UPDATES

ഓഫ് ബീറ്റ്

യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി…

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-149

                       

നോട്ട് നിരോധനം വലിയ ചര്‍ച്ചയും ചരിത്രവുമായതാണ്. 2016 നവംബര്‍ എട്ടാം തീയതി രാത്രി 8 മണിക്ക് ദേശീയ ചാനലായ ദൂരദര്‍ശനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ട് പറഞ്ഞു: മേരേ പ്യാരേ ദേശ് വാസിയോം… ആജ് മദ്ധ്യ രാത്രി… യാനി… ആട്ട് നവംബര്‍ ദോ ഹസാര്‍ സോലാ… കി രാത്രി കോ ബാരഹ് ബജേ സേ… വര്‍ത്തമാന്‍ മേ ജാരീ… പാഞ്ച് സൗ രുപ്പയേ… ഓര്‍ ഏക് ഹസാര്‍ രുപ്പയേ… കെ കറന്‍സി നോട്ട്… ലീഗല്‍ ടെന്‍ഡര്‍… നഹി രഹേഗേ… അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ വിവരം കാട്ടുതീ പോലെയാണ് പരന്നത് ട്വിറ്ററിലും വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും വാര്‍ത്ത പരന്നു. പിന്നീടുണ്ടായ ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവും, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും നമ്മള്‍ കണ്ടതാണ്.

രാജസദസിലെ പുകഴ്ത്തലുകാര്‍

രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഉണ്ടെന്നും അത് നോട്ട് നിരോധനം വഴി സമാഹരിക്കുവാന്‍ സാധിക്കുമെന്നും അതിനുവേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ആയിരുന്നു പ്രധാനമന്ത്രി അന്ന് അവകാശവാദമായി ഉന്നയിച്ചത്. എന്നാല്‍ നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളും അതുണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയും ഭീകരമായിരുന്നു. ഏറ്റവുമധികം തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും നേരിടേണ്ടി വന്നത് അസംഘടിത തൊഴില്‍ മേഖലയ്ക്കാണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കള്ളപ്പണം പിടിക്കുവാനോ സാമ്പത്തികമായി ഇന്ത്യയെ ഉയര്‍ച്ചയില്‍ എത്തിക്കുവാനോ സാധിച്ചില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമി നടത്തിയ തൊഴില്‍ തൊഴിലില്ലായ്മ സര്‍വേ വെളിപ്പെടുത്തിയത്, നോട്ടു റദ്ദാക്കപ്പെട്ട കാലയളവില്‍ മാത്രം 15 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ്. പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം കാര്‍ഷിക മേഖലയ്ക്ക് മാത്രം വന്‍ നഷ്ടമുണ്ടാക്കി.

2015-2016 വര്‍ഷം 8.01% ജിഡിപി വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഗണ്യമായി കുറയുന്നതാണ് കണ്ടത്. 2019 തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുധീര്‍നാഥ് വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് ഈ അവസരത്തില്‍ ചര്‍ച്ചാവിഷയം ആകേണ്ടത്. വോട്ടര്‍മാരായ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രധാന അനുയായിയും ഉപദേശകനുമായ ആഭ്യന്തര മന്ത്രി അമിത് ഷായെയും നോക്കിക്കൊണ്ട് ജനം പറയുകയാണ്: മേരേ പ്യാരേ ദേശ് വാസിയോം… യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി…

കാര്‍ട്ടൂണ്‍ കടപ്പാട്: സുധീര്‍ നാഥ് 

Share on

മറ്റുവാര്‍ത്തകള്‍