UPDATES

വിദേശം

റാപ്പര്‍ വൈ.എന്‍.ഡബ്ല്യു മെല്ലിക്കെതിരായ ഇരട്ടക്കൊലപാതക കേസില്‍ ‘മര്‍ഡര്‍ ഓണ്‍ മൈ മൈന്‍ഡി’ലെ വരികള്‍ തെളിവാകുമോ?

കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ വരെ കിട്ടാവുന്ന കേസാണ്

                       

വൈ എന്‍ ഡബ്ല്യു മെല്ലി എന്നാണ് ലക്ഷക്കണക്കിന് റാപ് ആരാധകര്‍ക്കിടയില്‍ ജെമെല്‍ ഡെമോണ്‍സ് അറിയപ്പെടുന്നത്. ഇനി അയാള്‍ കൊലയാളി മെല്ലി എന്നാകുമോ അറിയപ്പെടുക? അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഡെമോണ്‍സിന്റെ പുനര്‍വിചാരണ ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡെര്‍ഡെയ്‌ലില്‍ ആരംഭിക്കുകയാണ്. ഇരട്ട കൊലപാതക കുറ്റമാണ് റാപ് സെലബ്രിറ്റിക്കെതിരേ ചുമത്തിയിരിക്കുന്നത്.

കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ വരെ കിട്ടാവുന്ന കേസില്‍ പ്രോസിക്യൂട്ടര്‍മാര്‍ ഡെമോണ്‍സിനെതിരേ അദ്ദേഹത്തിന്റെ വരികള്‍ തന്നെ തെളിവായി അവതരിപ്പിക്കാനൊരുങ്ങുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

റാപ്പ് സംഗീതജ്ഞരായ രണ്ടു പേരുടെ കൊലപാതക കുറ്റമാണ് 24 കാരനായ ഡെമോണ്‍സിന് മേല്‍ ചുമത്തിയിരിക്കുന്നത്. ക്രിസ്റ്റഫര്‍’ ജൂവി’ തോമസ് ജൂനിയര്‍, ആന്തണി ‘ സാക്‌ചേസര്‍’ വില്യംസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് കോര്‍ട്ട്‌ലാന്‍ഡ് ‘ വൈ എന്‍ ഡബ്ല്യു ബോര്‍ട്‌ലെന്‍’ ഹെന്റി ഓടിച്ചിരുന്ന ജീപ്പില്‍ വച്ച് ഇരുവര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു. 2018 ഒക്ടോബറില്‍ ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ നടന്ന ഒരു രാത്രികാല റെക്കോര്‍ഡിംഗ് സെഷനുശേഷമായിരുന്നു തോമസിന്റെയും വില്യംസിന്റെയും കൊലപാതകങ്ങള്‍ നടക്കുന്നത്. ഈ കൊലപാതകങ്ങള്‍ക്ക് പിന്നാലെയാണ് ജി-ഷൈന്‍ ബ്ലഡ്സ് എന്ന സംഘത്തിലെ അംഗമെന്ന് കരുതപ്പെടുന്ന ഡെമണ്‍സിന്റെ ‘മര്‍ഡര്‍ ഓണ്‍ മൈ മൈന്‍ഡ്’ എന്ന റാപ്പ് സോംഗ് സൂപ്പര്‍ ഹിറ്റാകുന്നത്. ഈ ഗാനം ഉള്‍പ്പെടെ ഡെമണ്‍സിന്റെ 55 ഗാനങ്ങള്‍,നാല് ആല്‍ബങ്ങള്‍, 18 ഓഡിയോ ഫയലുകള്‍ എന്നിവ തെളിവുകളായി പുനര്‍വിചാരണയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ബ്രോവാര്‍ഡ് കണ്‍ട്രി പ്രോസിക്യൂട്ടര്‍ അലിക്‌സാന്ദ്ര ബക്ക്‌ലെവ് കഴിഞ്ഞാഴ്ച്ച പ്രസ്താവിച്ചത്. ജൂലൈയില്‍ നടന്ന വിചാരണയില്‍ ഇവ ഉള്‍പ്പെടുത്താന്‍ അന്നത്തെ പ്രോസിക്യൂട്ടര്‍ തയ്യാറായില്ലെന്നാണ് ബക്‌ലെവ് പറഞ്ഞത്.

ജൂലൈയിലെ വിചാരണയില്‍ പാട്ടുകള്‍ തെളിവുകളായി ഉള്‍പ്പെടുത്താതിരുന്നതില്‍ അന്നത്തെ പ്രോസിക്യൂട്ടറായ ക്രിസ്റ്റിന്‍ ബ്രാഡ്‌ലിക്ക് ന്യായമുണ്ടായിരുന്നു. ഡെമോണ്‍സിനെതിരേയുള്ള കേസ് പാട്ടിന്റെ വരികളുടെ പേരിലുള്ളതല്ല. ഞങ്ങളതിന്റെ പിന്നാലെ പോയില്ല, കാരണം അതൊരു കലാവിഷ്‌കാരമാണ്. അതുകൊണ്ടല്ല ഞങ്ങള്‍ക്ക് ഇവിടെ എത്തേണ്ടി വന്നത്’ എന്നും ബ്രാഡ്‌ലി വാദിക്കുന്നു. അതേസമയം, പുനര്‍വിചാരണയില്‍ പാട്ടുകളും മ്യൂസിക് വീഡിയോകളും വരികളുമൊക്കെ ഹാജരാക്കുന്നത് ഒഴിവാക്കണമെന്നാണ് ഡെമണ്‍സിന്റെ അഭിഭാഷകന്‍ റേവന്‍ ലിബര്‍ട്ടി ബ്രോവാര്‍ഡ് സര്‍ക്യൂട്ട് കോടതി ജഡ്ജി ജോണ്‍ മര്‍ഫിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കളിയില്‍ അവര്‍ ആദ്യം മുതല്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഈയവസാന നിമിഷത്തിലും ചെയ്തിരിക്കുന്നതെന്നാണ് ഡെമോണ്‍സിന്റെ പാട്ടുകള്‍ തെളിവുകളാക്കാനുള്ള പ്രോസിക്യൂഷന്റെ നീക്കത്തെ പരിഹസിച്ചുകൊണ്ട് പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചത്. പാട്ടിന്റെ വരികള്‍ തെളിവുകളാക്കില്ലെന്ന് മൂന്നുവര്‍ഷം മുമ്പ് തന്നെ പ്രോസിക്യൂഷന്‍ ഞങ്ങള്‍ക്ക് ഉറപ്പ് തന്നതാണെന്നും ക്രിസ്റ്റിന്‍ ബ്രാഡ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തിനുള്ള മറുപടി കോടതിയില്‍ നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

