Continue reading “ദഹാദ്; ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ കാണേണ്ടൊരു വെബ് സീരീസ്”

" /> Continue reading “ദഹാദ്; ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ കാണേണ്ടൊരു വെബ് സീരീസ്”

">

UPDATES

ദഹാദ്; ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ കാണേണ്ടൊരു വെബ് സീരീസ്

                       

ബോളീവുഡ് സിനിമകളും അവിടെയിറങ്ങുന്ന വെബ് സീരിസുകളും തമ്മില്‍ പ്രമേയപരമായും ആഖ്യാനപരമായും സൃഷ്ടിപരമായും വലിയ തോതിലുള്ള അന്തരമുണ്ടെന്നതിന് ഏറ്റവും പുതിയ ഉദ്ദാഹരണമാണ് ദഹാദ്. ആപത്കരമായി മാറിയിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയകാലാവസ്ഥയില്‍ പരുങ്ങി നില്‍ക്കുന്ന ബോളിവുഡ് സിനിമ വ്യവസായത്തില്‍ നിന്നും പ്രതിരോധ വീര്യത്തോടെയെന്ന പോലെയാണ് ചില വെബ്‌സീരീസുകള്‍ അതേ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇറങ്ങുന്നത്. അതിനേറ്റവും പുതിയ ഉദാഹരണമാണ് ദഹാദ്. സോയ അക്തറും റീമ കഗ്തിയും ചേര്‍ന്നൊരുക്കിയ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദഹാദ് ഒരു ‘മസ്റ്റ് വാച്ചബ്ള്‍ സീരീസ്’ ആകുന്നത് അതിന്റെ വിവിധ രാഷ്ട്രീയമാനങ്ങള്‍ കൊണ്ടുകൂടിയാണ്.

സമകാലിക സാഹചര്യത്തില്‍ കേരളം ഉയര്‍ത്തുന്ന രാഷ്ട്രീയ-സാമൂഹിക വിമര്‍ശനങ്ങളോട്, പ്രത്യേകിച്ചും സംഘപരിവാറുകാര്‍ക്കുള്ള അസഹിഷ്ണുത ‘നിങ്ങളെന്തിനാണ് എപ്പോഴും ഉത്തരേന്ത്യയിലേക്ക് നോക്കൂ എന്നു പറയുന്നത്’ എന്നതാണ്. ഇന്ത്യ എന്നാല്‍ ഉത്തരേന്ത്യയാണെന്നു വാദിക്കുന്നവരോടാണ്, എങ്കില്‍ നിങ്ങളുടെ ഉത്തരേന്ത്യ ഇപ്പോഴും ജീവിക്കുന്നത് എങ്ങനെയാണെന്ന് തെളിയാക്കാനുള്ള സംവാദ ക്ഷണമാണ് കേരളം നടത്തുന്നത്. ഇതേ സംവാദം തന്നെയാണ് ദഹാദ് അടക്കമുള്ള വെബ്‌സീരീസുകള്‍ നടത്തുന്നത്. ഴോണറുകള്‍ ക്രൈമോ ത്രില്ലറുകളോ ആയിരിക്കാം. കുറ്റാന്വേഷണങ്ങളും ട്വിസ്റ്റുകളുമൊക്കെ തന്നെയാകാം പ്രേക്ഷകാസ്വാദനത്തിനുള്ള പ്രധാനഘടകങ്ങളും. എങ്കില്‍ തന്നെയും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ കൂടിയാണ് അവ. ദഹാദിലേക്ക് വരുമ്പോഴും, തുറന്നു കാണിക്കേണ്ടതും പറയേണ്ടതുമായ കാര്യങ്ങള്‍ പറയാനും കാണിക്കാനും വേണ്ടിയുള്ള ബോധപൂര്‍വ്വമായൊരു വഴികൂടിയായിട്ടാണ് ഈ സീരീസ് അതിന്റെ അണിയറക്കാര്‍ ഒരുക്കിയിട്ടുള്ളത്.

