പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷിക ദിനമായിരുന്ന ഡിസംബര്‍ 13 നാണ് അതീവ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് ലോക്‌സഭയില്‍ അതിക്രമിച്ച് കയറി പ്രതിഷേധിക്കുന്ന സംഭവം അരങ്ങേറുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പാര്‍ലമെന്റിന്റെ സുരക്ഷയ്ക്കായി ഡല്‍ഹി പൊലീസ് അംഗങ്ങളുടെ വിന്യാസം 250 ല്‍ നിന്ന് 300 ആയി ഉയര്‍ത്തിയിരുന്നു. ഇത്രയും സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കയറിയ പ്രതിഷേധകര്‍ സഭ സമ്മേളിക്കവേ സന്ദര്‍ശക ഗാലറിയില്‍നിന്നു സഭയുടെ നടു തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും സ്‌മോക്ക് കാനിസ്റ്റര്‍ പ്രയോഗിക്കുകയും ചെയ്തത്. സുരക്ഷ ജീവനക്കാരുടെ കുറവ് മുതല്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ നടുത്തളത്തില്‍ നിന്ന് സന്ദര്‍ശക ഗാലറിയുടെ ഉയരം കുറച്ചതും,സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും, ഷൂസ് പരിശോധിക്കാതെ പാര്‍ലമെന്റിലേക്ക് പ്രവേശിപ്പിച്ചതും സുരക്ഷാ വീഴ്ച്ചയായി വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസിലെയും ഡല്‍ഹി പൊലീസിലെയും ഉദ്യോഗസ്ഥരെയും ഈ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്.
ഡിസംബര്‍ 6 ന് ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ഡിസംബര്‍ 13-നോ അതിനു മുമ്പോ ആയി പാര്‍ലമെന്റില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ലമെന്റിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ ഡല്‍ഹി പൊലീസ് സുരക്ഷ വിഭാഗം യോഗം ചേര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസിന്റെ അംഗബലം 250 ല്‍ നിന്ന് 300 ആയി ഉയര്‍ത്തിയത്.
ആരൊക്കെയാണ് ആ നാല് പേര്‍, എന്തിനവരത് ചെയ്തു?
ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് സാഗര്‍ ശര്‍മയും മനോരഞ്ജന്‍ ഡിയും ഏകദേശം ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് തന്നെ സന്ദര്‍ശക ഗാലറിയില്‍ എത്തിയതായി പറയുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ (എംപിമാര്‍) ഇരിക്കുന്നതിന് മുകളിലാണ് ഈ ഗാലറി സ്ഥിതി ചെയ്യുന്നത്. ആകെ ആറ് ഗാലറികളാണുള്ളത്. സാഗര്‍ ശര്‍മ്മയും മനോരഞ്ജന്‍ ഡിയും ഉണ്ടായിരുന്ന ഗാലറിയുടെ മുന്‍ നിര എംപിമാര്‍ ഇരിക്കുന്ന സ്ഥലത്തേക്കാള്‍ ഏകദേശം 10-5 അടി ഉയരത്തിലാണ്. ഈ ഉയരം മുമ്പത്തെ പാര്‍ലമെന്റ് ഹൗസുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ആളുകള്‍ക്ക് ചാടി കടക്കാന്‍ സാധിക്കുന്ന ഉയരമേ ഇതിനുള്ളു. ഇത് തടയുന്നതിന് വേണ്ടിയുള്ള സംവിധനങ്ങള്‍ നിലവില്‍ പാര്‍ലമെന്റില്‍ ഇല്ല.
