January 13, 2025 |

ടി20 ലോകകപ്പ് മുതല്‍ ഒളിമ്പിക്‌സ് വരെ: കായികപ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍

യൂറോകപ്പ്, കോപ്പ ഫൈനലുകള്‍ ഒരേ ദിവസം

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ കായികപ്രേമികള്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാവും. ടി20 ക്രിക്കറ്റ് ലോകകപ്പ്, യുവേഫ യൂറോകപ്പ്, കോപ്പ അമേരിക്ക, ഒളിമ്പിക്സ് എന്നിവയാണ് ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നമ്മുടെ സ്വീകരണമുറികളിലേക്ക് വിരുന്നെത്തുന്നത്. ഇവയുടെ ടൈമിംഗ് എന്നത്തേയും പോലെ ഇന്ത്യന്‍ സമയം വൈകീട്ട് തുടങ്ങി രാവിലെ വരെ നീളും. ചുരുക്കിപ്പറഞ്ഞാല്‍ നേരം ഇരുട്ടും മുന്‍പ് മൊബൈലോ ടീവിയോ ഓണ്‍ ചെയ്താല്‍ പിറ്റേന്ന് ബ്രേക്ഫാസ്റ്റ് വരെ ഒരിക്കലും മിസ്സ് ചെയ്യാനാവാത്ത ത്രൂഔട്ട് ലൈവ് കവറേജ് കാണും. ഒന്നുപോലും മിസ് ചെയ്യാതെ കാണണമെങ്കില്‍ ഉറക്കം രാവിലെ ബ്രേക്ക്ഫാസ്റ്റിനുശേഷം ആക്കേണ്ടിവരും. ജോലിക്കും പഠനത്തിനും പോകുന്ന കായികപ്രേമികള്‍ തല്‍കാലം അഡ്ജസ്റ്റ് ചെയ്തേ പറ്റൂ എന്നര്‍ത്ഥം.
മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവര്‍ ഏതെങ്കിലും ഒരു ഗെയിമിനെ മാത്രം ആരാധിക്കുന്നവര്‍ അല്ല. ക്രിക്കറ്റും ഫുട്ബോളും മാത്രമല്ല ബാഡ്മിന്റണും ടെന്നീസും വോളിബോളും അത്ലറ്റിക്സും ഗുസ്തിയും ബോക്‌സിങ്ങും ജിംനാസ്റ്റിക്സും എന്നുവേണ്ട ഏതു കായിക ഇനവും നമുക്ക് പ്രിയങ്കരം തന്നെ. അതിലെല്ലാം ഒടുക്കത്തെ അറിവും ഒട്ടുമിക്കവര്‍ക്കും ഉണ്ടെന്നതാണ് സത്യം. അതുകൊണ്ടുതന്നെ നമ്മുടെ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്ത, അങ്ങേയറ്റത്തെ വന്‍കരകളില്‍ നടക്കുന്ന കോപ അമേരിക്കയിലും യൂറോകപ്പിലുമെല്ലാം ഇഷ്ട ടീമിനെ സ്വന്തമായി കണ്ട് രക്തം തിളപ്പിക്കുന്നവരാണ് നമ്മള്‍. ക്രിക്കറ്റില്‍ പിന്തുണ നമ്മുടെ സ്വന്തം രാജ്യത്തിനു തന്നെയെങ്കിലും മികവിന്റെ അടിസ്ഥാനത്തില്‍ മറ്റു ടീമുകളെയും കളിക്കാരെയും അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യും. ലോക ഫുട്‌ബോളില്‍ ആകട്ടെ നമ്മുടെ ‘സ്വന്തം’…. ടീമുകളെല്ലാം യൂറോപ്പിലും തെക്കേ അമേരിക്കയിലുമാവും. ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയവര്‍ക്കെല്ലാം ഇവിടെ ആരാധകര്‍ ധാരാളം.

ടി20 ലോകകപ്പ്

ഇനി ഉറക്കം കളയുന്നവയില്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായി അരങ്ങേറുന്ന ടി20 ലോകകപ്പ് ആണ് പട്ടികയിലെ നമ്പര്‍ വണ്‍. ജൂണ്‍ രണ്ട് മുതല്‍ 29 വരെയാണ് ടൂര്‍ണമെന്റ്. ഇത്തവണ റാങ്കിങ്ങിലെ മുന്‍നിര ടീമുകളെ കൂടാതെ യോഗ്യതാ റൗണ്ട് കളിച്ചെത്തുന്നവരെ കൂടി ഉള്‍പ്പെടുത്തി 20 ടീമുകള്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയുടെ ആദ്യ കളി ജൂണ്‍ 5ന് രാത്രി എട്ടിന് അയര്‍ലന്‍ഡിനെതിരേയാണ്. ക്രിക്കറ്റ് ആരാധകര്‍ ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഒന്‍പതിനു രാത്രി എട്ടിനു ഡാലസിലെ ഗ്രാന്‍ഡ് പ്രയറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ജൂണ്‍ 29ന് ബാര്‍ബഡോസ് ബ്രിഡ്ജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് ഫൈനല്‍.