കര്‍ണാടകയിലെ പ്രൈമറി സ്‌കൂളിലെ കായികാധ്യാപകനായിരുന്ന മോഹന്‍ കുമാര്‍ എന്ന സീരിയല്‍ കില്ലര്‍ സൈനഡ് മോഹനന്റെ കഥ രാജസ്ഥാനിലെ ചെറു പട്ടണമായ മാണ്ഡ്വയിലേക്ക് രൂപം മാറ്റിയെടുത്തിരിക്കുകയാണ് റീമ കഗ്തി( തലാഷ് എന്ന സിനിമയുടെ സംവിധായിക). 29 ഓളം സ്ത്രീകളെ കൊലപ്പെടുത്തിയൊരു സീരിയല്‍ കില്ലറും മാണ്ഡ്വ സ്റ്റേഷനിലെ ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും(എസ് എച്ച് ഒ) രണ്ട് ഇന്‍സ്‌പെക്ടറും; ഇവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇന്‍സ്‌പെക്ടര്‍ അഞ്ജലി ഭാട്ടിയായി സോനാക്ഷി സിന്‍ഹയും, എസ് എച്ച് ഒ ദേവി ലാല്‍ സിംഗായി ഗുല്‍ഷന്‍ ദേവയ്യയും ഇന്‍സ്‌പെക്ടര്‍ കൈലാഷ് പാര്‍ഗിയായി സൗഹം ഷായും വരുമ്പോള്‍, സീരിയല്‍ കില്ലറായ ആനന്ദ് സ്വര്‍ണകാറിനെ അജയ് വര്‍മ്മയാണ് അവതരിപ്പിക്കുന്നത്. സീരിയല്‍ കില്ലര്‍ സബജക്ട് ആയതുകൊണ്ട് ഇതൊരു കുറ്റാന്വേഷണ കഥയാണെന്ന് ധരിക്കേണ്ട. കുറ്റവാളിയാരാണെന്നത് തുടക്കത്തിലെ വ്യക്തമാണ്. പകുതിയോടെ പൊലീസും അത് മനസിലാക്കുന്നു. അയാള്‍ പിടിക്കപ്പെടുന്നത് എങ്ങനെയെന്നതാണ് കഥയിലെ ഉദ്ദ്വേഗം.