സംഭവത്തെ തുടര്‍ന്ന് ലോക്സഭാ സ്പീക്കറുടെയും വിവിധ കക്ഷി നേതാക്കളുടെയും യോഗത്തില്‍ സന്ദര്‍ശക ഗാലറികള്‍ക്ക് മുന്നില്‍ ഗ്ലാസ് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. എംപിമാരും സന്ദര്‍ശകരും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷ പ്രോട്ടോക്കോളുകള്‍ പുനഃപരിശോധിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പ്രത്യേക സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിനു ശേഷം, സുരക്ഷാ ജീവനക്കാരുടെ എണ്ണത്തില്‍ പരിമിതമായ സാഹചര്യമാണുള്ളത്. എന്നാല്‍ പ്രതിദിനം നൂറുകണക്കിന് സന്ദര്‍ശകരാണ് പാര്‍ലമെന്റില്‍ എത്തുന്നത്. സാധാരണ ഗതിയില്‍ 301 സുരക്ഷ ഉദ്യോഗസ്ഥരെയാണ് പാര്‍ലമെന്റിനുള്ളില്‍ വിന്യസിക്കാറുള്ളത്, എന്നാല്‍ ബുധനാഴ്ച 176 പേരാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്.
പാർലമെന്റിനു സുരക്ഷയൊരുക്കാൻ 3 വിഭാഗങ്ങളുണ്ട്. പാർലമെന്റ് സുരക്ഷയ്ക്കായി നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന പാർലമെന്റ് സെക്യൂരിറ്റി സർവീസാണ് ഒരു വിഭാഗം. സാങ്കേതികപിന്തുണ നൽകാൻ ചിലർ ഡപ്യൂട്ടേഷനിലും എത്താറുണ്ട്. പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പാണ് (പിഡിജി) രണ്ടാം വിഭാഗം. കേന്ദ്ര റിസർവ് പൊലീസ് സേനയിൽനിന്നാണു പിഡിജി രുപീകരിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ 1500 കമാൻഡോകളാണ് ഇതിൽ. ഡൽഹി പൊലീസാണു മൂന്നാം വിഭാഗം. ട്രാഫിക് നിയന്ത്രണവും സന്ദർശകരുടെ ശരീരപരിശോധനയുമെല്ലാം ഇവരുടെ ചുമതലയാണ്. പാർലമെന്റ് സമ്മേളനഘട്ടത്തിൽ വിവിധ സംസ്‌ഥാനങ്ങളിൽനിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരും സുരക്ഷയുടെ ഭാഗമായുണ്ട്.
എങ്ങനെയാണ് പാര്‍ലമെന്റ് സന്ദര്‍ശക ഗാലറിയില്‍ പ്രവേശനം കിട്ടുന്നത്? നിയമങ്ങളും നിയന്ത്രണങ്ങളും അറിയാം
പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങിയ രണ്ടുപേരും കയ്യില്‍ കരുതിയ മഞ്ഞ നിറത്തിലുള്ള സ്‌മോക്ക് കാനിസ്റ്റര്‍ ഉപയോഗിച്ചതാണ് സഭയില്‍ പുക പരത്തിയത്. ഷൂസിനുള്ളിലാണ് കളര്‍ സ്‌മോക്ക് കാനിസ്റ്ററുകള്‍ ഒളിപ്പിച്ചിരുന്നത്, അവ സാധാരണയായി പരിശോധിക്കാറില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.”സാധാരണയായി ചെരിപ്പുകള്‍ പരിശോധിക്കാറില്ല. പുക ബോംബുകള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ചതു കൊണ്ട് മെഷീനുകളില്‍ ഇവ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.
അതിക്രമിച്ചു കയറി പ്രതിഷേധം നടത്തിയവരില്‍ ഒരാള്‍ക്ക് ബിജെപി എംപി പ്രതാപ് സിംഹയാണ് സന്ദര്‍ശക പാസ് അനുവദിച്ചത്. സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകാന്‍ ഈ സന്ദര്‍ശക പാസ് അവരെ സഹായിച്ചിട്ടുണ്ടാകുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സുരക്ഷ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സി.ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ്ങിന്റെ കീഴില്‍ മറ്റ് സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. വീഴ്ചകള്‍ കണ്ടെത്തി തുടര്‍നടപടി ശുപാര്‍ശ ചെയ്യാനാണ് സമിതിയോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.