യുവേഫ യൂറോകപ്പ് ഫുട്‌ബോള്‍

ഒപ്പം വരുന്നത് ജൂണ്‍ 14 മുതല്‍-ജൂലൈ 14 വരെ നടക്കു യുവേഫ യൂറോകപ്പ് ഫുട്‌ബോളാണ്. ജര്‍മനിയാണ് ആതിഥേയര്‍. ആറു ഗ്രൂപ്പിലായി 24 ടീമുകള്‍ മാറ്റുരയ്ക്കും. ഗ്രൂപ്പ് എയിലാണ് മൂന്നു തവണ ചാമ്പ്യന്‍മാരും ആതിഥേയരുമായ ജര്‍മനി. ഉദ്ഘാടനമത്സരത്തില്‍ ബയേണ്‍ മ്യുണിക് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ ജര്‍മനി സ്‌കോട്ലന്‍ഡിനെ നേരിടും. ജൂലൈ 15ന് പുലര്‍ച്ചെ 12.30ന് ബെര്‍ലിന്‍ ഒളിമ്പിക് സ്റ്റേഡിയത്തിലാണു ഫൈനല്‍. സ്പെയിനും ഇറ്റലിയും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഗ്രൂപ്പ് ബിയാണ് ഇത്തവണ മരണ ഗ്രൂപ്പ്. ഗ്രൂപ്പ് ഡിയില്‍ കരുത്തരായ നെതര്‍ലന്‍ഡ്സും ഫ്രാന്‍സും ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്കായി പോരടിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30, 9.30, 12.30 നാണു മത്സര ഷെഡ്യൂള്‍. മത്സരങ്ങള്‍ സോണി ലിവ് സ്ട്രീമിലും സോണി നെറ്റ്വര്‍ക്കിലും കാണാം

Post Thumbnail
എന്താണ് യുഎന്‍ആര്‍ഡബ്ല്യുഎ, എന്തുകൊണ്ട് ഇസ്രയേല്‍ അവരെ നിരോധിച്ചു?വായിക്കുക

കോപ്പ അമേരിക്ക

തെക്കേ അമേരിക്കന്‍ (കോണ്‍മെബോള്‍) വന്‍കരയുടെ ചാമ്പ്യന്‍ഷിപ് ആയ കോപ്പ അമേരിക്ക ഇത്തവണ വീണ്ടും കടല്‍ കടക്കുന്നു. 2026 ലോകകപ്പിന് സംയുക്ത ആതിഥ്യം വഹിക്കുന്ന യു.എസ്.എ. ആണ് ഇത്തവണത്തെ ആതിഥേയര്‍. ജൂണ്‍ 21 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 15 വരെ നീളും. യൂറോകപ്പ്, കോപ്പ അമേരിക്ക ഫൈനലുകള്‍ ഒരു ദിവസം തന്നെ നടക്കുന്നു എന്നത് ഫുട്‌ബോള്‍ ലോകത്തിന് ആഘോഷരാവ് തീര്‍ക്കും. ജൂലൈ 15ന് പുലര്‍ച്ചെ 5.30ന് മയാമി ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍. കോപയില്‍ ഇത്തവണ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30, 6.30നാണു കളികള്‍.

10 തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ ആറു വടക്കേ അമേരിക്കന്‍ (കോണ്‍കാകാഫ്) രാജ്യങ്ങളെ കൂടി ഉള്‍കൊള്ളിച്ചതിനാല്‍ ഇത്തവണ കോപ്പ കൂടുതല്‍ രുചി പകരും. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന, കരുത്തരായ ബ്രസീല്‍, കൊളംബിയ, ഉറുഗ്വേ, ചിലി, പരാഗ്വേ, ഇക്വഡോര്‍, പെറു, ബൊളീവിയ, വെനസ്വേല എന്നീ കോണ്‍മിബോള്‍ രാജ്യങ്ങള്‍ക്കു പുറമേ യു.എസ്.എ, മെക്സിക്കോ, കാനഡ, ജമൈക്ക, പനാമ, കോസ്റ്റാറിക്ക രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ചിലി, പെറു, കാനഡ എന്നിവരാണ് എതിരാളികള്‍. ബ്രസീല്‍ ഗ്രൂപ്പ് ഡിയില്‍ കൊളംബിയ, പരാഗ്വേ, കോസ്റ്റാറിക്ക എന്നിവര്‍ക്കൊപ്പം. ഇതിഹാസ താരം ലിയോ മെസിയുടെ കരിയറിലെ അവസാനു രാജ്യാന്തര ടൂര്‍ണമെന്റാവും ഇത്തവണത്തെ കോപ്പയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ കപ്പ് നിലനിര്‍ത്തി ഫുട്‌ബോള്‍ രാജാവിനൊത്ത യാത്രയയപ്പ് നല്‍കാനാകും അര്‍ജന്റൈന്‍ താരങ്ങളുടെ ശ്രമം. ബ്രസീല്‍ നിരയില്‍ സൂപ്പര്‍താരം നെയ്മര്‍ പരുക്കിനെത്തുടര്‍ന്ന് ഇത്തവണ കളിക്കില്ല. വിനീഷ്യസ് ജൂനിയര്‍ തന്നെയാകും കുന്തമുന. മത്സരങ്ങള്‍ സോണി ലിവ് സ്ട്രീമിലും സോണി നെറ്റ്വര്‍ക്കിലും കാണാം.

ഒളിമ്പിക്‌സ്

ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ ഫ്രാന്‍സ് തലസ്ഥാനമായ പരിസില്‍ ആണ് ഇത്തവണത്തെ സമ്മര്‍ ഒളിമ്പിക്‌സ്. പാരീസിലെ സ്റ്റേഡ് ഡി ഫ്രാന്‍സ് ഒളിമ്പിക് സ്റ്റേഡിയമാണ് മുഖ്യ വേദി. ഇന്ത്യന്‍സമയം ഉച്ചമുതല്‍ പുലര്‍ച്ചെ വരെയാകും ഒളിമ്പിക് മത്സരങ്ങള്‍. ജിയോ സിനിമയിലും സ്‌പോര്‍ട്‌സ് 18 ചാനലിലും തത്സമയം കാണാം.ഇതിനിടെ ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡന്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളും അരങ്ങേറും.

 

English summary; Sports Calendar May To August: Major events to look forward

×