UPDATES

ജോസി ജോസഫിന്റെ ‘സൈലന്റ് കൂ’ മലയാളത്തിൽ, അഴിമുഖത്തിന്റെ ‘ജേര്‍ണലിസം ബുക്ക് സീരീസ്’ വരുന്നു

ജനാധിപത്യം പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്ത് കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നു എന്ന തിരിച്ചറിവോടെയാണ് ജേര്‍ണലിസ്റ്റുകളുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ‘അഴിമുഖം’ തീരുമാനിച്ചത്

                       

അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജേര്‍ണലിസ്റ്റുകള്‍ എഴുതിയ പുസ്തകങ്ങളുമായി മലയാള പ്രസാധന രംഗത്ത് സജീവമാകുന്നു. ജനാധിപത്യം പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്ത് കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നു എന്ന തിരിച്ചറിവോടെയാണ് ജേര്‍ണലിസ്റ്റുകളുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ‘അഴിമുഖം’ തീരുമാനിച്ചത്. ഈ ജേര്‍ണലിസ്റ്റ് ബുക്ക് പരമ്പരയില്‍ ആദ്യ പുസ്തകമായി പ്രമുഖ അന്വേഷണാത്മക ജേണലിസ്റ്റും എഴുത്തുകാരനുമായ ജോസി ജോസഫിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദ സൈലന്റ് കൂ, എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’-ന്റെ മലയാള വിവര്‍ത്തനം ‘നിശബ്ദ അട്ടിമറി; ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ പ്രസിദ്ധീകരിക്കും. മാധ്യമപ്രവര്‍ത്തകനും വിവര്‍ത്തകനുമായ ശ്രീജിത്ത് ദിവാകരനാണ് വിവര്‍ത്തനം തയ്യാറാക്കിയിരിക്കുന്നത്.

ജോസി ജോസഫിന്റെ ‘സൈലന്റ് കൂ’വിന്റെ മലയാള വിവര്‍ത്തനം ‘നിശബ്ദ അട്ടിമറി’യുടെ കവര്‍ പ്രകാശനം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് ആണ് നിര്‍വഹിച്ചത്. ‘മലയാള പത്രപ്രവര്‍ത്തക ചരിത്രത്തില്‍ നിന്നു മാഞ്ഞു പോകുമായിരുന്ന അനേകം വലിയ കഥകള്‍ക്കു ജീവന്‍ നല്‍കുന്ന ഒരു തീരുമാനമാണ് അഴിമുഖം പബ്ലിഷേഴ്‌സ് എടുത്തിരിക്കുന്നത്. വിമോചന സമരം, ചാരക്കേസ്, മാടത്തരുവി കേസ്, സുകുമാരക്കുറുപ്പ് കേസ്, പെരുമണ്‍ തീവണ്ടി ദുരന്തം, സോളാര്‍ കേസ് തുടങ്ങി തലമുറകളില്‍ ഉദ്വേഗം വളര്‍ത്തിയ സംഭവങ്ങളുടെ ചുരുള്‍ അഴിയട്ടെ, മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ അന്വേഷണാത്മക പുസ്തക പരമ്പര ആയിത്തീരട്ടെ അത്’ എന്നായിരുന്നു അഴിമുഖം ജേര്‍ണലിസം ബുക്ക് സീരീസിനെ സംബന്ധിച്ച് തോമസ് ജേക്കബ് പ്രതികരിച്ചത്.

‘നിശബ്ദ അട്ടിമറി’യുടെ കവര്‍ പ്രകാശനം തോമസ് ജേക്കബ് നിര്‍വഹിക്കുന്നു. പുസ്തകം വിവര്‍ത്തനം ചെയ്ത ശ്രീജിത്ത് ദിവാകരന്‍, അഴിമുഖം ബുക്ക് പബ്ലിഷേഴ്‌സ് ഹെഡ് റോബിന്‍ പി ആര്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് എന്നിവര്‍

