UPDATES

അഭിമുഖം

‘ഇന്ത്യയിലെ മുസ്ലിം ജേര്‍ണലിസ്റ്റുകള്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികള്‍’: റാണ അയ്യൂബ്/ അഭിമുഖം

”അവര്‍ ഞങ്ങളെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചാപ്പ കുത്തുമ്പോള്‍ ഞങ്ങള്‍ക്ക് നിരന്തരം രാജ്യസ്‌നേഹം തെളിയിക്കേണ്ടി വരുന്നു”

                       

മാധ്യമപ്രവര്‍ത്തനം ഏറ്റവും ദുഷ്‌കരമായ രാജ്യമാണിന്ന് ഇന്ത്യ. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമെന്നത് ഏറെക്കുറെ അസ്തമിച്ചു. കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ ഞെട്ടിക്കുന്ന വാര്‍ത്തയല്ലാതായി. മാധ്യമ സ്ഥാപനങ്ങളിലെ റെയ്ഡുകള്‍, മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ്, രാജ്യദ്രോഹികളും തീവ്രവാദികളുമായി ചാപ്പ കുത്തപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ തടങ്കല്‍; ദിവസേനയെന്ന പോലെ നടക്കുന്ന വേട്ടയാടലുകളെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ പോലും ഒന്നിക്കുന്നില്ല. ഭരണകൂടത്തിനും കോര്‍പ്പറേറുകള്‍ക്കും വിധേയരായി ഭൂരിഭാഗം മാധ്യമങ്ങളും. ഇരുട്ട് മൊത്തത്തില്‍ മൂടിയിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം. കുറച്ചു പേരെങ്കിലും മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. അവര്‍ ധൈര്യശാലികളും, നിലപാടുള്ളവരും, ചോദ്യം ചോദിക്കുന്നവരുമാണ്. സ്വാഭാവികമായ ഭീഷണികളും വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും, പിന്മാറുന്നവരല്ല. അതിലൊരാളെന്ന് നിസ്സംശയം പറയാവുന്ന മാധ്യമപ്രവര്‍ത്തകയാണ് റാണ അയ്യൂബ്. മാതൃഭൂമി സംഘടിപ്പിച്ച ‘സേക്രേഡ് ഫാക്റ്റ്‌സ് ‘ എന്ന ഏകദിന സംവാദ വേദിയില്‍ പങ്കെടുക്കാനെത്തിയ റാണ അയ്യൂബുമായി അഴിമുഖം നടത്തിയ സംഭാഷണത്തില്‍ നിന്ന്;

ആറു തവണയാണ് വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിന് നേരെ പാഞ്ഞത്. ഗൗരി ജീവിച്ചിരിക്കരുതെന്ന് ഉറപ്പിക്കണമായിരുന്നു കൊലയാളികള്‍ക്ക്. ഒന്നുകില്‍ കൊല്ലപ്പെടും, അല്ലെങ്കില്‍ തടവിലാക്കപ്പെടും. ഭയത്തിന്റെ ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെങ്ങനെയാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടക്കുക? ഈ തൊഴില്‍ ചെയ്യാന്‍ ആളുകള്‍ ധൈര്യപ്പെടുക?

‘റാണാ അവള്‍ കൊല്ലപ്പെട്ടു’. ഗൗരി കൊല്ലപ്പെട്ട ദിവസം എന്നെ തേടിയെത്തിയ ഫോണ്‍ കോള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ആരാണെന്ന് ചോദിക്കും മുമ്പ് പറയേണ്ട കാര്യം പറഞ്ഞിരുന്നു; ”ഗൗരി കൊല്ലപ്പെട്ടു… ആരോ വീടിനു പുറത്തു വച്ചു വെടിവച്ചതാണ്’.

‘റാണാ നീയൊരിക്കലും ഈ കടലാസ് പുലികളെ ഭയക്കരുത്’, ദിവസങ്ങള്‍ മുമ്പ് സംസാരിക്കുമ്പോള്‍ ഗൗരി പറഞ്ഞ വാചകമാണ് എനിക്ക് പെട്ടെന്ന് ഓര്‍മ വന്നത്. അടക്കാനാവാത്ത ഞെട്ടലോടെ ഞാനയാളോട് വീണ്ടും ചോദിച്ചു; ‘നിങ്ങള്‍ നുണ പറയുക ഒന്നുമല്ലല്ലോ?’

