ലോക്‌സഭ ആക്രമണത്തിന് പിന്നിലെ പ്രധാന തലച്ചോര്‍ ആയിരുന്ന ലളിത് ഝാ പൊലീസില്‍ കീഴടങ്ങുന്നത് പ്രധാനപ്പെട്ട ഇലക്‌ട്രോണിക്‌സ് തെളിവുകള്‍ എല്ലാം നശിപ്പിച്ചശേഷമെന്ന് വിവരം. കേസില്‍ മൊത്തം ആറു പേരാണ് പ്രതികളായി പൊലീസ് പറഞ്ഞിരുന്നത്. ഇവരില്‍ അഞ്ചുപേരെ അക്രമം നടന്ന ബുധനാഴ്ച്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ലളിത് മാത്രമായിരുന്നു പിടികൊടുക്കാതെ രക്ഷപ്പെട്ടത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ ലളിത് നശിപ്പിച്ചെന്നാണ് വിവരം.
മനോരഞ്ജന്‍ ഡി യും സാഗര്‍ ശര്‍മയും സന്ദര്‍ശക ഗാലറിയില്‍ നിന്നും നടുത്തളത്തില്‍ ചാടിയിറങ്ങി ഷൂസില്‍ ഒളിപ്പിച്ചിരുന്ന സ്‌മോക്ക് ക്യാന്‍ ഉപയോഗിച്ച് ലോക്‌സഭയ്ക്കുള്ളില്‍ പുക നിറച്ചതുള്‍പ്പെടെയുള്ള കാഴ്ച്ചകള്‍ ലൈവ് സ്ട്രീമിംഗ് നടത്തിയത് ലളിത് ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാഗറും മനോരഞ്ജനും അകത്ത് അതിക്രമം നടത്തുമ്പോള്‍ നീലവും അമോലും പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് സ്‌മോക് ക്യാനുകള്‍ പൊട്ടിച്ച് പ്രതിഷേധം നടത്തി. ഇവര്‍ നാലുപേരുടെയും മൊബൈല്‍ ഫോണുകളും ഐഡി കാര്‍ഡുകളും സഹിതമാണ് ലളിത് പിടികൊടുക്കാതെ പാര്‍ലമെന്റില്‍ നിന്നും സാഹസികമായി രക്ഷപ്പെടുന്നത്. ഡല്‍ഹിയില്‍ നിന്നും മുങ്ങിയ ലളിത് രാത്രി 11.30 ഓടെ രാജസ്ഥാനിലെത്തി. അവിടെ കുച്ചമാന്‍ സിറ്റിയില്‍ വച്ച് സുഹൃത്തായ മഹേഷിനെ കണ്ടു മുട്ടി. മഹേഷും ഇവര്‍ക്കൊപ്പം ചേരാനിരുന്നതായിരുന്നുവെങ്കിലും വിവരം അറിഞ്ഞ് അയാളുടെ അമ്മ മകനെ തടയുകയായിരുന്നു. ‘ ഭഗത് സിംഗ് ഫാന്‍ പേജ്’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ലളിതിനും മറ്റുള്ളവര്‍ക്കുമൊപ്പം മഹേഷും അംഗമായിരുന്നു.
ആരൊക്കെയാണ് ആ നാല് പേര്‍, എന്തിനവരത് ചെയ്തു?
