UPDATES

ഓഫ് ബീറ്റ്

സോണിയാജീ… മാണിയാജീ…

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-147

                       

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന കെ. എം. മാണി കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന കഥാപാത്രമാണ്. വേറിട്ട ശരീര പ്രകൃതിയും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എളുപ്പം വഴങ്ങുന്ന അദ്ദേഹത്തിന്റെ ആയിരക്കണക്കിന് കാര്‍ട്ടണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ധനകാര്യം, റവന്യൂ, നിയമം, ആഭ്യന്തരം എന്നീ കാബിനറ്റ് വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം. 1965 മുതല്‍ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം, ഏറ്റവും കൂടുതല്‍ കാലം (52 വര്‍ഷം) നിയമസഭാംഗമായിരുന്ന വ്യക്തിയാണ്. ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് മാണിക്കാണ്. 11 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തും, ഏറ്റവും കൂടുതല്‍ തവണ (13) തവണ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചതും, അടക്കം ഒട്ടേറെ റെക്കോര്‍ഡുകള്‍ക്ക് ഉടമയായ കെ. എം. മാണി ഒരിക്കല്‍ പോലും പരാജയം അറിഞ്ഞിട്ടില്ല.

മാണി സാറും കേരളാ കോണ്‍ഗ്രസും

1980 മുതല്‍ 81 വരെ ഒരു വര്‍ഷക്കാലം ഇടതുപക്ഷ മുന്നണിയോടൊപ്പം ആയിരുന്നു കെ എം മാണിയെങ്കില്‍, ശേഷിച്ച എല്ലാ കാലവും കോണ്‍ഗ്രസിനോടൊപ്പം തന്നെയായിരുന്നു രാഷ്ട്രീയ പങ്കാളിത്തം. ഒട്ടേറെ തവണ കേരളത്തിലെ മന്ത്രിയാവുകയും ധനമന്ത്രിയും നിയമ മന്ത്രിയുമായ കെ. എം മാണിക്ക് ഒരുകാലത്ത് കേന്ദ്രമന്ത്രി സ്ഥാനം എന്ന സ്വപ്നം ഉണ്ടായി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വപ്നം സാക്ഷാത്കാരത്തിനായി അദ്ദേഹം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിയാകുന്നതിനായി അദ്ദേഹം ഡല്‍ഹിയില്‍ പോയപ്പോള്‍ കേന്ദ്രമന്ത്രി ആയാല്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ പോലും ഇവിടെനിന്ന് തയ്യാറാക്കി കൊണ്ടുപോയിരുന്നു എന്ന് സംസാരവും വ്യാപകമായി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കേന്ദ്രമന്ത്രി ആകുവാന്‍ സാധിച്ചില്ല. ലോക്‌സഭാ, രാജ്യസഭാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന പരാതിയും കെ. എം. മാണി ഉന്നയിച്ചിരുന്നു.

കേന്ദ്രമന്ത്രി സ്ഥാനം എന്ന ആഗ്രഹം സാധിച്ചില്ല, തിരഞ്ഞെടുപ്പില്‍ പരിഗണന ലഭച്ചില്ല, എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രസന്നന്‍ ആനിക്കാട് വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി ഭക്ഷണം കഴിക്കാന്‍ തീന്‍മേശയുടെ കസേരയില്‍ ഇരിക്കുന്നു. അതിന്റെ താഴെ കേരള കോണ്‍ഗ്രസ് ചിഹ്നമായ രണ്ടിലയില്‍ എന്തെങ്കിലും ലഭിക്കുമെന്നുള്ള ഉദ്ദേശത്താല്‍ മകന്‍ ജോസ് കെ മാണിയോടൊപ്പം പ്രതീക്ഷകളോടെ ഇരിക്കുന്ന ഒരു ക്രിസ്തീയ സ്ത്രീയായി കെ. എം. മാണിയെ പ്രസന്നന്‍ ചിത്രീകരിച്ചിരിക്കുന്നു. സസ്യേതര വിഭവങ്ങളാണ് സോണിയ ഗാന്ധി കഴിക്കുവാന്‍ മേശപ്പുറത്ത് വെച്ചിരിക്കുന്നത്. സദ്യ ഒരുക്കുന്നതാകട്ടെ എ, കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും. കോണ്‍ഗ്രസ് നേതാവായ ലീഡര്‍ കെ കരുണാകരന്‍ പൂച്ചയായി മീനുമായി പോകുന്ന ഒരു രംഗവും കാര്‍ട്ടൂണിന്റെ ഭാഗമാണ്. സോണിയ ഗാന്ധി, കെ. എം. മാണിയോട് പറയുകയാണ്: ഇനിം മീന്‍ വന്നാല്‍ പൂച്ചകൊണ്ടോയില്ലേല്‍… ചേടത്തിക്കാ… ഒറപ്പ്… സോണിയാ ഗാന്ധിയെ നോക്കി മാണി ഓര്‍മ്മിപ്പിക്കുന്നത് ചിരിക്ക് വക നല്‍കുന്നു: സോണിയാജീ… മാണിയാജി…

കാര്‍ട്ടൂണ്‍ കടപ്പാട്: പ്രസന്നന്‍ ആനിക്കാട്

 

Share on

മറ്റുവാര്‍ത്തകള്‍