അനുദിനം നമ്മള്‍ അനുഭവിക്കുന്ന, സാക്ഷ്യം വഹിക്കുന്ന അനീതികളുടെ ഉറവിടമാണ് ജോസി അനാവരണം ചെയ്യുന്നത്. നൂറുകണക്കിന്, ആയിരക്കണക്കിന്, ലക്ഷക്കണക്കിന് മനുഷ്യരെ ഇരയാക്കി മാറ്റിക്കൊണ്ട് എങ്ങനെയാണ് ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന ഒരു രഹസ്യസംഘം പ്രവര്‍ത്തിച്ച് പോരുന്നത് എന്ന് മനുഷ്യരുടെ അനുഭവങ്ങളിലൂടെ, വാര്‍ത്തകളിലൂടെ, വാര്‍ത്തകള്‍ക്ക് പിന്നിലെ നാമറിയാത്ത കഥകളിലൂടെ, ചരിത്രത്തിലൂടെ, നിയമങ്ങളിലൂടെ, നിയമ നിര്‍മ്മാണങ്ങളിലൂടെ, അതിന്റെ ദുരുപയോഗത്തിന്റെ ചരിത്രത്തിലൂടെ, കശ്മീരും ശ്രീലങ്കയും മണിപ്പൂരും പഞ്ചാബും ഗുജറാത്തും അടങ്ങിയ ദേശങ്ങളില്‍ ഒരോ കാലങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളിലൂടെ, അനീതി പേമാരി പോലെ പെയ്ത കാലഘട്ടങ്ങളുടെ വിവരണങ്ങളിലൂടെ, ജോസി രേഖപ്പെടുത്തുന്നു.

നാം ജീവിച്ചിരിക്കുന്ന കാലത്തിന്റെ നേര്‍ ചിത്രമാണ് ഈ പുസ്തകം. ആര്? എന്ത്? എവിടെ? എന്ന്? എന്തുകൊണ്ട്? എങ്ങനെ? എന്നിങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇതിലുണ്ട്. പക്ഷേ, ചോദ്യങ്ങള്‍ പോലെ ലളിതമല്ല, ഉത്തരങ്ങള്‍. ആന്തരികമായി ജീര്‍ണിച്ച സംവിധാനങ്ങളുള്ള, പൗരസമൂഹത്തെ ചതിക്കുകയും പീഡിപ്പിക്കുകയും ജയിലിലിടുകയും വധിക്കുകയും ചെയ്യുന്ന ഭരണകൂടത്തെ തുറന്ന് കാണിക്കുകയല്ല ഈ പുസ്തകത്തിന്റെ ലക്ഷ്യം. മഹത്തായ ഈ രാജ്യത്തെ, അതിന്റെ മഹനീയമായ ഭരണഘടനയെ, അതിന്റെ ഉന്നതമായ ജനാധിപത്യത്തെ സംരക്ഷിക്കാനായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഹ്വാനമാണിത്.

സുന്ദരവും തനതുമായ ഒരു എഴുത്ത് ശൈലി ജോസിയുടെ വാര്‍ത്തകളില്‍ പോലും കാണാം. ധൈഷണികതയും ലാവണ്യവും നിറഞ്ഞ ആ ഭാഷ ജോസിയുടെ ആദ്യ പുസ്തകമായ ‘കഴുകന്മാരുടെ വിരുന്നി’ലും (എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്: ദ ഹിഡണ്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ) കാണാം. 2017-ലെ ഏറ്റവും മികച്ച നോണ്‍ ഫിക്ഷന്‍ പുസ്തകത്തിനുള്ള ക്രോസ് വേഡ് പുരസ്‌കാരം നേടിയ ‘കഴുകന്മാരുടെ വിരുന്ന്’ ഇന്ത്യന്‍ ജേര്‍ണലിസത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലുകളിലൊന്നാണ്. അതിന്റെ പുറകിലുള്ള ഗവേഷണവും അതിന്റെ അവതരണ ശൈലിയും വലിയ ചര്‍ച്ചയായി. ഏറ്റവും പാവപ്പെട്ട മനുഷ്യരുടെ കഥയില്‍ നിന്ന് ഏറ്റവും ധനികരായ മനുഷ്യരിലേയ്ക്ക് സഞ്ചരിച്ചെത്തുന്ന, സൂക്ഷ്മ ന്യൂനപക്ഷമായ അതിസമ്പന്നര്‍ക്ക് വേണ്ടി നിത്യവും ദരിദ്രരാക്കപ്പെടുന്ന ബഹുഭൂരിപക്ഷം മനുഷ്യരെ സൃഷ്ടിക്കുന്ന, നമ്മുടെ വ്യവസ്ഥയെ തെളിച്ചത്തോടെ അടയാളപ്പെടുത്തുന്ന ‘കഴുകന്മാരുടെ വിരുന്ന്’ ഇന്ന് ജേര്‍ണലിസം ഗൗരവത്തോടെ ചെയ്യാനാഗ്രഹിക്കുന്ന സര്‍വ്വരുടേയും അടിസ്ഥാന പാഠപുസ്തകങ്ങിലൊന്നാണ്.