സര്‍വ്വം തികഞ്ഞ നായക കഥാപാത്രങ്ങളെ ഒഴിവാക്കുന്നു എന്നതാണ് വെബ് സീരിസുകളുടെ ഒരു പ്രത്യേകത. കഥയെ നയിക്കുന്നവര്‍ ദൗര്‍ബല്യങ്ങളും പരാജയങ്ങളും ഉള്ളവരാണ്. യഥാര്‍ത്ഥ മനുഷ്യരെപ്പോലെ. ദഹാദ് ഒരു വൈകാരിക ചലനം പ്രേക്ഷകനിലുണ്ടാക്കുന്നതും അതിലെ കഥാപാത്രങ്ങളുടെ ജീവിതത്തിന്റെ വിവിധ അടരുകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ പ്രേക്ഷനെ സമീപിക്കുന്നതുകൊണ്ടാണ്. സോനാക്ഷി സിന്‍ഹയുടെ അഞ്ജലി ഭാട്ടിയെ ദഹാദിലെ കേന്ദ്രകഥാപാത്രമെന്ന് പറയാം. എന്നാല്‍ നായികയെന്ന് പിന്‍ ചെയ്ത് വച്ചിരിക്കുന്ന കഥപാത്രമല്ലതാനും. ആ കഥാപാത്രത്തിന്റെ പ്രവര്‍ത്തികളും നിലപാടുകളുമാണ് അവരെ മുന്നിലേക്ക് നീക്കി നിര്‍ത്തുന്നത്. രചയിതാക്കളോ സംവിധായികയോ, പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ സ്ഥിരം മാതൃകകള്‍ പരീക്ഷിച്ച് ഒരു നായക കഥാപാത്രത്തെ സൃഷ്ടിച്ചിട്ടില്ല. മാണ്ഡ്വ പൊലീസ് സ്റ്റേഷനില്‍ ഒരേയൊരു വനിത പൊലീസിനെ മാത്രമാണ് കാണിക്കുന്നത്; അഞ്ജലിയെ. അവരുടെ മേലുദ്യോഗസ്ഥരും സമക്കാരും കീഴുദ്യോഗസ്ഥരുമെല്ലാം ആണുങ്ങളാണ്. എങ്കില്‍പ്പോലും ഒരിടത്തും അവര്‍ നിശബ്ദയാവുകയോ തലകുനിക്കുകയോ ചെയ്യുന്നില്ല. ആര്‍ജ്ജവമുള്ള ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ മേലുദ്യോഗസ്ഥരായ എസ് പിയോടും എസ് എച്ച് ഒ-യോടും വിധേയപ്പെടാന്‍ പോലും തയ്യാറല്ല. അഞ്ജലി ഭാട്ടിയെന്ന കഥാപാത്രത്തെ കൃത്യമായ കയ്യടക്കത്തോടെ സോനാക്ഷി അവതരിപ്പിച്ചിരിക്കുന്നു. ആ ശരീരഭാഷയൊക്കെ പൂര്‍ണം. വാണിജ്യ സിനിമകളിലെ നായിക ശരീരങ്ങള്‍ പ്രേക്ഷകന്റെ മൃദുലവികാരങ്ങളെ സന്തോഷിപ്പിക്കാനുള്ള കരുക്കളാണെങ്കില്‍, അത്തരം ആണ്‍ധാരണകളുടെ മേല്‍ ചവിട്ടിയാണ് അഞ്ജലി തന്റെ ആണ്‍കൂട്ടുകാരനെ കാണാന്‍ പോകുന്നത്. തനിക്കുവേണ്ടതു തേടി പോകാന്‍ റിസ്‌ക് എടുക്കുന്നു. ലോല വികാരങ്ങള്‍ ഭരിക്കുന്നവളല്ല, ദൃഢമായ ചിന്തകള്‍ നയിക്കുന്ന പെണ്ണാണ് അഞ്ജലി ഭാട്ടിയ. തന്റെ ബുള്ളറ്റില്‍ കറങ്ങി നടക്കുന്ന, കളിയാക്കുന്നവനോട് അടിച്ചു പല്ലുകൊഴിക്കുമെന്ന് പറയുന്ന, ‘ പെണ്ണുകാണല്‍ ചടങ്ങില്‍’ പൊലീസ് യൂണിഫോമില്‍ ചെന്നിറങ്ങുന്ന ബോള്‍ഡ് ആയ പെണ്ണ്. ഒരു പെണ്ണ് എന്ന നിലയില്‍ താന്‍ ഒരിടത്തു നിന്നും മാറി നില്‍ക്കേണ്ടവളല്ലെന്ന ബോധ്യം കൊണ്ടു നടക്കുന്നതുപോലെ തന്നെയാണ് ജാതിയമായ വേര്‍തിരിവിനെതിരേയുള്ള അഞ്ജലിയുടെ പ്രതിഷേധവും. കീഴ് ജാതിക്കാരിയായൊരുവള്‍ തന്റെ വീടിനുള്ളില്‍ കയറരുതെന്ന സവര്‍ണധാര്‍ഷ്ഠ്യത്തിന്റെ മുഖത്ത് നോക്കി ‘ ആരാണ് ഉയര്‍ന്നവനും താഴ്ന്നവനുമൊന്ന്’ തിരിച്ചു ചോദിച്ചുകൊണ്ട്, അയാളെ വെല്ലുവിളിച്ചും താക്കീതും ചെയ്തും കയറിപ്പോകുന്ന അഞ്ജലിയുടെ മുന്നില്‍ അവരുടെ മേലുദ്യോഗസ്ഥനടക്കം നിശബ്ദനാകുന്നുണ്ട്. അഞ്ജലിയെ അനുസരിക്കാനും പിന്തുടരാനും അവര്‍ക്ക് തയ്യാറാകേണ്ടിയും വരുന്നു.

അഞ്ജലി നേരിടുന്ന ജാതിയ വേര്‍തിരിവിലൂടെയാണ് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിരാഷ്ട്രീയം ദഹാദ് ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ടൊരാളുടെ മുഖത്തു നോക്കാനും പോലും ഇന്ന് അറപ്പ് പ്രകടിപ്പിക്കുന്നവരെ ദഹാദില്‍ കാണാം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നിട്ടുപോലും താന്‍ നേരിട്ട ജാതിവിവേചനം സ്വന്തം മകള്‍ അനുഭവിക്കേണ്ടി വരരുതെന്ന് കണക്കുകൂട്ടി മകളുടെ പേരിനൊപ്പം ഗോത്രനാമം മാറ്റി ചേര്‍ക്കുന്നുണ്ട് അഞ്ജലിയുടെ പിതാവ്. ആ സമുദായത്തില്‍പ്പെട്ടയാള്‍ കര്‍ഷകനോ കാലിമേയ്ക്കുന്നവനോ ആയിരിക്കും എന്നും ഉറപ്പിക്കുന്ന, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുന്നവരെയും കാണാം. ഇന്ന ജാതിയില്‍പ്പെട്ടവന്‍ ഇന്ന തൊഴിലെ ചെയ്യാവൂ എന്ന മനുസ്മൃതി സങ്കല്‍പ്പത്തില്‍ ഇന്നും ജീവിക്കുന്നവര്‍.

