UPDATES

‘കട്വ’,’ഭര്‍വ’,’മുല്ല ആതങ്കവാദി’…; എന്തൊക്കെ തോന്ന്യവാസങ്ങള്‍ പറഞ്ഞാലും തുഗ്ലക്ക്ബാദിലെ കരുത്തനെ പിണക്കില്ല ബിജെപി

രമേശ് ബിധുരി അസംബന്ധം വിളിച്ചു പറയുന്നത് ഇതാദ്യമായല്ല

                       

ലോക്‌സഭയില്‍ പ്രതിപക്ഷ എംപിക്കെതിരേ വര്‍ഗീയ വിദ്വേഷം ചൊരിഞ്ഞ രമേഷ് ബിധുരി ബിജെപിക്കും സംഘപരിവാറിനും വളരെ വേണ്ടപ്പെട്ടയാള്‍. രാഷ്ട്രീയ സ്വയം സേവക് സംഘവുമായി(ആര്‍ എസ് എസ്) പതിറ്റാണ്ടുകളുടെ ബന്ധമുള്ള കുടുംബത്തിലെ പിന്‍തലമുറക്കാരന്‍. ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളില്‍, ഒരു ജനപ്രതിനിധിക്കെതിരേ മുസ്ലിം വിദ്വേഷത്തിന്റെ എല്ലാ പകയോടും കൂടി നടത്തിയ ആക്ഷേപം വളരെ ഗൗരവുള്ളതാണ്. എങ്കിലും സ്പീക്കര്‍ ഓം ബിര്‍ളയുടെ ശാസനയും, പാര്‍ട്ടി വക കാരണം കാണിക്കല്‍ നോട്ടീസിനും അപ്പുറത്തേക്ക് ജനാധിപത്യ വിശ്വാസപ്രകാരമുള്ള ‘ ശിക്ഷ’കള്‍ക്ക് സൗത്ത് ഡല്‍ഹി എംപിയായ ഈ ബിജെപിക്കാരന്‍ വിധേയനാകണമെന്നില്ല.

ചന്ദ്രയാന്‍ വിജയം സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് രമേഷ് ബുധരി ‘ പ്രകോപിതനാകുന്നത്’. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ ഒരു നായയെ പോലെ മരിക്കണമെന്നാണ് ചിലരുടെ ആഗ്രഹ’മെന്ന് ബിധുരി പറഞ്ഞപ്പോള്‍, അമറോഹ എംപിയായ ഡാനീഷ് അലി ഇടപെടുകയായിരുന്നു. ആരും ഇതുവരെ ബഹുമാന്യനായ പ്രധാനമന്ത്രിയെ കുറിച്ച് പറയാത്ത കാര്യമാണ് ബിജെപി എംപി പറയുന്നതെന്ന് അലി ചൂണ്ടിക്കാട്ടിയപ്പോഴാണ് ബിധുരി രോഷംകൊണ്ടത്. ഭട്വ(കൂട്ടിക്കൊടുപ്പുകാരന്‍), കട്വ(ചേലാകര്‍മം നടത്തിയവന്‍), മുസ്ലിം തീവ്രവാദി(മുല്ല ആതങ്കവാദി), ആതങ്കവാദി, ഉഗ്രവാദി എന്നീ അധിക്ഷേപങ്ങളുമായാണ് ബിജെപി എംപി ഉത്തര്‍പ്രദേശുകാരനായ ഡാനീഷ് അലിയെ നിശബ്ദനാക്കാന്‍ നോക്കിയത്. ബിധുരിയുടെ പരാമര്‍ശങ്ങള്‍ സഭ രേഖകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ലോക്‌സഭ ഉപനേതാവ് കൂടിയായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു. വെറും ഖേദത്തില്‍ കാര്യങ്ങളൊതുക്കാതെ ബിധുരിക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് ഡാനിഷ് അലിയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി എംപിക്കെതിരേ നടപടിയില്ലെങ്കില്‍, താന്‍ രാജിവയ്ക്കുമെന്നും അലി വ്യക്തമാക്കിയിട്ടുണ്ട്. കൗതുകകരമായ മറ്റൊരു കാര്യം, ബിജെപി എംപി തന്റെ വര്‍ഗീയതയില്‍ വാചാലനാകുമ്പോള്‍, സ്പീക്കര്‍ ചെയറില്‍ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷായിരുന്നു! ഡാനീഷ് അലിയോട് നിശബ്ദനാകാന്‍ ആവശ്യപ്പെട്ട കൊടുക്കുന്നില്‍, ബിധുരിയെ തടയാനോ, അയാളുടെ മൈക്ക് ഓഫ് ചെയ്യാനോ ശ്രമിച്ചതേയില്ല.

