UPDATES

ഓഫ് ബീറ്റ്

ചെന്നൈ പബ്ബിലെ സദാചാര ജേര്‍ണലിസം

സ്ത്രീകളെ പിന്തുടര്‍ന്ന് അപമാനിച്ചു തമിഴ് മുഖ്യധാര ചാനലുകള്‍, പ്രതിഷേധം ശക്തം

                       

നിലവിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ നിലവാരം ഇനി പറയുന്ന ചില വാര്‍ത്ത തലക്കെട്ടുകള്‍ കൊണ്ട് അളക്കാം. ‘ചെന്നൈ പബ്ബില്‍ മന്മഥ കൂത്ത്’, ‘റെയ്ഡില്‍ സിക്കിയ കിലുകിലു പറവൈകള്‍’- ആദ്യ കേള്‍വിയില്‍ തന്നെ നെറ്റി ചുളിച്ചു പോകുന്ന വാചകങ്ങള്‍. തമിഴ്‌നാട്ടിലെ മുഖ്യധാര വാര്‍ത്ത ചാനലുകളായ പോളിമര്‍, ന്യൂസ് തമിഴ് 24ഃ7, തന്തി ടിവി ഉള്‍പ്പെടെയുള്ളവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത തലകെട്ടുകളാണിത്. നവംബര്‍ 19 ഞായറാഴ്ച, ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ നടന്ന രാത്രിയിലാണ്, ചെന്നൈയിലെ ടേണ്‍ ബുള്‍സ് റോഡിലെ ഒരു പബ്ബിന്റെ മാനേജര്‍, അവിടെ ഒരു കൂട്ടം ആളുകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസിനെ വിളിക്കുന്നത്. അതേസമയം, പബ്ബിനകത്തേക്ക് കടത്തിവിടുന്നില്ലെന്ന് ആരോപിച്ച സംഘം രാത്രി 11.30 ന് ശേഷം പബ്ബ് പ്രവര്‍ത്തിക്കുന്നതായി പോലീസില്‍ പരാതിപ്പെട്ടു. ബഹളം തുടര്‍ന്നതോടെ പോലീസ് എത്തി പബ്ബ് അടച്ചുപൂട്ടാന്‍ ആവിശ്യപ്പെട്ടു. എന്നാല്‍ സംഭവ സ്ഥലത്തെത്തിയ മുഖ്യധാരാ തമിഴ് വാര്‍ത്ത ചാനലുകള്‍ കാമറ തിരിച്ചത് പബ്ബിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെയാണ്. അവരുടെ സ്വകാര്യതപോലും വകവയ്ക്കാതെ, പിന്തുടര്‍ന്നെന്ന പോലെയാണ് വിഷ്വലുകള്‍ പകര്‍ത്തിയത്.

വിഷയത്തില്‍ ചാനലുകള്‍ സമീപിച്ച നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നതെന്നാണ് ദ ന്യൂസ് മിനിട്ട് ഈ വാര്‍ത്ത പങ്കുവയ്ക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്താണോ സംഭവിച്ചത്, ആ വിഷയത്തില്‍ കേന്ദ്രീകരിക്കാതെ, സംഭവസ്ഥലത്തുണ്ടായ സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളായിരുന്നു ചാനലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പുറമെ പബ്ബിലുണ്ടയിരുന്ന സ്ത്രീകള്‍ പുരുഷന്മാരുമായി ഇടപെട്ടതില്‍ ലൈംഗിക സ്വഭാവമുണ്ടെന്നുവരെയാണ് ചാനലുകളില്‍ ചര്‍ച്ച നടന്നത്. പബ്ബില്‍ നിന്നുള്ള വാര്‍ത്ത ചാനലുകളുടെ ഫൂട്ടേജുകളില്‍ സ്ത്രീകളെ ആവര്‍ത്തിച്ച് ഫോക്കസ് ചെയ്യുന്നതായും കാണാം, കൂടാതെ അവരുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും അനുവാദമില്ലാതെ സ്ത്രീകളുടെ മുഖം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും ചാനലുകള്‍ തന്നെ പുറത്തു വിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ന്യൂസ് മിനിട്ട് പറയുന്നു.

സെയ്ദാപേട്ട് പോലീസ് പറയുന്നതനുസരിച്ച്, അവരുടെ അധികാരപരിധിയില്‍ പെടുന്ന പബ്ബ്, ഞായറാഴ്ച രാത്രി 11:30 ന് ശേഷവും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ‘അര്‍ദ്ധരാത്രിയോടെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പബ്ബില്‍ എത്തിയത്. പത്തു മിനിറ്റോളം അവര്‍ വാതില്‍ തുറന്നില്ല. പിന്നീട് സ്ഥലം അടപ്പിച്ചതിനു ശേഷം ജെ1 സെയ്ദാപേട്ട് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് നല്‍കിയാതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. പരിശോധന നടക്കുമ്പോള്‍ പോളിമര്‍, ന്യൂസ് തമിഴ് 24ഃ7, തന്തി ടിവി ഉള്‍പ്പെടെയുള്ള വാര്‍ത്ത ചാനലുകള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാനേജ്മെന്റിന്റെ നടപടികള്‍ കവറേജ് ചെയ്യുന്നതിനു പകരം ബാറിലുണ്ടായിരുന്ന സ്ത്രീകളെ മാധ്യമങ്ങള്‍ ടാര്‍ഗെറ്റ് ചെയ്തത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ത്തി കൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമായത്. ബാറില്‍ സ്ത്രീകളുടെ സാന്നിധ്യം കുറ്റകരമാണെന്ന് രീതിയിലാണ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. നവംബര്‍ 20, തിങ്കളാഴ്ച, സംഭവത്തിന്റെ പിറ്റേന്ന് രാവിലെ തന്തി ടിവിയുടെ എക്‌സ് അകൗണ്ടില്‍(ട്വിറ്റര്‍ ) ഈ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തത് ‘രാത്രി മുഴുവനുമുള്ള മദ്യപാനം പോലീസ് ഇല്ലാതാക്കി’ യെന്നും ‘പകുതി വസ്ത്രം ധരിച്ച സ്ത്രീകള്‍ സംഭവസമയത്ത് ഓടിപ്പോയി’ തുടങ്ങിയ തലകെട്ടുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു. തുടര്‍ന്ന് ചാനല്‍ പോസ്റ്റില്‍ തിരുത്തല്‍ നടത്തിയെങ്കിലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടിരുന്നു എന്നാണ് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

