ഡല്‍ഹിയിലെ നിര്‍ഭയ കേസില്‍ നിന്നും മണിപ്പൂരിലെത്തി നില്‍ക്കുന്ന ഇന്ത്യ ഏറെ മാറിയിരിക്കുന്നു. പത്തുവര്‍ഷം മുമ്പ് നമ്മുടെ രാജ്യം എങ്ങനെയായിരുന്നു, ഇപ്പോള്‍ എങ്ങനെയാണ്? ഓരോരുത്തരും ചിന്തിക്കേണ്ട ചോദ്യമാണ്. മനസാക്ഷിയുണ്ടെന്ന് പ്രകടിപ്പിക്കുകയെങ്കിലും ചെയ്യുന്ന ഒരു നാടും നാട്ടുകാരുമായിരുന്നു നമ്മള്‍. അത്ര പെട്ടെന്നൊന്നും ഇളകാത്ത ജനങ്ങളാണ് നമ്മള്‍. പക്ഷെ എല്ലാ പരിധികളും ലംഘിക്കുന്ന ഒരു കുറ്റകൃത്യം നടന്നപ്പോള്‍ നിസംഗതയെല്ലാം കുടഞ്ഞെറിഞ്ഞ് തെരുവിലിറങ്ങിയവരാണ് നമ്മള്‍. കണ്ണീര്‍വാതകത്തിനും ജലപീരങ്കികള്‍ക്കും മുമ്പില്‍ അടിപതറാതെ നിന്ന് സര്‍വശക്തമായ ഒരു സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചവരാണ് നമ്മള്‍. ഉത്തരവാദിത്തപ്പെട്ടവര്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുവരെ ആര്‍ക്കും ഒന്നിനും നമ്മളെ പിന്തിരിപ്പിക്കാനായില്ല. ആ ലക്ഷ്യം നേടുന്നത് വരെ, അധികാരികളുടെ കാതുകളില്‍ പ്രതിഷേധസ്വരമെത്തുന്നത് വരെ തരിമ്പും പിന്മാറാതെ അടിയുറച്ച് നിന്നവരാണ് നമ്മള്‍. എല്ലാം ഓര്‍ത്തുവെച്ച്, സമയമാകുമ്പോള്‍ വോട്ടിലൂടെ നമ്മുടെ രോഷവും പ്രതിഷേധവും കൃത്യമായി രേഖപ്പെടുത്തുന്നവര്‍ കൂടിയായിരുന്നു നമ്മള്‍. ആ നമ്മള്‍ എങ്ങനെ ഇങ്ങനെയായി തീര്‍ന്നു?- മണിപ്പൂരിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പ്രേം പണിക്കര്‍ എഴുതുന്നു.
ഡല്‍ഹിയിലെ ഒരു ബസില്‍ വെച്ച് ആറ് നരാധമന്മാര്‍ ചേര്‍ന്ന് ഒരു 22കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നിട്ട് ഇന്നേക്ക് 3877 ദിവസം പിന്നിട്ടിരിക്കുന്നു.
ചില സമീപകാല സംഭവങ്ങള്‍ ആ നാളുകളിലെ എന്റെ ഓര്‍മക്കുറിപ്പുകളെല്ലാം പൊടിത്തട്ടിയെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഒരു ദശാബ്ദം കഴിഞ്ഞിട്ടും അന്നത്തെ ചില സംഭവങ്ങള്‍ ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.
1. 24 മണിക്കൂറിനുള്ളില്‍ പൊലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്തു. നടപടിയെടുക്കൂവെന്ന് ആര്‍ക്കും അവരോട് ആവശ്യപ്പെടേണ്ടി വന്നില്ല. എഫ്.ഐ.ആര്‍ ചുമത്താന്‍ പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തേണ്ടി വന്നില്ല. അതിക്രൂരമായ ഒരു കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്ത്, പരിഹാരം കണ്ടെത്തി. അതും ഡല്‍ഹി പൊലീസാണ് ഇങ്ങനെ പ്രവര്‍ത്തിച്ചത് എന്ന് കൂടി ശ്രദ്ധിക്കണം.
2. ആഭ്യന്തര വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ആര്‍.കെ സിംഗിനെയും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാറിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. ബി ജെ പിയിലെ മുതിര്‍ന്ന നേതാവായ വെങ്കയ്യ നായിഡുവായിരുന്നു ആ കമ്മിറ്റിയുടെ അധ്യക്ഷന്‍. അന്നത്തെ യോഗത്തെ തടയാന്‍ ഒരു നീക്കവും എവിടെ നിന്നുമുണ്ടായില്ല. നായിഡു സംഭവത്തെ ‘രാഷ്ട്രീയവത്കരിക്കുകയാണെന്ന’ വിമര്‍ശനങ്ങളുമുയര്‍ന്നില്ല.
3. ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നും ദ്രുതഗതിയിലുള്ള നടപടികളുണ്ടായിട്ട് പോലും ഡല്‍ഹി ഹൈക്കോടതി വിഷയത്തിലിടപെട്ട് കേസന്വേഷണത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താന്‍ തീരുമാനിച്ചു. സംഭവ ദിവസം പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും ആവശ്യപ്പെട്ട കോടതി, അന്ന് രാവിലെ ആ ബസില്‍ നടന്ന മോഷണത്തില്‍ വേണ്ട നടപടി സ്വീകരിക്കാത്തതില്‍ പൊലീസിനെ നിശിതമായി വിമര്‍ശിച്ചു. ഇത്തരം നീചമായ കുറ്റകൃത്യങ്ങളില്‍ എത്രയും വേഗം നടപടികളുണ്ടാകണമെന്ന ലക്ഷ്യത്തോടെ അതിവേഗ കോടതികള്‍ സ്ഥാപിക്കാനും കോടതി തീരുമാനിച്ചു(സംഭവം നടന്ന് വെറും 16 ദിവസത്തിനുള്ളില്‍, ജനുവരി രണ്ടിന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍താമസ് കബീര്‍ അതിവേഗ കോടതിക്ക് ഉദ്ഘാടനം കുറിച്ചു. ഇത്തരത്തിലുള്ള ആദ്യ അതിവേഗ കോടതിയായിരുന്നു അത്). രാജ്യത്തെ ക്രമസമാധാന പരിപാലന വ്യവസ്ഥകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വമേധയ സ്വീകരിക്കണമെന്ന ആര്‍ക്കും അന്ന് കോടതിയോട് ആവര്‍ത്തിച്ച് പറയേണ്ടി വന്നില്ല.
