കൊട്ടിക്കലാശമായി, ഇനി ഒരുനാള്‍ നിശബ്ദ പ്രചാരണം, അടുത്തദിനം ജനം പോളിംഗ് ബൂത്തിലേക്ക്. അവിടെ കേരളത്തിന്റെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ജാതകം കുറിക്കപ്പെടും.
16ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണയാകെ 23 ദിവസത്തെ സമയമാണ് കിട്ടിയത്. എല്ലാം സെറ്റ് ആണെന്നായിരുന്നു മുന്നണികളുടെ അവകാശവാദമെങ്കിലും മാര്‍ച്ച് 15 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നപ്പോള്‍, സിപിഐ ആദ്യവും തൊട്ടുപിന്നാലെ സിപിഎമ്മും മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥി പട്ടിക എന്ന് ഉറപ്പ് പറഞ്ഞിരുന്ന കോണ്‍ഗ്രസില്‍ പതിവ് കലഹം തന്നെ നടന്നു. ദിവസങ്ങള്‍ നീണ്ട ഡല്‍ഹി ചര്‍ച്ചകള്‍ക്കു ശേഷമാണ് കോണ്‍ഗ്രസിന് കളത്തില്‍ ഇറങ്ങാന്‍ സാധിച്ചത്.
സ്ഥാനാര്‍ത്ഥി പട്ടികയും പാര്‍ട്ടികള്‍ക്കു പലതരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കൂടുതല്‍ മുറിവേറ്റത് സിപിഎമ്മിനായിരുന്നു. ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍ എന്നീ സിപിഎം ശക്തികേന്ദ്രങ്ങളായ ജില്ലകളില്‍ പാര്‍ട്ടി വിട്ടവര്‍ എതിര്‍ പാളയത്തിന്റെ പ്രതിനിധികളായി. തൃശൂരില്‍ സിപിഐയ്ക്കും സമാന പ്രതിസന്ധി നേരിട്ടുന്നു. നാട്ടികയിലെ അവരുടെ സിറ്റിംഗ് എംഎല്‍എ ഇത്തവണ ബിജെപി സ്ഥനാര്‍ത്ഥിയായി. കോണ്‍ഗ്രസിനും സമാന പ്രശ്‌നമുണ്ടായി. പ്രധാനമായും കോണ്‍ഗ്രസ് വെല്ലുവിളിക്കപ്പെട്ടത് മുന്‍ കെപിസിസി പ്രസിഡന്റ് സുധാകരനാല്‍ ആയിരുന്നു. ബിജെപിയില്‍ നിന്നുയര്‍ന്ന മുറുമുറുപ്പ് അവരുടെ ചില സീനിയര്‍ നേതാക്കള്‍ ഒഴിവാക്കപ്പെട്ടതായിരുന്നു. ആദ്യ സഖ്യകക്ഷിയായി ബിഡിജെഎസ്സിനെക്കാള്‍ പ്രധാന്യം ഇന്നലെ വന്ന ട്വന്റി-ട്വന്റിക്ക് കൊടുത്തുവെന്നതിന്റെ മുറുമുറുപ്പും നിലനില്‍ക്കുന്നു.
കോണ്‍ഗ്രസിനും സിപിഎമ്മിനും ഇത്തവണ തലവേദനയായത് രണ്ടു സുധാകരന്മാരായിരുന്നു. മന്ത്രിയും എംഎല്‍എയുമൊക്കെയായി, അറുപത് വര്‍ഷക്കാലം പാര്‍ട്ടിയിലെ പ്രധാനിയായിരുന്ന ജി സുധാകരന്‍ സിപിഎം വിട്ടു. അമ്പലപ്പുഴയില്‍ വീണ്ടും മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. സാധിക്കില്ലെന്ന് വന്നതോടെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി.