ലളിതിനെ മഹേഷും അയാളുടെ ബന്ധു കൈലാഷും ചേര്‍ന്ന് അടുത്തുള്ള ധാബയിലേക്ക് കൊണ്ടു പോയി. ധാബ ഉടമയ്ക്ക് മഹേഷിനെ പരിചയമുണ്ട്. ആ ബന്ധം ഉപയോഗിച്ച് ലളിതിന് അവിടെയൊരു മുറി മഹേഷ് തരപ്പെടുത്തി. അവിടെ വച്ചാണ് ലളിത് ഝാ മൊബൈല്‍ അടക്കമുള്ള തെളിവുകള്‍ എല്ലാം നശിപ്പിക്കുന്നത്. അതിനുശേഷമാണ് മഹേഷും ലളിതും ധാബ വിടുന്നത്. പാര്‍ലമെന്റിന് മുന്നില്‍ ചെന്ന് തങ്ങള്‍ പൊലീസിന് കീഴടങ്ങാന്‍ പോവുകയാണെന്ന് ധാബയില്‍ നിന്നും പോകുന്നതിനു മുമ്പായി അവര്‍ കൈലാഷിനോട് പറഞ്ഞിരുന്നു- പൊലീസില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച്ച ഉച്ചയോടെ പൊലീസ് കൈലാഷിന്റെ ഫോണ്‍ ട്രെയ്‌സ് ചെയ്തിരുന്നു. വൈകാതെ അയാളെ കസ്റ്റഡിയിലെടുത്തു. കുച്ചമാനില്‍ നിന്നും മഹേഷും ലളിതും ട്രെയിനില്‍ ജയ്പൂരിലേക്ക് പോയെന്നും അവിടെ നിന്നും ഡല്‍ഹിയിലേക്ക് ബസ് പിടിക്കുമെന്നും കൈലാഷില്‍ നിന്നും വിവരം കിട്ടിയ പൊലീസ് രണ്ടു പേര്‍ക്കും വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇതേസമയം തന്നെ പാര്‍ലമെന്റിന് സമീപം കനത്ത സുരക്ഷയും ഏര്‍പ്പാടാക്കി. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ രണ്ടു പേരും ധൗല ക്വാനിലെത്തിയെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. കുറച്ചു സമയത്തിനുശേഷം ലളിതും മഹേഷും കര്‍ത്തവ്യ പാത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാര്‍ലമെന്റിനുള്ളിലെ സുരക്ഷാ സന്നാഹങ്ങള്‍ അവര്‍ എങ്ങനെ മറികടന്നു?
മഹേഷിനെയും ലളിതിനെയും സ്‌പെഷ്യല്‍ സെല്ലിന്റെ കൗണ്ടര്‍-ഇന്റലിജന്‍സ് സെല്ലിന് കൈമാറിയിട്ടുണ്ട്. അവരാണ് ഈ കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും തെളിവ് നശിപ്പിച്ച കുറ്റം മഹേഷിനും കൈലാഷിനും മേല്‍ ചുമത്താന്‍ അന്വേഷണ സംഘം ആലോചിക്കുന്നതായി വാര്‍ത്തകളുണ്ട്.
ലോക്‌സഭ ആക്രമണത്തിന് മൂന്നു ദിവസം മുമ്പ് ഡല്‍ഹിയിലെത്തിയ മനോരഞ്ജന്‍, സാഗര്‍, അമോല്‍, നീലം എന്നിവരെ ഗുരുഗ്രാമില്‍ വിക്കി എന്ന വിക്രം ശര്‍മയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് ലളിതായിരുന്നു(വിക്രമിനെയും ബുധനാഴ്ച്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു). ഗുരുഗ്രാമിലേക്ക് എല്ലാവരെയും വിളിച്ചു വരുത്തുന്നതും ലളിതായിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഇവരെല്ലാവരും മൈസൂരുവിലും ഒരുമിച്ച് കൂടിയിരുന്നു. മനോരഞ്ജന്‍-മൈസൂരു, സാഗര്‍-ലക്‌നൗ, നീലം- ഹരിയാന, അമോല്‍-മഹാരാഷ്ട്ര, ലളിത്-കൊല്‍ക്കത്ത, വിക്രം-ഗുരുഗ്രാം എന്നിങ്ങനെ എല്ലാവരും ഓരോരോ വ്യത്യസ്ത ഇടങ്ങളില്‍ നിന്നുള്ളവരാണ്.
ജൂലൈയില്‍ സാഗര്‍ ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലെത്തിയതാണെങ്കിലു ശ്രമിച്ചിട്ടും പാര്‍ലമെന്റിനകത്ത് കടക്കാനുള്ളൊരു അവസരം അയാള്‍ക്ക് കിട്ടിയിരുന്നില്ല. അതേ സമയം മനോരഞ്ജന്‍ കഴിഞ്ഞ ബഡ്ജറ്റ് സെഷന്‍ സമയത്ത്(പഴയ പാര്‍ലമെന്റ് മന്ദിരം) സന്ദര്‍ശക ഗാലറയില്‍ ഉണ്ടായിരുന്നു.
