പതിവ് പാതകളില്‍ നിന്നകന്ന് ടെക്‌സാസ് ബിഷപ്പ് ജോസഫ് സ്ട്രിക്‌ലാന്‍ഡിനെ പുറത്താക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പപ്പയെ പ്രേരിപ്പിച്ചത് എന്താണ്?
മാര്‍പാപ്പയുടെ കടുത്ത വിമര്‍ശകരായ യാഥാസ്ഥിതിക അമേരിക്കന്‍ റോമന്‍ കാത്തോലിക്കരില്‍ ഒരാളാണ് ബിഷപ്പ് ജോസഫ് എങ്കിലും, വത്തിക്കാന്‍ അതിന്റെ ‘ എതിരാളികളെ’ നിശബ്ദരാക്കാന്‍ സാധാരണ സ്വീകരിക്കുന്ന മാര്‍ഗം ഇതായിരുന്നില്ല.
ഒരു ബിഷപ്പിനെ, ചുമതലകളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതും അസാധാരണമാണ്.
വത്തിക്കാനുമായി ഏറ്റുമുട്ടലിലുള്ള ബിഷപ്പുമാരോട് രാജി ആവിശ്യപ്പെടുകയും മാര്‍പാപ്പ രാജി അംഗീകരിക്കുകയുമാണ് പതിവ്. ബിഷപ്പുമാര്‍ സ്വന്തം തീരുമാനപ്രകാരം രാജി സമര്‍പ്പിക്കുന്നതും വത്തിക്കാന്‍ തടയും.
ഇവിടെ, അത്തരം രീതികളെല്ലാം മറികടന്നിരിക്കുന്നു.
വത്തിക്കാന്‍ രാജി ആവിശ്യപ്പെട്ടിട്ടും, ഒരു ബിഷപ്പ് അനുസരിക്കാതെ വരുമ്പോഴാണ്, പുറത്താക്കാന്‍ മാര്‍പാപ്പ നിര്‍ബന്ധിതനാകുന്നത്.
ടെക്‌സാസിലെ ടെയലര്‍ രൂപത ബിഷപ്പ് ജോസഫ് സ്ട്രിക്‌ലാന്‍ഡിന് ഇപ്പോള്‍ പ്രായം 65. ബിഷപ്പുമാര്‍ പദവിയില്‍ നിന്നും വിരമിക്കാന്‍ കണക്കാക്കിയിരിക്കുന്ന പ്രായത്തേക്കാള്‍ പത്തുവര്‍ഷം കുറവ്.
ഈ വര്‍ഷം ആദ്യം തന്നോട് രാജിവയ്ക്കാന്‍ വത്തിക്കാനില്‍ നിന്നും നിര്‍ദേശം നല്‍കിയിരുന്നതായി ബിഷപ്പ് ജോസഫ് പറയുന്നുണ്ട്. എന്നാല്‍, ആഈ നിര്‍ദേശം അദ്ദേഹം അവഗണിക്കുകയാണുണ്ടായത്.
അന്തരിച്ച മുന്‍ പോപ് ബെനഡിക്ട് പതിനാറാമന്‍ ആയിരുന്നു 2012-ല്‍ ജോസഫ് സ്ട്രിക്‌ലാന്‍ഡിനെ ബിഷപ്പ് പദവിയിലേക്ക് നിയോഗിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ പേരെടുത്തൊരു കത്തോലിക്ക മെത്രാന്‍ കൂടിയായിരുന്നു സ്ട്രിക്‌ലാന്‍ഡ്. കത്തോലിക്ക സഭയുടെ യാഥാസ്ഥിതിക സ്വഭാവമായിരുന്നു ബിഷപ്പ് ജോസഫിന്റെ സമൂഹമാധ്യമ കുറിപ്പുകള്‍ക്കുണ്ടായിരുന്നത്. ഈ വര്‍ഷമാദ്യമാണ്, എക്‌സില്‍(ട്വിറ്റര്‍) അദ്ദേഹം, ഫ്രാന്‍സിസ് മാര്‍പാപ്പയെ പരസ്യമായി കുറ്റം പറഞ്ഞത്. ‘ വിശ്വാസത്തിന്റെ നിക്ഷേപത്തെ തുരങ്കം’ വയ്ക്കുന്നു എന്നായിരുന്നു പോപ് ഫ്രാന്‍സിസിനെതിരായ ട്വിറ്റ്.
