UPDATES

ജനരോഷം ഫലം കണ്ടു; പൊലീസ് അടച്ചു പൂട്ടിയ കേസ് പുനരന്വേഷിക്കും

രോഹിത് വെമുല കേസ്

                       

2016 ജനുവരിയിൽ ആത്മഹത്യ ചെയ്‌ത ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുനരാരംഭിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ. പൊതുജന സമ്മർദ്ദത്തെത്തുടർന്നാണ് പുതിയ നീക്കം. തന്റെ ജന്മം തന്നെയാണ് ഏറ്റവും വലിയ തെറ്റെന്ന് നിരാശപ്പെട്ട് ഹൈദരാബാദ് സർവകലാശാല ഹോസ്റ്റലിൽ ജീവിതം അവസാനിപ്പിച്ച ദളിത് വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല. എട്ടുവർഷങ്ങൾക്കിപ്പുറം, ആ പിഎച്ച്ഡി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസ് തെലങ്കാന പൊലീസ് അവസാനിപ്പിച്ചിരുന്നു. ശരിയായ ജാതി പുറത്തറിയുമെന്ന പേടിയിലാണ് രോഹിത് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ അന്തിമമായ കണ്ടെത്തൽ. ഈ നിഗമനത്തിൽ വലിയ ജനപ്രതിഷേധമാണ് നടന്നത്. ബിജെപി നേതാക്കളടക്കമുള്ളവരെ കുറ്റവിമുക്തമാക്കി കൊണ്ടായിരുന്നു റിപ്പോർട്ട്.Rohith Vemula sucide

രോഹിതിൻ്റെ അമ്മ രാധിക വെമുല, സഹോദരൻ രാജ വെമുല, 2016-ലെ ‘ജസ്റ്റിസ് ഫോർ രോഹിത് വെമുല’ കാമ്പയിനിൻ്റെ ഭാഗമായിരുന്ന വിദ്യാർത്ഥി നേതാക്കളും അധ്യാപകരുമായും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഒരു രഹസ്യ യോഗം ചേർന്നിരുന്നു. തെലങ്കാന പോലീസ് വെള്ളിയാഴ്ച ഹൈക്കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കേസ് വീണ്ടും അന്വേഷിക്കനുള്ള തീരുമാനം സ്വീകരിക്കുന്നത്. ക്ലോഷർ റിപ്പോർട്ട് നിഗമനങ്ങളിൽ വൻ ജനരോഷമായിരുന്നു ഉണ്ടായിരുന്നത്.

“കേസിൽ തുടരന്വേഷണം അനുവദിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ ഹർജി സമർപ്പിക്കും” എന്ന് വെള്ളിയാഴ്ച വൈകുന്നേരം ഡയറക്ടർ ജനറൽ ഓഫ് പോലീസ് രവി ഗുപ്ത പ്രസ്താവനയിറക്കിയിരുന്നു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും രോഹിതുമായി അടുപ്പമുള്ളവരും തെലങ്കാന പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിജിപി മാധ്യമങ്ങളെ അറിയിച്ചു.

മാർച്ച് 21 ന് കോടതിയിൽ സമർപ്പിച്ച രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട ക്ലോഷർ റിപ്പോർട്ട്, വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി, അന്നത്തെ സെക്കന്തരാബാദ് എംപി ബന്ദാരു ദത്താത്രേയ, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം എൻ രാമചന്ദർ റാവു, വൈസ് ചാൻസലർ അപ്പ റാവു എന്നിവരെ ഒഴിവാക്കിയിരുന്നു. വെമുലയുടെ സഹോദരൻ രാജ, പോലീസ് വാദങ്ങളെ തള്ളിക്കളഞ്ഞു. തെറ്റായ റിപ്പോർട്ടെന്ന് ആരോപിച്ച അദ്ദേഹം പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു വ്യക്തിയുടെ ജാതി തീരുമാനിക്കാൻ കഴിയില്ലെന്ന് വാദിക്കുകയും ചെയ്തു. തീരുമാനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണുമെന്ന് അദ്ദേഹം മെയ് 4 വെള്ളിയാഴ്ച പറഞ്ഞിരുന്നു.

