കേരള കോണ്‍ഗ്രസിനെ കേന്ദ്രമാക്കി കേരള രാഷ്ട്രീയത്തില്‍ ഒരു ചൊല്ല് തന്നെ ഉണ്ട്. വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്നാണത്. നിരന്തരമുള്ള പിളര്‍പ്പുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ. എം മാണി നല്‍കിയ മറുപടിയാണിത്. പിന്നീടത് കേരളാ കോണ്‍ഗ്രസിനെ കുറിച്ചുള്ള നാട്ടുചൊല്ലായി മാറിയത് ചരിത്രം. പി ടി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് 1964ല്‍ തിരുനക്കര മൈതാനത്താണ് കേരള കോണ്‍ഗ്രസ് പിറവിയെടുത്തത്. കെ. എം. ജോര്‍ജും ബാലക്യഷ്ണപിള്ളയും ചേര്‍ന്ന് രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ പിളര്‍പ്പുകളുടെ നീണ്ട നിര കാണാം.
നെഹ്റുവിന്റെ കോട്ടിലെ റോസാപ്പൂ
1978ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് പി. ജെ. ജോസഫിന് ഇടത് പക്ഷത്തോട്ട് ഒരു ചായ്‌വ് ഉള്ളതായി വാര്‍ത്ത പരന്നു. ഒരു പിളര്‍പ്പിന്റെ സൂചന. രാഷ്ട്രീയ രംഗത്ത് അത് വലിയ ചര്‍ച്ചയായി. കടുത്ത കത്തോലിക്ക മതവിശ്വാസിയായ പി. ജെ. ജോസഫ് കമ്മ്യൂണിസ്റ്റുകാരോട് കൂട്ടുകൂടുമോ? അരിവാള്‍ ചുറ്റിക നക്ഷത്രത്തെ പുണരുമോ? റസ്റ്റ് ഹൗസുകളില്‍ മാറി മാറി ചില രഹസ്യചര്‍ച്ചകളും നടന്നെന്ന വാര്‍ത്ത പുറത്തുവന്നു. അവസാനം ഈ ചലനങ്ങളില്‍ ചില്ലറ സത്യങ്ങള്‍ ഉണ്ടെന്നു തോന്നത്തക്ക രീതിയില്‍ ഒരു പത്രപ്രസ്താവന ഇ എം.എസിന്റെതായി പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിനു ശക്തിയുണ്ടെന്ന് തെളിയിച്ചാല്‍ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിക്കാം.
1989 നവംബര്‍ ഒമ്പത് മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഒരു കാര്‍ട്ടൂണ്‍ ഈ വിഷയത്തില്‍ വരച്ചു. കാര്‍ട്ടൂണില്‍ പി ജെ ജോസഫ് വലതു കൈയില്‍ മസില്‍ പിടിച്ചുയര്‍ത്തുന്ന രംഗം. അരിവാളും ചുറ്റികയും മസിലിന്റെ രൂപത്തില്‍ കൈയില്‍ പൊങ്ങിവരുന്നു. മടങ്ങി നില്‍ക്കുന്ന കൈത്തണ്ടയില്‍ ഇ എം.എസ് തള്ളുന്നതാണ് രംഗം. അദ്ദേഹം പറയുന്ന വാചകവും ശ്രദ്ധേയം ‘പോരാ നക്ഷത്രം കൂടി വരണം’ അതിന് ഇരട്ടി അര്‍ഥം -അരിവാള്‍ ചുറ്റികയോടൊപ്പമുള്ള നക്ഷത്രം തെളിയണം. -രണ്ടാമത്തെ അര്‍ഥം സ്വന്തം സ്റ്റാര്‍ തെളിയണം. ഈ കാര്‍ട്ടൂണ്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായി മാറി.
കാര്‍ട്ടൂണ്‍ കടപ്പാട് : മലയാള മനോരമ