ക്കുള്ള ശേഷിക്കുന്ന പേയ്മെന്റുകള്‍. ടിവി ഷോകളിലെ എഴുത്തുകാരുടെ നിയമനം- എന്നിവ ഈ കരാര്‍ പ്രകാരം പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച ചെയ്യും.

AI- ഉപയോഗം ഹോളിവുഡില്‍ വര്‍ദ്ധിച്ചതോടെയാണ് ഇതിനെ പ്രതിയുള്ള ആശങ്കകള്‍ ഒരു പ്രധാന പ്രശ്‌നമായി തീര്‍ന്നത്. സ്ട്രീമുകള്‍ക്കും സ്റ്റുഡിയോകള്‍ക്കും ജനറേറ്റീവ് AI, ഓപ്പണ്‍ ഐ യുടെ ചാറ്റ്ജിപിടി പോലെയുള്ള ടെക്സ്റ്റ്, ഇമേജുകള്‍, വീഡിയോ എന്നിവ സൃഷ്ടിക്കാന്‍ കഴിവുള്ള മെഷീന്‍ ലേണിംഗ് സിസ്റ്റങ്ങള്‍, ഹ്യൂമന്‍ റൈറ്റേഴ്സ് നിര്‍മ്മിച്ച സ്‌ക്രിപ്റ്റുകളെ അപേക്ഷിച്ചു ചിലവ് കുറക്കുന്ന സാഹചര്യങ്ങള്‍ എന്നിവ WGA ഗൗരവമായി കണ്ടു. ഇതോടെയാണ് 146 ദിവസത്തോളമായി തുടരുന്ന സമരത്തിലേക്ക് എഴുത്തുകാര്‍ കടക്കുന്നത്.

പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയ റെസിഡ്യൂള്‍ കോമ്പന്‍സേഷന്‍സ് പ്രകാരം നെറ്റ്ഫ്‌ളിക്‌സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങളില്‍ എഴുത്തുകാരുടെ ഷോകള്‍ക്ക് റേറ്റിംഗ് അധികമാകുന്നതിനനുസരിച്ചു അവര്‍ക്ക് അധിക പണം നല്‍കാനുള്ള പദ്ധതിയും ആവിഷ്‌ക്കരിക്കാന്‍ ചര്‍ച്ചകള്‍ നടക്കും. ഈ അധിക പണം എഴുത്തുകാര്‍ക്ക് ബോണസ് എന്ന രീതിയിലായിരിക്കും ലഭിക്കുക. എഴുത്തുകാരുടെ വിരമിക്കല്‍, ആരോഗ്യ സംരക്ഷണം എന്നിവക്കായി നീക്കിവച്ച ഫണ്ടിലേക്ക് ഈ പണം ഉള്‍പ്പെടുത്തില്ല.

മുന്‍കാലങ്ങളില്‍, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ ഷോകള്‍ വലിയ ഹിറ്റായാലും, എഴുത്തുകാര്‍ക്ക് സാധാരണ ടിവി ചാനല്‍ ഷോകളില്‍ നിന്നും ലഭിച്ചിരുന്നതിനെക്കാള്‍ അധികമായൊന്നും പണം ലഭിച്ചിരുന്നില്ല. സ്ട്രീമിംഗ് സേവനങ്ങളില്‍ അവരുടെ ഷോകള്‍ ജനപ്രിയമാകുമ്പോള്‍ എഴുത്തുകാര്‍ക്ക് അവരുടെ ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പുതിയ കരാര്‍ ലക്ഷ്യമിടുന്നുണ്ട്.

ടിവി ഷോകള്‍ക്കായി എത്ര എഴുത്തുകാരെ നിയമിക്കണം എന്നതിനെക്കുറിച്ച് നിയമങ്ങള്‍ സ്ഥാപിക്കാന്‍ WGA ആവിശ്യം ഉന്നയിച്ചിരുന്നു. ഒരു സീസണിലെ എപ്പിസോഡുകളെ ആശ്രയിച്ച്, ഒരു ഷോയ്ക്ക് ആറ് മുതല്‍ പന്ത്രണ്ട് വരെ എഴുത്തുകാരെ ഉള്‍ക്കൊള്ളിക്കാമെന്ന നിര്‍ദ്ദേശവും മുന്നോട്ടു വച്ചിരുന്നു. എന്നാല്‍, സ്റ്റുഡിയോകളെ പ്രതിനിധീകരിക്കുന്ന AMPTP ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞിരുന്നു. എഴുത്തുകാരുടെ യൂണിയന്‍ ആ നിലപാടിനെതിരേ പ്രതിഷേധിച്ചു. പിന്നീട് കരാറില്‍ ഏര്‍പ്പെട്ടപ്പോഴാണ് സ്റ്റുഡിയോകള്‍ നിലപാടില്‍ മാറ്റം വരുത്തിയത്. ഷോയുടെ സൃഷ്ടാക്കള്‍ക്ക് (ഷോ റണ്ണര്‍മാര്‍) പണത്തിന്റെ അടിസ്ഥാനത്തില്‍ എത്ര എഴുത്തുകാരെ നിയമിക്കണമെന്ന് തീരുമാനിക്കാമെന്ന നിലപാടും സ്വീകരിച്ചു. ഏറ്റവും കുറഞ്ഞ എഴുത്തുകാരുടെ എണ്ണത്തെക്കുറിച്ചും ‘മിനി-റൂമുകള്‍’ എങ്ങനെ നിയന്ത്രിക്കപ്പെടും എന്നതിനെക്കുറിച്ചുമുള്ള തീരുമാനങ്ങളില്‍ വ്യക്തത ഇപ്പോഴും പുറത്തു വിട്ടിട്ടില്ല.

