ചരിത്രത്തില്‍ എല്ലാ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആരംഭം കുറിക്കുമ്പോള്‍, മധുരം രുചിക്കാനായി സാന്നിധ്യമറിയിക്കുന്ന ഭക്ഷ്യപദാര്‍ത്ഥമാണ് കേക്ക്. ക്രിസ്മസ് കേക്കുകളുടെ ചരിത്രം ആരംഭിക്കുന്നത് ഇംഗ്ലണ്ടിലാണ്. പണ്ട് കാലത്ത് ക്രിസ്മസ് സന്ധ്യയ്ക്ക് ഓട്സും ഉണങ്ങിയ പഴങ്ങളും ഒക്കെ ചേര്‍ത്ത് സൂപ്പ് പോലുള്ള ഒരുതരം ഭക്ഷണം ഉണ്ടാക്കിയിരുന്നു. പിന്നീട് ഓട്സിന് പകരം ധാന്യപ്പൊടിയും മുട്ടയും വെണ്ണയും ഒക്കെ ചേര്‍ത്ത് വേവിച്ച ഒരു ഭക്ഷണം തയാറാക്കാന്‍ തുടങ്ങി. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടാക്കിത്തുടങ്ങിയ ഈ ഭക്ഷണം ആണ് ഇന്നത്തെ പ്ലം കേക്കിന്റെ ആദ്യരൂപം.

എന്തിലും കഥ കണ്ടെത്തുന്ന ഇംഗ്ലീഷുകാര്‍ക്ക് പ്രശസ്തമായ ഒരു കേക്ക് കഥ പറയാനുണ്ട്. മഹാനായ ഇംഗ്ലീഷ് രാജാവ് ആല്‍ഫ്രഡ് ആണ് ഈ കഥയിലെ നായകന്‍. ശത്രുക്കളായ വൈക്കിങ്ങുകളാല്‍ തോല്‍പ്പിക്കപ്പെട്ട ആല്‍ഫ്രഡ് രാജാവ് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ട് വൈക്കിങ്ങുകള്‍ കീഴടക്കിയിട്ടില്ലാത്ത ആ സോമര്‍സെറ്റ് ലെവല്‍സിലെ മരുഭൂമിയിലെ ഒരു ആട്ടിടയന്റെ കുടിലില്‍ ഒളിച്ചു. ആ സമയം ഇടയന്റെ ഭാര്യ ഒരു കേക്ക് ചുടുകയായിരുന്നു. തന്റെ വിശിഷ്ടാതിഥി ആരാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു എന്തോ ആവശ്യത്തിനായി പുറത്തേക്കു പോകാനിറങ്ങിയ അവര്‍ അടുപ്പില്‍ പാകം ചെയ്യാന്‍ വച്ച കേക്ക് ശ്രദ്ധിക്കണമെന്ന് അതിഥിയായ ആല്‍ഫ്രഡിനോട് ആവശ്യപ്പെട്ടു.
ശത്രുക്കളെ പരാജയപ്പെടുത്തി രാജ്യം എങ്ങനെ തിരിച്ചുപിടിക്കാമെന്ന് ചിന്തിച്ചിരിക്കുകയായിരുന്ന ആല്‍ഫ്രഡ്, കേക്കിന്റെ കാര്യമേ മറന്നു. ആട്ടിടയന്റെ ഭാര്യ തിരികെ വന്നപ്പോഴേക്കും കേക്ക് കരിക്കട്ടയായി മാറിയിരുന്നു. കോപം കൊണ്ടു വിറച്ച ആ സ്ത്രീ ആല്‍ഫ്രഡ് രാജാവിനെ ചൂലു കൊണ്ട് അടിക്കാന്‍ തുടങ്ങി. ആല്‍ഫ്രഡ് സൗമ്യതയോടെ അടി ഏറ്റുവാങ്ങി തന്റെ തെറ്റിന് ക്ഷമാപണം ചെയ്തു.
