UPDATES

EXPLAINER: എന്താണ് തെരഞ്ഞെടുപ്പു ബോണ്ട് കുംഭകോണം?; ബിജെപിയുടെ ‘രാഷ്ട്രീയ ശുദ്ധീകരണ’ പരിപാടി പ്രവര്‍ത്തിച്ചത് എങ്ങനെ?

തെരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ചും അതിനു പിന്നിലെ കൊള്ളകളെക്കുറിച്ചുമുള്ള വിശദീകരണം

                       

രാഷ്ട്രീയ പാര്‍ട്ടികള്‍ അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്നും സംഭവാനകള്‍ സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ(ഇലക്ടറല്‍ ബോണ്ട്) നിയമസാധുതയെ ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന്(ചൊവ്വാഴ്ച്ച) വാദം കേള്‍ക്കുകയാണ്. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായി, ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗാവ്ലി, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങുന്ന അഞ്ചംഗ ഭരണഘടന ബഞ്ചാണ് വാദം കേള്‍ക്കുന്നത്. എന്‍ജിഒ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സിപിഎമ്മും ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. എട്ടുവര്‍ഷത്തിലേറെയായി സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. വരുന്ന പൊതു തെരഞ്ഞെടുപ്പിനു മുമ്പായി ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നതാണ്. അജ്ഞാത ഉറവിടങ്ങളില്‍ നിന്നും സംഭവാന സ്വീകരിക്കുന്നത് നിയമവിധേയമാക്കി കൊണ്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 2017 ലെ ഫിനാന്‍സ് ആക്ട് ഭേദഗതി ചോദ്യം ചെയ്താണ് ഹര്‍ജികള്‍.

തെരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ചും അതിനു പിന്നിലെ കൊള്ളകളെക്കുറിച്ചുമുള്ള വിശദീകരണം;

നവംബര്‍ 18 മുതലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആഘോഷാരവങ്ങളോടെ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ടുകളെന്ന പുതിയ പദ്ധതി വലിയൊരു കുംഭകോണമാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഹഫിംഗ്ടണ്‍ പോസ്റ്റും അഴിമുഖവും ചേര്‍ന്ന് ഇതിലെ കള്ളക്കളികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറ് ഭാഗങ്ങളായുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെ കൊടുത്തിട്ടുണ്ട്.

കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളും മോദി സര്‍ക്കാരും  

പാര്‍ലമെന്റില്‍ നുണ പറഞ്ഞും തെരഞ്ഞെടുപ്പ് കമ്മീഷനെ എതിര്‍ത്തും കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍  

സഹസ്രകോടികളുടെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടങ്ങള്‍  

തെരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് പറഞ്ഞ പെരുംനുണകള്‍   

ചട്ടങ്ങള്‍ മറികടന്നുള്ള തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങലുകള്‍

ആരും ആവശ്യപ്പെടാതെ നടപ്പാക്കിയ തെരഞ്ഞെടുപ്പ് ബോണ്ട്  

റിസര്‍വ്വ് ബാങ്കിന്റെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയതെന്ന് രേഖകളുടെ പിന്‍വലത്തോടെ സ്ഥാപിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. നിയമഭേദഗതികള്‍ വരുത്തി, പുതിയൊരു മൂല്യവിനിമയ ഉപാധി നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാട്ടിയത് മറികടന്നായിരുന്നു സര്‍ക്കാരിന്റെ നിയമഭേദഗതി. മൂല്യവിനിമയ ഉപാധികള്‍ പുറത്തിറക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ കുത്തകയെ തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യാനൊരുമ്പെടുന്നതെന്ന ഗൗരവപ്പെട്ട നിരീക്ഷണത്തെ അടിസ്ഥാനമില്ലാത്ത വിശദീകരണങ്ങളിലൂടെയാണ് കേന്ദ്രം മറികടന്നത്.

