ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ശ്രേയസ് അയ്യരെ ഇന്ത്യന്‍ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി പ്രഖ്യാപിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാര്‍ യാദവിനെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ബി.സി.സി.ഐ ഈ കടുത്ത തീരുമാനം കൈക്കൊണ്ടത്. വരാനിരിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ടീമില്‍ സൂര്യകുമാറിന് ഇടം ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന ലോസ് ഏഞ്ചലസ് ഒളിംപിക്‌സും 2028-ലെ ടി20 ലോകകപ്പും ലക്ഷ്യമിട്ട് യുവനിരയെ വാര്‍ത്തെടുക്കാനുള്ള സെലക്ടര്‍മാരുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് 15 വയസ്സ് മാത്രം ലോക ക്രിക്കറ്റിലെ ‘അത്ഭുതബാലന്‍’ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമാണ്. എണ്‍പതുകളുടെ ഒടുവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിലെത്തിയതിന് ശേഷം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്.
മാര്‍ച്ചില്‍ ലോകകപ്പ് നേടിയെങ്കിലും മുപ്പത്തിയഞ്ചുകാരനായ സൂര്യകുമാര്‍ യാദവിന്റെ സമീപകാല ഫോം മോശമായിരുന്നു. ഒന്‍പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 242 റണ്‍സ് മാത്രമാണ് അദ്ദേഹം ലോകകപ്പില്‍ നേടിയത്. തൊട്ടുപിന്നാലെ നടന്ന ഐ.പി.എല്ലില്‍ 13 ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 20.76 ശരാശരിയില്‍ 270 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. 2028-ലെ അടുത്ത ലോകകപ്പ് വരുമ്പോള്‍ അദ്ദേഹത്തിന് 38 വയസ്സാകും എന്നതും സെലക്ടര്‍മാരെ പുതിയ നായകനെ തേടാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ പുതിയ നായകനായ മുപ്പത്തിയൊന്നുകാരന്‍ ശ്രേയസ് അയ്യര്‍ 2023 ഡിസംബറിന് ശേഷം ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. മധ്യനിരയില്‍ സൂര്യകുമാറും തിലക് വര്‍മ്മയും തിളങ്ങിയതിനാല്‍ അയ്യര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ പരിക്കേറ്റ താരത്തിന് പകരക്കാരനായി ടീമിലെത്തിയെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. എന്നാല്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്കും, ഡല്‍ഹി, പഞ്ചാബ് ടീമുകളെ ഫൈനലിലേക്കും നയിച്ച അയ്യരുടെ ക്യാപ്റ്റന്‍സി മികവാണ് ഇപ്പോള്‍ തുണയായത്. കഴിഞ്ഞ രണ്ട് ഐ.പി.എല്‍ സീസണുകളിലും തകര്‍പ്പന്‍ ബാറ്റിംഗ് ഫോമിലായിരുന്നു അദ്ദേഹം.
യുവതാരം തിലക് വര്‍മ്മയാണ് പുതിയ വൈസ് ക്യാപ്റ്റന്‍. നിതീഷ് കുമാര്‍ റെഡ്ഡി, രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ് എന്നിവരും ടീമിലിടം പിടിച്ചപ്പോള്‍ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന റിങ്കു സിംഗ്, കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കി. മുന്‍നിര താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. അതേസമയം, ഐ.പി.എല്ലില്‍ 237.30 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയതാണ് കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്. സീനിയര്‍ ടീമിനൊപ്പം ചേരുന്നതിന് മുന്‍പ് ജൂണ്‍ 9 മുതല്‍ 21 വരെ ശ്രീലങ്കയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന എ ടീമുകളുടെ മുക്കോണ പരമ്പരയില്‍ വൈഭവ് കളിക്കും.
ജൂണ്‍ 26, 28 തീയതികളില്‍ ബെല്‍ഫാസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതിന് ശേഷം ജൂലൈ 1 മുതല്‍ 11 വരെ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയും നടക്കും.
ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.