UPDATES

എന്തുകൊണ്ട് കോൺഗ്രസിനൊരു മുസ്ലിം സ്ഥാനാർഥിയില്ല?

രാജിവച്ച ആരിഫ് നസീം ഖാൻ

                       

മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആരിഫ് നസീം ഖാൻ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം സമുദായത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെപ്പോലും സംസ്ഥാനത്ത് നിർത്താത്തതിലുള്ള ആശങ്ക കൂടി പ്രകടിപ്പിച്ചാണ് രാജി.

മുംബൈ നോർത്ത് സെൻട്രൽ സീറ്റിൽ നിന്നുള്ള കോൺഗ്രസ്‌ സീറ്റിൽ ആരിഫ് നസീം ഖാൻ പ്രതീക്ഷയർപ്പിച്ചിരുന്നു. മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്‌ക്‌വാദിനും സീറ്റിൽ കണ്ണ് വച്ചിരുന്നു. ഒടുവിൽ വ്യാഴാഴ്ച മുംബൈ കോൺഗ്രസ് വർഷ ഗെയ്‌ക്‌വാദിന് ടിക്കറ്റ് അനുവദിച്ചു. ഇതോടെ വെള്ളിയാഴ്ച ഖാൻ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

‘എനിക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകുമെന്ന് രണ്ട് മാസം മുമ്പ് തീരുമാനിച്ചിരുന്നതായിരുന്നു. ഇത് മുംബൈയിലെ ന്യൂനപക്ഷ സമൂഹത്തെ ആവേശത്തിലാക്കിയിരുന്നു. എന്നാൽ, ഈ സീറ്റിൽ നിന്ന് (മുംബൈ നോർത്ത് സെൻട്രൽ) വർഷയുടെ പേരാണ്പാർട്ടി പരിഗണിച്ചത്, ഇത് ന്യൂനപക്ഷ സമുദായത്തിൽ അസ്വസ്ഥത സൃഷ്ടിച്ചു,” ഖാൻ തൻ്റെ രാജിക്കത്തിൽ പറഞ്ഞു. എന്തുകൊണ്ടാണ് കോൺഗ്രസ് ഒരു മുസ്ലീം സ്ഥാനാർത്ഥിയെ നിർത്താത്തതെന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ എനിക്ക് ഉത്തരമില്ല. സാമൂഹിക സമത്വ തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു പാർട്ടി എന്തുകൊണ്ട് ഒരു മുസ്ലീം സ്ഥാനാർത്ഥിക്ക് സീറ്റ് നൽകിയില്ല,” ഖാൻ ശനിയാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

1992-93 ലെ മുംബൈ കലാപത്തിൽ 900 ഓളം പേർ കൊല്ലപ്പെട്ടതിന് ശേഷമാണ് ഖാൻ ആദ്യമായി ഒരു സാമൂഹിക പ്രവർത്തകനായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഉത്തർപ്രദേശിലെ ഫൈസാബാദിലെ അക്ബർപൂർ സ്വദേശിയായ ഖാൻ , മുംബൈയിലെ കുർള പ്രാന്തപ്രദേശത്തുള്ള ജാരി മാരി പ്രദേശത്തിൻ്റെ തെരുവുകളിൽ കലാപത്തിൽ നാശനഷ്ടം സംഭവിച്ചവർക്കായി പണം തേടി പലപ്പോഴും അലഞ്ഞുതിരിയുമായിരുന്നു. ഈ ഘട്ടത്തിൽ അദ്ദേഹം ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ കോൺഗ്രസുമായി ബന്ധപ്പെട്ടിരുന്നു.തൻ്റെ ആക്ടിവിസത്തിലൂടെ, മുംബൈ കലാപത്തെക്കുറിച്ചുള്ള ശ്രീകൃഷ്ണ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന് തുടർന്ന് അത് നടപ്പാക്കുന്നതിന് വേണ്ടി  അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. 1998 ഒക്ടോബറിൽ കമ്മീഷൻ്റെ കണ്ടെത്തലുകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ആദ്യമായി ഹർജി നൽകിയതും ഖാൻ ആയിരുന്നു.

1999-ൽ ആ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കുർളയിൽ നിന്ന് ടിക്കറ്റ് നൽകിയതോടെയാണ് ഖാൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമുഖമാകുന്നത്. സീറ്റ് നേടി സംസ്ഥാന സർക്കാരിൽ മന്ത്രിയായി. അതിനുശേഷം, നാല് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഖാൻ, കുർളയിൽ നിന്ന് രണ്ട് തവണയും ചാന്ദിവാലിയിൽ നിന്ന് രണ്ട് തവണയും എംഎൽഎയായി. തുടർച്ചയായി കോൺഗ്രസ്-എൻസിപി സർക്കാരുകളിൽ മന്ത്രിയായ അദ്ദേഹം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

രാഷ്ട്രീയ ജീവിതം ആരംഭിച്ചതോടെ ശ്രീകൃഷ്ണ സമിതി റിപ്പോർട്ട് നടപ്പാക്കണമെന്ന അദ്ദേഹത്തിൻ്റെ ആവശ്യങ്ങൾ നിശബ്ദമായിരുന്നു.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ചന്ദിവാലി സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും (അവിഭക്ത) ശിവസേനയുടെ ദിലീപ് ലാൻഡെയോട് വെറും 409 വോട്ടുകൾക്ക് പരാജയപ്പെട്ടു.

ഇതിനുശേഷം, 2023-ൽ സംസ്ഥാന ഘടകത്തിൻ്റെ നാല് വർക്കിംഗ് പ്രസിഡൻ്റുമാരിൽ ഒരാളായി നിയമിക്കപ്പെടുന്നത് വരെ ഖാൻ പാർട്ടിയിൽ വലിയ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. എന്നാൽ ഖാന് എംൽഎ പദവി എങ്കിലും ലഭിക്കണമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിൽ ഖാനിന്റെ പേര് പാർട്ടി പരിഗണിച്ചിരുന്നു.

മുംബൈ നഗരത്തിലെ 25% ജനസംഖ്യയും അതിൻ്റെ പ്രാന്തപ്രദേശങ്ങളിൽ 19% ഉം മുസ്ലീം സമുദായമാണ്. ഖാൻ പ്രകടിപ്പിച്ച രോഷം ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസിന് ദോഷം ചെയ്യും.

മുംബൈ നോർത്ത് സെൻട്രൽ സീറ്റ് ഉൾക്കൊള്ളുന്ന ആറ് അസംബ്ലി സീറ്റുകളിൽ, കുർള, ചാന്ദിവാലി, ബാന്ദ്ര വെസ്റ്റ്, ബാന്ദ്ര ഈസ്റ്റ് എന്നിവിടങ്ങളിൽ ഗണ്യമായ മുസ്ലീം വോട്ടുകൾ ഉണ്ട്. കോൺഗ്രസിനെതിരായ ഖാൻ്റെ അതൃപ്തി മുസ്ലീം വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റുമോ എന്ന് കണ്ടറിയണം.

ഈ വർഷാവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അടിത്തറ ശക്തിപ്പെടുത്താനുള്ള തന്ത്രത്തിൻ്റെ ഭാഗമായാണ് ഖാൻ്റെ പ്രസ്താവനകൾ പലരും കാണുന്നത്.ചാന്ദിവാലി സീറ്റിലെ തൻ്റെ അവകാശവാദം അദ്ദേഹം ശക്തിപ്പെടുത്തിയേക്കാം.

English summary; former minister naseem khan resigned from Congress

Share on

മറ്റുവാര്‍ത്തകള്‍