 

എക്സില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയില്‍ നല്‍കിയ തലക്കെട്ട് വലിയ വിമര്‍ശനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ‘പ്ലീസ്. ദയവ് സെഞ്ച പോങ്കെ, ഇരവില്‍ ലേഡീസ് സെയ്ത സെയല്‍, സത്തമില്ലാമല്‍ വന്ത് പോലീസ്, ഇരവില്‍ നടന്ന പറപ്പറപ്പ്’ (ദയവ് ചെയ്തു പോകു, രാത്രിയില്‍ സ്ത്രീകള്‍ ചെയ്തതെന്ത്? പോലീസ് നിശബ്ദമായി സംഭവസ്ഥലത്ത് എത്തിയതെങ്ങനെ?) തുടങ്ങിയ അടിക്കുറിപ്പുകള്‍ക്കൊപ്പമുള്ള വീഡിയോ റിപ്പോര്‍ട്ടില്‍, തന്തി ടിവിയുടെ ക്യാമറ സ്ത്രീകളുടെ മുഖത്തും ശരീരത്തിലും അവര്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിപ്പിച്ചിട്ടും ആവര്‍ത്തിച്ച് ഫോക്കസ് ചെയ്യുന്നത് കാണാം. സംഭവസ്ഥലത്തു നിന്നും പോകുന്ന സ്ത്രീകളെപ്പോലും അവരുടെ മുഖത്തിന്റെ ക്ലോസപ്പ് ഷോട്ടുകള്‍ക്കായി നിരന്തരം പിന്തുടരുന്നുണ്ട്. പല സ്ത്രീകളും മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നത് മുഖവിലക്കെടുക്കാതെ, അവരുടെ ഐഡന്റിറ്റി തുറന്നുകാട്ടാന്‍ ശ്രമിക്കുന്നുണ്ട്.  സ്വകാര്യത ലംഘിക്കുന്നതിനെതിരെ താന്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ഒരു സ്ത്രീ ക്യാമറ പേഴ്സണോട് പറയുന്നതും, ആ സ്ത്രീയോട് അത് ചെയ്യാന്‍ ആവശ്യപ്പെടുന്ന വെല്ലുവിളിയോടെയുള്ള മറുപടിയും ദൃശ്യത്തില്‍ കാണാം.

സ്ത്രീകള്‍ക്ക് നേരെയുള്ള മാധ്യമങ്ങളുടെ സദാചാര പോലീസിംഗ് അവിടെയും അവസാനിച്ചില്ല. തന്തി ടിവിയുടെ യൂട്യൂബ് വീഡിയോ ലഘുചിത്രവും അടിക്കുറിപ്പും, ”ചെന്നൈ പബ്ബില്‍ മന്മഥ കൂത്ത്, റെയ്ഡില്‍ സിക്കിയ കിലുകിലു പറവൈകള്‍- മൂഞ്ചായി മൂടി കൊണ്ട് തെറിത്തു ഊട്ട കത്തരിയ തിടിര്‍ ദമ്പതികള്‍” തുടങ്ങി അപമാനിക്കുന്ന തരത്തിലുള്ളതാണ്. പബ്ബില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ആശയവിനിമയം പൂര്‍ണമായും ലൈംഗികതയാണെന്നാണ് സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ അടിക്കുറിപ്പ്. ‘മന്മഥ കൂത്ത്’, ‘കിലുകിലു പറവൈകള്‍’ തുടങ്ങിയ പദങ്ങള്‍ പബ്ബിലെത്തുന്നവരെ ഇകഴ്ത്തി കാണിക്കാനും, സ്ത്രീകളെ ധാര്‍മികമായി തരം താഴ്ത്താനും ഉദ്ദേശിച്ചിട്ടുള്ളതാണ്. സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ സ്വകാര്യതയും അന്തസും വേട്ടയാടപ്പെടുന്ന ഒരു സന്ദര്‍ഭത്തില്‍, തിടുക്കത്തില്‍ ബാറില്‍ നിന്ന് ഇറങ്ങിപ്പോയതിനെ പരിഹസിക്കുന്ന അടിക്കുറിപ്പിന്റെ ബാക്കി ഭാഗവും ഇവരെ ഇകഴ്ത്തി കാണിക്കുന്നതാണെന്നും ന്യൂസ് മിനിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നൂ.

Related news


Share on

മറ്റുവാര്‍ത്തകള്‍