തെരഞ്ഞെടുപ്പു കമ്മീഷന്റെ എതിര്‍പ്പുകളെയും വിലകുറഞ്ഞ രീതികളിലൂടെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചെന്ന് ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. 2016 മെയ് മാസം വരെ നടന്നത് ആറായിരം കോടിയുടെ തെരഞ്ഞെടുപ്പു ബോണ്ട് കച്ചവടമാണ്. ഇതിനെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസാണ് ചുക്കാന്‍ പിടിച്ചതെന്നും വെളിപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പു ബോണ്ടുകള്‍ വാങ്ങുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. ഇതും പച്ചയായി ലംഘിക്കപ്പെടുന്ന വസ്തുതയും പുറത്തെത്തി.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എതിര്‍ത്തിട്ടുപോലും സമാന്തര മൂല്യവിനിമയ ഉപാധികള്‍ സൃഷ്ടിച്ച് സമാന്തരമായൊരു സാമ്പത്തിക സാമ്രാജ്യം സൃഷ്ടിക്കുകയായിരുന്നു ഭരണകക്ഷിയെന്ന് സംശയിക്കാവുന്ന നിലയിലായിരുന്നു കാര്യങ്ങള്‍. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള സംഭാവനകളുടെ സിംഹഭാഗവും ബിജെപിയിലേക്കാണ് ഒഴുകുന്നതെന്നതും സംശയത്തെ ബലപ്പെടുത്തിയിരുന്നു. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ നടന്ന കുതിരക്കച്ചവടങ്ങള്‍ക്ക് ബിജെപി ഉപയോഗിച്ച പണം എവിടെ നിന്നുള്ളതാണെന്ന സംശയങ്ങള്‍ക്കും ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഉത്തരമായി.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായി?

ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വന്ന പ്രത്യേക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതേ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ അനധികൃത വില്‍പ്പന ആരംഭിക്കുകയും ചെയ്തതിന്റെ രേഖകളും പുറത്തു വന്നിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കാലാവധി കഴിഞ്ഞ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങാനും ധനമന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

2018 ജനുവരിയില്‍ തീരുമാനിച്ചത് പ്രകാരം തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്‍പ്പനയ്ക്കായി വര്‍ഷത്തില്‍ ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ എന്നിങ്ങനെ നാല് തവണ പത്തു ദിവസം വീതം വരുന്ന ഒരു കാലാവധി നിശ്ചയിക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷത്തില്‍ 30 ദിവസം വരുന്ന പ്രത്യേക കാലാവധിയും ഈ നിയമത്തിന്റെ ഭാഗമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ നിന്നും വാങ്ങാവുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സജ്ജീകരിച്ചിരുന്നത്.

എന്നാല്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ ലോകേഷ് ബത്ര സമ്പാദിച്ച്, അഴിമുഖം അവലോകനം ചെയ്ത ചില അപ്രസിദ്ധീകൃത രേഖകള്‍ പ്രകാരം മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പനയില്‍ വലിയ കൃത്രിമം നടത്തിയിരിക്കുന്നതായി കാണാം. പ്രധാനമന്ത്രിയുടെ ഓഫീസും ധന മന്ത്രാലയവും ചേര്‍ന്ന്, ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി മാത്രം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വില്‍പ്പന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി നടത്തുന്നതിനായി കടുത്ത നിയമലംഘനമാണ് നടത്തിയിരിക്കുന്നത്.

എന്തായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം?

2019 നവംബര്‍ 20ന് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ ഒരു വാര്‍ത്താസമ്മേളനം നടത്തി. തെരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചിരിക്കുകയാണെന്ന് അവര്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ രേഖകള്‍ സഹിതം വന്ന വാര്‍ത്തകളെ ആധാരമാക്കി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെക്കുറിച്ച് റിസര്‍വ് ബാങ്ക്, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവ എതിര്‍പ്പുന്നയിച്ചതു പോലും പരിഗണിക്കാതെ വലിയൊരു രാഷ്ട്രീയ കൊള്ളയ്ക്കാണ് സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

എന്തായിരുന്നു പാര്‍ലമെന്റില്‍ പ്രതിപക്ഷ നടപടികള്‍?

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിലെ ഇരുസഭകളിലും നോട്ടീസ് നല്‍കി. ബോണ്ടുകള്‍ സംബന്ധിച്ച ചട്ടം മറികടക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായുള്ള രേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നോട്ടീസ്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് നോട്ടീസിലുന്നയിച്ചത്. ലോക്സഭയില്‍ ശൂന്യവേളയില്‍ മനീഷ് തിവാരി എംപിയാണ് വിഷയം ഉന്നയിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം ട്രഷറി ബെഞ്ചില്‍ നിന്നും പ്രതിഷേധം ഉയരാന്‍ കാരണമായി. അതോടെ അദ്ദേഹത്തിന് പ്രസംഗം തുടരാന്‍ സാധിക്കാതാകുകയും ചെയ്തു.

രാജ്യസഭയില്‍ നടന്നതെന്ത്?

വന്‍ നിയമലംഘനങ്ങള്‍ക്കും സമാന്തര സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നതിനു കാരണമായ ഇലക്ടറല്‍ ബോണ്ടുകളെപ്പറ്റി രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി അനുവദിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ സംപ്രേക്ഷണം മിനിട്ടുകളോളം നിര്‍ത്തിവച്ചു. ഇതിനിടെ സഭ നിര്‍ത്തിവയ്ക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി.

