UPDATES

വിമതനെന്ന് വിളിച്ച് പുറത്താക്കി ബിജെപി

മോദിയെ വിടാതെ ഈശ്വരപ്പ

                       

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രംതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കുമെന്ന നിലപാടിൽ ഉറച്ചു നിക്കുകയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിമത സ്ഥാനാർഥിയായ മുൻ കർണ്ണാടക ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പ. പാർട്ടിയുടെ അനുനയത്തിന് വഴങ്ങാത്ത അദ്ദേഹം സ്വതന്ത്ര്യനായി മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറാതിരുന്നതും പാർട്ടിയെ ചൊടിപ്പിച്ചതായാണ് വിവരം.

ഈശ്വരപ്പ പ്രചാരണത്തിൽ മോദിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനു (ഇസി) പാർട്ടി പരാതി നൽകിയിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ ഉപയോഗിക്കുന്നത് തടയരുതെന്ന് കാണിച്ച് പ്രാദേശിക കോടതിയിൽ കേവിയറ്റ് നൽകിയിട്ടുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു.

കെഎസ് ഈശ്വരപ്പയെ ആറ് വർഷത്തേക്കാണ് ബിജെപിയിൽ നിന്ന്പുറത്താക്കിയിരിക്കുന്നത്. പാർട്ടി അച്ചടക്ക നടപടികൾ ലംഖിച്ചെന്ന് ആരോപിച്ചാണ് പുറത്താക്കൽ നടപടി. ബിജെപിയുടെ അനുനയശ്രങ്ങൾക്കും അദ്ദേഹം വഴങ്ങിയില്ല.

മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രയ്‌ക്കെതിരെ ശിവമോഗയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഈശ്വരപ്പ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് പുറത്താക്കൽ. കർണാടക ബിജെപി യൂണിറ്റ് മേധാവി ബി വൈ വിജയേന്ദ്രയുടെ സഹോദരൻ കൂടിയാണ് രാഘവേന്ദ്ര.

75 കാരനായ ഈശ്വരപ്പയ്ക്ക് അയച്ച കത്തിൽ ബിജെപി സംസ്ഥാന അച്ചടക്ക സമിതി അധ്യക്ഷൻ ലിംഗരാജ പാട്ടീൽ പറഞ്ഞു, “പാർട്ടിയുടെ ഉത്തരവുകൾ അവഗണിച്ചാണ് നിങ്ങൾ വിമത സ്ഥാനാർത്ഥിയായി ശിവമോഗ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇത് പാർട്ടിക്ക് നാണക്കേടുണ്ടാക്കുകയും അച്ചടക്ക ചട്ടം ലംഘിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ നിങ്ങളെ എല്ലാ ചുമതലകളിൽ നിന്നും ഒഴുവാക്കി, ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു. ”

സംഭവവികാങ്ങളിൽ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ച ഈശ്വരപ്പയുടെ അടുത്ത സഹായി പുറത്താക്കൽ തങ്ങൾ പ്രതീക്ഷിച്ചതായി പറഞ്ഞു.

അടുത്തിടെ, തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ഈശ്വരപ്പ പറഞ്ഞത്, “ഞാൻ സ്വതന്ത്രനായി മത്സരിക്കുമ്പോൾ അദ്ദേഹം (വിജയേന്ദ്ര) എന്ത് അച്ചടക്ക നടപടി സ്വീകരിക്കും? സ്വതന്ത്രനായി മത്സരിക്കുക എന്നതിനർത്ഥം ഞാൻ പാർട്ടിയിൽ നിന്ന് പുറത്തുപോയി എന്നാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ, സ്വതന്ത്രനായി മത്സരിക്കുക എന്നതിൻ്റെ അർത്ഥം പോലും തനിക്കറിയില്ല.” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പലതവണ ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്. തനിക്കും സഹോദരനും ഈശ്വരപ്പയുടെ അനുഗ്രഹമുണ്ടെന്ന് ശിവമോഗ ജില്ലയിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിജയേന്ദ്ര അവകാശപ്പെട്ടിരുന്നു. ഈശ്വരപ്പയും യെദ്യൂരപ്പയും തമ്മിൽ തർക്കം നിലനിൽക്കുന്നതായി ഏറെ നാളായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തൻ്റെ മകൻ കാന്തേഷിന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന്, കർണാടകയിൽ ബിജെപി പിതാവ്-മകൻ ജോഡികളുടെ (യെദ്യൂരപ്പയും വിജയേന്ദ്രയും) കഷ്ടപ്പെടുകയാണെന്ന് ഈശ്വരപ്പ ആരോപിച്ചു. അടുത്തിടെ സംസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈശ്വരപ്പയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും മന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ല.

മത്സരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ഈശ്വരപ്പ പറഞ്ഞു.  രാഘവേന്ദ്രയെ മത്സരത്തിൽ പരാജയപ്പെടുത്തണമെന്നാണ്അദ്ദേഹം കരുതുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടമായ ശിവമോഗ മണ്ഡലത്തിലെ വോട്ടെടുപ്പ് മെയ് ഏഴിനാണ് നടക്കുക.

Share on

മറ്റുവാര്‍ത്തകള്‍