കുറ്റം തെളിയിക്കപ്പെട്ടാല്‍ ഡെമോണ്‍സിന് വധശിക്ഷവരെ ലഭിക്കാം. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന്‍ നിയമാനുസൃതമായ ഉത്തരവാദിത്തം ഈ കേസില്‍ പുലര്‍ത്തണമെന്നാണ് ആവശ്യം. ‘ ന്യായമായ സംശയ’ത്തിന് അപ്പുറത്ത് കേസ് തെളിയിക്കണം. ‘ തെളിവ് വ്യക്തം, അനുമാനം മഹത്തരം’ എന്ന ഫ്‌ളോറിഡ നിയമവ്യവസ്ഥയിലെ ആപ്തവാചകത്തോട് നീതി പുലര്‍ത്തണമെന്നും പ്രോസിക്യൂഷന് മുന്നില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഡെമോണ്‍സിന്റെ വരികള്‍ കോടതി തെളിവായി അംഗീകരിക്കുകയാണെങ്കില്‍, അത് വ്യാപകമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകും. കഴിഞ്ഞ മാസം റാപ്പര്‍ യംഗ് തഗ്ഗുമായി ബന്ധപ്പെട്ടൊരു കേസില്‍ അറ്റ്‌ലാന്റ കോടതി ജഡ്ജി പാട്ടിന്റെ വരികള്‍ തെളിവായി ഉപയോഗിക്കാമെന്ന് വിധിച്ചതിനെതിരേ ജെ-സി(Jay-Z) യെപോലുള്ള താരങ്ങളും കോള്‍ഡ് പ്ലേ പോലുള്ള അഭിപ്രായ സ്വാതന്ത്ര്യ സംഘങ്ങളും രംഗത്തു വന്നിരുന്നുവെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യംഗ് സ്ലിം ലൈഫ് അഥവ യംഗ് സ്റ്റോണര്‍ ലൈഫ് എന്നറിയപ്പെടുന്ന വൈ എസ് എല്‍ തെരുവ് ക്രിമനല്‍ സംഘമാണെന്നും, അവരുടെ നേതാവാണ് ജെഫ്രി വില്യംസ് അഥവ യംഗ് തഗ്ഗ് എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചിരിക്കുന്നത്. കൊലപാതകം, കാര്‍ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വൈ എസ് എല്‍ സംഘാംഗങ്ങള്‍ക്കെതിരേ ആരോപിച്ചിട്ടുണ്ട്. വൈ എസ് എല്‍ എന്നാല്‍ ഒരു മ്യൂസിക് ഗ്രൂപ്പ് മാത്രമാണെന്നും ജെഫ്രി വില്യംസ് യാതൊരുവിധത്തിലുമുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

ടെകാഷി 6ix9ine, Tay-K തുടങ്ങിയ യുഎസ് റാപ്പര്‍മാര്‍ക്കെതിരെയുള്ള വിചാരണകളിലും അവരുടെ പാട്ടിന്റെ വരികള്‍ തെളിവുകളായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ യുകെയില്‍ 240 കേസുകള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022 സെപ്റ്റംബറില്‍, സംസ്ഥാനത്ത് നടക്കുന്ന വിചാരണകളില്‍ തെളിവായി വരികള്‍ ഉപയോഗിക്കുന്നത് കാലിഫോര്‍ണിയ കോടതി നിരോധിച്ചിരുന്നു. ഈ ഉത്തരവിനെ ‘ സുപ്രധാനമായ വിജയം’ എന്നായിരുന്നു ഗ്രാമി അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്ന റെക്കോര്‍ഡിംഗ് അക്കാദമിയുടെ ചീഫ് എക്സിക്യൂട്ടീവ് ഹാര്‍വി മേസണ്‍ ജൂനിയര്‍ വിശേഷിപ്പിച്ചത്. കലാവിഷ്‌കാരത്തിന്റെ ഏതെങ്കിലും രൂപത്തെ നിശബ്ദമാക്കാനുള്ള ശ്രമം സംഗീതവുമായി ബന്ധപ്പെട്ട എല്ലാ മനുഷ്യരുടെമേലുമുള്ള അവകാശലംഘനമാണെന്നായിരുന്നു ഹാര്‍വി മേസണ്‍ അന്ന് ചൂണ്ടിക്കാണിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