എങ്ങനെയാണ് പാര്‍ലമെന്റ് സന്ദര്‍ശക ഗാലറിയില്‍ പ്രവേശനം കിട്ടുന്നത്? നിയമങ്ങളും നിയന്ത്രണങ്ങളും അറിയാം
ഡിസംബര്‍ 10 ന് ആണ് ഓരോരുത്തരും അവരവരുടെ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചേരുന്നത്. ഡല്‍ഹിയില്‍ വച്ച് ഇവരെല്ലാവരും ഇന്ത്യ ഗേറ്റിന് സമീപം ഒത്തുകൂടിയിരുന്നു. ഇവിടെ കളര്‍ സ്‌മോക്ക് ക്യാനുകളുടെ വില്‍പ്പന നടക്കുന്നുണ്ട്. ഇവിടെ നിന്നും വാങ്ങിയ സ്‌മോക് ക്യാനാണ് ഷൂവില്‍ ഒളിപ്പിച്ച് സെക്യൂരിറ്റി പരിശോധന മറികടന്ന് മനോരഞ്ജന്‍ ലോക്‌സഭയ്ക്കുള്ളില്‍ കൊണ്ടു പോയതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലളിതിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ഭഗത് ജതിന്‍, സുഭാഷ് ചന്ദ്രബോസ്, രാജാറാം മോഹന്‍ റോയ് എന്നിവരുടെ ചിത്രങ്ങളും വചനങ്ങളുമൊക്കെയാണ് നിറയെ ഉള്ളത്.
കൊല്‍ക്കത്തയില്‍ ലളിത് ഝാ താമസിച്ചിരുന്നതിന് അയല്‍പക്കത്തുള്ളവര്‍ പറയുന്നത്, അയാള്‍ വിവിധ എന്‍ജിഒ-കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ്. പ്രദേശവാസികള്‍ക്കിടയില്‍ ‘ മാസ്റ്റര്‍ജി’ എന്നായിരുന്നു ലളിത് അറിയപ്പെട്ടിരുന്നത്. ലോക്‌സഭയില്‍ തങ്ങള്‍ നടത്തിയ പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ദൃശ്യങ്ങള്‍ ലളിത് 19 കാരനായ ഒരു ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിക്കും അയച്ചു നല്‍കിയിരുന്നു. ഒരു എന്‍ജിഒ പരിപാടിയില്‍ വച്ച് ലളിതുമായി പരിചയത്തിലായ വ്യക്തിയാണ് ഈ വിദ്യാര്‍ത്ഥി. ‘ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നില്ല, ഏപ്രിലില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു എന്‍ജിഒ പരിപാടിയില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. അധ്യാപകനാണെന്നും ചില എന്‍ജിഒകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പറഞ്ഞത്. ആദിവാസി സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാമെന്നു സമ്മതിക്കുകയും ചെയ്തിരുന്നു’- ആ വിദ്യാര്‍ത്ഥി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്ന കാര്യങ്ങള്‍.
‘ ഞാന്‍ കോളേജില്‍ ആയിരുന്ന സമയത്താണ് വാട്‌സ് ആപ്പില്‍ വീഡിയോ വരുന്നത്. ഏകദേശം ഒരു മണിയായിക്കാണും. പക്ഷേ വീഡിയോ പ്ലേ ആക്കുന്നത് കോളേജില്‍ നിന്നും ഇറങ്ങി ഏകദേശം നാല് മണിയോടെയാണ്. ഒരു മിനിട്ടും 33 സെക്കന്‍ഡുമുള്ളതായിരുന്നു വീഡിയോ. ആരൊക്കെയോ തെരുവില്‍ സ്‌മോക്ക് ടോര്‍ച്ചുകളുമായി പ്രതിഷേധം നടത്തുകയാണെന്നാണ് എനിക്ക് തോന്നിയത്. ഇതെവിടെയാണെന്നു ചോദിച്ച് ഞാന്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍, അയാളില്‍ നിന്നും മറുപടിയൊന്നും ഉണ്ടായില്ല. പിന്നീട് വാര്‍ത്തകളില്‍ നിന്നാണ് മനസിലായത്, അത് പാര്‍ലമെന്റിനകത്ത് നടന്നതാണെന്ന്’ വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍.
