UPDATES

അമേരിക്ക പൊളിച്ച ഒരു മര്‍ഡര്‍ പ്ലാന്‍ ഇന്ത്യക്ക് നാണക്കേടും വെല്ലുവിളിയുമാകുന്നതെങ്ങനെ?

വാടക കൊലയാളിയായി നിയോഗിച്ചത് അമേരിക്കന്‍ അണ്ടര്‍ കവര്‍ ഓഫിസറെ!

                       

സിഖ് വിഘടനവാദി നേതാവിനെ അമേരിക്കന്‍ മണ്ണില്‍വച്ച് വധിക്കാന്‍ പദ്ധതിയിട്ടതിനു പിന്നില്‍ ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനാണെന്ന് യു എസ് നീതിന്യായ വകുപ്പ്. ന്യൂയോര്‍ക്കില്‍ വച്ച് സിഖ് ഫോര്‍ ജസ്റ്റീസ് സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ അംഗവും യു എസ്-കനേഡിയന്‍ പൗരനുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഈ പദ്ധതി അമേരിക്ക പൊളിച്ചു. ഖാലിസ്താന്‍ പ്രസ്ഥാനത്തെ അനുകൂലിക്കുന്നവരാണ് സിഖ് ഫോര്‍ ജസ്റ്റീസ്. പന്നൂന്‍ വധശ്രമത്തില്‍ ന്യൂഡല്‍ഹിയെ അമേരിക്ക താക്കീത് ചെയ്തിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചുവെന്നും ഇന്ത്യന്‍ സര്‍ക്കാരിന് ഈ കൊലപാതക പദ്ധതിയില്‍ പങ്കില്ലെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. പന്നൂന്‍ വധശ്രമ കേസിലെ അമേരിക്കന്‍ കോടതി നടപടികളുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വാര്‍ത്തകള്‍ ന്യൂഡല്‍ഹിയുടെ പ്രതിരോധങ്ങള്‍ തകര്‍ക്കുന്നതാണ്.

കാനഡയില്‍ മറ്റൊരു സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയാണെന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കും ഇന്ത്യ-കാനഡ ബന്ധം ഉലയാനും കാരണമായിരുന്നു. നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരു വിധ പങ്കുമില്ലെന്നുമായിരുന്നു ന്യൂഡല്‍ഹിയുടെ വാദം. എന്നാല്‍ പന്നൂന്‍ കേസിലെ തെളിവുകള്‍ കാനഡ സംഭവത്തിലും ഇന്ത്യയെ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന.

തങ്ങളുടെ മണ്ണില്‍ വച്ച് സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള പദ്ധതി തകര്‍ത്ത് അമേരിക്ക

പന്നൂനെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഉത്തരവ് കൊടുത്തു എന്നാണ് യു എസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരിക്കുന്നത്. മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, ഈ ഉന്നത ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ലെങ്കിലും, അദ്ദേഹം നിര്‍ദേശം കൊടുത്തത് നിഖില്‍ ഗുപ്ത എന്ന മറ്റൊരു ഇന്ത്യന്‍ പൗരനായിരുന്നുവെന്നു പറയുന്നുണ്ട്. ഗുപ്തയാണ് പന്നൂന്‍ കൊലപാതകം നടത്താന്‍ ഒരു വാടക കൊലയാളിയെ നിയോഗിച്ചത്. എന്നാല്‍ നിഖില്‍ ഗുപ്ത എന്ന നിക്കി നിയോഗിച്ച വാടക കൊലയാളി യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സിയിലെ ഒരു അണ്ടര്‍ കവര്‍ ഓഫിസറായിരുന്നു എന്നാണ് യു എസ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞത്. വാടക കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തുക, വാടക കൊലയാളിയെ നിയോഗിക്കുക എന്നീ കുറ്റങ്ങള്‍ നിഖില്‍ ഗുപ്തയ്‌ക്കെതിരേ ചുമത്തിയിട്ടുണ്ട്. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ചെക്ക് റിപ്പബ്ലിക്കില്‍ വച്ച് 52 കാരനായ ഗുപ്ത അറസ്റ്റിലായിരുന്നു. നിലവില്‍ അവിടുത്തെ ജയില്‍ കഴിയുന്ന ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറുന്നത് കാത്തിരിക്കുകയാണ്.

