അമേരിക്കന്‍ ഐക്യനാടുകളില്‍ സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്സ് പതാക സാധാരണ കാഴ്ചയാണ്. വീടുകളുടെ പൂമുഖങ്ങളിലും പുല്‍ത്തകിടികളിലും ട്രക്കുകളിലുമെല്ലാം ഇത് കാണാം. എന്നാല്‍, ഇംഗ്ലണ്ടില്‍ പതാകകള്‍ അത്ര സാധാരണമായിരുന്നില്ല. രാജകീയ ആഘോഷങ്ങള്‍, സൈനിക അനുസ്മരണങ്ങള്‍, പ്രധാന കായിക മത്സരങ്ങള്‍ എന്നിവയില്‍ മാത്രമേ അവ സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളൂ. എന്നാല്‍ അടുത്തിടയായി
യുണൈറ്റഡ് കിങ്ഡം പതാകയും (യൂണിയന്‍ ഫ്‌ളാഗ്) ഇംഗ്ലീഷ് പതാകയും (ക്രോസ് ഓഫ് സെന്റ് ജോര്‍ജ്) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുണ്ട്. തെരുവ് വിളക്കുകളിലും റോഡുകളിലും ചിലപ്പോള്‍ റോഡിന്റെ മദ്ധ്യഭാഗങ്ങളില്‍ പോലും അവ വരച്ചിട്ടുണ്ട്.
ഈ പതാകകളുടെ വര്‍ദ്ധിച്ച ഉപയോഗത്തിന് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന് ദേശീയ വികാരമാണ്. രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ പതാകകള്‍ ഉപയോഗിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ചില തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ കുടിയേറ്റത്തിനെതിരെയും രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കണം എന്നുമുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇതിനെ ഉപയോഗിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക സംഘര്‍ഷങ്ങളെയാണ് നിലവിലെ പതാക പ്രതിഷേധം പ്രതിഫലിപ്പിക്കുന്നത്. ഒരേസമയം, ഐക്യത്തിന്റെയും ഭിന്നതയുടെയും പ്രതീകമായി പതാകകള്‍ മാറിയിരിക്കുന്നു.
ഓപ്പറേഷന്‍ റൈസ് ദി കളേഴ്സ് എന്ന പ്രചാരണത്തിലൂടെയാണ് പതാകകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ പ്രവണത ആരംച്ചത്. ഇംഗ്ലണ്ടിലെ മധ്യ നഗരമായ ബിര്‍മിങ്ഹാമില്‍ തുടങ്ങിയ ഈ നീക്കം പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. ‘വിയോളി വാരിയേഴ്സ്’ (Weoley Warriors) എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് ഇതിന് പിന്നില്‍. എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബിര്‍മിങ്ഹാമിനെയും രാജ്യത്തെയും കാണിക്കാന്‍ ആഗ്രഹിക്കുന്ന ഇംഗ്ലീഷ് പുരുഷന്മാരുടെ 2,000 അംഗങ്ങളുള്ള ഒരു കൂട്ടമായാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.
എന്തുകൊണ്ടാണ് പതാക വിവാദമാകുന്നത്?
ഇംഗ്ലണ്ടിലെയും യു.കെ.യിലെയും പതാകകള്‍ക്ക് സങ്കീര്‍ണ്ണമായ ചരിത്രമാണുള്ളത്. ഈ പതാകകള്‍ പലപ്പോഴും തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
1970 കളിലും 1980 കളിലും നടന്ന ഫുട്‌ബോള്‍ മത്സരങ്ങളിലെ അക്രമങ്ങള്‍ക്കും വംശീയ അധിക്ഷേപങ്ങള്‍ക്കും ഇടയിലാണ് ഇംഗ്ലീഷ് പതാക വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. വെള്ളക്കാരുടെ മേധാവിത്തത്തെ പിന്തുണച്ച ഫാസിസ്റ്റ് പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ട് യുണൈറ്റഡ് കിങ്ഡത്തിന്റെ പതാക തങ്ങളുടെ പ്രകടനങ്ങള്‍ക്കായി ബ്രിട്ടനിലെ തെരുവുകളില്‍ ഉപയോഗിച്ചിരുന്നു.