‘ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സി’ന്റെ മലയാള വിവര്‍ത്തനത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പും രാജ്യത്തെ പ്രമുഖ ജേര്‍ണലിസ്റ്റുകളുടെ രചനകളുടെ മലയാളം വിവര്‍ത്തനങ്ങളും മലയാളത്തില്‍ നിന്നുള്ള സ്വതന്ത്ര ജേര്‍ണലിസ്റ്റ് രചനകളുമടക്കം ജേര്‍ണലിസത്തിന്റെ ഗരിമയെ ഉയര്‍ത്തിപിടിക്കുന്ന പുസ്തകങ്ങള്‍ അഴിമുഖം വരും നാളുകളില്‍ പ്രസിദ്ധീകരിക്കും. ‘നിശബ്ദ അട്ടിമറി’യുടെ മലയാള പതിപ്പിന് ജോസി ജോസഫ് എഴുതിയ പ്രത്യേക ആമുഖം ഇതോടൊപ്പം ചേര്‍ക്കുന്നു.

പ്രിയ വായനക്കാരെ,

തൊണ്ണൂറുകളുടെ പകുതിയില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്ന കാലം മുതല്‍ക്കേ, ഈ മഹത്തായ റിപ്പബ്ലിക്കിന്റെ മൂല്യങ്ങളും സംവിധാനങ്ങളും തകര്‍ത്തെറിയപ്പെടുന്നത് ഭീതിയോടെ, പലപ്പോഴും രോഷത്തോടെ നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. വലിയ ആഘാതങ്ങളുടെ രൂപത്തിലല്ല, നിശബ്ദമായ ആക്രമണങ്ങളിലൂടെയാണ് ഇത് തകര്‍ക്കപ്പെടാറുള്ളത്. ഈ ആക്രണമങ്ങള്‍ പലതും എന്റെ ദൃഷ്ടിയില്‍ നിന്ന് ദൂരെയായിരുന്നു, പലപ്പോഴും എനിക്ക് മനസിലായില്ല, ചിലതെല്ലാം അവഗണിക്കാന്‍ പ്രേരിപ്പിക്കുന്ന വിധം സര്‍വ്വസാധാരണമെന്ന മട്ടിലുള്ളതായിരുന്നു. ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ കളത്തിന് പുറത്ത് നിന്നാണെങ്കിലും നേരിട്ട് ഇതിന് സാക്ഷിയായിട്ടുണ്ട്. എന്നിരുന്നാലും ആ അനുഭവം ഞങ്ങള്‍ കുറച്ചുപേരില്‍ മാത്രം ഒതുങ്ങി നിന്നതായിരുന്നില്ല. ഓരോ ഇന്ത്യാക്കാരും ഏതെങ്കിലും ഒരു തരത്തില്‍ അത് അനുഭവിക്കുന്നുണ്ടായിരുന്നു- പോലീസിന്റെ കൊടും ക്രൂരതകളിലൂടെ, കോടതികളുടെ മെല്ലെപ്പോക്കിലൂടെ, സര്‍വ്വരേഖകളുടേയും വില്‍പ്പനകളിലൂടെ, നമ്മുടെ ജനപ്രതിനിധികളെ അറവ് മാടുകളെപ്പോലെ ലേലം വിളിക്കുന്നതിലൂടെ…പൊടുന്നനെയുള്ള ശബ്ദകോലാഹലത്തിന് ശേഷം നമ്മള്‍ അന്ധകാരത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്നില്ല. അത് ശാന്തതയോടെ, സാവധാനത്തില്‍ പടരുകയാണ്. നമ്മളില്‍ ചിലരെ മാത്രമല്ല, ഈ ഇരുട്ട് ബാധിക്കുന്നത്; ഈ വിസ്തൃത ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരിലേയ്ക്കും അത് വ്യാപിക്കുന്നു.