1901 ല്‍ ഇംഗ്ലണ്ടിലെ വിന്‍ചെസ്റ്ററില്‍ ആല്‍ഫ്രഡ് രാജാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോള്‍ ആ ചരിത്രസംഭവത്തെ ആഘോഷിക്കാന്‍ 2000 സ്‌ക്കൂള്‍ കുട്ടികള്‍ക്ക് സംഘാടകര്‍ കേക്ക് കഷണങ്ങള്‍ നല്‍കി!

സ്‌കാന്‍ഡിനേവിയന്‍ നാവികരായ വൈക്കിങ്ങുകളുടെ പ്രാദേശിക ഭാഷയായ പുരാതന നോഴ്‌സസ് ഭാഷയില്‍ നിന്നാണ് കേക്ക് എന്ന പദത്തിന്റെ പിറവി. ‘കാക്കാ’ എന്നായിരുന്നു ഈ വാക്കിന്റെ ആദ്യ രൂപം. പരന്നത് എന്ന അര്‍ഥത്തില്‍ പുരാതന ഗ്രീക്കുകാര്‍ കേക്കിനെ പ്ലാക്കോസ്’ എന്നു വിളിച്ചു. മാവ്, മുട്ട, പാല്‍, പലതരം പഴങ്ങള്‍, തേന്‍ എന്നിവ ചേര്‍ത്ത് തയാറാക്കിയ പ്ലാക്കോസ് കട്ടിയുള്ള പലഹാരമായിരുന്നു. ഇതിനു സറ്റിയൂറാ എന്നൊരു മറ്റൊരു പേരുമുണ്ടായിരുന്നു.
ചരിത്രത്തില്‍ എല്ലാ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആരംഭം കുറിക്കുമ്പോള്‍ രുചിക്കുന്ന ഭക്ഷ്യപദാര്‍ത്ഥമായിരുന്നു കേക്ക്. ചൈനക്കാര്‍ അവരുടെ ദേവതയായ ‘ഹെങ് ഓ’ യെ പ്രസാദിപ്പിക്കാനായി വിളവെടുപ്പ് കാലത്ത് കേക്കുകള്‍ ഉണ്ടാക്കി. റഷ്യയില്‍ പരമ്പരാഗതമായി വസന്തകാലത്ത് ‘മസ്സെനിറ്റ്‌സ’ എന്ന ദേവതയെ പ്രീതിപ്പെടുത്താന്‍ ബ്ലിനി എന്ന കേക്കുകള്‍ നിര്‍മിച്ചു.
വിക്ടോറിയ രാജ്ഞിയുടെ കാലത്താണ് ബ്രിട്ടനില്‍ രാജകീയ വിവാഹങ്ങള്‍ക്ക് തൂവെള്ള ഫ്രൂട്ട് കേക്ക് ഉപയോഗിച്ച് തുടങ്ങിയത്. ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക വിവാഹകേക്കും വിക്ടോറിയ രാജ്ഞിയുടേതാണ്. 136 കിലോ ഭാരമുള്ള പഞ്ചസാര കൊണ്ടുള്ള റോയല്‍ ഐസിങ്ങുള്ള രണ്ട് തട്ടുകളുള്ള കേക്ക്.

വര്‍ഷങ്ങള്‍ക്കു ശേഷം ഈ കേക്കിന്റെ ഒരു കഷണം ലേലത്തിനു വന്നു. അത് ഏകദേശം ഒന്നരലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. വര്‍ഷങ്ങള്‍ക്കു ശേഷം മുതുമുത്തശ്ശി വിക്ടോറിയയുടെ വിവാഹകേക്കിനെ കൊച്ചുമകന്‍ രാജകുമാരന്റെ വിവാഹ കേക്ക് കടത്തി വെട്ടി. 1981 ല്‍ നടന്ന ലോകശ്രദ്ധയാകര്‍ഷിച്ച ഡയാന വിവാഹത്തിനു മുറിച്ച കേക്കുകഷണം 40 വര്‍ഷത്തിനു ശേഷം 2021 ല്‍ രണ്ടു ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്ത് വിറ്റത്.