ജെപിസി അന്വേഷണം?

ഇലക്ടറല്‍ ബോണ്ട് കുംഭകോണം സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇലക്ട്രല്‍ ബോണ്ടുകളുടെ നിയമസാധുത സംബന്ധിച്ച് നേരത്തെയുള്ള സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ചോദ്യത്തോര വേളയിലും പ്രതിപക്ഷം 21ന് ഈ ആവശ്യം ഉന്നയിച്ചു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ രാജ്യസഭയിലും ലോക്സഭയിലും ഉന്നയിക്കുന്നത് തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ‘2017 ന് മുമ്പ്, ഈ രാജ്യത്ത് ഒരു അടിസ്ഥാന ഘടന ഉണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ സമ്പന്നരുടെ ഇടപെടലില്‍ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ നല്‍കുന്നവരെ കുറിച്ചും അവരുടെ പശ്ചാത്തലത്തെകുറിച്ചും വ്യക്തതയില്ല,’ മനീഷ് തിവാരി അന്നു ലോക്‌സഭയില്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ നടന്ന കുതിരക്കച്ചവടത്തിന് ചെലവഴിച്ച പണം

2018 ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്നും അധികാരം തട്ടിയെടുക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയത് ഈ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഉപയോഗിച്ചാണെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. കര്‍ണാടകത്തില്‍ കൂറ് മാറിയ കോണ്‍ഗ്രസ് നേതാക്കളുടെ വരുമാനത്തില്‍ ഭീമമായ വര്‍ധന എങ്ങനെയുണ്ടായി എന്ന ചോദ്യം ചര്‍ച്ചയായിരുന്നു. ഈ പണം ഇലക്ടറല്‍ ബോണ്ടുകളിലൂടെ ബിജെപി സമ്പാദിച്ചതാണെന്നായിരുന്നു ആരോപണം. കര്‍ണാടകത്തില്‍ അയോഗ്യരായ വിമത എംഎല്‍എമാരുടെ ആസ്തിയില്‍ വന്‍ വര്‍ധനവാണുണ്ടായത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എംടിബി നാഗരാജുവിന്റെയും ആനന്ദ് സിംഗിന്റെയും ആസ്തിയില്‍ നൂറ് കോടിയിലേറെ രൂപയുടെ വര്‍ധനവുണ്ടായി. ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കഴിഞ്ഞപ്പോഴാണ് ഒന്നര കൊല്ലം കൊണ്ട് വിമത എംഎല്‍എമാരുടെ ആസ്തിവര്‍ധനവിന്റെ കണക്ക് വന്നത്. ഏറ്റവും സമ്പന്നനായ എംഎല്‍എയായിരുന്ന എംടിബി നാഗരാജു ഒസക്കോട്ടെയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി. 2018 തെരഞ്ഞെടുപ്പ് കാലത്തുള്ളതിനേക്കാള്‍ 180 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിന് വര്‍ധിച്ചത്. മന്ത്രിപദവി ഉള്‍പ്പെടെ രാജിവച്ച ജൂലൈ മാസത്തിന് ശേഷം നാഗരാജുവിന്റെ പേരില്‍ വന്ന സ്ഥിരനിക്ഷേപം 48 കോടി രൂപയുടേതായിരുന്നു. ജയിച്ചാല്‍ മന്ത്രിപദവി തന്നെയായിരുന്നു യെദ്യൂരപ്പ ഉറപ്പുനല്‍കിയിരുന്നത്. വിജയനഗരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ആനന്ദ് സിംഗിന്റെ ആസ്തി 103 കോടിയാണ് വര്‍ധിച്ചത്. 2018ല്‍ ബിജെപിയില്‍ നിന്നും രാജിവച്ചാണ് ആനന്ദ് സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വിമതനായിരുന്ന ഭൈരവി ബസവരാജിന്റെ ആസ്തി 28 കോടിയും ജെഡിഎസ് വിമതന്‍ കെ ഗോപാലയ്യയുടെ ആസ്തി 7.5 കോടിയും കൂടി. ഇരുവര്‍ക്കും ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്തു. കെ സുധാകര്‍, ബി സി പാട്ടീല്‍ എന്നിവരുടെ കണക്കുകളും മോശമായിരുന്നില്ല.

ഭീകരബന്ധമുള്ള കമ്പനിയില്‍ നിന്നും ബിജെപിക്ക് ഫണ്ട്?