കണ്ണൂരിലെ എംപിയായ കെ സുധാകരന്‍ താന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപനം നടത്തിയിരുന്നു. മത്സരിപ്പിക്കില്ലെന്ന് വന്നതോടെ പാര്‍ട്ടി വിടുമെന്നു വരെ സംസാരമുണ്ടായി. ഒടുവില്‍ ഒരുവിധത്തില്‍ സമാശ്വസിപ്പിച്ച് സുധാകരനെ പാര്‍ട്ടിയില്‍ തന്നെ നിര്‍ത്തിയിട്ടുണ്ട്.
സിപിഎമ്മിന് ഏറ്റ പ്രഹരമായിരുന്നു പയ്യന്നൂരിലും തളിപറമ്പയിലും പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ എതിര്‍പാളയത്തിലേക്ക് പോയത്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പയില്‍ ടി കെ ഗോവിന്ദനുമാണ് പാര്‍ട്ടി വിട്ടത്. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണം ഉയര്‍ത്തിയാണ് കുഞ്ഞികൃഷ്ണന്‍ പുറത്തു പോയത്. പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് ഗോവിന്ദന്‍ പുറത്തു വന്നത്. തളിപറമ്പയില്‍ ഗോവിന്ദനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി.
പാര്‍ട്ടികള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഒടുങ്ങിയതിന് പിന്നാലെ പ്രചാരണവഴികള്‍ സജീവമായി. മത്സരരംഗം ചൂടു പിടിച്ചു. ആരോപണപ്രത്യാരോപണങ്ങളാണ് പതിവ് രീതി. എന്നാല്‍ ഇത്തവണ ഒരൊറ്റ ആരോപണത്തിലാണ് തിരഞ്ഞെടുപ്പ് രംഗം ചുറ്റിക്കറങ്ങിയത്; ഡീല്‍. പാലക്കാട് എന്‍എംആര്‍ റസാഖ് എന്ന ഹോട്ടല്‍ വ്യവസായിയെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇറക്കിയതോടെയാണ് കോണ്‍ഗ്രസ് ഡീല്‍ ആരോപണം ഉയര്‍ത്തിയത്. ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. ബിജെപി ശോഭ സുരേന്ദ്രനിലൂടെ പാലക്കാട് പിടിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്.കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. പക്ഷേ പാര്‍ട്ടിക്കും കേരളത്തിനും ഒരുപോലെ നാണക്കേട് വരുത്തിവച്ച രാഹുല്‍ മാങ്കൂട്ടത്തിലാണ് അവിടെ സിറ്റിംഗ് എംഎല്‍എ. രാഹുലിനെ പുറത്താക്കിയതിനാല്‍ കോണ്‍ഗ്രസ് ഇത്തവണ അവിടെ ഒരു താര സ്ഥാനാര്‍ത്ഥിയെ ഇറക്കി; രമേഷ് പിഷാരടി.
റസാഖ് മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും അത് കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ ബാധിക്കുമെന്നുമായിരുന്നു ആക്ഷേപം. ഇതോടെ കുപ്രസിദ്ധ കോ-ലീ-ബി കഥയും ജനതാ പാര്‍ട്ടിയും 1976-ലെ തിരഞ്ഞെടുപ്പുമൊക്കെ വീണ്ടും ചര്‍ച്ചയായി. ഇടതുപക്ഷത്തെ അടിക്കാന്‍ എടുത്ത വടിയാണെങ്കിലും കോണ്‍ഗ്രസിനും തല്ലു കൊള്ളേണ്ടി വന്നു.