18-ാം നൂറ്റാണ്ടു വരെ കേക്കുകള്‍ പരുക്കനും മരത്തടി പോലെ ബലവാനുമായിരുന്നു. മാവ് പുളിപ്പിക്കുന്ന യീസ്റ്റ് കണ്ടുപിടിച്ചതോടെ അവ പൂവ് പോലെ അതീവ മൃദുലമായി. കേക്കുകളിലുമുണ്ട് പ്രശസ്ത താരങ്ങള്‍ ജര്‍മ്മനിയില്‍ പിറവിയെടുത്ത ബ്ലാക്ക് ഫോറസ്റ്റ് ചെറികേക്ക്, ഓസ്ട്രിയന്‍ ടോര്‍ട്ട് സ്വിസ്സ് വംശജനായ ഷുഗര്‍ കിഷ് ടോര്‍ട്ട്, ഈജിപ്റ്റുകാരുടെ ബസ്ബുസ, സ്‌കോട്ട്‌ലണ്ടിലെ ഡന്‍സി, ഇറ്റലിക്കാരുടെ പന്നെറ്റോണ തുടങ്ങിയ കേക്ക് ലോകത്തെ സൂപ്പര്‍ താരങ്ങളാണ്.
ജര്‍മ്മനിയിലെ ബാഡന്‍ – വുര്‍ട്ടംബര്‍ഗ് മേഖലയില്‍ ആളുകള്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്റെ കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളില്‍ നിന്നാണ് ബ്ലാക്ക് ഫോറസ്റ്റ് എന്ന പേര് വന്നതെന്നാണ് ഒരു കഥ.
അമേലിയ സിമ്മണ്‍സ് എന്ന അമേരിക്കക്കാരിയാണ് ആദ്യമായി കപ്പ് കേക്ക് ഉണ്ടാക്കിയത്. ‘കപ്പ് കേക്ക്’ എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1828-ല്‍ എലിസ ലെസ്ലിയുടെ പാചക പുസ്തകത്തിലാണ്. ‘അമേരിക്കന്‍ കുക്കറി’ എന്ന എലിസ ലെസ്ലിയുടെ പുസ്തകത്തില്‍ 1796-ല്‍ അമേലിയ സിമ്മണ്‍സ് ‘ചെറിയ കപ്പുകളില്‍ ബേക്ക് ചെയ്യാന്‍ ഒരു കേക്ക്’ എന്ന പേരില്‍ ഒരു പാചകക്കുറിപ്പ് എഴുതി. അങ്ങനെയാണ് കപ്പ് കേക്കുകള്‍ പ്രചാരത്തിലായത്.

ആദ്യ കാലത്ത് ഇവയെ ‘നമ്പര്‍ കേക്കുകള്‍’ അല്ലെങ്കില്‍ ‘1234 കേക്കുകള്‍’ എന്നാണ് വിളിച്ചത്. കാരണം, അന്നത്തെ പാചകക്കുറിപ്പുകളില്‍ 1 കപ്പ് വെണ്ണ, 2 കപ്പ് പഞ്ചസാര, 3 കപ്പ് മൈദ, 4 മുട്ട, 1 കപ്പ് പാല്‍, 1 സ്പൂണ്‍ ബേക്കിങ് സോഡ എന്നിങ്ങനെയായിരുന്നു ചേരുവകളുടെ അളവുകള്‍. നിര്‍മ്മാണ ചെലവു കുറവായതിനാല്‍ കപ്പ് കേക്ക് വളരെ വേഗം പ്രചാരം നേടി.