വന്‍ തുകകളാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് (പ്രത്യേകിച്ച് ബിജെപിക്ക്) ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക ഇടപാട് നടത്തിയതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്ന കമ്പനിയില്‍നിന്ന് ബിജെപി സംഭാവന കൈപറ്റി. ബിജെപി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖയിലാണ് ഇക്കാര്യമുള്ളതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. 10 കോടി രൂപയാണ് വിവാദ കമ്പനി ബിജെപിയ്ക്ക് നല്‍കിയത്.

മുംബൈ സ്ഫോടന കേസിലെ പ്രതി ഇക്ബാല്‍ മിര്‍ച്ചി എന്ന് ഇക്ബാല്‍ മേമനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടത്തുന്ന ആര്‍ കെ ഡബ്ല്യൂ ഡവലപേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് പണം കൈപറ്റിയെന്നാണ് ബിജെപി നല്‍കിയ രേഖയില്‍ പറയുന്നത്. പത്തുകോടി രൂപയാണ് ഭീകര പ്രവര്‍ത്തനത്തിന് സഹായം നല്‍കിയതിന് അന്വേഷണം നേരിടുന്ന കമ്പനിയില്‍നിന്ന് ബിജെപി കൈപറ്റിയത്. ബിജെപിയ്ക്ക് ഒരു കമ്പനിയില്‍നിന്ന് മാത്രമായി ഏറ്റവും കൂടുതല്‍ തുക ലഭിച്ചതും ഈ കമ്പനിയില്‍നിന്നാണ്. ആര്‍കെഡബ്ല്യു എന്ന കമ്പനിയുടെ മുന്‍ ഡയറക്ടര്‍ രഞ്ജീത് ബിന്ദ്രയെ അധോലോകവുമായി ചേര്‍ന്ന് പണമിടപാട് നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു.

മിര്‍ച്ചിയുമായി സ്ഥലമിടപാട് നടത്തിയ സണ്‍ബ്ലിക്ക് എന്ന കമ്പനിയിലെ ഡയറക്ടര്‍ മേഹുല്‍ അനില്‍ ബാവിഷി തന്നെ ഡയറക്ടറായുള്ള സ്‌കില്‍ റിയല്‍ട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നും ബിജെപിയ്ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ് ഈ കമ്പനി ബിജെപിയ്ക്ക് നല്‍കിയത്. ആര്‍കെഡബ്ല്യു കമ്പനിയുടെ ഡയറക്ടറായ പ്ലാസിന്റ് ജേക്കബ് നോരോന്‍ഹ ഡയറക്ടറായ മറ്റൊരു കമ്പനി ദര്‍ശനന്‍ ഡവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 7.5 കോടി രൂപ 2016-17 ല്‍ ബിജെപിക്ക് സംഭാവന നല്‍കിയിരുന്നു.

എന്‍സിപിയുടെ പ്രഫുല്‍ പട്ടേല്‍ ഉടമയായ മില്ലേനിയം ഡവലപ്പേഴ്‌സുമായി മിര്‍ച്ചി ഇടപാടെ നടത്തിയെന്ന് ആരോപണമുന്നയിച്ച് അദ്ദേഹത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുക വരെയുണ്ടായി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് നടന്ന ഈ നീക്കം രാഷ്ട്രീയപരമാണെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ഇതേ കമ്പനിയില്‍ നിന്നാണ് ബിജെപി പത്തു കോടി രൂപ വാങ്ങിയിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം.

എന്തായിരുന്നു സര്‍ക്കാര്‍ വിശദീകരണം?

ഇലക്ടറല്‍ ബോണ്ട് കുംഭകോണം സംബന്ധിച്ചുള്ള ആരോപണങ്ങളെയെല്ലാം തള്ളുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിക്കുകയും വിവാദം പടരുടകയും ചെയ്തതതിന് പിന്നാലെയായിരുന്നു സര്‍ക്കാറിനെ ന്യായീകരിച്ച് പീയുഷ് ഗോയല്‍ രംഗത്ത് എത്തിയത്. ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഴിമതിക്കെതിരെ യുദ്ധം ചെയ്യുകയും രാഷ്ട്രീയ ധനസഹായത്തില്‍ സുതാര്യത കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് അവകാശപ്പെട്ട അദ്ദേഹം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിശദീകരിച്ചു. കള്ളപ്പണത്തിനെതിരെ പോരാടുന്ന ഒരേയൊരു പാര്‍ട്ടിയാണ് ബിജെപി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുതാര്യത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളായിരുന്നു ബിജെപി നടത്തി വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Share on

മറ്റുവാര്‍ത്തകള്‍