ആ കൊലപാതക വാര്‍ത്ത എനിക്ക് ഉള്‍കൊള്ളാനാവുന്നതിലും അപ്പുറമായിരുന്നു. മരിക്കുന്നതിന് ഏതാനും നാളുകള്‍ക്ക് മുമ്പ് തനിക്ക് നേരെയുള്ള വധ ഭീഷണികളെ കുറിച്ച് ഗൗരി സംസാരിച്ചിരുന്നു. വലതുപക്ഷ മതമൗലികവാദികള്‍ മാത്രമായിരുന്നില്ല, ഗൗരിയുടെ ആശയങ്ങളോട് വലിയ രീതിയില്‍ വിമുഖതയും എതിര്‍പ്പും പ്രകടിപ്പിച്ചിരുന്ന ഒരുപറ്റം ആളുകള്‍ വേറെയുമുണ്ടായിരുന്നു.

ഗൗരിയെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുമ്പോള്‍ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയതെ വരികയും കൊല്ലപ്പെട്ടതിനു ശേഷം മാത്രം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്.

ഏതെങ്കിലും ചിലര്‍ക്ക് മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, രാജ്യദ്രോഹം, രാഷ്ട്രത്തിനെതിരായ യുദ്ധം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുന്ന നിരപരാധികളായ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പിന്തുണ നല്‍കി കൂടെ നിന്നാല്‍ മാത്രമേ ഈ കാലഘട്ടത്തില്‍ യുവതലമുറയ്ക്ക് മികച്ച ജേര്‍ണലിസം ചെയ്യാനാകൂ എന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ചോദ്യം ചെയ്യുന്ന, നിലപാടുള്ള, ധൈര്യശാലികളായ ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിന് ഇത് അനിവാര്യമാണ്.

മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ നിശബ്ദനായിരിക്കുന്ന ഇന്ത്യന്‍ പ്രധനമന്ത്രി, ഇസ്രയേലില്‍ ഹമാസ് അക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികരിച്ചു. എങ്ങനെ നോക്കി കാണുന്നു ഇത്തരം നിലപാടുകളെ?

ഇസ്രയേലിനെതിരേ നടത്തിയ അക്രമവും ഇസ്ലാമിക മത തീവ്രവാദവും പ്രധാന മന്ത്രിയുള്‍പ്പെടെയുള്ള ബിജെപി വക്താക്കള്‍ ചര്‍ച്ചയാക്കുന്നുണ്ട്. ഇതിന്റെ പിന്നില്‍ മുസ്ലിം വിഭാഗത്തിനെതിരെയുള്ള ബിജെപിയുടെ അജണ്ടയാണുള്ളത്. നിലവില്‍ ഇന്ത്യന്‍ മുസ്ലിമിനെതിരെയും, ന്യൂനപക്ഷങ്ങള്‍ക്കെതിരെയും പ്രയോഗിക്കാന്‍ സാധിക്കുന്ന കൃത്യമായ ആയുധമാണ് ഇസ്രയേല്‍. യുദ്ധത്തെിന്റെ ഭീകരതയെക്കുറിച്ചും മാനവികതയെക്കുറിച്ചും ആശങ്കാകുലനാണ് പ്രധാനമന്ത്രിയെങ്കില്‍ എന്തുകൊണ്ടാണ് മണിപ്പൂര്‍ വിഷയത്തില്‍ തികഞ്ഞ നിശബ്ദത പാലിക്കുന്നത്? സിക്കിമും, ഉത്തരാഖണ്ഡും നേരിടുന്ന പ്രളയത്തെ കുറിച്ച് ആശങ്കപെടാത്തത്? ആയിരങ്ങള്‍ കശ്മീരില്‍ മരിച്ചു വീഴുമ്പോള്‍ പ്രധാനമന്ത്രി എന്ത് നിലപാടാണ് സ്വീകരിച്ചത്? ഇത്തരം ഇരട്ടത്താപ്പുകള്‍ പുറത്തു കൊണ്ടുവന്നേ മതിയാകൂ.