ബിധുരിയുടെ ‘ വൃത്തികേടുകള്‍’
ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ ബിജെപിയെ അവരുടെ എംപിയെ നിലയ്ക്ക് നിര്‍ത്താന്‍ പ്രേരിപ്പിക്കുമോ? ഇതാദ്യമായിട്ടല്ല ബിധുരിയുടെ നാക്ക് വിദ്വേഷം വിളമ്പുന്നത്. അപ്പോഴൊന്നും അയാളെ അച്ചടക്കത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ബിജെപിക്ക് തോന്നിയിട്ടില്ല. ഒരുപക്ഷേ അയാള്‍ക്ക നീരസം തോന്നുന്നതൊന്നും ചെയ്യാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടാകില്ല.

പാര്‍ലമെന്റിനുള്ളില്‍ രമേഷ് ബിധുരി മറ്റുള്ളവരെ അപമാനിക്കുന്നത് ഇതാദ്യമല്ലെന്ന്് പറഞ്ഞിരുന്നല്ലോ. 2015 ല്‍ അഞ്ച് വനിത എംപിമാര്‍ സ്പീക്കര്‍ സുമിത്ര മഹാജന് ബിധുരിയുടെ വൃത്തികെട്ട പെരുമാറ്റത്തിന്റെ പേരില്‍ പരാതി നല്‍കിയിരുന്നു. വനിത എംപിമര്‍ക്കെതിരേ ലൈംഗികവും അധിക്ഷേപകരവും അപകീര്‍ത്തികരവുമായ ഭാഷ ഉപയോഗിച്ചു എന്നതായിരുന്നു പരാതി. കോണ്‍ഗ്രസിലെ രണ്‍ജീത് രഞ്ചന്‍, സുഷ്മിത ദേവി, സിപിഎമ്മിലെ പി കെ ശ്രീമതി, എന്‍സിപിയുടെ സുപ്രിയ സുലെ, തൃണമൂല്‍ കോണ്‍ഗ്രസിലെ അര്‍പ്പിത ഘോഷ് എന്നീ പ്രതിപക്ഷ എംപിമാരാണ് പരാതി നല്‍കിയത്.

‘ഇറ്റലയില്‍ 5-6 മാസത്തിനുള്ളില്‍ ഒരു പേരക്കുട്ടി ജനിച്ചേക്കാം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ അങ്ങനെയുണ്ടാകില്ല’ എന്ന അധിക്ഷേപം ബിധുരി നടത്തിയതു സോണിയ ഗാന്ധിക്കെതിരെ ആയിരുന്നു. 2017 ല്‍ ആയിരുന്നു അത്. ബിഎസ്പി അധ്യക്ഷ മായാവതിയേയും അയാള്‍ അപമാനിച്ചിട്ടുണ്ട്. കുട്ടിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സഹായം തേടിയെത്തിയ മാതാപിതാക്കളെ അപമാനിച്ച് ഇറക്കി വിട്ട വിവാദവും രമേഷ് ബിധുരിയുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.

2019-ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തെക്കന്‍ ഡല്‍ഹി മണ്ഡലത്തില്‍, ബിധുരിയുടെ അനുയായികള്‍, മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ത്ഥി രാഘവ് ഛദ്ദയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കര്‍ഷക പ്രക്ഷോഭ സമയത്ത്, സമരക്കാര്‍ക്കെതിരേയും രമേഷ് ബിധുരി ആക്ഷേപ വര്‍ത്തമാനം നടത്തിയിരുന്നു.