എങ്കിലും, കാലക്രമേണ ഈ പതാകകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ കൈവരികയായിരുന്നു. ബ്രിട്ടീഷ് ഫ്യൂച്ചര്‍ എന്ന തിങ്ക് ടാങ്കിന്റെ ഡയറക്ടറായ സുന്ദര്‍ കട്വാല പറയുന്നത്, യൂണിയന്‍ ജാക്ക് പതാക ബ്രിട്ടന്റെ ഒളിമ്പിക് ടീമായ ‘ടീം ജിബി’യെയും ദേശീയ ആരോഗ്യ സേവനമായ ‘എന്‍എച്ച്എസ്’നെയും വിവിധ ലോകയുദ്ധങ്ങളില്‍ പങ്കെടുത്ത സൈന്യത്തെയും പ്രതിനിധീകരിക്കുന്നു.
പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ പതാകകള്‍ കാണാന്‍ മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും ആഗ്രഹിക്കുന്നുണ്ടെന്ന് ‘മോര്‍ ഇന്‍ കോമണ്‍’ എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ കണ്ടെത്തി. അതേസമയം, സ്വന്തം സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തുന്നത് പോലെ എളുപ്പമല്ല പൊതുമുതല്‍ നശിപ്പിച്ച് പതാകകള്‍ വരയ്ക്കുന്നതെന്ന് കട്വാല ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ഇപ്പോള്‍ വിഷയം ഉയര്‍ന്നു?
കുടിയേറ്റം വലിയ രാഷ്ട്രീയ വിഷയമായി മാറിയതാണ് വിവാദങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. യു.കെയിലെ വലതുപക്ഷ നേതാവായ നൈജല്‍ ഫരാജിന്റെ പ്രസ്താവനകളാണ് വിഷയത്തെ കൂടുതല്‍ ചൂടുപിടിപ്പിച്ചത്. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ നാടുകടത്തുമെന്നും മനുഷ്യാവകാശ ഉടമ്പടികളില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇതിനിടയില്‍, അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലുകള്‍ക്ക് പുറത്ത് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. ലണ്ടനിലെ എപ്പിംഗില്‍, ഒരു എത്യോപ്യന്‍ അഭയാര്‍ത്ഥി, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ്് പ്രതിഷേധം നടന്നത്. അതുപോലെ, മിഡ്ലാന്‍ഡ്സിലെ നുനീറ്റണില്‍ രണ്ട് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ ഒരു 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്ന് ആളുകള്‍ സെന്റ് ജോര്‍ജ് ക്രോസ് പതാകയുമായി ‘നമ്മുടെ രാജ്യം തിരികെ വേണം’ എന്ന് മുദ്രാവാക്യം വിളിച്ചു.
ഇത്തരം സംഭവങ്ങള്‍ ഇംഗ്ലണ്ടിലെ ദേശീയ സ്വത്വം ഒരു രാഷ്ട്രീയ പോരാട്ട വിഷയമായി മാറിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പൊളിറ്റിക്‌സ് പ്രൊഫസര്‍ മൈക്കല്‍ കെന്നി ചൂണ്ടിക്കാട്ടുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധികൃതരുടെ വാദം
പതാക ഉയര്‍ത്തുന്നത് നിയമവിരുദ്ധമല്ലെങ്കിലും, പൊതുമുതല്‍ നശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. പലയിടങ്ങളിലും പതാകകള്‍ റൗണ്ട് എബൗട്ടുകളിലും കാല്‍നട ക്രോസിംഗുകളിലും വരച്ചിട്ടുണ്ട്. ഇത് ക്രിമിനല്‍ കേസിന് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല പ്രാദേശിക കൗണ്‍സിലുകളും ഈ പതാകകള്‍ നീക്കം ചെയ്തിട്ടുണ്ട്. ലണ്ടനിലെ ടവര്‍ ഹാംലെറ്റ്‌സ് കൗണ്‍സില്‍, സ്വന്തം സ്ഥലങ്ങളില്‍ പതാക പ്രദര്‍ശിപ്പിക്കാന്‍ താമസക്കാര്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും, പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച പതാകകള്‍ നീക്കം ചെയ്യുമെന്ന് അറിയിച്ചു. പ്രദേശത്തിന് പുറത്തുനിന്നുള്ള ചില വ്യക്തികള്‍ ഭിന്നത വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. Flag politics in England; from immigration to national sentiment
Content Summary: Flag politics in England; from immigration to national sentiment
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.