UPDATES

ശാസന ഫലം കണ്ടു: കാല്‍ പേജ് ക്ഷമാപണ പരസ്യവുമായി പതഞ്ജലി

ഏഴ് വര്‍ഷം മുന്‍പ് തന്നെ വ്യാജ അവകാശവാദങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.

                       

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ വലിയ മാപ്പപേക്ഷയുമായി പതഞ്ജലി. മുന്‍പ് ഒറ്റകോളം മാപ്പപേക്ഷ നല്‍കിയപ്പോള്‍ മൈക്രോസ്‌കോപ്പ് വച്ച് നോക്കണമെന്ന് സുപ്രിം കോടതി ശാസിച്ചതിന് പിന്നാലെയാണ് കാല്‍ പേജ് വരുന്ന നിരുപാധിക മാപ്പപേക്ഷ പതഞ്ജലി നല്‍കിയത്. പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് സഹ സ്ഥാപകരായ ഗുരു രാംദേവും ആചാര്യ ബാല്‍കൃഷ്ണയും ചേര്‍ന്നാണ് പരസ്യം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സുപ്രിം കോടതിയുടെ ഉത്തരവും നിര്‍ദേശങ്ങളും പാലിക്കാത്തതില്‍ വ്യക്തിപരമായും സ്ഥാപനത്തിന്റെ പേരിലും നിരുപാധികമായി മാപ്പ് ചോദിക്കുന്നു.2023 നവംബര്‍ 22ന് വാര്‍ത്താസമ്മേളനം നടത്തിയതിനും പരസ്യങ്ങളില്‍ പ്രസിദ്ധീകരിച്ച തെറ്റുകള്‍ക്കും നിരുപാധികം മാപ്പ്. ഭാവിയില്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. മുന്‍പ് പതഞ്ജലി മാപ്പ് പരസ്യം പ്രസിദ്ധീകരിച്ചപ്പോള്‍ ചെറിയ കോളത്തിലായിരുന്നു നല്‍കിയത്. പത്രങ്ങളില്‍ പരസ്യം നല്‍കുമ്പോള്‍ ഇതല്ലല്ലോ വലുപ്പമെന്ന ചോദ്യം ഉന്നയിച്ച് കൊണ്ടാണ് ഇതിനെതിരേ ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.സുപ്രിംകോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കല്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനു ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസിലായിരുന്നു മാപ്പ് പ്രസിദ്ധീകരിച്ചത്. കേസില്‍ അടുത്ത വാദം ഈ മാസം 30നാണ്.

കോവിഡ് കാലത്ത് കൊറോനില്‍ എന്ന മരുന്നിന്റേതടക്കം പരസ്യങ്ങള്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് നേരത്തെ നല്‍കിയിട്ടുണ്ട്. അദ്ഭുതശേഷിയുള്ള ഉത്പന്നങ്ങള്‍ എന്ന രീതിയില്‍ മരുന്നുകളുടെ പരസ്യം നല്‍കുന്നതു നിരോധിക്കുന്ന ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് (പ്രൊഹിബിഷന്‍ ആക്റ്റ്) ചട്ടം 170 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതു മുതലെടുത്തായിരുന്നു ഈ പരസ്യം. ഈ ചട്ടം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.  എന്തുകൊണ്ടാണെന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചു.2018ലാണ് ചട്ടം 170 ഈ നിയമത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആയുഷ് മന്ത്രാലയം ഇത് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകള്‍ക്കാണ് ഈ ചട്ടം പ്രധാനമായും ബാധകമാകുക. അലോപ്പതി മേഖലയിലെ മരുന്നുകളും പതഞ്ജലിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് പതഞ്ജലിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ പാടില്ല എന്നും കോടതി ചോദിച്ചു. ഏഴ് വര്‍ഷം മുന്‍പ് തന്നെ പതഞ്ജലി ആയൂര്‍വേദയുടെ മൊത്തം 33 ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ 25 എണ്ണവും വ്യാജ അവകാശവാദങ്ങളാണെന്ന് ഇന്ത്യന്‍ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. അഴിമുഖം അടക്കമുള്ള മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.

പരസ്യങ്ങള്‍ പലതും തെറ്റിധരിപ്പിക്കുന്നതും വ്യാജവും തെളിവില്ലാത്ത അവകാശവാദങ്ങളില്‍ ഊന്നിയുള്ളതുമാണെന്നാണ് പരസ്യ വ്യവസായത്തെ നിരീക്ഷിക്കുന്ന ഒരു സ്വയംഭരണ സംഘടനയാണ് എഎസ്സിഐ കണ്ടെത്തിയത്.2015-16ല്‍ പുറത്തിറങ്ങിയ 135 പരസ്യങ്ങളെ കുറിച്ചുള്ള പരാതികളാണ് കൗണ്‍സിലിന് ലഭിച്ചത്. ഇതില്‍ പതഞ്ജലിയുടെ 25 ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് പതഞ്ജലി ദന്തകാന്തി ഒരു ടൂത്ത്പേസ്റ്റ് മാത്രമാണ്. എന്നാല്‍ അതിന് മോണയിലെ രക്തസ്രാവത്തെയും പല്ലുകളുടെ സ്പര്‍ശക്ഷമതയെയും വായ്നാറ്റത്തെയും ശമിപ്പിക്കാന്‍ ശേഷിയുണ്ടെന്നാണ് രാംദേവ് അവകാശപ്പെട്ടിരുന്നത്.

 

Content Summary; SC order: Patanjali issues another ‘bigger’ public apology

Related news


Share on

മറ്റുവാര്‍ത്തകള്‍