ഈ റിപ്പബ്ലിക്കിനും നമ്മുടെ മഹനീയ ഭരണഘടനയ്ക്കും നേരെയുള്ള ഈ ആക്രമണം ഇപ്പോള്‍ മറച്ച് പിടിക്കാന്‍ പോലും ശ്രമിക്കാതെ നിര്‍ലജ്ജം അരങ്ങേറുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. അധികാരത്തിലേയ്ക്കുള്ള യാത്രയില്‍ സര്‍വ്വതും- പ്രത്യേകിച്ചും ജനാധിപത്യ സ്ഥാപനങ്ങളും സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളും- ശല്യമായി കണക്കാക്കുന്ന തരത്തിലേയ്ക്ക് രാഷ്ട്രീയ മേധാവികള്‍ നിര്‍ദ്ദയരായി മാറി. സര്‍വ്വോപരി നമ്മുടെ ഉദ്യോഗസ്ഥ വൃന്ദം, വിശിഷ്യാ, സുരക്ഷാ സംവിധാനത്തിന്റെ സൈനികേതര വിഭാഗമാകമാനം രാഷ്ട്രീയ യജമാനന്റെ ആജ്ഞാനുവര്‍ത്തികളായി പരിണമിച്ചു.

ഹതാശരാകാനോ, സുവര്‍ണഭൂതകാല സ്മരണകളിലഭിരമിച്ച് ചടഞ്ഞിരിക്കാനോ, ആത്മവഞ്ചനയോടെ ഗാന്ധിയന്‍ ത്യാഗത്തെ ആഘോഷിക്കാനോ ഉള്ള കാലമല്ല ഇത്. ഇന്ത്യന്‍ ജനാധിപത്യമെന്ന് നാം വിളിക്കുന്ന ഭാസുരമായ മനുഷ്യാനുഭവത്തെ സമാധാന പൂര്‍വ്വവും ഈ റിപ്പബ്ലിക്കിന്റെ അടിസ്ഥാന മൂല്യങ്ങളിലുറച്ച് നിന്നും വീണ്ടെടുക്കാനും പ്രതിഷേധിക്കാനും പ്രതിരോധിക്കാനും നമ്മളിപ്പോള്‍ തന്നെ വൈകിയിരിക്കുന്നു. അതിന് കഴിഞ്ഞില്ലെങ്കില്‍ ഈ റിപ്പബ്ലിക്കിന്റെ വേര്‍പാടിനെ കുറിച്ച് വിലപിക്കാനുള്ള അവകാശം പോലും നമുക്കില്ലാതാകും. ഈ റിപ്പബ്ലിക്കിന്റെ ശത്രുക്കള്‍-അവര്‍ നമുക്കിടയിലാണ്, മറ്റൊരിടത്തുമല്ല-ശവം തീനികളെപ്പോലെ ശ്മശാനങ്ങളില്‍ വേട്ടയ്ക്കിറങ്ങും, മരിച്ചവരെ പോലും അവര്‍ വെറുതെവിടില്ല--ജോസി ജോസഫ്, ന്യൂഡല്‍ഹി. 2023, മേയ്. 

പ്രീ-പബ്ലിക്കേഷന്‍ നിരക്കില്‍ ബുക്ക് ഓർഡർ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക – https://forms.gle/szcyRfsTC8Mckjbw5

 

 

 

Share on

മറ്റുവാര്‍ത്തകള്‍