അമേരിക്കയില്‍ വച്ച് ഒരു സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള പദ്ധതി അമേരിക്ക തന്നെ തകര്‍ക്കുകയും, അതിന്റെ പേരില്‍ ഇന്ത്യയെ താക്കീത് ചെയ്യുകയും ചെയ്തതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു-തങ്ങളുടെ മണ്ണില്‍ വച്ച് സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള പദ്ധതി തകര്‍ത്ത് അമേരിക്ക– ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അടിയന്തര പ്രതികരണവുമായി ഇന്ത്യ രംഗത്തു വന്നിരിക്കുകയാണ്. വളരെ ഗൗരവത്തില്‍ തന്നെ ഇത്തരം വിവരങ്ങള്‍ എടുക്കുന്നുണ്ടെന്നും, ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യം പരിശോധിച്ചു വരുന്നുണ്ടെന്നുമാണ് ന്യൂഡല്‍ഹി അറിയിച്ചിട്ടുള്ളത്.
ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന സിഖ് ഫോര്‍ ജസ്റ്റീസിന്റെ ജനറല്‍ കൗണ്‍സില്‍ അംഗമായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ ആയിരുന്നു ലക്ഷ്യം വച്ചിരുന്നത്. അമേരിക്കന്‍-കനേഡിയന്‍ ഇരട്ട പൗരത്വമുള്ള പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ അമേരിക്ക ന്യൂഡല്‍ഹിയില്‍ ബന്ധപ്പെട്ടതുകൊണ്ട് കൊലപാതക പദ്ധതി ഉപേക്ഷിക്കുകയോ, എഫ് ബി ഐ നേരിട്ട് ഇടപെട്ട് കൊലപാതക പദ്ധതി തകര്‍ക്കുകയോ ആണ് ഉണ്ടായതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് അവരുടെ വാര്‍ത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂഡല്‍ഹിക്ക് ഇതില്‍ പങ്കുണ്ടോയെന്ന സംശയം അമേരിക്കയ്ക്കുണ്ട്. അതാണവര്‍ ഇന്ത്യന്‍ ഭരണകൂടത്തിന് താക്കീത് നല്‍കിയതിനു പിന്നില്‍ എന്നാണ് എഫ് ടി-യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏതായാലും ഈ വാര്‍ത്തയോട് ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രതികരണത്തില്‍ ഒരു കൗതുകമുണ്ട്. അത്, കാനഡയോട് കാണിച്ച ആവേശം അമേരിക്കയുടെ കാര്യത്തില്‍ ഇല്ലെന്നതാണ്. വാന്‍ക്യൂവറില്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ എന്ന സിഖ് വിഘടനവാദി നേതാവിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലോകം കേള്‍ക്കാനായി വിളിച്ചു പറഞ്ഞിരുന്നു. അസംബന്ധം പറയരുതെന്നായിരുന്നു ന്യൂഡല്‍ഹിയുടെ പ്രതികരണം. ഇന്ത്യയെ വെട്ടിമുറിക്കാന്‍ നടക്കുന്ന ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കുകയാണ് കാനഡയെന്നും രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പ് വിജയങ്ങളുണ്ടാക്കാന്‍ മറ്റൊരു രാജ്യത്തിന് ഭീഷണിയാകുന്ന തീവ്രവാദികളെ കൂട്ടുപിടിക്കരുതെന്നും ഇന്ത്യ താക്കീത് ചെയ്തു. നിജ്ജര്‍ കൊലപാതകം ഇന്തോ-കാനഡ ബന്ധം വഷളാക്കി. പകരത്തിനു പകരമെന്നോണം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും, അങ്ങോട്ടുമിങ്ങോട്ടുമുള്ള പൗരന്മാരുടെ വരവുപോക്കുകള്‍ വിലക്കുകയുമൊക്കെ ചെയ്തു.
കടുത്ത പ്രതിഷേധങ്ങളായിരുന്നു ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്ക് സുരക്ഷാപ്രശ്‌നങ്ങള്‍ നേരിട്ടേക്കാമെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്കായിരുന്നു മുന്നറിയിപ്പുകള്‍ കൊടുത്തിരുന്നത്. കാനഡയിലേക്കു വീസ കൊടുക്കുന്നത് നിര്‍ത്തിവച്ചു. ഇ-വീസ സേവനങ്ങള്‍ അവസാനിപ്പിച്ചു(ഈ സേവനം കഴിഞ്ഞ ബുധനാഴ്ച്ചയാണ് പുനരാരംഭിച്ചത്).
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രൂക്ഷമായ ആക്ഷേപങ്ങളായിരുന്നു കാനഡ സര്‍ക്കാരിനെതിരേ ഉയര്‍ത്തിയിരുന്നത്. സംഘടിത കുറ്റവാളികളുടെയും തീവ്രവാദികളുടെയും സുരക്ഷിത സ്വര്‍ഗമാണ് കാനഡയെന്നാണ് ആക്ഷേപിച്ചത്. പാകിസ്താനെയും അഫ്ഗാനിസ്താനെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന പ്രയോഗം ആദ്യമായിട്ടായിരുന്നു ഒരു പാശ്ചാത്യ രാജ്യത്തിനെതിരെ ഉപയോഗിച്ചത്.
ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ കാനഡ വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കാനഡയില്‍ ഹിന്ദുകള്‍ ആക്രമിക്കപ്പെടുകയാണെന്ന് വ്യാജപ്രചാരണങ്ങള്‍ നടത്തി. കേന്ദ്രസര്‍ക്കാര്‍ താത്പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി.
എന്നാല്‍ മറ്റൊരു സിഖ് നേതാവിന്റെ കാര്യത്തില്‍ അമേരിക്കയില്‍ നിന്നും താക്കീത് വരുമ്പോള്‍ ന്യൂഡല്‍ഹിയുടെ പ്രതികരണം ശാന്തവും കരുതലോടെയുമാണ്. ദേശീയവാദികള്‍ പൂര്‍ണ നിശബ്ദരും.
‘ഇന്ത്യ-യുഎസ് സുരക്ഷ സഹകരണത്തെക്കുറിച്ചുള്ള സമീപകാല ചര്‍ച്ചകള്‍ക്കിടെ, സംഘടിത കുറ്റവാളികള്‍, തോക്കുധാരികള്‍, തീവ്രവാദികള്‍ എന്നിവരും മറ്റുള്ളവരും തമ്മിലുള്ള അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ യുഎസ് പങ്കുവച്ചിരുന്നു. ഈ വിവരങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ രണ്ടു കൂട്ടരും തീരുമാനിച്ചു’-ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രതികരമാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് യു എസ് പങ്കുവച്ചിരിക്കുന്നതെന്നതിനാല്‍ ഇക്കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിന്മേലുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ബാഗ്ചി പറയുന്നുണ്ട്. യു എസ് പങ്കുവച്ചെന്നു പറയുന്ന ഗൗരവമായ വിവരങ്ങള്‍ പന്നൂനെ കൊല്ലാനിട്ട പദ്ധതിയുമായി ബന്ധപ്പെട്ടതാണ്.
പന്നൂന്റെയും നിജ്ജറിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ നിലപാടുകള്‍ എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്? ഇന്ത്യന്‍ എക്‌സ്പ്രസ് ചെയ്‌തൊരു റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരിടത്ത് ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരിടത്ത് കൊല്ലാനുള്ള പദ്ധതി തകര്‍ക്കപ്പെടുകയുമാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ ഇന്ത്യന്‍ സര്‍ക്കാരിനു മേല്‍ നേരിട്ട് കുറ്റം ആരോപിക്കുകയാണ് ചെയ്തത്. പന്നൂന്‍ കൊലപാതക പദ്ധതിയില്‍ അമേരിക്ക ഇന്ത്യന്‍ സര്‍ക്കാരിനു മേല്‍ നേരിട്ട് വിരല്‍ ചൂണ്ടിയിട്ടില്ല. നിജ്ജര്‍ കേസില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ ഇന്ത്യക്കെതിരായ ആരോപണം അവരുടെ പാര്‍ലമെന്റിനുള്ളില്‍ നടത്തുകയാണ് ചെയ്തത്. പന്നൂന്‍ കേസില്‍, ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് ബൈഡന്‍ ഭരണകൂടം ഇതുവരെ നിഷേധിച്ചിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ നേരിട്ടൊരു പ്രതികരണത്തിന് തയ്യാറായിട്ടില്ല. അമേരിക്കയുടെ പങ്കാളിയായിട്ടുള്ള മറ്റൊരു രാജ്യവുമായി നയതന്ത്രപരവും നിയമപരവും സുരക്ഷാപരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യമായി സംസാരിക്കാനാകില്ലെന്നായിരുന്നു വിശദീകരണം.
എഫ് ടി യുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അപ്പോഴുമവര്‍ നിഷേധിക്കുന്നില്ല. ‘ഏറ്റവും ഗൗരവത്തില്‍ തന്നെയാണ് ഞങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിലെ ഉന്നത കേന്ദ്രങ്ങള്‍ക്കു മുന്നില്‍ തന്നെ ഇക്കാര്യം ഉയര്‍ത്തിയിട്ടുമുണ്ട്’ എന്നായിരുന്നു ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് അഡ്രിയാന്‍ വാട്‌സ്ണ്‍ പ്രതികരണം നടത്തിയത്. ഈ വിഷയം അറിഞ്ഞപ്പോള്‍ ഇന്ത്യ അവരുടെ ആശ്ചര്യവും ആകുലതയും പ്രകടിപ്പിച്ചുവെന്നാണ് വാട്‌സണ്‍ പറഞ്ഞത്. ഇത്തരം സ്വഭാവമുള്ള പ്രവര്‍ത്തികള്‍ തങ്ങളുടെ നയമല്ലെന്നും ഇന്ത്യ വ്യക്തമാക്കിയതായും അമേരിക്കന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഉന്നത യു എസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍, ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയേക്കുമെന്നും തങ്ങള്‍ കരുതുന്നതായി വാട്‌സണ്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഉത്തരവാദികളായവര്‍ ആരായാലും അവര്‍ക്കതിന്റെ ഉത്തരവാദിത്തം പറയേണ്ടി വരുമെന്ന് തന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന കാര്യവും ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നാണ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.
