ഒരുകാലത്ത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയ ഗ്രൂപ്പ് പോര്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വ നിയമനത്തോടെ സംസ്ഥാനത്ത് വീണ്ടും ശക്തമായിരിക്കുകയാണ്. ലൈംഗികാരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അപ്രതീക്ഷിതമായി രാജിവെച്ച ഒഴിവിലേക്ക്, കെ സി വേണുഗോപാല്‍-ഷാഫി പറമ്പില്‍ കൂട്ടുകെട്ടിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഒ ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും ബിനു ചുള്ളിയിലിനെ വര്‍ക്കിംഗ് പ്രസിഡന്റായും നിയമിച്ചത്.
ഈ നീക്കത്തില്‍ ‘ഐ’ ഗ്രൂപ്പ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചപ്പോള്‍, രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് സ്വാഭാവികമായും പ്രസിഡന്റ് സ്ഥാനം ലഭിക്കണം എന്നതായിരുന്നു ഐ ഗ്രൂപ്പിന്റെ ആവശ്യം. രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള അബിന്‍ വര്‍ക്കി, താനൊരു ക്രിസ്ത്യാനിയായതാണോ തെറ്റെന്നും കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നേതൃത്വത്തോട് നേരിട്ട് ഏറ്റുമുട്ടാതെ തന്നെ പ്രതിഷേധം രേഖപ്പെടുത്തി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തില്‍ കെ സി വേണുഗോപാല്‍ തന്റെ സ്വാധീനം ഉറപ്പിക്കുന്നതിന്റെ സൂചനയായാണ് ഒ ജെ ജനീഷിന്റെ നിയമനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ലൈംഗികാരോപണ കേസില്‍ മുഖം നഷ്ടപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഇപ്പോള്‍ കെ സി വേണുഗോപാലിനോട് അടുക്കുകയാണ്. രാഹുലിനെതിരായി നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പാര്‍ട്ടിയിലെ സ്വാധീനം കുറച്ച് വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കസേര കെസി യിലേക്ക് എത്തിക്കാനുള്ള അണിയറ നീക്കമായും ജനീഷിന്റെ അധ്യക്ഷ സ്ഥാനം വ്യാഖ്യാനിക്കപ്പെടുന്നു.
കെ സി വേണുഗോപാലാകട്ടെ ഈ അവസരം ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ നിയന്ത്രണം തന്നിലേക്ക് ഒതുക്കാനും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി ആരാണെന്ന ചോദ്യങ്ങളും ഇതിനോടകം ഉയരുന്നുണ്ട്. കെസി വേണുഗോപാല്‍ തന്റെ സാന്നിധ്യം പാര്‍ട്ടിയില്‍ ഒന്നുകൂടി ഉറപ്പിക്കുന്നതിനുള്ള ചവുട്ടിപടി കൂടിയായാണ് എ ഗ്രൂപ്പില്‍ നിന്നുതന്നെ പുതിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനാരോഹണം.
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പദവി ഏറ്റെടുക്കാനില്ലെന്ന അബിന്‍ വര്‍ക്കിയുടെ തീരുമാനം, ഹൈക്കമാന്‍ഡിനെതിരെ ഐ ഗ്രൂപ്പ് പ്രകടിപ്പിക്കുന്ന തന്ത്രപരമായ പ്രതിഷേധമായാണ് കണക്കാക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാനുള്ള ലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. മിഷന്‍ സിഎം തന്ത്രത്തില്‍ ചെന്നിത്തലയെ വെട്ടുന്നതിന്റെ ഭാഗമാണ് അബിനെ ഒതുക്കിയത്. യൂത്ത് കോണ്‍ഗ്രസ് അബിനിലൂടെ ചെന്നിത്തലയുടെ കൈയിലെത്തിയാല്‍ ചെന്നിത്തല ശക്തനാകുമെന്ന കണക്കുകൂട്ടലാണ് കെ സി തടഞ്ഞിരിക്കുന്നത്.
രാഹുല്‍ ഗാന്ധി നടപ്പിലാക്കിയ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയെ, സാമുദായിക സമവാക്യത്തിന്റെ പേര് പറഞ്ഞ് അട്ടിമറിച്ചു എന്ന നിലപാടാണ് ഐ ഗ്രൂപ്പ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടിയില്‍ പ്രധാനിയായി വളര്‍ന്നുവരുന്ന കെ സി വേണുഗോപാലിന് പിന്നില്‍ നിരവധി നേതാക്കള്‍ അണിനിരക്കുന്നത്, വി ഡി സതീശനെ പാര്‍ട്ടിയില്‍ ഒതുക്കാനും കെ സിയെ മുഖ്യമന്ത്രിയാക്കാനുമുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
ആഗസ്റ്റ് 21 നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജി. രാഹുലിന്റെ രാജിക്ക് പിന്നാലെ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നെങ്കിലും മുതിര്‍ന്ന നേതാക്കളുടെ പിടിവലിയെ തുടര്‍ന്ന് തീരുമാനം അനന്തമായി നീളുകയായിരുന്നു.
ആദ്യഘട്ടത്തില്‍ എ ഗ്രൂപ്പ് നേതാവ് കെഎം അഭിജിത്തിന്റെ പേര് ഉയര്‍ന്നെങ്കിലും ഷാഫി പറമ്പിന്റെ നേതൃത്വത്തിലുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തഴയപ്പെട്ടു. ഷാഫിയും അന്ന് ഒജെ ജനീഷിനെ തന്നെയാണ് പരിഗണിച്ചത്. കെസി വേണുഗോപാലാകട്ടെ ആദ്യം പിന്തുണ നല്‍കിയത് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിന് ആയിരുന്നു. എന്നാല്‍ പ്രായപരിധി തിരിച്ചടിയായതോടെ ഒജെ ജനീഷിനെ തന്നെയാണ് കെസി വേണുഗോപാലും പിന്തുണച്ചത്.
തുടക്കം മുതല്‍ അബിന്‍ വര്‍ക്കി അധ്യക്ഷ സ്ഥാനത്തേക്ക് വരരുതെന്ന് തന്നെയായിരുന്നു കെസി വേണുഗോപാലും രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷത്തിന്റെയും നിലപാട്. പ്രസിഡന്റ് കസേര ലക്ഷ്യമിട്ടവരാണ് രാഹുലിനെ വീഴ്ത്തിയതെന്ന ആക്ഷേപമായിരുന്നു അതിന് പിന്നില്‍. അതുകൊണ്ട് തന്നെ അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ രാഹുല്‍-ഷാഫി പക്ഷക്കാര്‍ രാജിവയ്ക്കുമെന്ന മുന്നറിയിപ്പും പാര്‍ട്ടിക്കകത്ത് സജീവമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് തുടക്കം മുതല്‍ അബിന്‍ വര്‍ക്കി അധ്യക്ഷ സ്ഥാനത്തേക്ക് വരരുതെന്ന് കെ സി വേണുഗോപാല്‍ പക്ഷം നിലപാടെടുത്തത്.
Content Summary: Mission CM: Abin Varkey out in KC’s strategy
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.