‘റാണ അയ്യൂബിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’, ‘അറസ്റ്റ് ചെയ്ത് മാധ്യമപ്രവര്‍ത്തകരെ നിഷ്‌കളങ്കരാക്കി കാണിക്കുന്ന റാണ അയ്യൂബിന്റെ നിലപാടുകള്‍ക്ക് പിന്നിലെ രഹസ്യമിതാണ്’. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് റാണയുടെ നിലപാടുകളില്‍ നല്‍കിയ വാര്‍ത്ത തലക്കെട്ടുകള്‍ ആണിത്? ഇത്തരം വാര്‍ത്തകളോടും തലക്കെട്ടുകളോടും എങ്ങനെ പ്രതികരിക്കുന്നു?

ഇത്തരം ഓണ്‍ലൈന്‍ മാധ്യമ തലകെട്ടുകള്‍ തമാശരൂപേണയാണ് സ്വതവെ ഞാന്‍ സ്വീകരിക്കാറ്. എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ച് ഇതു തെറ്റിദ്ധരിപ്പിക്കുന്ന വലതുപക്ഷ അജണ്ട എന്നതിനേക്കാള്‍ സത്യസന്ധമായ വാര്‍ത്തയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമല്ല, സാമൂഹിക മാധ്യമങ്ങളും ഇത്തരം തലക്കെട്ടോടു കൂടിയ വാര്‍ത്തകള്‍ ആഘോഷിക്കുന്നുണ്ട്.

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം എങ്ങനെയാണ് ഇവര്‍ തീവ്രവാദികളാവുന്നത്? വീടുകള്‍ റെയ്ഡ് ചെയ്തതും യുഎപിഎ ചുമത്തിയതും കൊണ്ട് മാത്രം ഭീകരവാദ പ്രവര്‍ത്തനം നടത്തി എന്നെങ്ങനെ പറയാന്‍ സാധിക്കും? ഇതില്‍ ഏറ്റവും കൂടുതല്‍ അതിശയിപ്പിക്കുന്നകാര്യം, ഇത്തരം പ്രവര്‍ത്തികളെ ചോദ്യം ചെയ്യാനോ ചൂണ്ടിക്കാണിക്കാനോ ആരും രംഗത്ത് വരുന്നില്ല എന്നതാണ്. ഇവര്‍ നല്‍കുന്ന തെറ്റിദ്ധരിപ്പിക്കുന്ന തലകെട്ടുകളും വാര്‍ത്തകളും ജനങ്ങളിലേക്ക് എത്തുന്നതും അവര്‍ ചര്‍ച്ച ചെയുന്നതും പച്ചയായ യാഥാര്‍ഥ്യം എന്ന നിലയിലാണ്. യാഥാര്‍ത്ഥ്യമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകളാണ് കാര്യങ്ങളെ ഒന്നുകൂടി സങ്കീര്‍ണ്ണമാക്കുന്നത്.

റോമന്‍ ഭരണകൂടമായിരുന്നില്ല, യേശുക്രിസ്തുവിനെ കുരിശിലേറ്റൂ എന്നാര്‍ത്തു വിളിച്ചത് ജനക്കൂട്ടമായിരുന്നു. നിലവിലെ ഭരണകൂടം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധതയ്ക്കും ഇത്തരം ആര്‍ത്തുവിളികള്‍ സമൂഹത്തില്‍ നിന്നുയരുന്നത് കാണാം. എന്തു തോന്നുന്നു?

ഭരണകൂടത്തിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഒരു വിഭാഗം സാധാരണ ജനങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള സ്വീകര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പക്ഷപാതപരമായ ഒരു മുന്‍വിധി ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഒരുവിഭാഗം കാലങ്ങളായി കൊണ്ടുനടക്കുന്ന ഈ മുന്‍വിധിയെ ആളിക്കത്തിക്കുക മാത്രമാണ് ഇപ്പോഴത്തെ ഭരണകൂടം ചെയ്യുന്നത്. എന്തൊരു സാധനവും വിതരണം ചെയ്യപ്പെടുന്നത് അതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ്. ന്യൂനപക്ഷ വിരുദ്ധത നമ്മുടെ സമൂഹത്തില്‍ ആളിക്കത്തുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതിനത്രമേല്‍ ആവശ്യക്കാരുള്ളതുകൊണ്ടാണ്. സമൂഹത്തില്‍ സ്പര്‍ദ്ദയും വെറുപ്പും പടര്‍ത്തുന്ന ഇത്തരം ആശയങ്ങളെ ഉപഭോഗം ചെയ്യുന്നത് നിര്‍ത്തിയാല്‍ മാത്രമേ ഇതിനവസാനം കാണാനാകൂ.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിക്കാന്‍ അവസരം കിട്ടിയ വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖീ, ആ ചോദ്യത്തിന്റെ പേരില്‍ വലതുപക്ഷ അനുഭാവികളില്‍ നിന്ന് നേരിടേണ്ടിവന്നത് പാക്കിസ്ഥാനി എന്ന് ചാപ്പ കുത്തിയുള്ള വംശീയ-വര്‍ഗീയ അധിക്ഷേപമാണ്. ഇന്ത്യയിലെ മുസ്ലിം മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതിയും സമാനമല്ലേ?

മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ അപേക്ഷിച്ചു ഹിന്ദു മതവിഭാഗത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കു ജിഹാദി, തീവ്രവാദി ആക്ഷേപങ്ങള്‍ അധികം നേരിടേണ്ടി വരുന്നില്ല. എന്നാല്‍ യു എ പി എ ചുമത്തപ്പെട്ട കാശ്മീരി പ്രവര്‍ത്തകരുടെ സ്ഥിതി സമാനമായിരിക്കില്ല. അവര്‍ രാജ്യദ്രോഹികളും, തീവ്രവാദികളുമായി ചാപ്പ കുത്തപ്പെടുന്നു. ഇന്ത്യയില്‍ മുസ്ലിം മാധ്യമപ്രവര്‍ത്തകര്‍ ഓരോ നിമിഷവും നേരിട്ടു കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. അക്കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെടേണ്ടതാണ്. ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ദേശസ്‌നേഹം ഓരോ നിമിഷവും തെളിയിച്ചു കാണിക്കേണ്ട അവസ്ഥയിലാണ് ഞങ്ങള്‍. ‘ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു’; വിദേശ മാധ്യമങ്ങളില്‍ അടക്കം നല്‍കുന്ന അഭിമുഖങ്ങളില്‍ പതിവായി പറയുന്ന ഒരു കാര്യമാണിത്. മുസ്ലിം മാധ്യമപ്രവര്‍ത്തക ആയതുകൊണ്ട് മാത്രമാണ് എനിക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പറയേണ്ടി വരുന്നത്. ഇന്ത്യയിലെ എല്ലാ മുസ്ലിം മാധ്യമപ്രവര്‍ത്തകരും നേരിടുന്നതും ഇതുതന്നെയാണ്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’ മുന്നണി ഏതാനും മുഖ്യധാര വാര്‍ത്ത അവതാരകരെ ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരം തീരുമാനങ്ങളെ അനുകൂലിക്കുന്നുണ്ടോ?

മുഖ്യധാര മാധ്യമങ്ങളിലെ വാര്‍ത്ത അവതാരകരെ നിയന്ത്രിക്കുന്നത് എഡിറ്റര്‍മാരാണ്. അവരുടെ താല്പര്യങ്ങളാണ് അവിടെ സംരക്ഷിക്കപ്പെടുന്നത്. എന്ത് കാണണമെന്ന് നിലപാട് എടുക്കേണ്ടത് ജനങ്ങളാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വക്താക്കളായി മാറിയ ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. ഈ മാധ്യമങ്ങള്‍ ഉപയോഗിക്കുക വഴി ഞാന്‍ അവര്‍ക്ക് ഒരു സാധ്യത തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. ഞാനതിന് അവസരം ഒരുക്കികൊടുക്കാറില്ല. നേരെമറിച്ച് രാഷ്ട്രീയപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇതില്‍നിന്ന് വിട്ടുനില്‍ക്കാനാവില്ല.

മുഖ്യധാര ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തകരും ഒരു അജണ്ട വെച്ച് പുലര്‍ത്തുന്നുവെന്നതില്‍ തര്‍ക്കമില്ല. ഇവര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനെ
മാധ്യമ പ്രവര്‍ത്തനം എന്നു വിശേഷിപ്പിക്കാന്‍ പോലും യോഗ്യമല്ല. വാര്‍ത്ത അവതാരകരേക്കാള്‍ മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റര്‍ക്കാണ് ഇത്തരം കാര്യങ്ങളില്‍ പൂര്‍ണ ചുമതല എന്നിരിക്കെ ഇത്തരം നിരോധനങ്ങള്‍ എന്തുകൊണ്ട് അവരെ ബാധിക്കുന്നില്ല?

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