അഞ്ചു മാസമായി നീണ്ടു നില്‍ക്കുന്ന സമരം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ചും വ്യക്തതയായിട്ടില്ല. ഇരു കൂട്ടരും ഉണ്ടാക്കിയ കരാറിന് എഴുത്തുകാരുടെ യൂണിയനിലെ വിവിധ നേതൃത്വ ഗ്രൂപ്പുകളുടെ കൂടി അംഗീകാരം ആവശ്യമാണ്. ഈ ഗ്രൂപ്പുകളില്‍ യൂണിയന്‍ അംഗത്വ സമിതി, WGA വെസ്റ്റിന്റെ ബോര്‍ഡ്, WGA ഈസ്റ്റിന്റെ കൗണ്‍സില്‍ എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കരാര്‍ അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വോട്ടിങ് ചൊവ്വാഴ്ച്ചയാണ് നടക്കുക. അതിനുശേഷമായിരിക്കും കരാര്‍ വ്യവസ്ഥകളില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

റൈറ്റേഴ്സ് യൂണിയന്‍ (ഡബ്ല്യുജിഎ) പിക്കറ്റിംഗ് ഉള്‍പ്പെടയുള്ള സമര പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെയും രേഖാമൂലമുള്ള കരാര്‍ പൂര്‍ത്തിയാകുന്നതുവരെയും അംഗങ്ങള്‍ തിരികെ ജോലിയിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശമുണ്ട്.

ഹോളിവുഡില്‍ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സമരം നീണ്ടുപോകുന്നത് കൊണ്ട് തന്നെ മിക്ക ടിവി, സിനിമാ നിര്‍മ്മാണങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. അഭിനേതാക്കള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍, സ്‌ക്രിപ്റ്റുകള്‍ എഴുതുന്നതിനും അവ ഷോകളും സിനിമകളും ആയി ജനങ്ങളിലേക്ക് എത്തുന്നതിനും കാലതാമസം നേരിടുന്നു. ഇതിനുപുറമെ സമരത്തിനു മുമ്പുള്ള രീതിയിലേക്ക് പ്രൊഡക്ഷനും മറ്റും തിരികെ വരാനും മാസങ്ങള്‍ വേണ്ടിവന്നേക്കും.
‘ഡ്യൂണ്‍: പാര്‍ട്ട് രണ്ട്’, ‘ചലഞ്ചേഴ്‌സ്’ തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസ് 2024 വരെ നീട്ടിവെക്കാന്‍ തീരുമാനമായിട്ടുണ്ട്. അനിശ്ചിതകാലത്തേക്ക് മാറ്റിവച്ച ‘എ ലീഗ് ഓഫ് ദേര്‍ ഓണ്‍’, ‘ദി പെരിഫറല്‍’ തുടങ്ങിയ ചില ടിവി ഷോകളും റദ്ദാക്കിയിട്ടുണ്ട്.

മെയ് മാസത്തില്‍ ആരംഭിച്ച പണിമുടക്ക് , ആദ്യം ബാധിച്ചത് രാത്രിയും പകലുമുള്ള ടിവി ഷോകളെയായിരുന്നു. പലരും പകലും രാത്രി വൈകിയും കാണുന്ന ടോക്ക് ഷോകള്‍, വാര്‍ത്താ പരിപാടികള്‍, സോപ്പ് ഓപ്പറകള്‍ എന്നിവക്ക് തടസ്സം നേരിട്ടു. ഈ ഷോകള്‍ വളരെ വേഗത്തില്‍ വീണ്ടും ആരംഭിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് (SAG-AFTRA) പ്രതിനിധീകരിക്കുന്ന വിനോദ വ്യവസായത്തിലെ അഭിനേതാക്കളും സമരത്തിലാണ്, എന്നാല്‍ അവരുടെ സമരം എഴുത്തുകാരുടെ സമരവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക (ഡബ്ല്യുജിഎ) പോലെയുള്ള മറ്റ് യൂണിയനുകള്‍ തങ്ങളുടെ കരാറുകളില്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ സമാനമായ സമര തീരുമാനങ്ങള്‍ തങ്ങളും എടുക്കില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ SAG-AFTRA വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