പന്നൂന്‍ കൊലപാതക പദ്ധതിയെ കുറിച്ച് തങ്ങള്‍ക്കുള്ള ആശങ്ക വൈറ്റ് ഹൗസ് ന്യൂഡല്‍ഹിയിലെ ഉന്നതകേന്ദ്രങ്ങളെ അറിയിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ഉള്ളവര്‍ ഈ വാര്‍ത്ത ഉത്കണ്ഠയോടും ആശ്ചര്യത്തോടെയുമാണ് സ്വീകരിച്ചതെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ നിഖില്‍ ഗുപ്തയെ തെരഞ്ഞെടുക്കുന്നതെന്നാണ് യു എസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ വച്ച് ഇരുവരും കൊലപാതക പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ഒത്തുകൂടി. ‘ എല്ലാ ലക്ഷ്യങ്ങളും നമ്മള്‍ തകര്‍ക്കും’ എന്നു ഗുപ്ത ഈ ഇന്ത്യന്‍ ഉദ്യോഗസ്ഥന് മെസേജ് അയച്ചിരുന്നു. ടാര്‍ഗെറ്റിന്റെ(പന്നൂന്‍) ഒരു ക്ലയ്ന്റായി അഭിനയിക്കാനും, അതുവഴി കൊലപാതകം നടത്താന്‍ ഏറ്റവും സുരക്ഷിതമായൊരു സ്ഥലത്തേക്ക് ടാര്‍ഗെറ്റിനെ എത്തിക്കാന്‍ കഴിയുമെന്നും ഗുപ്ത നിര്‍ദേശിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ടാര്‍ഗറ്റിന്റെ മേല്‍വിലാസം ഗുപ്തയ്ക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ അയച്ചു കൊടുത്തിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

നിജ്ജര്‍ കേസില്‍ കാനഡയോട് കാണിച്ചതുപോലെ പന്നൂന്‍ കേസില്‍ അമേരിക്കയോട് ഇന്ത്യ വാശി പിടിക്കില്ല, കാരണമുണ്ട്

ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ച് വാടക കൊലയാളിയുമായി കൂടിക്കാണാന്‍ ഗുപ്ത ഉദ്ദേശിച്ചിരുന്നു. തീരുമാന പ്രകാരം, പറഞ്ഞ സ്ഥലത്ത് ഗുപ്ത ഒരു വാടക കൊലയാളിയുമായി കണ്ടു. ഒരു ലക്ഷം യു എസ് ഡോളര്‍ പ്രതിഫലത്തില്‍ താന്‍ ഈ കൊലപാതകം നടത്താമെന്നാണ് അയാള്‍ നിര്‍ദേശം വച്ചത്. അയാള്‍ക്ക് കൈകൊടുക്കുമ്പോള്‍ ഗുപ്തയ്ക്ക് അറിയില്ലായിരുന്നു, തന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു അമേരിക്കന്‍ അണ്ടര്‍ കവര്‍ ഓഫിസറായിരുന്നുവെന്നത്.

നിശ്ചയിച്ച പ്രതിഫലത്തില്‍ മുന്‍കൂറായി 15,000 യു എസ് ഡോളര്‍ ജൂണ്‍ ഒമ്പതിന് തന്റെയൊരു സഹായി മുഖാന്തരം ഗുപ്ത വാടക കൊലയാളിക്ക് കൈമാറി. പണം കൈമാറുന്നതിന്റെ ഫോട്ടോഗ്രാഫ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ജൂണ്‍ 19ന് കാനഡയില്‍ നിജ്ജര്‍ കൊല്ലപ്പെട്ടതിന് ഒരു ദിവസം കഴിഞ്ഞപ്പോള്‍ നിഖില്‍ ഗുപ്ത വാടക കൊലയാളിയോട് ന്യൂയോര്‍ക്കിലെ കൊലപാതകവുമായി മുന്നോട്ടു പോകാന്‍ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. രണ്ട് സിഖ് നേതാക്കളും(നിജ്ജറും പന്നൂനും) ഒരേ പട്ടികയിലുണ്ടായിരുന്ന ടാര്‍ഗറ്റുകളാണെന്നാണ് യു എസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്.

കാനഡയിലും അമേരിക്കയിലുമായി പല ലക്ഷ്യങ്ങളും തീര്‍ക്കാനുള്ള വിപുലമായ പദ്ധതി പേര് പുറത്തു വന്നിട്ടില്ലാത്ത ആ ഇന്ത്യന്‍ ഉദ്യോഗസ്ഥനും ഗുപ്തയ്ക്കും ഉണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് നിയന്ത്രിക്കുന്ന ഓപ്പറേഷന്‍ അനുസരിച്ച്, ന്യൂയോര്‍ക്കിലെ ലക്ഷ്യത്തിനു പുറമെ, കുറഞ്ഞത് ഒരാളെയെങ്കിലും കാലിഫോര്‍ണിയയിലും മൂന്നു പേരെ കാനഡയിലും വച്ച് വകവരുത്താനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ആറുപേര്‍, ഒരു വൈറ്റ് സെഡാന്‍, ഒരു സില്‍വര്‍ കളര്‍ ടയോട്ട കാമ്രി, 50 റൗണ്ട് ഫയര്‍, ശരീരം തുളച്ച 34 ബുള്ളറ്റുകള്‍

ജൂണ്‍ 12നുള്ള ഗുപ്തയുടെ ഒരു ഫോണ്‍ സംഭാഷണത്തില്‍, കാനഡയില്‍ നമുക്കൊരു വലിയ ലക്ഷ്യം ഉണ്ടെന്ന് അയാള്‍ പറയുന്നുണ്ടെന്ന് കുറ്റപത്ത്രിലുണ്ട്. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ്(ജൂണ്‍ 18) നിജ്ജറിന്റെ കൊലപാതകം നടക്കുന്നത്. ഈ കൊലപാതകം നടന്ന അന്ന് വൈകുന്നേരം ഗുപ്തയെ നിയോഗിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ അയാള്‍ക്ക് നിജ്ജറിന്റെ രക്തത്തില്‍ കുളിച്ച മൃതദേഹം വാഹനത്തില്‍ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തിരുന്നു. ഈ വീഡിയോക്കുള്ള മറുപടിയായി ഗുപ്ത അയച്ച മെസേജില്‍ പറഞ്ഞിരുന്നത്, ഈ കൊലപാതകം താന്‍ നേരിട്ട് നടത്താന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് എന്നും കുറ്റപത്രത്തിലുണ്ട്.