കഴിഞ്ഞ മാസമാണ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘കുള്ളന്‍’ എന്നു വിളിച്ചാക്ഷേപിച്ചത്. സാമൂഹ്യമാധ്യമമായ ‘എക്‌സി’ല്‍ ചെയ്ത പോസ്റ്റിലെ ആക്ഷേപം ഇങ്ങനെയാണ്; ‘നന്നായി പറഞ്ഞു കുള്ളന്‍ ദുര്യോധനന്‍. വെറും മൂന്നു ദിവസത്തെ മഴയില്‍ ഡല്‍ഹിയിലെ റോഡുകളെല്ലാം തടാകങ്ങളായി മാറി. സ്‌കൂള്‍ മുറിയുണ്ടാക്കുന്നതിന്റെ പേരില്‍ കോടികളുടെ തട്ടിപ്പുകള്‍, ലോകോത്തരം എന്നു വിളിക്കുന്ന മൊഹല്ല ക്ലിനിക്ക് മൃഗങ്ങളുടെയും മദ്യപാനികളുടെയും താവളമായി’.

തുഗ്ലക്ക്ബാദിലെ ശക്തന്‍
തുഗ്ലക്ക്ബാദ് ഉള്‍പ്പെടുന്ന തെക്കന്‍ ഡല്‍ഹി മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ട് ബിധുരിക്ക്. പ്രത്യേകിച്ച് യുവാക്കളുടെ പിന്തുണ. രണ്ടാം തവണയാണ് പാര്‍ലമെന്റില്‍ എത്തുന്നത്. അതിനു മുമ്പ് മൂന്നു തവണ ഡല്‍ഹി നിയമസഭയിലുണ്ടായിരുന്നു. തെക്കന്‍ ഡല്‍ഹിയിലെ പുരാതന നഗരമായ തുഗ്ലക്ക്ബാദിന്റെ ശക്തനായ പ്രതിനിധി എന്നാണ് രമേഷ് ബിധുരി അവകാശപ്പെടുന്നത്. കുടുംബ പാരമ്പര്യമാണ് അയാളുടെ പ്രധാന ആയുധം. തുഗ്ലക്ക്ബാദിന്റെ വികസനത്തിന് തങ്ങള്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്നാണ് ബിധുരി കുടുംബം അവകാശപ്പെടുന്നത്. അതോടൊപ്പം തന്നെയാണ് ആര്‍ എസ് എസ് പാരമ്പര്യത്തിലും അഭിരമിക്കുന്നത്. പതിറ്റാണ്ടുകളുടെ ബന്ധമാണ് അവകാശപ്പെടുന്നത്. ഈ പാരമ്പര്യത്തെ സാക്ഷിപ്പെടുത്തിക്കൊണ്ട് ഒരു മുതിര്‍ന്ന ബിജെപി നേതാവ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്, ‘ ബിധുരി കുടുംബം അടിയന്തരാവസ്ഥ കാലം മുതല്‍ ആര്‍ എസ് എസ്സിനൊപ്പം ഉള്ളവരാണ്. തെക്കന്‍ ഡല്‍ഹിയില്‍ ആര്‍ എസ് എസ് ശാഖ ആരംഭിക്കുന്നതും അവിടെ സ്വയംസേവക് സംഘം വളര്‍ത്തുന്നതും അവരാണ്’ എന്നാണ്. നാക്കിനും പെരുമാറ്റത്തിലും നിയന്ത്രണമില്ലാത്തവനെന്ന് ചിലരൊക്കെ വിമര്‍ശിച്ചാലും ജനങ്ങള്‍ക്ക് അയാള്‍ മികച്ച നേതാവാണെന്നാണ് മറ്റൊരു ബിജെപി നേതാവിന്റെ അവകാശവാദം. തുഗ്ലക്ക്ബാദില്‍ ആദ്യമായി സബ് സ്റ്റേഷന്‍ കൊണ്ടുവന്ന് മുടക്കമില്ലാതെ വൈദ്യുതി ഏര്‍പ്പാടാക്കിയത് രമേഷ് ബിധുരിയാണെന്നും അവര്‍ വാഴ്ത്തി പറയുന്നു. കൂടാതെ, പാര്‍ക്ക്, സ്‌കൂള്‍, അമ്പലങ്ങള്‍; ഇതൊക്കെയും മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുണ്ടത്രേ!.