4. ഡിസംബര്‍ 21 ആകുമ്പോഴേക്കും ഇരയായ പെണ്‍കുട്ടി അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയായി. പക്ഷെ നില ഗുരുതരമായി തന്നെ തുടരുകയായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒരു കമ്മിറ്റിയെ നിയമിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് കണ്ടതോടെ, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മന്ത്രിസഭാ യോഗം ചേര്‍ന്ന്, വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പിന്നീട് ഡിസംബര്‍ 29ന് രാവിലെ സിംഗപ്പൂരില്‍ വെച്ചാണ് പെണ്‍കുട്ടി മരിക്കുന്നത്. മുപ്പതാം തീയതി മൃതസംസ്‌കാരവും നടന്നു. കനത്ത സുരക്ഷയില്‍ നടന്ന ശവസംസ്‌കാര ചടങ്ങുകളെ അടിയന്തരാവസ്ഥയോടായിരുന്നു അന്നത്തെ പ്രധാന പ്രതിക്ഷമായ ബി ജെ പി ഉപമിച്ചത് (ബി ജെ പി രാഷ്ട്രീയലാഭം കൊയ്യാന്‍ നോക്കുകയാണെന്ന് ആരും അന്ന് കുറ്റപ്പെടുത്തിയില്ല. സത്യത്തില്‍ ബി ജെ പി അന്ന് രാഷ്ട്രീയം കളിക്കുക തന്നെയായിരുന്നു ചെയ്തത്. കാരണം, ജനങ്ങളുടെ രോഷവും രാജ്യവ്യാപകമായ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് അന്ന് ശവസംസ്‌കാര ചടങ്ങിന്റെ സുരക്ഷ വര്‍ധിപ്പിച്ചതെന്ന് ബി ജെ പിയടക്കം എല്ലാവര്‍ക്കും വ്യക്തമായി അറിയാമായിരുന്നു).
5. ഒരു വര്‍ഷം തികയുന്നതിന് മുമ്പേ കേസില്‍ അതിവേഗ കോടതിയുടെ വിധി വന്നു. പ്രതികളായ നാല് യുവാക്കളും ലൈംഗികപീഡനവും കൊലപാതകവും പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങളും തെളിവ് നശിപ്പിക്കലും നടത്തിയതായി കോടതി കണ്ടെത്തി.( പിന്നീട് സുപ്രീം കോടതിയിലേക്ക് പ്രതികളുടെ നാല് ഹരജികള്‍ പോയി. രാഷ്ട്രപതിക്ക് ദയാഹരജിയും നല്‍കി. പക്ഷെ വിധിയില്‍ മാറ്റമൊന്നുമുണ്ടായില്ല. 2020 മാര്‍ച്ച് 20ന് നാല് കുറ്റവാളികളെയും തൂക്കിലേറ്റുക തന്നെ ചെയ്തു).
6. സംഭവം നടന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ജനകീയ പ്രതിഷേധങ്ങളുയര്‍ന്നു. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് സമരങ്ങള്‍ അതിവേഗം പടര്‍ന്നു. ഡിസംബര്‍ 21ന് ഇന്ത്യ ഗേറ്റിന് മുമ്പില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പതഞ്ജലിയുടെ ‘ബാബാ’ രാംദേവും മുന്‍ സേനാ മേധാവി വിജയ് കുമാര്‍ സിംഗുമെല്ലാം പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു(നിലവില്‍ റോഡ് ഗതാഗതം-ദേശീയപാത വകുപ്പ് കേന്ദ്ര സഹമന്ത്രിയായ വിജയ്് കുമാര്‍ സിംഗ് മണിപ്പൂര്‍ വിഷയത്തില്‍ പരിപൂര്‍ണ നിശബ്ദനാണ്). അന്ന് സമരക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസും സര്‍ക്കാരും ശ്രമിച്ചതോടെ പ്രതിഷേധം കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ചോദ്യങ്ങളുയര്‍ത്തി ആയിരങ്ങളായിരുന്നു അന്ന് തെരുവിലറങ്ങിയത്.
പീഡനത്തിനിരയായ പെണ്‍കുട്ടി മരണപ്പെട്ടതോടെ രാജ്യമെമ്പാടും പ്രതിഷേധങ്ങളും മെഴുകുതിരി മാര്‍ച്ചുകളും വ്യാപകമായി. ഈ പ്രതിഷേധങ്ങളുടെ മുന്‍പന്തിയില്‍ നിന്ന ബി ജെ പി കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം ചേരണമെന്ന് വരെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അനുശോചിച്ച് സേന പുതുവത്സരാഘോഷങ്ങള്‍ ഉപേക്ഷിച്ചു. നേപ്പാളിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ശ്രീലങ്കയിലുമെല്ലാം നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പ്രകടങ്ങള്‍ നടന്നു(ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കടന്നുകയറുകയാണെന്ന് ആരും അന്ന് പറഞ്ഞിരുന്നില്ല). കൂട്ടബലാത്സംഗവും തുടര്‍ന്ന് നടന്ന സംഭവങ്ങളും വിദേശമാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു(ജോര്‍ജ് സോറസിനെ കുറിച്ചോ റിപ്പോര്‍ട്ടിങ്ങിന് പിന്നിലെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഉദ്ദേശ്യങ്ങളെ കുറിച്ചോ ആരും അന്ന് ചോദ്യമുന്നയിച്ചില്ല).
7. അന്നത്തെ ഭരണകക്ഷിയായ യുപിഎയുടെ അധ്യക്ഷ സോണിയ ഗാന്ധി സഫ്ദാര്‍ജംങ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ 24ന് ടെലിവിഷന്‍ ചാനലുകളിലൂടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പൊതുജനങ്ങളെ അഭിസംബോധനയും ചെയ്തു. പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവായ സുഷമ സ്വരാജ് രംഗത്ത് വന്നു. ഇനി ഒരിക്കലും ഇത്തരമൊരു നീചമായ കുറ്റകൃത്യം സംഭവിക്കാതിരിക്കാന്‍ തക്കവിധം അതിശക്തമായ നടപടി കേസില്‍ ഉണ്ടാകണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷക്കായി പുതിയ നിയമനിര്‍മാണം നടത്തണമെന്ന് ലോക്സഭ സ്പീക്കര്‍ മീര കുമാറും പ്രതികരിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് തന്നെ രാജ്യത്തിന്റെ തലസ്ഥാനും ലൈംഗികാതിക്രമങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞു. അന്നത്തെ സംഭവത്തില്‍ പ്രതികരിച്ച പ്രമുഖരുടെ ചെറുപ്പട്ടിക മാത്രമാണിത്.
8. ലൈംഗികപീഡനവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കാനായി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മയെ അധ്യക്ഷനാക്കി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. ഡിസംബര്‍ 22ന് നിയമിതമായ കമ്മീഷനോട് 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആവശ്യപ്പെട്ടത്. സംഭവം നടക്കുന്നതിന് കാരണമായ സുരക്ഷാ പിഴവുകളും അതിന് ഉത്തരവാദികളായവരെയും കണ്ടെത്താനും ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു അന്വേഷണ കമ്മീഷനെയും നിയോഗിച്ചു. ഡിസംബര്‍ 26ന് നിലവില്‍ വന്ന കമ്മീഷന്റെ അധ്യക്ഷ മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ഉഷ മെഹ്റയായിരുന്നു. ഈ നടപടികളുടെ ഫലമായി 2013 ഫെബ്രുവരി മൂന്നിന് ക്രിമിനല്‍ നിയമ (ഭേദഗതി) ഓര്‍ഡിനന്‍സ് 2013 നിലവില്‍ വന്നു. ഐ.പി.സിയിലും ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലും മറ്റ് പല നിയമങ്ങളിലും ഈ ഭേദഗതി മാറ്റങ്ങള്‍ വരുത്തി. ലൈംഗികപീഡനം നടത്തിയവരെ വധശിക്ഷക്ക് വിധിക്കാമെന്നതായിരുന്നു പ്രധാന ഭേദഗതികളിലൊന്ന്.
ഇത് നിര്‍ഭയ പീഡന കേസുമായ ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ സമഗ്രമായ ഒരു റിപ്പോര്‍ട്ടല്ല. കഴിഞ്ഞു പോയ ആ നാളുകളില്‍ നടന്ന സുപ്രധാനമായി ചില വിവരങ്ങളിലൂടെ ഇന്ന് നടക്കുന്ന സംഭവങ്ങളിലേക്ക് വെളിച്ചം വീശാനുള്ള ശ്രമമാണ്
എന്തിനാണ് നിര്‍ഭയയെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത്?
കാരണമുണ്ട്. മണിപ്പൂരില്‍ നടന്ന ക്രൂരവും നിന്ദ്യവുമായി കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നതിന് പിന്നാലെ, ഞാന്‍ ചിലത് ആലോചിച്ചുപോയി. വെറും പത്ത് വര്‍ഷം മുമ്പ് എന്തായിരുന്നു, എങ്ങനെയായിരുന്നു നമ്മുടെ രാജ്യമെന്ന് ആലോചിക്കാതിരിക്കാന്‍ എനിക്കായില്ല.
അന്നും ഈ നാട് സ്ത്രീകള്‍ക്ക് സുരക്ഷിതരമായിരുന്നില്ല (ഇക്കാര്യത്തില്‍ എന്നെങ്കിലും മാറ്റമുണ്ടാകുമോയെന്ന് എനിക്ക് സംശയമാണ്). സംഭവങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്ന സര്‍ക്കാരുകള്‍ അന്നുമുണ്ടായിരുന്നില്ല (ഇതിലും എന്നെങ്കിലും മാറ്റമുണ്ടാകുമോയെന്ന് എനിക്ക് സംശയമാണ്). ജനകീയ പ്രതിഷേധങ്ങളെ ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ചല്ലാതെ ജനരോഷത്തിന്റെ കാരണം മനസിലാക്കി ബോധപൂര്‍വം നേരിടുന്ന പൊലീസുകാര്‍ അന്നും ഈ നാട്ടിലുണ്ടായിരുന്നില്ല (ഇക്കാര്യത്തിലും എന്നെങ്കിലും മാറ്റമുണ്ടാകുമോയെന്ന് എനിക്ക് സംശയമാണ്).
പക്ഷെ, മനസാക്ഷിയുണ്ടെന്ന് പ്രകടിപ്പിക്കുകയെങ്കിലും ചെയ്യുന്ന ഒരു നാടും നാട്ടുകാരുമായിരുന്നു ഇത്. ശരിയാണ്, അത്ര പെട്ടെന്നൊന്നും ഇളകാത്ത ജനങ്ങളാണ് നമ്മള്‍. പക്ഷെ എല്ലാ പരിധികളും ലംഘിക്കുന്ന ഒരു കുറ്റകൃത്യം നടന്നപ്പോള്‍ നിസംഗതയെല്ലാം കുടഞ്ഞെറിഞ്ഞ് തെരുവിലിറങ്ങിയവരാണ് നമ്മള്‍. കണ്ണീര്‍വാതകത്തിനും ജലപീരങ്കികള്‍ക്കും മുമ്പില്‍ അടിപതറാതെ നിന്ന് സര്‍വശക്തമായ ഒരു സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചവരാണ് നമ്മള്‍. ഉത്തരവാദിത്തപ്പെട്ടവര്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുവരെ ആര്‍ക്കും ഒന്നിനും നമ്മളെ പിന്തിരിപ്പിക്കാനായില്ല. ആ ലക്ഷ്യം നേടുന്നത് വരെ, അധികാരികളുടെ കാതുകളില്‍ പ്രതിഷേധസ്വരമെത്തുന്നത് വരെ തരിമ്പും പിന്മാറാതെ അടിയുറച്ച് നിന്നവരാണ് നമ്മള്‍. എല്ലാം ഓര്‍ത്തുവെച്ച്, സമയമാകുമ്പോള്‍ വോട്ടിലൂടെ നമ്മുടെ രോഷവും പ്രതിഷേധവും കൃത്യമായി രേഖപ്പെടുത്തുന്നവര്‍ കൂടിയായിരുന്നു നമ്മള്‍.
(രാഷ്ട്രീയത്തിലും ഇത്തരം സംഭവങ്ങള്‍ നിര്‍ണായ സ്വാധീനം ചെലുത്തിയിരുന്നു-‘വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ നിര്‍ഭയയെ നിങ്ങള്‍ മനസിലോര്‍ക്കണം’ എന്നായിരുന്നു 2014ല്‍ മോദി ജനങ്ങളോട് ആഹ്വാനം ചെയ്തത്)
ആ നമ്മള്‍ എങ്ങനെ ഇങ്ങനെയായി തീര്‍ന്നു?