കൊല്‍ക്കത്തയിലെ ബുറബസാറില്‍ വാടകയ്ക്ക് താമസിക്കുന്ന സമയത്ത് ലളിത് നിരവധി പേര്‍ക്ക് ട്യൂഷന്‍ എടുത്തുകൊടുക്കുമായിരുന്നു. താഴെയുള്ളൊരു ചെറിയ മുറിയിലായിരുന്നു അദ്ദേഹം വാടകയ്ക്കു താമസിച്ചിരുന്നത്. അവിടെയദ്ദേഹം ട്യൂഷന്‍ എടുക്കുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഞാനദ്ദേഹത്തെ കണ്ടിട്ടില്ല’ ലത അഗര്‍വാള്‍ എന്ന സ്ത്രീ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. ലത കഴിഞ്ഞ 60 വര്‍ഷമായി അവിടെ തന്നെയാണ് താമസം. ‘ ഇവിടെ നടക്കുന്ന ചില പൊതു ചടങ്ങുകളിലൊക്കെ മാസ്റ്റര്‍ജി പങ്കെടുക്കാറുണ്ടായിരുന്നു. ഞാനദ്ദേഹത്തിന്റെ ഫോട്ടോ ടിവിയില്‍ ആദ്യം കണ്ടപ്പോള്‍, ചാനല്‍ പോസ്സ് ചെയ്ത് മൂന്നുതവണയാണ് നോക്കി ഉറപ്പാക്കിയത്’ ഒരു കച്ചവടക്കാരന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്ന കാര്യമാണ്.
ലോക്‌സഭയില്‍ കടന്നു കയറി ചെല്ലാന്‍ ഡിസംബര്‍ 13 എന്ന തീയതി തെരഞ്ഞെടുക്കുന്നതും ലളിത് തന്നെയായിരുന്നു(22 വര്‍ഷം മുമ്പൊരു ഡിസംബര്‍ 13 ന് ആയിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റ് തീവ്രവാദികള്‍ ആക്രമിച്ചത്).
സ്വകാര്യത കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും തന്നെ ആരോടും വിശദമാക്കിയിരുന്നില്ലെന്നുമാണ് ലളിതുമായി അടുത്ത് പരിചയമുണ്ടായിരുന്ന ഒരു എന്‍ജിഒ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞത്. പുരുലിയ പോലുള്ള പ്രദേശങ്ങളില്‍ ആദിവാസി ഉന്നമനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു, വളരെ ശാന്തസ്വഭാവിയായൊരു മനുഷ്യനായിട്ടാണ് തോന്നിയിരുന്നതെന്നും അയാള്‍ ലളിതിനെക്കുറിച്ച് പറയുന്നു.
ഇതിനിടയില്‍ ലളിത് ഝാ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തപസ് റോയിക്ക് ഒപ്പമുള്ള ഒരു സോഷ്യല്‍ മീഡിയ ചിത്രം പുറത്തുവന്നത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. 20220 ഫെബ്രുവരി 23 ന് ഝാ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുള്ള ഈ ചിത്രം സരസ്വതി പൂജയോടനുബന്ധിച്ച് എടുത്തിട്ടുള്ളതാണ്. പാര്‍ലമെന്റ് ആക്രമണത്തിലെ പ്രധാന പ്രതിക്ക് തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്തബന്ധമാണുള്ളതെന്നാണ് ഈ ഫോട്ടോ വച്ച് ബിജെപി പ്രചാരണം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, അതൊരു പൊതു ചടങ്ങിലെ ഫോട്ടോ മാത്രമാണെന്നും ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരൊക്കെയാണെന്നു പോലും അറിയില്ലെന്നുമാണ് റോയ് പറയുന്നത്. എന്നാല്‍, ബംഗാള്‍ ഘടകം തുടങ്ങിവച്ച പ്രചാരണം ബിജെപി ഐടി സെല്‍ വ്യാപകമായി ഏറ്റെടുത്തു നടപ്പാക്കി കൊണ്ടിരിക്കുകയാണ്.