ജൂണ്‍ 20 ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗുപ്തയ്ക്ക് ഒരു മെസേജ് അയച്ചു. അതില്‍ പറഞ്ഞിരുന്നത്, ന്യൂയോര്‍ക്ക് കൊലപാതകത്തിന് ഇപ്പോള്‍ മുന്‍ഗണനയുണ്ട് എന്നായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്.

ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്ന സമയത്ത് കൊലപാതകം നടത്തരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്ന് ഗുപ്ത തന്റെ വാടക കൊലയാളിക്കും ഇതേ നിര്‍ദേശം നല്‍കി. മോദിയുടെ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ സന്ദര്‍ശനം നടക്കുന്ന 10 ദിവസങ്ങളില്‍ നമുക്ക് ശാന്തമായി കാത്തിരിക്കാം എന്നായിരുന്നു ഗുപ്തയുടെ നിര്‍ദേശം.

സിഖ് നേതാവിനെ കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയെന്ന വിവരം പ്രസിഡന്റ് ജോ ബൈഡനെ വളരെ ആശങ്കപ്പെടുത്തിയിട്ടുണ്ടെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ പറയുന്നത്. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ്, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്റില്‍ ഹെയ്ന്‍സ് എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ ഇക്കാര്യം സംസാരിക്കാന്‍ ഇന്ത്യയിലേക്കയച്ചിരുന്നതായി ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. സി ഐ എ ഡയറക്ടര്‍ വില്യം ജെ ബേര്‍ണ്‍സ് കഴിഞ്ഞ ഓഗസ്റ്റിലും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹെയ്ന്‍സ് ഒക്ടോബറിലുമാണ് ഇന്ത്യയിലെത്തിയത്. ഈ വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇന്ത്യ ദിവസങ്ങള്‍ക്കു മുമ്പേ അറിയിച്ചിട്ടുള്ളത്.

ആരെയാണ് വധിക്കാന്‍ പദ്ധതിയിട്ടതെന്ന കാര്യം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നില്ല. എന്നാല്‍ ഇത് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ആണെന്ന് ഈ സംഭവം ആദ്യം പുറത്തെത്തിച്ച ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് പന്നൂന്റെ പേര് പറയുന്നില്ലെങ്കിലും അമേരിക്കന്‍ മാധ്യമങ്ങളെല്ലാം തന്നെ ആ പേര് പരാമര്‍ശിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമങ്ങള്‍ ഈ വിവരം നേരിട്ട് പന്നൂനോട് പറയുകയും പ്രതികരണം തേടുകയും ചെയ്തിരുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ പരസ്യമായ പ്രതികരണം നടത്തുന്നതുവരെ താന്‍ ഒന്നും പറയില്ലെന്നായിരുന്നു പന്നൂന്‍ പ്രതികരിച്ചത്. അതേസമയം ഇന്ത്യന്‍ ഭരണകൂടത്തിനെതിരേ പരോക്ഷായി ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. ‘അന്തര്‍ദേശീയ ഭീകര പ്രവര്‍ത്തനം നടത്തുന്നതിന്റെ അന്തരഫലം നേരിടാന്‍ ഇന്ത്യ തയ്യാറാണോ? എന്നാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പന്നൂന്‍ ബിബിസിയോട് നടത്തിയ പ്രതികരണത്തില്‍ ചോദിച്ചത്. ‘എന്നെ വധിക്കാന്‍ ശ്രമിക്കുന്നവര്‍-അത് ഇന്ത്യന്‍ നയതന്ത്രജ്ഞരായാലും, ഇന്ത്യന്‍ റോ(ഇന്റലിജന്‍സ്) ഏജന്റുമാരായാലും- അവര്‍ക്ക് നിയമത്തെ നേരിടേണ്ടിവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ഇന്ത്യ പന്നൂനെ ഒരു തീവ്രവാദിയായാണ് പരിഗണിക്കുന്നത്. തുടര്‍ച്ചയായി രാജ്യത്തിനെതിരേ ഭീഷണി മുഴുക്കുകയാണെന്നും ഇന്ത്യ പന്നൂനെതിരേ ആരോപണം ഉയര്‍ത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ പന്നൂന്‍ നിഷേധിക്കുകയാണ്. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നൊരാളാണ് താനെന്ന് അയാള്‍ സമ്മതിക്കുന്നുമുണ്ട്. നിജ്ജറുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നൊരാളായിരുന്നു പന്നൂനും.

Related news


Share on

മറ്റുവാര്‍ത്തകള്‍