കൊടും കുറ്റകൃത്യങ്ങള്‍ പോലും നമുക്ക് ഇത്രമേല്‍ ശീലമായി തീര്‍ന്നോ? അവയോടെല്ലാം ഇത്രമേല്‍ സമരസപ്പെട്ടോ നമ്മള്‍? കൂട്ട ബലാത്സംഗത്തിനിരയാക്കുന്നതിന് മുമ്പ് രണ്ട് സ്ത്രീകളെ പൊതുവഴിയില്‍ നഗ്‌നരാക്കി നടത്തിയ റാലിയുടെ വീഡിയോ ഒരൊറ്റ പ്ലക്കാര്‍ഡിനോ ഒരു മെഴുകുതിരി റാലിക്കോ പോലുമുള്ളതില്ലേ?
ഹീനമായ ഒരു കുറ്റകൃത്യം നടന്ന സമയത്ത് പോലും ഇരയുടെ കൂടെ നില്‍ക്കുന്നതിനേക്കാള്‍ ഇഷ്ടപ്പെട്ട രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം നില്‍ക്കുക എന്ന നിലയിലേക്ക് ചിന്തിക്കാന്‍ മാത്രം ബോധമില്ലാത്തവരായി നമ്മള്‍ മാറിത്തീര്‍ന്നത് എങ്ങനെയാണ്?
പ്രശസ്തമായ ഒരു വാക്യമുണ്ട്; ആദ്യം ക്രമേണയായ പതുക്കെയുള്ള മാറ്റം, പിന്നെ വളരെ പെട്ടെന്നെന്ന് തോന്നിപ്പിക്കുന്ന അടിമുടിയുള്ള മാറ്റം.
2018ലാണ് ആ മാറ്റത്തിലേക്കുള്ള ചെറിയ ചുവടുവെയ്പ്പ് നമ്മള്‍ ആദ്യം നടത്തുന്നത്. കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തതിനെതിരെ ‘ഹിന്ദു ഗ്രൂപ്പുകള്‍’ രംഗത്തുവന്നു. തങ്ങള്‍ക്കെതിരെ ഒരു നടപടിയുമുണ്ടാകില്ലെന്ന ധൈര്യം അവര്‍ക്കുണ്ടായിരുന്നു. അറസ്റ്റുകളെ ഹിന്ദുമതത്തിനെതിരെയുള്ള അതിക്രമമായി വരെ ആ ഗ്രൂപ്പുകള്‍ ചിത്രീകരിച്ചു. മോദി സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍-വനം വകുപ്പ് മന്ത്രി ലാല്‍ സിങ് ചൗധരിയും വ്യവസായ വകുപ്പ് മന്ത്രി ചന്ദേര്‍ പ്രകാശും-ഈ ഗ്രൂപ്പുകളുടെ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുക വരെ ചെയ്തു. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാനായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയിലെത്തിയപ്പോള്‍ കത്വയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പില്‍ അഭിഭാഷകരും സമാനമായ പ്രതിഷേധ പ്രകടനം നടത്തി.
അതേ വര്‍ഷം തന്നെ നമ്മള്‍ അടുത്ത ചുവടും എടുത്തുവെച്ചു. ബീഫ് കടത്തുവെന്ന സംശയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തിയ കേസിലെ എട്ട് പ്രതികളെ മന്ത്രി ജയന്ത് സിന്‍ഹ പൂമാലയിട്ട് സ്വീകരിച്ചതായിരുന്നു ആ ചുവടുവെയ്പ്പ്
അടുത്തത് 2020 സെപ്റ്റംബറിലായിരുന്നു, ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരി കൂട്ടബലാത്സംഗത്തിനിരയായപ്പോള്‍. സംഭവത്തെ ആദ്യം വ്യാജവാര്‍ത്തയായി തള്ളിക്കളഞ്ഞ പൊലീസ് കുടുംബക്കാരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന രീതിയില്‍ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ പി.ആര്‍ ടീമിനെ നിയോഗിച്ചു. രാജ്യത്തെ മോശമായി ചിത്രീകരിക്കാനുള്ള ‘അന്താരാഷ്ട്ര ഗൂഢാലോചനയുടെ’ ഭാഗമാണ് വാര്‍ത്തകളാണെന്ന് ആദിത്യനാഥ് സര്‍ക്കാര്‍ വാദിച്ചു. ബി.ജെ.പിയുടെ ഒരു മുന്‍ എം.എല്‍.എ കുറ്റാരോപിതരായ നാല് പേര്‍ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രകടനം നടത്തുകയും ആര്‍.എസ്.എസ് അംഗങ്ങളടക്കം നൂറ് കണക്കിന് പേര്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. ഹത്രാസിലേക്ക് റിപ്പോര്‍ട്ടിങ്ങിന് പോയ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാത്തിനുമൊടുവില്‍ അറസ്റ്റിലായ നാലില്‍ മൂന്ന് പേരെയും ഹത്രാസ് ജില്ലാ കോടതി കുറ്റവിമുക്തരാക്കി.
2022 ആഗസ്റ്റിലാണ് പിന്നീട് വലിയൊരു ചുവടുവെയ്പ് നടത്തുന്നത്. ബില്‍ക്കീസ് ബാനുവിനെ പൈശാചികമായി പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയപ്പോഴായിരുന്നു അത്. വിശ്വഹിന്ദു പരിഷത്ത് ആ പ്രതികള്‍ക്കായി അനുമോദന ചടങ്ങുകള്‍ സംഘടിപ്പിച്ചു, അവരെ പൂമാലയിട്ട് ആനയിച്ചു. പ്രതികളെ ജയില്‍ മോചിതരാക്കിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഇതുവരെയും ഗുജറാത്ത് സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ല.
വളരെ പതുക്കെ തുടങ്ങി, പിന്നീട് അതിവേഗത്തില്‍ ഇന്ന് കാണുന്ന നിലയിലേക്ക് നാം എന്ന രാജ്യവും ജനതയും എത്തിച്ചേര്‍ന്നു. ഇന്നിവിടെ, തന്റെ പാര്‍ട്ടി ഭരിക്കുന്ന ഒരു സംസ്ഥാനം കലാപങ്ങളാല്‍ ഛിന്നഭിന്നമാകുമ്പോഴും രാജ്യത്തെ പ്രധാനമന്ത്രിക്ക് ഒരു വാക്ക് പോലും മിണ്ടാതിരിക്കാനാകും. സ്വമേധയാ കേസെടുത്ത സുപ്രീം കോടതി നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മാത്രം വായ തുറക്കാന്‍ ആ പ്രധാനമന്ത്രി തയ്യാറായി. എന്നിട്ടും, മണിപ്പൂരിലെ ഹൃദയം നുറുക്കുന്ന ആ കുറ്റകൃത്യത്തെ കുറിച്ച് അയാള്‍ സംസാരിച്ചതോ വെറും 36 സെക്കന്റുകള്‍. അതും രാഷ്ട്രീയലാഭം മാത്രം ലക്ഷ്യം വെച്ചുള്ള ചില ജല്‍പനങ്ങള്‍ മാത്രവും.
