UPDATES

ഓഫ് ബീറ്റ്

രാജസദസിലെ പുകഴ്ത്തലുകാര്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-148

                       

പണ്ട് പണ്ട് രാജ സദസുകളില്‍ രാജാവിനെ പുകഴ്ത്തുവാനായി പണം കൊടുത്ത് ആളുകളെ നിയമിക്കുക പതിവുണ്ടായിരുന്നു. അവര്‍ രാജസദസുകളില്‍ വന്നിരുന്ന് രാജാവിനെ പുകഴ്ത്തി പറഞ്ഞുകൊണ്ടേയിരിക്കും. രാജാവിനെ പുകഴ്ത്തുന്ന കവിതകളും, പാട്ടുകളും പാടും. രാജാവ് മഹാനാണെന്നും, രാജാവിനെപ്പോലെ ശക്തി മറ്റാര്‍ക്കും ഇല്ലെന്നും, രാജാവിനോളം ബുദ്ധി ആര്‍ക്കും ഇല്ലെന്നും, രാജാവിനെ വെല്ലുന്ന സൗന്ദര്യമുള്ളവര്‍ ഈ ലോകത്ത് ഉണ്ടോ എന്ന് സംശയമാണെന്നും തുടങ്ങി ഒട്ടേറെ പുകഴ്ത്തല്‍ രാജസദസുകളില്‍ ഇവര്‍ വിളമ്പുക പതിവുള്ളതാണ്. ഇതിന് തക്കതായ പ്രതിഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇത്തരം പുകഴ്ത്തലുകള്‍ കാലങ്ങളായി രാജ സദസുകളില്‍ നിന്ന് രാഷ്ട്രീയ രംഗത്തും തുടരുന്നുണ്ട്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ അടിയന്തിരാവസ്ഥ കാലത്ത് ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഇന്ദിരയെ പുകഴ്ത്തി പുകഴ്ത്തി സമാനമായ രാജസദസുകളിലെ രംഗം ആവര്‍ത്തിക്കുമായിരുന്നു.

സോണിയാജീ… മാണിയാജീ…

അടിയന്തിരാവസ്ഥ നിലവില്‍ വന്ന കാലത്തുണ്ടായിരുന്ന ഇത്തരത്തിലുള്ള പുകഴ്ത്തലുകളുടെ സമാനമായ സാഹചര്യമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉള്ളത്. അടിയന്തിരാവസ്ഥ ഇന്ദിര ഗാന്ധി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അടിയന്തിരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നു മാത്രം. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഇപ്പോള്‍ ശക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കൊണ്ടിരിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. രാജ്യത്തെ എല്ലാ വികസനങ്ങള്‍ക്കും കാരണഭൂതന്‍ എന്നും, ഏകപക്ഷീയമായ ഗ്യാരഡിയും ഏകാധിപത്യത്തിന്റെ ലക്ഷണമാണ്. ഇത് രാജ്യത്തിന് അപകടമാണ്.

1973 മെയ് മാസം കെ. എസ് പിള്ള സരസന്‍ മാസികയില്‍ വരച്ച കവര്‍ കാര്‍ട്ടൂണ്‍ ഉണ്ട്. പ്രധാനമന്ത്രി ഇന്ദിര സിംഹാസനത്തില്‍ ഇരിക്കുന്നു. ഇന്ദിര ഗാന്ധിക്ക് തോഴിമാരായി ഇരുവശത്തും ഉള്ളത് ജുഡീഷ്യറിയും എക്‌സിക്യൂട്ടീവുമാണ്. ഇവര്‍ ഇന്ദിര ഗാന്ധിയുടെ ചിത്രം പതിപ്പിച്ച വിശറി കൊണ്ട് ഇന്ദിര ഗാന്ധിയെ വീശിക്കൊണ്ടിരിക്കുന്നു. ഇന്ദിര ഗാന്ധി പിടിച്ചിരിക്കുന്ന അംശവടിയില്‍ ഇന്ദിര ഗാന്ധിയുടെ തന്നെ മുഖങ്ങളാണ് കൊത്തിവെച്ചിരിക്കുന്നത്. എന്തിനും ഏതിനും താനാണ് എന്ന മറുപടിയാണ് ഇതുവഴി ഇന്ദിര നല്‍കുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഈ കാര്‍ട്ടൂണിന് ഏറെ പ്രസക്തിയുണ്ട് എന്ന് തന്നെ പറയണം.

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍

Share on

മറ്റുവാര്‍ത്തകള്‍