ഈ തിരഞ്ഞെടുപ്പ് കാലത്തെ കൗതുകം പ്രതിപക്ഷത്തിനെതിരേ ഉയര്‍ന്ന സാമ്പത്തിക ആരോപണമാണ്. സമാനതകളില്ലാത്ത ദുരന്തമായ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് 100 വീടുകള്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതുവരെ അതിനായില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടാഴ്ച്ച മുമ്പ് കല്ലിട്ടെങ്കിലും വീട് നിര്‍മാണം തുടങ്ങിയിട്ടില്ല. മൂന്നേക്കര്‍ ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയതാണ് ആകെ ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ ദിവസേന നേരിട്ടു കൊണ്ടിരുന്ന ചോദ്യം. പ്രതിപക്ഷത്തിന്റെ ഏത് ആരോപണങ്ങള്‍ക്കും മറുചോദ്യമായി മാറി; വയനാട്ടിലെ വീട് എവിടെ എന്നത്?
സിപിഎം നേതാവ് എം സ്വരാജ് വാര്‍ത്തസമ്മേളനത്തില്‍ വയനാട് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരേ ‘ ശവംതൂക്ക്’ എന്ന പ്രയോഗം നടത്തിയത് കോണ്‍ഗ്രസിന് കനത്ത പ്രഹരമായി. സോഷ്യല്‍ മീഡിയയില്‍ ആ പ്രയോഗം ആഘോഷിക്കപ്പെട്ടു. പ്രതിവിധി കണ്ടെത്താന്‍ അവര്‍ നിര്‍ബന്ധിതരായി.
പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ പ്രവര്‍ത്തിയാണ് ശരിക്കും അവരെ കുഴിയില്‍ ചാടിച്ചത്. പിരിച്ച തുകയെന്ന് പറഞ്ഞു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ച കണക്കും, കിട്ടിയ തുക സ്ഥലം വാങ്ങാനെ തികഞ്ഞുള്ളൂ, വീട് നിര്‍മിക്കാന്‍ വേറെ പണം വേണമെന്ന ഏറ്റുപറച്ചിലും പ്രതിപക്ഷത്തെ വീണ്ടും പ്രതിസ്ഥാനത്താക്കി. കല്‍പ്പറ്റ ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയാകാതെയാണ് വീടുകളുടെ താക്കോല്‍ കൈമാറ്റം നടത്തിയെന്ന് സര്‍ക്കാരിനെതിരേ വാര്‍ത്ത സൃഷ്ടിക്കാന്‍ നോക്കിയെങ്കിലും കോണ്‍ഗ്രസ് പറയേണ്ട കണക്കിന് മുന്നില്‍ അതെല്ലാം നിസ്സാരമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ നടത്തിയ ഏറ്റവും മികച്ച രാഷ്ട്രീയ നീക്കം, കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ക്കെല്ലാം അഭിമുഖം നല്‍കിയതായിരുന്നു. എന്നാല്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജി സുധാകരനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയില്‍ കയറിക്കൂടിയ ‘ ചെറ്റത്തരം’ എന്ന പ്രയോഗം മാധ്യമങ്ങളും പ്രതിപക്ഷവും വിവാദമാക്കി. പിണറായിയുടെ മുന്‍ ഭാഷ പ്രയോഗങ്ങള്‍ കൂടി ചേര്‍ത്ത് ഒന്നുരണ്ടു ദിവസം ‘ ചെറ്റത്തരം’ ചര്‍ച്ച ചെയ്യപ്പെട്ടു.
എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തുടരുന്നൊരു മോശം പ്രവണത ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു; സത്രീ വിരുദ്ധത. കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരേ യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ. അര്‍ഷാദ് നടത്തിയത് തീരെ തരം താണ പ്രയോഗമായിരുന്നു. ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ വകയായിരുന്നു അടുത്തത്. പ്രതിപക്ഷത്തെ ആര്‍ക്കുമെതിരെയായിരുന്നില്ല, സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെയും പിന്നാക്ക ജാതിക്കാരെയും എങ്ങനെയാണ് മാത്യുവിനെ പോലൊരു നേതാവ് പരിഗണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു വ്യക്തമായത്. എതിര്‍ പാര്‍ട്ടിക്കാരുടെ ഫ്‌ളക്‌സും പോസ്റ്ററുകളും നശിപ്പിക്കുമ്പോള്‍ അവര്‍ എതിര്‍ക്കാന്‍ വന്നാല്‍ സ്വയം ബ്ലൗസ് വലിച്ചു കീറണമെന്നു ആദിവാസിയായ വനിത നേതാവിനോട് പറഞ്ഞിരുന്നുവെന്നായിരുന്നു മാത്യുവിന്റെ വീരവാദം.
