‘His Story Should Be Here’ ; ഇതാണ് ബാനര്‍ ഹെഡിംഗ്. ഇവാന്‍ ഗെര്‍ഷോക്‌വിച്ചിന്റെ ചിത്രവും ഒപ്പമുണ്ട്. തലക്കെട്ടിന് താഴെ മൂന്നു കോളം വീതിയില്‍, പകുതിയും കടന്ന് വൈറ്റ് സ്‌പേസ്. ശൂന്യമായ വലിയൊരു കോളം. വലത് വശത്ത് ഒറ്റക്കോളത്തിലും, താഴെയും ഇവാനെ കുറിച്ചും ലോകത്തിലെ മാധ്യമരംഗത്തെക്കുറിച്ചുമുള്ള ആശങ്കകളും വാര്‍ത്തകളും. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ പ്രതിഷേധമാണിത്, ഒപ്പം തങ്ങളുടെ മാധ്യമപ്രവര്‍ത്തകനുള്ള ഐക്യദാര്‍ഢ്യവും. കഴിഞ്ഞ ഒരു വര്‍ഷമായി റഷ്യ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗെര്‍ഷോക്‌വിച്ച്.
2023 മാര്‍ച്ച് 29 നാണ് റഷ്യന്‍ നഗരമായ യെക്കാറ്റെറിന്‍ബര്‍ഗിലേക്ക് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായ യാത്രയ്ക്കിടയില്‍ 32 കാരനായ ഗെര്‍ഷോക്‌വിച്ച് അറസ്റ്റിലാകുന്നത്. അനുമതിയോ രേഖകളോ കൂടാതെ അമേരിക്കയ്ക്കു വേണ്ടി റഷ്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകനെന്നായിരുന്നു റഷ്യന്‍ അധികൃതരുടെ ആരോപണം. ഗെര്‍ഷോക്‌വിച്ചിനെ രാഷ്ട്രീയ തടവുകാരന്‍ എന്നാണ് അമേരിക്ക അഭിസംബോധന ചെയ്യുന്നത്. മാധ്യമപ്രവകര്‍ത്തകന്റെ അറസ്റ്റ് തെറ്റായ നടപടിയാണെന്നും വൈറ്റ് ഹൗസ് അപലപിച്ചിരുന്നു. ഗെര്‍ഷോക്‌വിച്ചിന്റെ മോചനം സാധ്യമാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് വെള്ളിയാഴ്ച്ചയും പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനം ഒരു ക്രിമിനല്‍ കുറ്റമല്ലെന്നു പറഞ്ഞ ബൈഡന്‍, യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിനു പിന്നിലെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ചിരുന്ന ജേര്‍ണലിസ്റ്റായിരുന്നു ഗെര്‍ഷോക്‌വിച്ച് എന്നും ചൂണ്ടിക്കാട്ടി.
‘ ജേര്‍ണലിസം ഒരു കുറ്റകൃത്യമല്ല. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ തന്റെ ജോലിക്കായാണ് ഇവാന്‍ റഷ്യയിലേക്കു പോയത്. തന്റെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് അയാള്‍ ശ്രമിച്ചത് യുക്രെയ്‌ന് എതിരായ റഷ്യന്‍ അധിനിവേശത്തിനു പിന്നിലെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാനായിരുന്നു’ വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബൈഡന്‍ പറയുന്നു. അമേരിക്കക്കാരെ വച്ച് വിലപേശാനാണ് റഷ്യ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ബൈഡന്‍ വിമര്‍ശിച്ചു.
അതേസമയം ഗെര്‍ഷോക്‌വിച്ചിന്റെ കേസുമായി ബന്ധപ്പെട്ട് റഷ്യയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ മോശമാണ്. റഷ്യന്‍ കോടതി മാധ്യമപ്രവര്‍ത്തകന്റെ റിമാന്‍ഡ് ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് റിമാന്‍ഡ് നീട്ടുന്നത്.
ഗെര്‍ഷോക്‌വിച്ചിന്റെ കുടുംബം വലിയ ആശങ്കയിലാണ്. ഇങ്ങനെയൊരു അനുഭവം ഗെര്‍ഷോക്‌വിച്ചിന് നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ഇനിയെന്താണ് നടക്കാന്‍ പോകുന്നതെന്നറിയാതെ ഒരു വര്‍ഷമായി തടവില്‍ കഴിയേണ്ടി വരുന്നു, വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ പങ്കുവച്ച വായനക്കാര്‍ക്കായുള്ള കത്തതില്‍ ഗെര്‍ഷോക് വിച്ചിന്റെ കുടുംബം പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷം സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തതാണ്. ശ്വാസമടക്കിപ്പിടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇവാനെ കുറിച്ച് ആലോചിക്കുന്ന നിമിഷങ്ങളിലെല്ലാം ഞങ്ങള്‍ ഹൃദയം വേദനകൊണ്ട് പിടയുകയാണ്’- കുടുംബം അവരുടെ സങ്കടം പങ്കുവയ്ക്കുന്നു.