ഉത്തരേന്ത്യയിലെ മത-ജാതി രാഷ്ട്രീയത്തെ തുറന്നു കാട്ടിക്കൊണ്ടാണ് ദഹാദ് ആരംഭിക്കുന്നത്. തന്റെ മകളെ/സഹോദരിയെ കാണാനില്ലെന്ന ഒരു പിന്നാക്ക ജാതിക്കാരന്റെ പരാതിക്ക് യാതൊരു വിലയും കല്‍പ്പിക്കപ്പെടുന്നില്ല. അതേസമയം ഒരു സവര്‍ണ-ഹിന്ദു പെണ്‍കുട്ടി മുസ്ലിം സമുദായത്തില്‍പ്പെട്ടൊരാളെ പ്രണയിക്കുകയോ അവനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ എങ്ങനെയെല്ലാം രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദം ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ദഹാദില്‍ പറയുന്നുണ്ട്. ഹിന്ദുത്വ പ്രൊപ്പഗാണ്ടയായ ലൗ ജിഹാദ് എങ്ങനെയാണ് പരിവാര്‍ രാഷ്ട്രീയക്കാര്‍ ഉപയോഗപ്പെടുത്തുന്നതെന്നതും ഇതില്‍ കാണാം. ഒരാളെ മനുഷ്യനായല്ലാതെ, അവന്റെ വര്‍ഗ്ഗവും ലിംഗവും നോക്കി മാത്രം പരിഗണിക്കുന്ന രാഷ്ട്രീയം എത്രമാത്രം അപകടവും ക്രൂരവുമാണെന്നും ദഹാദം വിളിച്ചു പറയുന്നുണ്ട്.

ആനന്ദ് സ്വര്‍ണകാറിന്റെ ഇരകളും സാമൂഹിക പ്രതീകങ്ങളാണ്. ഒരാളുടെ സമൂഹത്തിലെ സ്ഥാനം താഴെ തട്ടിലാണെങ്കില്‍ അവരുടെ ജീവനുപോലും യാതൊരു വിലയും അതേ സമൂഹം കല്‍പ്പിക്കുന്നില്ല എന്നൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ടെന്നാണ് ആനന്ദിന്റെ ന്യായീകരണത്തില്‍ വെളിവാകുന്നത്. 29 ഓളം സ്ത്രീകളെ കൊന്നപ്പോഴും അയാള്‍ക്കതില്‍ പശ്ചാത്താപമോ പാപബോധമോ തോന്നുന്നില്ല. അവര്‍ മരിക്കേണ്ടവരായിരുന്നുവെന്നാണ് ആനന്ദ് പറയുന്നത്. ആനന്ദ് എന്ന സവര്‍ണന്റെ കണ്ണില്‍ ആ സ്ത്രീകളുടെ തെറ്റ് എന്തായിരുന്നു? അവരുടെ ജനനം തന്നെ.

കഥയുടെ പ്രധാന വഴിയില്‍ നിന്നും കഥാപാത്രങ്ങളുടെ വീട്ടകങ്ങളിലേക്ക് വരുമ്പോഴും ശക്തമായ രാഷ്ട്രീയം ദഹാദ് പറയുന്നുണ്ട്. ആനന്ദിന്റെ ഭാര്യ വന്ദന, തനിക്ക് സഹപ്രവര്‍ത്തകനുമായുള്ള ബന്ധവും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും ഭര്‍ത്താവിനോട് പറയുന്നതും, പെണ്‍കുട്ടികളെ ഒറ്റയ്ക്കു പുറത്തു വിട്ടാല്‍ അവര്‍ നശിച്ചുപോകുമെന്ന് വിശ്വസിക്കുന്ന ദേവിലാലിന്റെ ഭാര്യയും, തന്റെ കുഞ്ഞ് ഈ മോശം ലോകത്ത് ജീവിക്കേണ്ടി വരുമെന്നോര്‍ത്ത് ഭാര്യയോട് അബോര്‍ഷന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന കൈലാഷ് പാര്‍ഗിയുമൊക്കെ സമൂഹത്തിന്റെയും മനുഷ്യസ്വഭാവത്തിന്റെ വിവിധ ഉദ്ദാഹരണങ്ങളാണ്. അവയൊക്കെ വിശദമായി മനസിലാക്കാന്‍ കൂടിയാണ് ദഹാദ് എന്ന വെബ് സീരീസ് ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കുന്നവരെന്ന നിലയില്‍ നമ്മള്‍ കാണേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