പാര്‍ലമെന്റിന് പുറത്ത്, ആരും തന്നെ ചോദ്യം ചെയ്യില്ലെന്നു ഉറപ്പുള്ളൊരിടത്ത് വെച്ചാണ് പ്രധാനമന്ത്രി ഈ പ്രതികരണം നടത്തിയതെന്ന് കൂടി ശ്രദ്ധിക്കണം. അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാനായി തയ്യാറായി പാര്‍ലമെന്റിനകത്ത് പ്രതിപക്ഷമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ചര്‍ച്ചകളില്‍ നിന്ന അദ്ദേഹം ഒഴിഞ്ഞുമാറി(Supriya Sharma on why the PM’s speech was worse than his silence).
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട ഒരു കേന്ദ്രമന്ത്രി നമുക്കുണ്ട്, കിഷന്‍ റെഡ്ഡി. പക്ഷെ, മണിപ്പൂരിലെ സംഭവവികാസങ്ങളെ കുറിച്ച് ചോദിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘എനിക്കതുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് മണിപ്പൂരിനെ കുറിച്ച് എനിക്കൊന്നും പറയാനുമില്ല’.
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍, ഓരോ മാസവും ഓരോ വര്‍ഷവും നമ്മള്‍ ഇങ്ങനെയുള്ള ചെറുതും വലുതുമായ ഓരോ ചുവടുകള്‍ വെച്ചു. അവയില്‍ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെടുക പോലും ചെയ്തില്ല. ഈ പരിവര്‍ത്തന പ്രക്രിയ ഇപ്പോഴും തുടരുകയാണ്. മണിപ്പൂര്‍ പീഡനക്കേസില്‍ ഒരാള്‍ അറസ്റ്റിലായ അതേ ദിവസം തന്നെയാണ്, ബി ജെ പിയിലെ ‘ശക്തിശാലിയും’ റസലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിന് ലൈംഗികാതിക്രമക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കുകയോ പിന്തുണക്കുകയോ ചെയ്തിരുന്നില്ല. അന്ന് തന്നെയാണ്, പീഡനക്കേസില്‍ 20 വര്‍ഷം തടവിന് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദ അധ്യക്ഷന്‍ റാം റഹീമിന് രണ്ട് വര്‍ഷത്തിനിടയിലെ അഞ്ചാം പരോള്‍ അനുവദിച്ചു കിട്ടിയത്. ഇത്തവണ ജന്മദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് കോടതി 30 ദിവസത്തെ പരോള്‍ നല്‍കിയിരിക്കുന്നത്. ഇതടക്കം കൂട്ടിയാല്‍ 140 ദിവസത്തോളമാണ് റാം റഹീമിന് ഇതുവരെ പരോള്‍ ലഭിച്ചിരിക്കുന്നത്.
ഇതിനിടയില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും പുല്ലുവില പോലും നല്‍കുന്നില്ലെന്ന് തെളിയിച്ചുകൊണ്ട് മറ്റൊന്ന് കൂടി ബി ജെ പി ചെയ്തു. മണിപ്പൂര്‍ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ബ്രിജ് ഭൂഷണെ പാര്‍ട്ടി നിയോഗിച്ചു. ‘നടന്നത് തികച്ചും നിന്ദ്യമായ പ്രവര്‍ത്തിയാണെന്ന്’ അദ്ദേഹം അപലപിച്ചു.
ആരുടെ മൂക്കിന് താഴെയാണോ ഇത്രയും ഹീനമായ കുറ്റകൃത്യം നടന്നത് അതേ മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിക്കുത്തുമില്ലാതെ ഇതേ കുറിച്ച് തികച്ചും നിരുത്തരവാദപരമായി സംസാരിക്കാവുന്ന നിലയിലേക്ക് കൂടി നമ്മുടെ നാട് മാറിക്കഴിഞ്ഞു. സംഭവം നടന്ന് 70 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടിയൊന്നും എടുക്കാതിരുന്നത് എന്ന് മണിപ്പൂര്‍ മുഖ്യമന്ത്രിയോട് ചോദ്യമുയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള നൂറ് കണക്കിന് സംഭവങ്ങളുടെ എഫ്.ഐ.ആറുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുകൊണ്ടാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതായത്, സംസ്ഥാനത്ത് സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിനല്ല, മറിച്ച് ഈ അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുപോകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇന്റര്‍നെറ്റ് നിരോധനമെന്ന് തുറന്നുസമ്മതിരിക്കുകയായിരുന്നു അദ്ദേഹം(While on this, read Makepeace Silthou on why internet bans help the spread of misinformation rather than curb it.)
സ്ഥിതിഗതികളെ ഒന്നു കൂടി ‘മോടി പിടിപ്പിക്കാനായി’ മുഖ്യമന്ത്രി മറ്റൊരു പ്രഖ്യാപനം കൂടി നടത്തി, സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വീഡിയോ പുറത്തുവന്നതിനെതിരെ തന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ നടത്തുമെന്നായിരുന്നു അത്.
ഈ പ്രഖ്യാപനം നിങ്ങളൊന്ന് മനസിരുത്തി വായിച്ചു നോക്കൂ: മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിനെ സംബന്ധിച്ചിടത്തോളം ആ കുറ്റകൃത്യമോ, നാളുകളായി തുടരുന്ന കലാപമോ മണിപ്പൂരിന്റെ പ്രതിച്ഛായക്ക് ഒരു കളങ്കവും വരുത്തിയിട്ടില്ല. തന്റെ മൂക്കിന് താഴെ നടന്ന ഒരു കുറ്റകൃത്യത്തിന്റെ, അതും തനിക്ക് അറിയാമായിരുന്ന ഒരു കുറ്റകൃത്യത്തിന്റെ, അതിശക്തമായ സമ്മര്‍ദമുണ്ടാകുന്നതുവരെ ഒരു നടപടിയും സ്വീകരിക്കാതിരുന്ന ഒരു കുറ്റകൃത്യത്തിന്റെ, തെളിവുകള്‍ പുറത്തുവന്നതാണ് അദ്ദേഹത്തിന്റെ കണ്ണില്‍ മണിപ്പൂരിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുന്നത്.