തികച്ചും ഇന്ത്യന്‍ നിര്‍മ്മിതം എന്ന് അഭിമാനത്തോടെ പറയാവുന്ന കേക്കാണ് കര്‍ണാടകയിലെ അയ്യങ്കാര്‍ ബേക്കറിയുടെ റവ കേക്ക്. റവ അഥവാ സൂചി ഉപയോഗിച്ച് നിര്‍മിക്കുന്ന ഇത് മുട്ട പോലും ചേര്‍ക്കാത്ത ശുദ്ധ വെജിറ്റേറിയന്‍ കേക്കാണ്.
കേരളത്തിലെയല്ല, ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത് നമ്മുടെ തലശ്ശേരിയിലാണ്. മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരനാണ് 1883 ഡിസംബര്‍ 20 ന് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് നിര്‍മിച്ചത്. മ്യാന്‍മറില്‍ നിന്ന് ഇന്നത്തെ ബര്‍മ്മ ബിസ്‌കറ്റ് നിര്‍മാണം പഠിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയ ബാപ്പു 1880 ല്‍ തലശ്ശേരിയില്‍ മമ്പള്ളി റോയല്‍ ബിസ്‌കറ്റ് ഫാക്ടറി എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ ബേക്കറി സ്ഥാപിച്ചു. ബിസ്‌കറ്റും ബണ്ണുമൊക്കെ വിറ്റായിരുന്നു ഈ ബേക്കറി പ്രശസ്തമായത്.

1883 സിസംബറില്‍ അഞ്ചരക്കണ്ടിയിലെ തോട്ടമുടമയായ ബ്രിട്ടീഷുകാരന്‍ മര്‍ഡോക്ക് ബ്രൗണ്‍ ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന ഒരു കേക്ക് ബാപ്പുവിനു രുചിക്കാന്‍ കൊടുത്തു. ‘ഇതുപോലെ ഒരു കേക്ക് ഉണ്ടാക്കണം ‘സായ്പ്പ് ആവശ്യമുന്നയിച്ചു. കേക്കിന്റെ ചേരുവയും പറഞ്ഞു കൊടുത്തു.
അതു വെല്ലുവിളിയായി എടുത്ത ബാപ്പു കേക്ക് ഉണ്ടാക്കി. ആ കേക്ക് രുചിച്ച സായിപ്പ് സന്തോഷം കൊണ്ട് മതിമറന്നു. താന്‍ കൊടുത്ത ഇംഗ്ലീഷ് കേക്കിനേക്കാളും നല്ല രുചിയാണിതിനെന്ന് സായിപ്പ് പറഞ്ഞതോടെ, ഇന്ത്യയിലെ ആദ്യത്തെ കേക്കായി അംഗീകരിച്ച ചരിത്ര നിമിഷമായി 142 വര്‍ഷത്തിന് മുന്‍പത്തെ ആ ഡിസംബര്‍ 23.
സായിപ്പ് പറഞ്ഞ ചേരുവകളില്‍ തന്റെ പ്രത്യേക ഫോര്‍മുല ഉപയോഗിച്ചതായിരുന്നു കേക്കിനെ കൂടുതല്‍ രുചികരമാകാന്‍ സഹായിച്ചത്. കേക്കില്‍ ഒഴിക്കാന്‍ സായിപ് നിര്‍ദ്ദേശിച്ച ഫ്രഞ്ച് ബ്രാന്‍ഡിക്ക് പകരം ബാപ്പു നാടന്‍ ചാരായവും കദളിപ്പഴവും ചേര്‍ത്തു. ‘സായിപിന്റെ ചേരുവകളും മലയാളത്തിന്റെ മിശ്രിതവും’ ബാപ്പുവിന്റെ മമ്പള്ളി കേക്ക് എന്ന പ്രതിഭാസം അങ്ങനെ ഹിറ്റായി.

