July 16, 2025 |
Share on

കേരളത്തിലടക്കം സ്‌കൂളുകള്‍, ദുബായ് ജെംസ് സ്‌കൂള്‍ ശൃംഖല ഇന്ത്യയില്‍ വ്യാപിപ്പിക്കുന്നു; അദാനിയുമായി കൈകോര്‍ത്ത് സണ്ണി വര്‍ക്കി

മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ സ്കൂളുകൾ കൂടി തുറക്കുകയാണ് ലക്ഷ്യം

ഗൗതം അദാനിയുമായി കൈകോർത്ത് ജെംസ് സ്കൂൾ സ്ഥാപകൻ സണ്ണി വർക്കി. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സ്കൂൾ ശൃംഖലകളിൽ ഒന്നാണ് ദുബായ് ആസ്ഥാനമായുള്ള ജെംസ് എഡ്യൂക്കേഷൻ. കേരളത്തിൽ ജെംസ് ബ്രാൻഡ് പ്രശസ്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സണ്ണി വർക്കി അതിനായാണ് അദാനി ഗ്രൂപ്പുമായി കൈ കോർത്തിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ സ്കൂളുകൾ കൂടി തുറക്കുകയാണ് ലക്ഷ്യം.

ജെംസ് ഗ്രൂപ്പിന്റെ അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംഭാവനയോടെയാവും സ്കൂളുകൾ പ്രവർത്തിക്കുക. സ്കൂളിന്റെ എല്ലാ പ്രവർത്തന മേഖലയിലും ഇരു ഗ്രൂപ്പുകളും ചേർന്നാവും തീരുമാനമെടുക്കുക. പങ്കാളിത്തത്തിന്റെ കൃത്യമായ വിവരങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആദ്യത്തെ അദാനി ജെംസ് സ്കൂൾ ഓഫ് എക്സലൻസ് ലക്നൌവിൽ ഇതിനകം പ്രവർത്തനമാരംഭിച്ച് കഴിഞ്ഞു. എട്ട് രാജ്യങ്ങളിലായി നിലവിൽ 92 സ്കൂളുകളാണ് ജെംസ് ശൃംഖലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് കമ്പനിയായ മോർഡോർ ഇന്റലിജൻസിന്റെ കണക്കനുസരിച്ച് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ മാത്രമായി ശ്യംഖല വിപുലീകരിക്കുന്നതിനായി 300 മില്യൺ ഡോളറാണ് സണ്ണി വർക്കിയുടെ മൂലധനം. പ്രതിവർഷം 7.5 ശതമാനമാണ് വിദ്യാഭ്യാസ വിപണിയിലെ വളർച്ചാ നിരക്ക് ഇത് 2030 ആവുമ്പോഴേക്കും 10.3 ബില്യൺ ഡോളറായി വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാവാം സണ്ണി വർക്കിയുടെ വിപുലീകരണം. ദുബായ് സ്പോർട്സ് സിറ്റിയിൽ ഓഗസ്റ്റിൽ ആരംഭിക്കാൻ പോകുന്ന അൾട്രാ-പ്രീമിയം ജെംസ് സ്‌കൂൾ ഓഫ് റിസർച്ച് ആൻഡ് ഇന്നൊവേഷനായി മൂലധന വിഹിതത്തിന്റെ മൂന്നിലൊന്ന് ഭാഗം ഉപയോഗിക്കും. എമിറേറ്റ്സിൽ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ സ്പോർട്സ് കോംപ്ലക്സിലാവും ഈ സ്കൂൾ ആരംഭിക്കുക. നാല് ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന ക്യാംമ്പസിൽ അത്യാധുനിക എ ഐ സാങ്കേതിക സംവിധാനമുള്ള റോബോട്ടിക്സ് ലാബ് മുതൽ ഹെലിപാഡ് സംവിധാനം വരെയുണ്ട്. ഉയർന്ന ഗ്രേഡിലുള്ള കുട്ടികൾക്ക് 48 ലക്ഷം രൂപയാണ് വാർഷിക ഫീസ്.

നിലവിൽ 185 രാജ്യങ്ങളിൽ നിന്നുള്ള 4,00,000ത്തോളം വിദ്യാർത്ഥികളിൽ ദുബായിലെ സ്വകാര്യ സ്കൂളിൽ പഠനം നടത്തുന്നുണ്ട്. ദുബായിലെ സ്ഥിരതയുള്ള സമ്പദ് വ്യവസ്ഥയും കുറഞ്ഞ നികുതി സാഹചര്യവും രാജ്യത്തേക്ക് കൂടുതൽ പ്രവാസികളെ ആകർഷിക്കുന്നതിനാൽ വരും വർഷങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചേക്കാം. ഇത് തീർച്ചയായും ജെംസ് ​ഗ്രൂപ്പിനും ​ഗുണം ചെയ്തേക്കും. 2023-2024 അധ്യായന വർഷത്തിൽ മാത്രമായി ഏകദേശം അഞ്ച് സ്വകാര്യ സ്കൂളുകൾ ആരംഭിച്ചിട്ടുണ്ട്. ദുബായിലെ സ്വകാര്യ വിഭ്യാഭ്യാസ വിപണിയിൽ 26 ശതമാനം വിഹിതം ജെംസ് സ്കൂളിന് അവകാശപ്പെടാൻ സാധിക്കും. ജെംസ് ശ്യംഖലയുടെ 28 സ്കൂളുകളിലായി ഏകദേശം ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ നിലവിൽ പഠിക്കുന്നുണ്ട്. ഇതിൽ മൂന്നെണ്ണം കഴിഞ്ഞ് അഞ്ച് വർഷത്തിനിടയിൽ ആരംഭിച്ചതാണ്. ബ്രിട്ടീഷ്, അമേരിക്കൻ, ഐബി, ഇന്ത്യൻ പാഠ്യപദ്ധതികളാണ് സ്കൂളുകൾ പിന്തുടരുന്നത്. അടുത്ത 3 വർഷത്തിനകം ഇന്ത്യയിലെമ്പാടുമായി കിൻഡർഗാർട്ടൻ (KG) മുതൽ 12-ാം ക്ലാസ് വരെയുള്ള 20 സ്‌കൂളുകളെങ്കിലും സ്ഥാപിക്കാനാണ് ശ്രമം. പ്രധാന നഗരങ്ങൾക്ക് പുറമേ ചെറു പട്ടണങ്ങളിലും സ്‌കൂൾ തുറക്കും. സിബിഎസ്ഇ സിലബസുള്ള സ്‌കൂളുകളിൽ 30 ശതമാനം സീറ്റുകൾ പിന്നാക്ക വിഭാഗക്കാർക്കായി സംവരണം ചെയ്യും. ഇവർക്ക് ഫീസുണ്ടാകില്ല.

content summary: GEMS Education is set to partner with the Adani Group to expand its presence in Kerala by opening more schools

Leave a Reply

Your email address will not be published. Required fields are marked *

×