മൺറോയുടെ ശവകുടീരത്തിനടുത്തുള്ള കല്ലറ ലേലത്തിൽ നേടിയത് കോടികൾ
മുപ്പതോളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ഹോളിവുഡിനെ ലഹരി പിടിപ്പിച്ച, ലോകമെമ്പാടുമുള്ള ആരാധക ഹൃദയങ്ങളെ പിടിച്ചുലച്ച വിശ്വസുന്ദരി പട്ടം ഇന്നും മെർലിൻ മൺറോയുടെ കൈകളിൽ തന്നെയാണ്. സിനിമകളോ എന്തിനേറെ ടെലിവിഷൻ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ലോകത്തിന്റെ നെറുകയിൽ സ്ഥാനമുറപ്പിച്ച അഭിനേത്രിയാണ് മെർലിൻ. അക്കാലത്ത് മെർലിനെ ആഗ്രഹിക്കാത്ത പുരുഷൻമാർ വിരളമായിരിക്കും. വെള്ളിത്തിരയിലെ ഇതിഹാസമായിരുന്ന മെർലിൻ മൺറോയുടെ മരണത്തിന് 62 വർഷങ്ങൾക്കിപ്പുറവും അവളെ സ്നേഹിക്കുന്നവരുടെ ആരാധനയുടെ തീവ്രത ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ‘ ഐക്കൺസ്’ എന്ന ലേലത്തിൽ കോടിക്കണക്കിനു രൂപക്ക് വിറ്റ് പോയ മെർലിന്റെ ഓരോ വസ്തുക്കളും.
ജൂലിയൻസ് ഓക്ഷൻസ് സംഘടിപ്പിച്ച ഐക്കൺസ് എന്ന് പേരിട്ടിരിക്കുന്ന ലേലത്തിലെ ഏറ്റവും ശ്രെദ്ധേയമായ ലേല വസ്തു മെർലിൻ മൺറോ അന്ത്യ വിശ്രമം കൊള്ളുന്ന ശവകുടീരത്തിനടത്തുള്ള കല്ലറയായിരുന്നു. 195,000 ഡോളറിനാണ് ( 1,62,57,783.75 ഇന്ത്യൻ രൂപ ) ലേലത്തിൽ വിറ്റത്.
ബെവർലി ഹിൽസിലെ ടെക് നിക്ഷേപകനായ ആൻ്റണി ജാബിനാണ് ഇത് സ്വന്തമാക്കിയത്. ‘മെർലിൻ മൺറോയുടെ അടുത്തായിരിക്കാൻ താൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു എന്നാണ് ആൻ്റണി ലേലത്തിന് ശേഷം പറഞ്ഞത്.
1962-ൽ 36-ാം വയസ്സിൽ അന്തരിച്ച മെർലിൻ മൺറോയുടെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ സ്ഥിതിചെയ്യുന്ന അവളുടെ ശവകുടീരം ആരാധകർ നിരന്തരം സന്ദർശിക്കാറുണ്ട്.
ജെൻ്റിൽമാൻ പ്രിഫർ ബ്ലോണ്ടസ്, സം ലൈക്ക് ഇറ്റ് ഹോട്ട്, ഹൗ ടു മാരി എ മില്യണയർ എന്നിവയുൾപ്പെടെ ഒരു കാലഘട്ടത്തിലെ തന്നെ ഏറ്റവും വലിയ ഹോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു മെർലിൻ. സിനിമ കാലം മുതൽ മരണം വരെ ഇപ്പോൾ മരണത്തിന് ശേഷവും മെർലിൻ മൺറോ സംസാര വിഷയമായി ഇന്നും തുടരുന്നു.
ശവകുടീരത്തിനടുത്തുള്ള കല്ലറ കൂടാതെ, മെർലിൻന്റെ പിങ്ക് നിറത്തിലുള്ള സിൽക്ക് പുച്ചി ബ്രാൻഡ് വസ്ത്രം 325,000 ഡോളറിനാണ് വിറ്റത് ( 2,70,93,300.00 ഇന്ത്യൻ രൂപ ) അതോടൊപ്പം മെർലിൻ ഉപയോഗിച്ചിരുന്ന എലിസബത്ത് ആർഡൻ ലിപ്സ്റ്റിക്ക് 65,000 ഡോളർ ( 54,18,660.00 ഇന്ത്യൻ രൂപ ) ലേലം നടത്തിയത്. മെർലിൻ മൺറോയുടെ കൂടാതെ പ്ലേ ബോയ് സ്ഥാപകൻ ഹഗ് ഹെഫ്‌നറുടെയും വസ്തുക്കൾ ലേലത്തിൽ വിറ്റിരുന്നു. ഹഗ് ഹെഫ്‌നറുടെ സ്ലിപ്പറുകൾ, നിശാവസ്ത്രം, പുകയില പൈപ്പ് എന്നിവയ്‌ക്കൊപ്പം ശ്രെദ്ധേയമായത് 13,000 ഡോളറിന് (10,83,729.40 ഇന്ത്യൻ രൂപ) വിറ്റ സ്‌മോക്കിംഗ് ജാക്കറ്റുകളിലൊന്നാണ്.