ഇലക്ഷന്‍ കാലമടുത്താല്‍ വ്യാപകമായി മക്കള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. രാഷ്ട്രീയത്തില്‍ തഴക്കവും പഴക്കവും വന്നവര്‍ അവരുടെ പിന്മുറക്കാര്‍ക്ക് വിശേഷിച്ച് മക്കള്‍ക്ക് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുവാന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പുവരുത്തുന്നു. അതിനായി അവര്‍ വ്യാപകമായ ഇടപെടലുകള്‍ നടത്തുന്നു. തിരഞ്ഞെടുപ്പില്‍ വേണ്ടത്ര പരിഗണന കിട്ടാത്തത് കൊണ്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ച പലരും നമ്മുടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ട്.
കുടുംബ രാഷ്ട്രീയ പാര്‍ട്ടിയായി പല പാര്‍ട്ടികളും മാറിയിട്ടുണ്ട് എന്നുള്ള ആക്ഷേപം വ്യാപകമായി ഉള്ള സമയമാണ് ഇപ്പോള്‍. രാജ്യത്തിന്‍റെ തെക്ക് മുതല്‍ വടക്ക് വരെ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. രാജ്യത്തെ പല പാര്‍ട്ടികളും കുടുംബാധിപത്യത്തിന്‍റെ പിടിയിലാണ് എന്ന് തന്നെ ഉറപ്പിച്ച് പറയാം. ഇങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുകയാണ് എന്നത് സത്യവുമാണ്. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് കയറിയത് നമ്മള്‍ കണ്ടതാണ്. ആദ്യം എന്‍സിപിയില്‍ ആണ് അദ്ദേഹം ചെന്നത്. പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. അവിടെ വിജയം കാണാതെ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെത്തി എന്നതാണ് രാഷ്ട്രീയ ചരിത്രം.
ഇലക്ഷന്‍ കാലത്ത് എന്‍സിപിയില്‍ ചേക്കേറിയ ലീഡര്‍ തന്‍റെ മകന്‍റെ സ്ഥാനാര്‍ത്ഥത്തിനു വേണ്ടി ഒരു ശ്രമം നടത്തി. ഈ അവസരത്തില്‍ തേജസ് ദിനപത്രത്തിനു വേണ്ടി കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് ഇന്ന് ഇവിടെ ചര്‍ച്ച വിഷയം. മലയാള സിനിമയില്‍ ഏറ്റവും പ്രശസ്തമായ ഒരു താരാട്ട് പാട്ട് പാടി ലീഡര്‍ മകനെ ഉറക്കുകയാണ്. സിനിമാഗാനങ്ങള്‍ പല കാര്‍ട്ടൂണുകളിലും കമന്‍റുകളായി മുന്‍പ് വന്നിട്ടുണ്ട്, ഇപ്പോഴും വരുന്നുമുണ്ട്. എന്തുപറഞ്ഞാലും നീ എന്‍റേതല്ലേ വാവേ… എന്ന പ്രശസ്തമായ താരാട്ട് പാട്ടാണ് ഇവിടെ കമന്‍റായി കൊടുത്തിട്ടുള്ളത്. അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതി ഇളയരാജ സംഗീതം നല്‍കി കെ. എസ്. ചിത്ര പാടിയ പാട്ട് വലിയ പ്രചാരമുള്ളതായിരുന്നു. തൊട്ടിലില്‍ മകന്‍ മുരളി ഉറങ്ങുന്നതാണ് കാര്‍ട്ടൂണില്‍. മുരളിയുടെ കാല് മാത്രമേ കാണുന്നുള്ളൂ. എന്‍.സി.പി. എന്ന തൊട്ടിലാട്ടുന്നത് പിതാവായ കരുണാകരന്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കര്‍ട്ടന് മറവില്‍ നിന്ന് നോക്കുന്നുമുണ്ട്.