വീഡിയോ പുറത്തുവന്നപ്പോള്‍ സ്വമേധയാ നടപടി സ്വീകരിക്കുകയും പൊലീസിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് അവകാശപ്പെടുന്നതും ഇദ്ദേഹം തന്നെയാണ്. ഇദ്ദേഹം ‘കര്‍മനിരതനായി’ ഉണര്‍ന്നെണീക്കുന്നതിനും രണ്ട് മാസം മുമ്പ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ‘സ്വമേധയാ’ നടപടി സ്വീകരിക്കാനുള്ള വകുപ്പൊന്നും നമ്മുടെ നിയവ്യവസ്ഥയിലില്ല.
ബി ജെ പിയിലെ മുതിര്‍ന്ന നേതാവായ വെങ്കയ്യ നായിഡു അധ്യക്ഷനായിരുന്ന ആഭ്യന്തര വകുപ്പിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ഓര്‍ക്കുന്നുണ്ടല്ലോ. ആ കമ്മിറ്റിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. മണിപ്പൂരിലെ ആഭ്യന്തര കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും കമ്മിറ്റിയെ വിലക്കിയിരിക്കുകയാണ്.
മണിപ്പൂരില്‍ നിന്നുള്ള വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇതുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും ആദ്യ നടപടിയായിരുന്നു അത്. കുറ്റാരോപിതരെ കണ്ടെത്താന്‍ സഹായിച്ചുവെന്ന് മണിപ്പൂര്‍ പൊലീസ് പറഞ്ഞ അതേ വീഡിയോകളാണിതെന്ന കാര്യം കൂടി ശ്രദ്ധിക്കണം.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സെഷന്‍ തുടങ്ങുന്നതിന് കൃത്യം ഒരു ദിവസം മുമ്പ് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന്, കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പക്ഷെ ലോക്സഭയില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉണ്ടായിരുന്നില്ല. ഒരു ചര്‍ച്ചയുമില്ലാതെ രണ്ട് ദിവസവും പാര്‍ലമെന്റ് പിരിഞ്ഞു. ഒടുവില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന ആരോപണവും ബി ജെ പി ഉയര്‍ത്തി.
മണിപ്പൂരില്‍ നിന്നുള്ള വീഡിയോയില്‍ വനിത കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി കണ്ടത് രാജ്യസുരക്ഷക്കെതിരെയുള്ള ഭീഷണിയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയടക്കമുള്ള സ്ത്രീകളെ നഗ്‌നാരാക്കി നടത്തിയതിന്റെയും പീഡിപ്പിച്ചതിന്റെയും വീഡിയോ പുറത്തുവന്നതില്‍ ഈ ഭീഷണി കാണുന്ന സ്മൃതി ഇറാനിക്ക്, പൊലീസില്‍ നിന്നും പട്ടാളത്തില്‍ നിന്നും കലാപകാരികള്‍ തട്ടിയെടുത്ത ആയിരക്കണക്കിന് ആയുധങ്ങളുടെ കാര്യത്തില്‍ രാജ്യസുരക്ഷ സംബന്ധിച്ച ഒരു ആശങ്കയും തോന്നുന്നില്ലെന്നത് അത്ഭുതം തന്നെയാണ്.
(നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നടന്ന ഒരു കൂട്ട ബലാത്സംഗത്തില്‍ വളരെയധികം ആശങ്ക പ്രകടിപ്പിക്കുന്ന സ്മൃതി ഇറാനിക്ക് താല്‍പര്യമുണ്ടാക്കിയേക്കാവുന്ന ഒരു കാര്യം പറയാനുണ്ട്. ആ സംഭവത്തില്‍ ആരും പറയാതെ തന്നെ പൊലീസ് കേസെടുക്കുകയും കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പേരും ബി ജെ പിയുടെ യുവജന സംഘടനയുമായി ബന്ധമുള്ളവരാണെന്ന ആരോപണവുമുണ്ട്. പശ്ചിമ ബംഗാളില്‍ നടന്ന സംഭവത്തിലും പൊലീസിന്റെ നടപടിയുണ്ടായിട്ടുണ്ട്. മണിപ്പൂരില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ഹിമന്ത ബിശ്വ ശര്‍മ ഉപയോഗിച്ച ജോധ്പൂരിലെ കൂട്ട ബലാത്സംഗക്കേസിലും ഇതിനോടകം അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊരാള്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ അംഗവുമാണ്.)
പ്രതിപക്ഷത്തിന് ‘യാതൊരു അടിസ്ഥാനവുമില്ലാത്ത വിഷയങ്ങള്‍‘ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വീഡിയോ ചോര്‍ത്തിയതെന്നാണ് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് പ്രതികരിച്ചത്.
ആ വാക്കുകള്‍ ഓര്‍ത്തുവെക്കേണ്ടതുണ്ട്: ‘യാതൊരു അടിസ്ഥാനവുമില്ലാത്ത വിഷയങ്ങള്‍’
ഘോഷിന്റെ ഈ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ചിലത് കൂടി നമ്മള്‍ ഓര്‍ത്തുവെക്കുന്നത് നല്ലതാണ്. Hoineilhing Sitlhou ജൂണ്‍ ഒന്നിന് തന്നെ ഈ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് ഈ അതിക്രമം നടന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സോനല്‍ മദാരുവും (Sonal Matharu) ജൂണ്‍ പന്ത്രണ്ടിന് ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റെതെങ്കിലും സമയത്തായിരുന്നെങ്കിലും ഇത്തരം ബ്രേക്കിങ് ന്യൂസുകള്‍ക്ക് പിന്നാലെ ആ സ്ഥലം റിപ്പോര്‍ട്ടര്‍മാരെ കൊണ്ടു നിറയുമായിരുന്നു. എന്നാല്‍ ഇവിടെ ഒന്നും തന്നെയുണ്ടായില്ല, ആരും ശ്രദ്ധിക്കുക പോലും ചെയ്തില്ല എന്നാണ് Makepeace Sitlhou ചൂണ്ടിക്കാണിക്കുന്നത്.