തനിക്ക് കിട്ടിയ, താന്‍ ഒരിക്കലും കഴിക്കാത്ത ഒരു ക്രിസ്മസ് കേക്ക് കഷ്ണത്തിന്റെ ഹൃദ്യമായ ഓര്‍മ എഴുത്തുകാരനും നടനുമായ ജോയ് മാത്യു മനോഹരമായി കുറിച്ചിട്ടുണ്ട്.
ജോയ് മാത്യു കുട്ടിയായിരുന്നപ്പോള്‍ ഒരു ക്രിസ്മസിന് വീട്ടില്‍ മുറിച്ച വലിയ കേക്കില്‍ ഐസിങ്ങില്‍ തീര്‍ത്ത ഒരു റോസാപ്പൂ ഉണ്ടായിരുന്നു. റോസാപ്പു മുറിക്കുമ്പോള്‍ റോസപ്പൂവിന്റെ തുണ്ടു കിട്ടുന്നത് കുട്ടികള്‍ ഭാഗ്യമായി കരുതുന്ന കാലമായിരുന്നു അത്. കേക്ക് മുറിച്ചപ്പോള്‍ പൂവ് മുഴുവനായി കിട്ടിയത് ജോയ് മാത്യു ഏറ്റവും സ്‌നേഹിക്കുന്ന സ്വീറ്റി ചേച്ചിക്കായിരുന്നു. കിട്ടിയത് സ്വീറ്റി ചേച്ചിക്കല്ലേ പൂവിന്റെ ഒരു ചെറിയ ഇതളെങ്കിലും തനിക്കു തരാതിരിക്കില്ല എന്ന് ആശ്വസിച്ച് ജോയ് മാത്യു ഇരുന്നു. അപ്പോള്‍ സ്വീറ്റി ചേച്ചി അടുത്തുവന്ന് ആ റോസാപ്പൂ നീട്ടി പറഞ്ഞു ‘ഇത് ജോയ് മോനെടുത്തോ. അത്ര മനോഹരമായ സമ്മാനം എനിക്കു കിട്ടിയിട്ടുണ്ടായിരുന്നില്ല. ജോയ് മാത്യു കുറിച്ചു.
ജോയ് മാത്യു അതു കഴിക്കാതെ ആരെയും കാണിക്കാതെ ആ വിലപിടിപ്പുള്ള സമ്മാനം രാത്രി തലയിണക്കീഴില്‍ വച്ചുറങ്ങി. പാതിരാത്രിയായപ്പോള്‍ അവിടെ കിടന്നവരെയെല്ലാം ഉറുമ്പുകടിച്ചു. എവിടെ നിന്നാണ് ഉറുമ്പ് വരുന്നത്? എല്ലാവരും കൂടി പരതിയപ്പോള്‍ കണ്ടു തലയിണക്കീഴില്‍ പൊടിഞ്ഞുപോയ ആ ചുവന്ന റോസാപ്പൂവില്‍ ഉറുമ്പ് പൊതിഞ്ഞിരിക്കുന്നു. ഒടുവില്‍ ആ കേക്ക് കഷ്ണം എടുത്ത് കുപ്പത്തൊട്ടിയിലിട്ടു. ബാലനായ ജോയ് മാത്യു ഒരു നുള്ള് പോലും കഴിക്കാതെ സൂക്ഷിച്ച ചുവന്ന റോസായ ആ കേക്ക് കഷ്ണം ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു.

‘ഇപ്പോള്‍ ക്രിസ്മസ് എന്ന വാക്കുണര്‍ത്തുന്നത് അകാലത്തില്‍ മരിച്ചുപോയ എന്റെ പ്രിയപ്പെട്ട സ്വീറ്റി ചേച്ചിയുടെ സ്‌നേഹവും ചേച്ചി തന്ന ചുവന്ന റോസാപ്പൂവുമാണ്.’ ജോയ് മാത്യു എഴുതി.
Content Summary: The sweet symbol of christmas, a history of the holiday cake