UPDATES

കല

ഹോളിവുഡിലെ സമരം തീരുന്നില്ല

ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനകളും സ്റ്റുഡിയോകളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു

                       

ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്- അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് യൂണിയനും (എസ്എജി-എഎഫ്ടിഎആര്‍എ) ഹോളിവുഡ് സ്റ്റുഡിയോകളും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. സ്ട്രീമിംഗ് വരുമാനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം എന്നിവയുടെ കാര്യത്തില്‍ തീരുമാനമാകാതിരുന്നതും, ഒപ്പം മൂന്ന് മാസത്തോളം ജോലി നിര്‍ത്തി വെച്ചതടക്കമുള്ള പ്രശ്‌നങ്ങളെ ചൊല്ലി ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കവുമാണ് ചര്‍ച്ച അലസിപ്പിരിയാന്‍ കാരണമായത്.

ചര്‍ച്ചകളില്‍ തീരുമാനമാകാത്തത് നിലവിലുള്ള പിരിമുറുക്കങ്ങള്‍ക്ക് ആക്കം കൂട്ടുകയും, യുഎസ് ആസ്ഥാനമായുള്ള മിക്ക ചലച്ചിത്ര-ടെലിവിഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്നതിനും കാരണമായി. ഇതുമൂലം കാലിഫോര്‍ണിയയുടെ സമ്പദ്ഘടനയ്ക്ക് കോടിക്കണക്കിന് നഷ്ടം വരുത്തുകയും കൂടാതെ ആയിരക്കണക്കിന് ക്രൂ അംഗങ്ങളുടെ ജോലി ഇല്ലാതാക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലൈ മുതല്‍ സാഗ്-ആഫ്ട്ര സമരത്തിലാണ്. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക ഡബ്ല്യുജിഎ) പണിമുടക്ക് പിന്‍വലിച്ചതിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് സാഗ്-ആഫ്ട്ര യൂണിയന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചത്.

സ്റ്റുഡിയോകളിമായി റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക( WGA )കരാര്‍ ഉണ്ടാക്കിയത് അഭിനേതാക്കളുടെ സമരം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ യൂണിയന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം അവലോകനം ചെയ്തത്തിനു ശേഷം ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബുധനാഴ്ച അറിയിക്കുകയായിരുന്നു.

ചര്‍ച്ചകള്‍ക്ക് ശേഷം എ എം പി ടി പിയും(അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സും(AMPTP) സാഗ് -ആഫ്ട്രയും തമ്മിലുള്ള പിളര്‍പ്പ് വളരെ വലുതാണെന്നും, തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഇനി ഫലപ്രദമായ ദിശയിലേക്ക് നയിക്കുമെന്ന് കരുതുന്നില്ലെന്നും നെറ്റ്ഫ്‌ളിക്‌സ്, വാള്‍ട്ട് ഡിസ്‌നി തുടങ്ങിയ മീഡിയ കമ്പനികളെ പ്രതിനിധീകരിക്കുന്ന എ.എം.പി.ടി.പി പറഞ്ഞു.

‘സ്റ്റുഡിയോകള്‍ കഴിഞ്ഞ ആഴ്ച്ച ഒരു ഓഫര്‍ മുന്നോട്ടുവച്ചെങ്കിലും സമരം ആരംഭിക്കുന്നതിന് മുമ്പ് അവര്‍ നിര്‍ദ്ദേശിച്ചതിലും കുറഞ്ഞ ഓഫര്‍ ആയിരുന്നുവത്. കടുത്ത നിരാശയോടെയാണ് ഞങ്ങള്‍ ഇത് നിങ്ങളെ അറിയിക്കുന്നത്. അവര്‍ നിര്‍ദേശിച്ച ഓഫറിനു പകരം നമ്മള്‍ പുതിയൊരു മെച്ചപ്പെട്ട ഓഫര്‍ മുന്നോട്ടു വെച്ചതോടെയാണ് സിഇഒമാര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയത്.’ എന്ന് വ്യാഴാഴ്ച സാഗ്-ആഫ്ട്ര അവരുടെ അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

കാസ്റ്റ് അംഗങ്ങള്‍ക്ക് സ്ട്രീമിംഗ് വരുമാനത്തിന്റെ ഒരു വിഹിതം ബോണസായി വിതരണം ചെയ്യണം എന്നുള്ള സാഗ്-ആഫ്ട്രയുടെ ആവശ്യമാണ് തര്‍ക്കത്തിന്റെ പ്രധാന കാരണം. ഈ ആവശ്യം നടപ്പിലാക്കണമെങ്കില്‍ പ്രതിവര്‍ഷം 800 മില്യണിലധികം ചിലവ് വരുമെന്നും ഇത് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കും എന്നാണ് എ.എം.പി.ടി.പി പറയുന്നത്.

എന്നാല്‍ എ.എം.പി.ടി.പി ചെലവ് 60% കൂടുതലായി കണക്കാക്കിയാണ് ഇത്തരത്തില്‍ ബാധ്യത വരുമെന്ന് പറഞ്ഞതെന്നും കൂടാതെ ഇതൊക്കെ സ്റ്റുഡിയോകളുടെ ഭീഷണി തന്ത്രങ്ങളാണെന്നും സാഗ്-ആഫ്ട്ര തിരിച്ചടിടിച്ചു. അതോടൊപ്പം അവതാരകര്‍ക്ക് പകരം എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിക്കുന്നതില്‍ നിന്നു സംരക്ഷിക്കാന്‍ വിസമ്മതിച്ചതായും പറഞ്ഞു. എന്നാല്‍ അവതാരകരുടെ ഏതെങ്കിലും ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഉപയോഗിക്കുന്നതിനു മുന്‍പായി അവരുടെ സമ്മതം വാങ്ങിച്ചിരിക്കും എന്ന് എ.എം.ടി.പിയും അറിയിച്ചു.

വേതന വര്‍ദ്ധനവിലും ഉയര്‍ന്ന ബജറ്റ് സ്ട്രീമിംഗ് ഷോകളും പോലുള്ള വിഷയങ്ങളിലും റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയും ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയും അംഗീകരിച്ച അതേ നിബന്ധനകള്‍ തന്നെ തങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ സാഗ്-ആഫ്ട്ര അവയൊക്കെയും നിരസിച്ചതായി എ.എം.പി.ടി.പി വിമര്‍ശിച്ചു.

യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് അഞ്ച് മാസങ്ങള്‍ക്ക് ശേഷം, പ്രധാനപ്പെട്ട സ്റ്റുഡിയോകളുമായുള്ള മൂന്ന് വര്‍ഷത്തെ പുതിയ കരാറിന് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക (WGA ) അംഗങ്ങള്‍ ഈ ആഴ്ച അംഗീകാരം നല്‍കിയിരുന്നു. പുതിയ കരാര്‍ ശമ്പള വര്‍ദ്ധനയും എ ഐ ഉപയോഗത്തിന് എതിരെ പരിരക്ഷകളും മറ്റ് ചില നേട്ടങ്ങളും പ്രധാനം ചെയ്യുന്നതാണ്.

Share on

മറ്റുവാര്‍ത്തകള്‍