ജൂണ്‍ പന്ത്രണ്ടിന് തന്നെ ഈ സംഭവമടക്കം മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ദേശീയ വനിതാ കമ്മീഷന് മുമ്പില്‍ പരാതികളെത്തിയിരുന്നു. പക്ഷെ കമ്മീഷന്‍ ഒന്നും പറഞ്ഞില്ല, ഒന്നും ചെയ്തില്ല(ഒന്നും ചെയ്തില്ലെന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ല). വീഡിയോയും പരാതികളും പുറത്തുവന്നതിന് പിന്നാലെ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ പ്രതികരണമുണ്ടായിരുന്നല്ലോ. പരാതികള്‍ ലഭിച്ച മുറക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയെന്നാണ് അവരുടെ പ്രതികരണം(അത് ചെയ്യാന്‍ ഒരു പോസ്റ്റമാന്‍ പോരേ).
അതിക്രമങ്ങളെ കുറിച്ചുള്ള പരാതികള്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയ ശേഷം നടപടിയൊന്നും ഉണ്ടാകാതിരുന്നപ്പോള്‍ പിന്നീട് എന്ത് ചെയ്തുവെന്നതാണ് ചോദ്യം. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയോ? കേന്ദ്ര വനിതാകാര്യ വകുപ്പ് മന്ത്രിയുടെ മുമ്പിലെത്തിയോ? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വകുപ്പ് വഹിക്കുന്ന മന്ത്രിയുടെയോ? ആഭ്യന്തര മന്ത്രിയുടെ അടുത്തേക്കെങ്കിലും നിങ്ങള്‍ ചെന്നോ?
(സുഖകരമല്ലാത്ത ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം. ഇതാണ് അവരുടെ പാഠപുസ്തകം: ഏതെങ്കിലും ഇന്‍സ്റ്റിട്യൂഷനെതിരെ ആരോപണമുയര്‍ന്നാല്‍ ആരുടെയെങ്കിലും മുമ്പില്‍ മൈക്ക് വെച്ചുകൊടുക്കുക, അവര്‍ക്ക് സ്വയം നിരപരാധിയാണെന്ന് പറയാനുള്ള അവസരം നല്‍കുക, അതോടെ മാധ്യമപ്രവര്‍ത്തകരുടെ കടമ കഴിഞ്ഞു).
മണിപ്പൂരിലെത്തിയ പല പ്രമുഖരെ കുറിച്ചും മാധ്യമങ്ങള്‍ വലിയ വാര്‍ത്തകള്‍ നല്‍കിയിരുന്നു. മെയ് 27ന് കരസേന മേധാവി മനോജ് പാണ്ഡെ സന്ദര്‍ശനം നടത്തി. മെയ് 29ന് സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാല് ദിവസം നീളുന്ന സന്ദര്‍ശനവും ചര്‍ച്ചകളും യോഗങ്ങളും നടത്തി. അന്നൊന്നും ഈ അതിക്രമങ്ങളെ കുറിച്ചുള്ള ഒരു വിവരവും ആഭ്യന്തരമന്ത്രി അറിഞ്ഞില്ലെന്ന് നമുക്ക് എങ്ങനെ വിശ്വസിക്കാനാകും.
അസം മുഖ്യമന്ത്രിയും നോര്‍ത്ത് ഈസ്റ്റ് ജനാധിപത്യ മുന്നണി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയും ജൂണ്‍ 10ന് മണിപ്പൂരിലെത്തിയിരുന്നു. ജൂണ്‍ നാലിന്, ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ അധ്യക്ഷതയില്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചിരുന്നു.
ഇതൊന്നും കൂടാതെ, ജൂണ്‍ 24ന് ഡല്‍ഹിയില്‍ വെച്ച് അമിത് ഷാ സര്‍വ കക്ഷിയോഗം വിളിച്ചു ചേര്‍ത്തു. രണ്ട് ദിവസത്തിന് ശേഷം മണിപ്പൂരിലെ സ്ഥതിഗതികള്‍ വിലയിരുത്താന്‍ മോദി ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.
ഇതൊക്കെ ചെയ്തിട്ടും രാജാവിനും പരിവാരങ്ങള്‍ക്കും നാട്ടില്‍ നടക്കുന്ന ‘നൂറ് കണക്കിന്’ ഹീനമായ കുറ്റകൃത്യങ്ങളെ കുറിച്ചും എഫ്.ഐ.ആറുകളെ കുറിച്ചും ഒരു വിവരവും ലഭിച്ചില്ലെന്നാണോ ? പാര്‍ട്ടിയുടെ എല്ലാ തലങ്ങളും സര്‍വ ഇന്‍സ്റ്റിട്യൂഷനുകളും ഒന്നിനും കൊള്ളാത്ത നിലയിലാണെന്നതാണ് ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്താനാകുന്ന ഏറ്റവും മികച്ച വിശകലനം. ഈ കുറ്റകൃത്യങ്ങളില്‍ ഇവരെല്ലാം പങ്കാളികളായിരിക്കാം എന്നതാണ് ഏറ്റവും മോശം വിശകലനം.
മണിപ്പൂരിലെ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ തങ്ങളാലാകുന്നതെല്ലാം ടെലിവിഷന്‍ ചാനലുകള്‍ ചെയ്തിട്ടുണ്ട്. പ്രകോപനപരമായ രണ്ട് വ്യാജ വാര്‍ത്തകള്‍ നല്‍കികൊണ്ടായിരുന്നു എ എന്‍ ഐ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചത്. മണിപ്പൂരിലെ ഗോത്രവിഭാഗങ്ങളുടെ സംഘടന കുക്കി-സോ ജനങ്ങളോട് മാപ്പ് പറഞ്ഞുവെന്നായിരുന്നു ആദ്യ വാര്‍ത്ത. ഇത് വ്യാജ വാര്‍ത്തകുറിപ്പാണെന്ന് സംഘടന അറിയിച്ചതോടെ എ എന്‍ ഐ വാര്‍ത്ത പിന്‍വലിച്ചു. മണിപ്പൂര്‍ പീഡനക്കേസില്‍ അറസ്റ്റിലായവരില്‍ ഒരു മുസ്ലിമുണ്ടെന്നായിരുന്നു അടുത്ത വാര്‍ത്ത. ബി.ജെ.പി നേതാക്കള്‍ ഈ വാര്‍ത്ത പൊടിയും തൊങ്ങലും വെച്ച് പരമാവധി പ്രചരിപ്പിച്ചു. ഒടുവില്‍ 24 മണിക്കൂറിന് ശേഷം ട്വീറ്റ് വായിച്ചപ്പോള്‍ സംഭവിച്ച പിഴവാണെന്ന മാപ്പുമായി എ.എന്‍.ഐ എത്തി.
രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ സ്ട്രിങ്ങര്‍മാരും റിപ്പോര്‍ട്ടരുമാരുമുള്ള പ്രമുഖ ന്യൂസ് ഏജന്‍സിക്ക് ഇത്രയും കലുഷിതമായ സാഹചര്യത്തില്‍ പോലും മണിപ്പൂരില്‍ നിന്നുള്ള ട്വീറ്റുകളും വാര്‍ത്താക്കുറിപ്പുകളും യഥാര്‍ത്ഥമാണോയെന്നു പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയുന്നില്ലേ? ആരാണ് ഇവരുടെ എഡിറ്റോറിയല്‍ സ്ഥാനങ്ങളിലിരിക്കുന്നത്? എങ്ങനെയാണ് അവര്‍ക്ക് ഇനിയും ആ സ്ഥാനത്ത് തുടരാനാകുന്നത്?
ഇവ രണ്ടും ശരിക്കും സംഭവിച്ച പിഴവുകളാണെന്ന് സമ്മതിച്ചാലും അപ്പോഴും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാണ്. ഈ വ്യാജ വാര്‍ത്തകളുടെ പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുത്ത്, എ.എന്‍.ഐക്കുള്ളില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ ? ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുമോ? ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാനുള്ള നടപടിയുണ്ടാകുമോ? എ.എന്‍.ഐ എഡിറ്റര്‍ സ്മിത പ്രകാശും മകനും ഫാക്ട് ചെക്കേഴ്സിനെ വെല്ലുവിളിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ഇവിടെ സംഭവിക്കുമോ?
ഇതെല്ലാം പിഴവുകള്‍ തന്നെയാണെന്നാണ് ഇനിയും നിങ്ങളുടെ വാദമെങ്കില്‍….കൂടുതലൊന്നും എനിക്ക് പറയാനില്ല.
പ്രധാന ചോദ്യം ഇതാണ്, എങ്ങനെയാണ് നമ്മള്‍ ഇവിടെ എത്തിച്ചേര്‍ന്നത്? ഉത്തരം ഇതാണ്: ഭരണകക്ഷി അവരുടെ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്ക് വേണ്ടി ഒരു സംസ്ഥാനത്തെ കലാപത്തിന് വിട്ടുകൊടുത്തു. ഇത് പിടിക്കപ്പെട്ടപ്പോള്‍ മന്ത്രിമാരും പരിവാരങ്ങളും ചേര്‍ന്ന് വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ദുര്‍ബലമായ പല ആരോപണങ്ങളും വ്യക്തിഹത്യങ്ങളും കൊണ്ട് കച്ചകെട്ടിയിറങ്ങി. അടിമവേല ചെയ്യുന്ന മാധ്യമങ്ങള്‍, പ്രത്യേകിച്ച് ടെലിവിഷന്‍ ചാനലുകള്‍ ഇവരുടെ തന്ത്രങ്ങള്‍ക്കൊപ്പം നിന്നു. പ്രമുഖ ന്യൂസ് ഏജന്‍സി എരിതീയില്‍ എണ്ണയൊഴിച്ചു കൊടുത്തു. ഇതെല്ലാം നടക്കുമ്പോള്‍ നമ്മളെന്ന പൗരസമൂഹം കയ്യുംകെട്ടി നോക്കിനിന്നു, ഇപ്പോഴും അങ്ങനെ തന്നെ നോക്കിനില്‍ക്കുന്നു.
കാലമോ വോട്ടിങ് മെഷീനുകളോ ഈ സര്‍ക്കാരിന്റെ അന്ത്യം കാണും. പക്ഷെ ഈ സര്‍ക്കാര്‍ വാര്‍ത്തെടുത്ത മനസാക്ഷി മരവിച്ച സമൂഹം അതിനൊപ്പം ഇല്ലാതാകില്ല. ആ ഭരണകാലത്തിന്റെ ഏറ്റവും വലിയ ശേഷിപ്പായി അവ തുടരും, നമ്മുടെയും.
കൂടുതല്‍ വായനക്ക്
1. ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച മണിപ്പൂരിലെ സ്ത്രീകള്‍ സംസാരിക്കുന്നതിന്റെ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പൊലീസാണ് തങ്ങളെ അക്രമിക്കൂട്ടങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തതെന്നും ചില സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.
2. മിസോറാമില്‍ നിന്നും മെയ്തെയികള്‍ പലായനം തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് വിമാനമടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ വാഗ്ദാനം.
3. മണിപ്പൂരിലെ ഏറ്റവും പുതിയ സംഭവങ്ങള്‍ സ്പ്ലെയ്നറില്‍ വായിക്കാം
4. ഇന്നത്തെ സംഘര്‍ഷങ്ങളിലേക്ക് നയിച്ച ഗോത്രവര്‍ഗ രാഷ്ട്രീയത്തെ കുറിച്ച് Makepeace Sitlthou വിശദമാക്കുന്നു
5. ഇന്റര്‍നെറ്റ് നിരോധനത്തിലൂടെ സമാധാനം പുനസ്ഥാപിക്കാനാകില്ലെന്ന് അപാര്‍ ഗുപ്ത
6. മണിപ്പൂരില്‍ സുപ്രീം കോടതി കൂടുതല്‍ ക്രിയാത്മകമായി ഇടപെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ദുഷ്യന്ത് ദാവെ
7. മണിപ്പൂരിലെ സംഭവവികാസങ്ങളും സമൂഹമെന്ന നിലയില്‍ നമുക്കിടയില്‍ സംഭവിച്ച അധപതനവും തുറന്നുകാണിച്ച് പ്രതാപ് ബാനു
8. മണിപ്പൂരും ബി.ജെ.പിയുടെ തന്ത്രങ്ങളും എന്ന വിഷയത്തില്‍ സമര്‍ ഹലര്‍ങ്കാറിന്റെ ലേഖനം
9. മണിപ്പൂര്‍ കലാപത്തിന്റെയും അതിന്റെ കാരണങ്ങളുടെയും സങ്കീര്‍ണതകള്‍ വ്യക്തമാക്കി ശ്രീമോയ് തലുക്ദാര്‍
10. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ കുറിച്ച് 2019ല്‍ കാരവാന്‍ പ്രസിദ്ധീകരിച്ച ദീര്‍ഘ റിപ്പോര്‍ട്ട്
ഇതിനിടയില്‍ ആഭ്യന്തര മന്ത്രിയെ പെട്ടെന്ന് കാണാതായ കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? കണ്ണുകളൊക്കെ തുറന്നുവെച്ചോളു. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട്.