ജി.സുധാകരന്‍ വകയായിരുന്നു മറ്റൊന്ന്. ദീര്‍ഘകാലം തന്റെ സഹപ്രവര്‍ത്തകയായിരുന്ന സി എസ് സുജാതെയാണ് സുധാകരന്‍ പരസ്യമായി അപമാനിച്ചത്. സുജാതയുടെ സ്ത്രീത്വത്തെ അപമാനിച്ച പ്രസ്താവന.
മതവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രണ്ടു വിവാദങ്ങളായിരുന്നു പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണ വാഹനത്തില്‍ നിന്നു കേട്ട ‘ ഖൗമിലെ കുട്ടി’ എന്ന പ്രയോഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയയ്‌ക്കെതിരേ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ആണെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. കാസറഗോഡ് നിന്നായിരുന്നു മുനാഫിഖ് വിവാദം. കാസറഗോഡ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെതിരേ വനിത ലീഗ് നേതാവ് ആയിഷത്ത് ഫര്‍സാന നടത്തിയ വര്‍ഗീയ പ്രചാരണമായിരുന്നുവത്. കപടവിശ്വാസി എന്നാണ് മുനാഫിഖ് എന്ന വാക്കിന് അര്‍ത്ഥം. മതം പറഞ്ഞ് വോട്ട് പിടിക്കുകയാണെന്ന് വനിത നേതാവിനെതിരേ പരാതികള്‍ വന്നെങ്കിലും അവര്‍ തിരുത്താന്‍ തയ്യാറായില്ല.
കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ ഒരു ബോംബ് പൊട്ടിച്ചത്. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഒരു ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് ആധാരമാക്കി, 2018 ലെ പ്രളയം മനുഷ്യ നിര്‍മിതമാണെന്ന ആരോപണമാണ് അദ്ദേഹം വീണ്ടും അരങ്ങത്ത് കൊണ്ടുവന്നത്. ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിയുടെ നിരാഹര സമരം തുടങ്ങി പലവിധത്തില്‍ യുഡിഎഫ് ക്യാമ്പ് അവസാന നിമിഷത്തിലെ ആയുധമാക്കി ഈ വിഷയം ഉപയോഗിക്കുന്നുണ്ട്.
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്‌പോരിലാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രചരണകാലം അവസാനിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയ്‌നര്‍മാരില്‍ ഒരാളാണ്. കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രി പിണറായി വിജയനെയാണ് ലക്ഷ്യം വച്ചത്. രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ക്കപ്പുറം രേവന്ത് സിനിമ സ്റ്റൈലില്‍ പിണറായി വിജയനെ ‘ പോ മോനേ വിജയാ’ എന്ന് പരിഹസിച്ചു. പ്രസംഗത്തില്‍ പറഞ്ഞതുപോരാതെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്ററിലും പോ മോനേ വിജയ’ ആവര്‍ത്തിച്ചതോടെ, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ തിരിച്ചടി ‘ ഡാഷ് മോനേ രേവന്താ’ എന്നായിരുന്നു. പിന്നീട് വിശദമായൊരു കത്തില്‍ രേവന്ത് റെഡ്ഡിക്ക് മറുപടി കൊടുത്തുവെങ്കിലും പിണറായിയുടെ ‘ ഡാഷ് ‘ പ്രയോഗം മാധ്യമങ്ങള്‍ പതിവ് പോലെ ആഘോഷിച്ചു.
Content Summary: How internal revolts and celebrity candidates are reshaping Kerala’s political map