കുട്ടിക്കാലം മുതല്‍ ആര്‍ എസ് എസ് ശാഖയിലെ സ്ഥിരം അംഗമായിരുന്നു രമേഷ്. വിദ്യാര്‍ത്ഥി കാലത്ത് എബിവിപിയിലെത്തി. 1983 ല്‍ ഷഹീദ് ഭഗത് സിംഗ് കോളേജിലെ എബിവിപി സെന്‍ട്രല്‍ കൗണ്‍സിലറായി. ഡല്‍ഹി സര്‍വകലാശയിലിലെത്തിയപ്പോള്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലും അംഗമായി. ബികോമിന് ശേഷം മീററ്റിലെ ചരണ്‍സിംഗ് സര്‍വകലാശാലയില്‍ നിന്നും എല്‍എല്‍ബി നേടി. വിദ്യാര്‍ത്ഥി ഘട്ടം കഴിഞ്ഞതോടെ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടി. രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. ഡല്‍ഹി ബിജെപി ഘടകത്തില്‍ വിവിധ സ്ഥാനങ്ങള്‍ തേടിയെത്തി. സംസ്ഥാന ഘടകത്തിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികള്‍ കിട്ടി.

1993 ല്‍ ആണ് ആദ്യമായി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. തുഗ്ലക്ക്ബാദ് മണ്ഡലത്തില്‍ നിന്നും ഡല്‍ഹി അസംബ്ലിയിലേക്കുള്ള ആദ്യ മത്സരത്തില്‍ തോല്‍വിയായിരുന്നു ഫലം. 1998 ല്‍ വീണ്ടും തോറ്റു. 2003 ലാണ് ആദ്യ വിജയം. 2008 ലും 2013 ലും വിജയം ആവര്‍ത്തിച്ചു. രാജ്‌നാഥ് സിംഗ് ബിജെപി ദേശീയ അധ്യക്ഷനായിരുന്ന സമയത്ത്, ബിധുരിയെ ലോക്‌സഭയില്‍ എത്തിക്കാന്‍ ശ്രമിച്ചു. 2009 ലെ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ സീറ്റുകൊടുത്തു. പക്ഷേ, തോറ്റു.

രാജ്യതലസ്ഥാനത്ത് കൂടിയുള്ള രമേഷ് ബിധുരിയുടെ യാത്രകള്‍ ശ്രദ്ധേയമാണ്. നിരനിരയായി പോകുന്ന എസ്‌യുവികളില്‍ തന്റെ അനുചരന്മാരുടെ അകമ്പടിയില്‍, രാജഭരണകാലത്തെ അശ്വാരൂഢഘോഷ യാത്രയെ ഓര്‍മിപ്പിക്കുന്നതാണത്. പാര്‍ട്ടി എപ്പോള്‍ ആവശ്യപ്പെട്ടാലും ഒരു വലിയ ജനക്കൂട്ടത്തെ സംഘടിപ്പിക്കാനും ബിധുരിയൊരിക്കലും ബുദ്ധിമുട്ട് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കുവേണ്ടി ചെയ്യുന്നതിന് പ്രതിഫലമായി ഒരു കേന്ദ്രമന്ത്രി സ്ഥാനം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട് രമേശ് ബിധുരി. ഈ വര്‍ഷമാദ്യം കേന്ദ്രമന്ത്രി സഭ വിപുലീകരണം നടന്നപ്പോള്‍, ബിധുരിക്ക് വേണ്ടി പല മന്ത്രിമാരും നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയതുമാണ്. കേന്ദ്രമന്ത്രിയായി സ്ഥാന കയറ്റം കിട്ടാനുള്ള യോഗ്യത തെളിയിച്ചുവെന്നാണ്, കഴിഞ്ഞ ദിവസത്തെ പ്രകടനം ചൂണ്ടാക്കാട്ടി രമേശ് ബിധുരിയെയും ബിജെപിയെയും പരിഹസിച്ചുകൊണ്ട് പ്രതിപക്ഷം പറഞ്ഞത്.

Share on

മറ്റുവാര്‍ത്തകള്‍