ഫ്രാന്‍സിസ് പാപ്പയുടെ പരിഷ്‌കരണ ആശയങ്ങളോട് ഒരിക്കലും യോജിക്കാന്‍ കഴിയാത്തവിധം യാഥാസ്ഥിതികനായിരുന്നു സ്ട്രിക്‌ലാന്‍ഡ്. എല്‍ജിബിടി കമ്യൂണികള്‍ക്ക് കത്തോലിക്ക സഭയുടെ വാതായനങ്ങള്‍ തുറന്നിടാനുള്ള സഭാധിപന്റെ ആഹ്വാനം ബിഷപ്പ് ജോസഫിനെ പോലുള്ളവര്‍ക്ക് ഒരിക്കലും അംഗീകരിക്കാനാകാത്തതായിരുന്നു. വത്തിക്കാന്‍ സിനഡ് തീരുമാനം മറികടന്ന് അല്‍മായര്‍ക്ക് സഭയില്‍ കൂടുതല്‍ ഉത്തരവാദിത്തം നല്‍കാനുള്ള മാര്‍പാപ്പയുടെ ശ്രമവും ടെയ്‌ലര്‍ രൂപ ബിഷപ്പ് എതിര്‍ത്തിരുന്നു.
ബിഷപ്പ് ജോസഫ് സ്ട്രിക്‌ലാന്‍ഡിനെ പദവിയില്‍ നിന്നും ഒഴിവാക്കാന്‍ ശനിയാഴ്ച്ച(11 നവംബര്‍ 2023) മാര്‍പാപ്പ അംഗീകാരം നല്‍കുന്നത് ഒരു അന്വേഷണ റിപ്പോര്‍ട്ടിന്റെ പുറത്താണെന്ന് സംസാരമുണ്ട്. സ്ഥിരീകരണമില്ല. ഈ വര്‍ഷമാദ്യം ടെയ്‌ലര്‍ രൂപതയുടെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. ബിഷപ്പ് ജോസഫ് സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള അവലോകനവും അന്വേഷണത്തിന്റെ ഭാഗമായി നടന്നിരുന്നുവെന്നാണ് കത്തോലിക്ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വത്തിക്കാനും യു എസ് ബിഷപ്പ് കോണ്‍ഫറന്‍സും ഒരേസമയത്താണ് ബിഷപ്പ് ജോസഫ് സ്ട്രിക്‌ലാന്‍ഡിനെ പുറത്താക്കുന്ന തീരുമാനം പ്രഖ്യാപിച്ചതെങ്കിലും ഇതുവരെയായിട്ടും അതിന്റെ കാരണം ഒരു പ്രസ്താവനയില്‍ കൂടിപ്പോലും വ്യക്തമാക്കിയിട്ടില്ല.
ജോസഫ് സ്ട്രിക്‌ലാന്‍ഡും ഇതുവരെ പ്രതികരിച്ചിട്ടില്ല. ദ ഗാര്‍ഡിയന്‍ പറയുന്നത്, അവര്‍ രൂപതയില്‍ ബന്ധപ്പെട്ടപ്പോള്‍, വാരന്ത്യമായിട്ട് തങ്ങള്‍ അവധിയിലാണെന്ന മറുപടിയാണ് കിട്ടിയതെന്നാണ്.
കിഴക്കന്‍ ടെക്‌സാസിലുള്ള താരതമ്യേന ചെറുതായ ഒരു ലത്തീന്‍ കത്തോലിക്ക രൂപതയാണ് ടെയ്‌ലര്‍. എങ്കിലും അവിടുത്തെ മെത്രാനായിരുന്ന ജോസഫ് സ്ട്രിക്‌ലാന്‍ഡിന്റെ ശബ്ദം ആഗോള കത്തോലിക്ക സഭയിലും മുഴങ്ങിയിരുന്നു. അമേരിക്കന്‍ കത്തോലിക്ക സഭയിലെ തീവ്ര യാഥാസ്ഥിതികരുടെ ഏറ്റവും വാചാലനായ പ്രതിനിധിയായിരുന്നു സ്ട്രിക്‌ലാന്‍ഡ്. തന്റെ രൂപത പരിധിക്കപ്പുറത്തും സ്ട്രിക്‌ലാന്‍ഡിന് അനുയായികളുണ്ടായിരുന്നു.
അമേരിക്കന്‍ ഭരണതാത്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിലപാടുകളാണ് അവിടുത്തെ കത്തോലിക്ക സഭയ്ക്കുമുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയാകട്ടെ അത്തരം നിലപാടുകളില്‍ അസ്വസ്ഥനുമായിരുന്നു.യു എസ് കത്തോലിക്ക സഭയുടെ ‘ പിന്തിരിപ്പന്‍’ ആശയങ്ങളെ പ്രതി മാര്‍പാപ്പ തന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില സംഭവങ്ങളില്‍ വിശ്വാസത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രം കൊണ്ട് മാറ്റിമറിച്ചിട്ടുണ്ടെന്നും പാപ്പ വിലപിച്ചിരുന്നു.