ഇവിടെ ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയുടെ പരാതിയെ ഗൗരവമായി കാണുകയും, അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പു കൊടുക്കുകയുമാണ് ചെയ്തിരിക്കുന്നത്. കാനഡയുടെ കാര്യത്തില്‍, അവരുടെ പരാതി അസംബന്ധമെന്ന് പറഞ്ഞു തള്ളിക്കളയുകയും സഹകരണം നിഷേധിക്കുകയുമാണ് ചെയ്തത്. എന്തെങ്കിലും വിവരങ്ങള്‍ പങ്കുവയ്ക്കുകയാണെങ്കില്‍ അത് പരിശോധിക്കാമെന്നു മാത്രമാണ് സമ്മതിച്ചത്. അമേരിക്കയോടു പറഞ്ഞതാകട്ടെ, പൂര്‍ണമായി സഹകരിക്കാമെന്നാണ്. മാത്രമല്ല, യു എസ് നല്‍കിയ വിവരങ്ങളുടെ മേല്‍ മുന്‍പേര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കാനഡയോടെന്ന പോലെ അമേരിക്കയോട് ഇടയാന്‍ ഇന്ത്യയ്ക്കാകില്ലെന്നതാണ് ഇതിനു പിന്നിലുള്ള കാരണമായി പറയുന്നത്. ഇന്ത്യ-കാനഡ ബന്ധം കൂടുതലായി സാമ്പത്തികപരവും കുടിയേറ്റവുമായുമൊക്കെ ബന്ധപ്പെട്ടതാണ്. ഇന്ത്യക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന വിദേശരാജ്യവും കാനഡയാണ്. എന്നാല്‍ അതിലേറെ ആഴവും പരപ്പും ഉണ്ട് ഇന്ത്യ-യു എസ് ബന്ധത്തിന്. അത് പലകാര്യങ്ങളാല്‍ കണ്ണി ചേര്‍ന്നതാണ്. നയതന്ത്രം, പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി സാമ്പത്തികബന്ധം, കുടിയേറ്റമടക്കമുള്ള ജനകീയ ബന്ധം എന്നിങ്ങനെ ആഴവും വിപുലവുമായതാണ്. അത് അപകടത്തിലാക്കാന്‍ ഇന്ത്യ ആഗ്രഹിക്കില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന വ്യാഖ്യാനം.
തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്‍ക്ക് തന്ത്രപരമായി ഏറ്റവും യോജിച്ച പങ്കാളിയാണ് ന്യൂഡല്‍ഹിയെ സംബന്ധിച്ച് യു എസ്. അതുകൊണ്ട്, അമേരിക്കയുടെ ആശങ്കയെ തള്ളിക്കളയാനുള്ള മനോഭാവം ഇന്ത്യക്ക് സ്വീകരിക്കാന്‍ പറ്റില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. പന്നൂന്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലും യു എസിലും നടക്കുന്ന അന്വേഷണത്തിന്റെ ഫലം ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ഗതി നിര്‍ണയിച്ചേക്കാം. എങ്കിലും ചില മുന്നനുഭവങ്ങളില്‍ നിന്നും പഠിച്ച പാഠം രണ്ടുപേരുടെയും ഉള്ളിലുണ്ടായിരിക്കും. ദേവയാനി ഖോബ്രഗഡെ കേസ് 2013 ഡിസംബര്‍ മുതല്‍ 2014 മേയ് വരെ ഏകദേശം ആറു മാസക്കാലത്തോളം ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു.
ആദ്യമുണ്ടായിരുന്ന വാശി ഉപേക്ഷിച്ച് ന്യൂഡല്‍ഹിയും-ഒട്ടാവയും ഇപ്പോള്‍ തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനെക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ സാധാരണനിലയില്‍ കൊണ്ടുപോകാനായിരിക്കും വാഷിംഗ്ടണും ന്യൂഡല്‍ഹിയും ശ്രമിക്കുക. പന്നൂന്‍ കേസിന്റെ അന്വേഷണ ഫലം രണ്ടുപേര്‍ക്കും ഒരു പരീക്ഷണ സമയം നല്‍കുകയാണെങ്കില്‍ പോലും പക്വതയോടെയായിരിക്കും കാര്യങ്ങള്‍ നീങ്ങുക. കാരണം, ഇന്ത്യക്ക് അമേരിക്കയെ വേണം, മറിച്ചും.