UPDATES

ഓഫ് ബീറ്റ്

കര്‍ഷകരുടെ അമരാവതി സമരം

രാഷ്ട്രീയ ഇടവഴി 48
സുധീര്‍ നാഥ്

                       

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കര്‍ഷക സമരത്തിന് വലിയ പ്രാധാന്യമുണ്ട്. ഡല്‍ഹി അതിര്‍ത്തികളില്‍ നടന്ന കര്‍ഷക സമരം ദേശീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ ബാധിക്കുക പോലും ഉണ്ടായി. 1988ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനോട് ചേര്‍ന്നുള്ള ബോട്ട് ക്ലബ് മൈതാനിയില്‍ ഒരു കര്‍ഷക സമരം നടന്നിരുന്നു. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. 30 വര്‍ഷത്തിലേറെ ബംഗാള്‍ ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നത് നന്ദീഗ്രാമിലെ കര്‍ഷകര്‍ തുടക്കം കുറിച്ച സമരമാണ്.

1961 മെയ് 2 ന് ഇടുക്കി ജലസേചന പദ്ധതി പ്രദേശങ്ങളില്‍ നിന്ന് പദ്ധതിയുടെ ആവശ്യാര്‍ത്ഥം പ്രദേശത്തുള്ള കര്‍ഷകരുടെ വീടുകള്‍ തീവച്ച് നശിപ്പിച്ച് ബലം പ്രയോഗിച്ച് 40 മൈല്‍ അകലെയുള്ള അമരാവതിയില്‍ ഇറക്കി വിട്ടു. ഒഴിപ്പിക്കപ്പെടുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ ഭൂമി വീതം പകരം നല്കുന്നതിന് ആദ്യ കേരള മന്ത്രിസഭാ കാലത്ത് ചുരുളി ചീനാല്‍ പ്രദേശത്ത് ആവശ്യമായ സ്ഥലം കരുതിയിരുന്നെങ്കിലും അതുനല്‍കാതെയാണ് അമരാവതിയിലേക്ക് കുടിയിറക്കിയത്. പൊതുജന മനസാക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തെ തുടര്‍ന്ന് എ.കെ.ജിയുടെ നേതൃത്വത്തിലുള്ള കര്‍ഷകസംഘം നടത്തിയ അമരാവതി സമരം ചരിത്രപ്രസിദ്ധമാണ്. എ.കെ.ജി 1961 ജൂണ്‍ 6 ന് നിരാഹാരസമരം ആരംഭിച്ചു. ലോക് സഭയിലെ പ്ര തിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്‍ നിരാഹാരമാരംഭിച്ചതോടെ അമരാവതി സമരം ദേശീയ ശ്രദ്ധയുമാകര്‍ഷിച്ചു. അമരാവതി സമരത്തിന് ബഹുജന പിന്തുണ ഏറിയതോടെ സര്‍ക്കാര്‍ മുട്ടുമടക്കുകയും സമരം വിജയിക്കുകയുമുണ്ടായി.

വലതുപക്ഷ മാധ്യമങ്ങള്‍ സമരത്തിനെതിരെ ശക്തമായ പ്രചരണം നടത്തി. ദീപിക പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ള ഒരു വട്ടത്തിനുള്ളില്‍ എസ്സ് എന്ന് ഒപ്പിട്ട് വരച്ച ഒരു കാര്‍ട്ടൂണുണ്ട്. കര്‍ഷകരില്ലാ കര്‍ഷക സമരം എന്ന ശീര്‍ഷകത്തില്‍ ഒന്നാം പേജില്‍ തന്നെയായിരുന്നു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. എ.കെ.ജി, ഇ.എം.എസ്, ടി.വി. തോമസ്, കെ.ആര്‍. ഗൗരിയമ്മ, എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നിവരും കാര്‍ട്ടൂണില്‍ കഥാപാത്രമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദീപിക

 

Share on

മറ്റുവാര്‍ത്തകള്‍