ബിഷപ്പ് ജോസഫ് സ്ട്രിക്‌ലാന്‍ഡിന് അമേരിക്കയിലെ ഒരു വിഭാഗം യാഥാസ്ഥിതിക മാധ്യമങ്ങള്‍ ഒരു നായക പരിവേഷം നല്‍കിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അനുകൂലിക്കുന്നവരാണ് ഈ മാധ്യമങ്ങള്‍. അവരെന്തിന് സ്ട്രിക്‌ലാന്‍ഡിനെ തോളിലേറ്റുന്നു എന്നതിന് ഒരേയൊരു കാരണമാണുള്ളത്; ട്രംപിന്റെ ശക്തനായ അനുയായിയാണ് കത്തോലിക്ക മെത്രാനായിരുന്ന ജോസഫ് സ്ട്രിക്‌ലാന്‍ഡ്.
കടുത്ത യാഥാസ്ഥിതകതയോട് പൊരുത്തപ്പെടാത്ത ഒരു മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. അദ്ദേഹത്തിന്റെ നിലപാടുകളും ആഹ്വാനങ്ങളും സഭയുടെ പല പ്രതിലോമകരമായ കടുംപിടുത്തങ്ങളെയും പൊളിക്കാനുള്ളതാണ്. പൊതു സ്വീകാര്യത കിട്ടുന്നുണ്ടെങ്കിലും ഫ്രാന്‍സിസ് പാപ്പയ്‌ക്കെതിരേ വിമര്‍ശനങ്ങളും വിമര്‍ശകരും ശക്തിപ്പെടുന്നത് സഭയ്ക്കുള്ളില്‍ നിന്നാണ്. പല വിമര്‍ശനങ്ങളും പരസ്യമായാണ് നടക്കുന്നത്. ഗര്‍ഭഛിദ്രം പാപമാണെന്ന വിശ്വാസം തുടരുന്ന കത്തോലിക്ക പുരോഹിതരിലൊരാളായ അമേരിക്കന്‍ വൈദികന്‍ ഫ്രാങ്ക് പാവോണിനെ കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നു. സമൂഹ മാധ്യമങ്ങള്‍ ‘ ദൈവനിന്ദ’ പ്രചരിപ്പിക്കുകയും ബിഷപ്പുമാരോട് അനുസരണക്കേട് കാണിച്ചതിനുമായിരുന്നു ഫ്രാങ്കിനെ പുറത്താക്കിയത്.
ഫ്രാങ്ക് പാവോണിനെ പുറത്താക്കിയതിനെതിരേ വത്തിക്കാനെ പരസ്യമായി കുറ്റപ്പെടുത്തിയ അമേരിക്കന്‍ ബിഷപ്പുമാരില്‍ ജോസഫ് സ്ട്രിക്‌ലാന്‍ഡും ഉണ്ടായിരുന്നു.
‘നീചനായൊരു തലവന്‍ സത്യനിഷേധവും ഗര്‍ഭസ്ഥശിശുവിന്റെ കൊലപാതകവും പ്രോത്സാഹിപ്പിക്കുമ്പോള്‍, വത്തിക്കാന്‍ അധികാരികള്‍ അധാര്‍മികതയും വിശ്വാസനിഷേധവും പ്രോത്സാഹിപ്പിക്കുമ്പോള്‍, പുരോഹിതന്മാര്‍ ലിംഗപരമായ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി വിനാശകരമായ ജീവിതങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍, ഈ വിശുദ്ധ പുരോഹിതനെ(ഫ്രാങ്ക് പാവോണിനെ) പുറത്താക്കുന്നു എന്നതാണ് യഥാര്‍ത്ഥ ‘ദൈവനിന്ദ’ എന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെയും വത്തിക്കാനെയും ലക്ഷ്യമിട്ടുകൊണ്ട് ജോസഫ് സ്ട്രിക്‌ലാന്‍ഡ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
ടെക്‌സാസിലെ തന്നെ ഓസ്റ്റിന്‍ രൂപതയുടെ മെത്രാന്‍ ജോ വാസ്‌ക്വസിനെയാണ് ടെയ്‌ലര്‍ രൂപതയുടെ ഇടക്കാല ബിഷപ്പായി, ജോസഫ് സ്ട്രിക് ലാന്‍ഡിന്റെ പകരക്കാരനായി ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചിരിക്കുന്നത്.