എന്നിരുന്നാലും, രോഹിത് പട്ടികജാതി വിഭാഗത്തിൽ പെട്ട വ്യക്തി അല്ലെന്ന് റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ ജനങ്ങളെ പ്രോകോപിപ്പിച്ചതും ഈ ഭാഗമായിരുന്നു. തൻ്റെ യഥാർത്ഥ ജാതി പുറത്താക്കുമെന്ന് ഭയന്ന രോഹിത് ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടിലെ നിഗമനം. കുടുംബത്തിൻ്റെ ജാതി സർട്ടിഫിക്കറ്റ് പോലുള്ള ഒരു തെളിവും നൽകാതെയാണ് ഈ നിഗമനത്തിൽ എത്തിയതെന്നും വ്യാജരേഖ ചമച്ചതായും പരാതിയിൽ പറയുന്നു. ജന്മം കൊണ്ട് ദളിത് മാലയായ രോഹിതിൻ്റെ അമ്മയെ ഒബിസി വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീയാണ് ദത്തെടുത്തതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ പോലീസ് ഈ വസ്തുതകൾ ഒന്നും പരിഗണിച്ചിട്ടില്ല.

തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് നാല് മാസത്തിന് ശേഷവും, മെയ് 13ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), ന്യൂനപക്ഷങ്ങൾ എന്നിവർക്ക് വിദ്യാഭ്യാസത്തിനും അന്തസ്സിനുമുള്ള അവകാശം സംരക്ഷിക്കുന്നതിനായി രോഹിത് വെമുല നിയമം നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയിരുന്നു. അടുത്തിടെ നടന്ന ഭാരത് ജോഡോ യാത്രയിൽ ഗാന്ധി രാധിക വെമുലയെ കോൺഗ്രസിൽ ചേരാൻ ക്ഷണിച്ചിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങൾ നേരിടുന്നതിനാലും ജീവിതകാര്യങ്ങളിൽ തൃപ്തനല്ലാത്തതിനാലുമാണ് രോഹിത് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് പോലീസിൻ്റെ ക്ലോഷർ റിപ്പോർട്ട്. കൂടാതെ വിദ്യാർത്ഥികൾ കേസ് നൽകിയ വൈസ് ചാൻസലർ അപ്പ റാവു ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണനേതൃത്വത്തെയും രാഷ്ട്രീയ നേതാക്കളെയും വെറുതെവിട്ടു. രോഹിതിൻ്റെ മികച്ച അക്കാദമിക് റെക്കോർഡ് ഉണ്ടായിരുന്നിട്ടും, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ കൂടുതൽ സമയം കാമ്പസ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

രോഹിതിനെയും അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ(എഎസ്എ) നേതാക്കളായ വിദ്യാർത്ഥികളെയും യൂണിവേഴ്‌സിറ്റ് ഹോസ്റ്റലിൽ നിന്നും പുറത്താക്കിയത് സർവകലാശാല അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വച്ച നിബന്ധനകൾ ലംഘിച്ചതുകൊണ്ടാണ് പുറത്താക്കൽ നടപടി വേണ്ടി വന്നതെന്നു കൂടി പൊലീസ് റിപ്പോർട്ടിൽ അധികാരി വർഗത്തിനായുള്ള പ്രതിരോധമായി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

പിഎച്ച്‌ഡി പണ്ഡിതനായ രോഹിത് വെമുലയുടെ മരണത്തെത്തുടർന്ന് 2016-ൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ജോയിൻ്റ് ആക്ഷൻ കമ്മിറ്റി, അടച്ചുപൂട്ടൽ റിപ്പോർട്ടിലെ പ്രകടമായ വീഴ്ചകളും തെറ്റായ വ്യാഖ്യാനങ്ങളും പട്ടികപ്പെടുത്തി മെയ് 3-ന് ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. 10.02.2017 ന് ഗുണ്ടൂർ കലക്ടർ നൽകിയ ജാതി റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും രോഹിതിൻ്റെ കുടുംബം റിപ്പോർട്ടിനെതിരെയുള്ള വെല്ലുവിളിയെ അവഗണിക്കുകയാണെന്നും ജെഎസിയുടെ ഭാഗമായ വിദ്യാർത്ഥികൾ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

English summary; Telangana police to reinvestigate Rohith Vemula case due to massive public outrage

Share on

മറ്റുവാര്‍ത്തകള്‍