UPDATES

ഓഫ് ബീറ്റ്

”സര്‍ക്കുലേഷനും റേറ്റിംഗിനും വേണ്ടിയുള്ള മരണവെപ്രാളത്തില്‍ മാനുഷികമൂല്യങ്ങള്‍ക്ക് എന്തു പ്രസക്തി?”

ഇന്ത്യയിലൊട്ടാകെ മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പടുമ്പോഴാണ് ഇവിടെ ചിലര്‍ ക്രൈം സ്റ്റോറി കാച്ചാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നത്

                       

ഒരു കൊച്ചു കുഞ്ഞിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍, ആ കുഞ്ഞിന്റെ വീട്ടില്‍ ചെന്നു കയറി രാത്രി മുഴുവന്‍ കാണിച്ചു കൊണ്ടിരുന്ന വെകിളികളെപ്പറ്റി വ്യാപകമായ പ്രതിഷേധവും കടുത്ത വിമര്‍ശനവും ഉയര്‍ന്നു വന്നിരിക്കുകയാണല്ലോ.

ഇതാദ്യമായൊന്നുമല്ല, കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ വിമര്‍ശനവിധേയമാകുന്നത്, എന്നു നമുക്കെല്ലാം അറിയാം. പല പല സന്ദര്‍ഭങ്ങളില്‍, മാധ്യമപ്രവര്‍ത്തകരും മുന്‍ മാധ്യമപ്രവര്‍ത്തകരും, ജേര്‍ണലിസം അദ്ധ്യാപകരുമെല്ലാം ദൃശ്യമാധ്യമരംഗത്തെ തരംതാണ പ്രവണതകളേയും, മാധ്യമപ്രവര്‍ത്തകര്‍ എത്തിച്ചേരുന്ന ദയനീയാവസ്ഥയേയുമൊക്കെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. തൊട്ടു മുമ്പ്, കുസാറ്റിലെ ദാരുണമായ ദുരന്തത്തിന്റെ ഇരകളുടെ വീടുകളിലും ഇടിച്ചു കയറി, അവരുടെ സ്വകാര്യതകളെ തകര്‍ത്തെറിഞ്ഞു കൊണ്ട് മാധ്യമങ്ങള്‍ നടത്തിയ വിളയാട്ടം നമ്മള്‍ കണ്ടു തീര്‍ന്നേ ഉള്ളൂ.

ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച പ്രവണതയൊന്നുമല്ല ഇതെന്നും നമുക്കറിയാം. നമുക്കെന്നുവെച്ചാല്‍, മാധ്യമരംഗത്തെ ഗൗരവത്തോടെ നിരീക്ഷിക്കുന്ന, മാധ്യമരംഗത്ത് ഇടപെട്ടു കൊണ്ടിരിക്കുന്ന ഉത്തരവാദിത്വബോധമുള്ള വ്യക്തികള്‍ക്കെല്ലാം അറിയാം.

പണ്ട്, കേരളാ പ്രസ് അക്കാദമിയില്‍,(ഇന്നത്തെ മീഡിയാ അക്കാദമി) ജേര്‍ണലിസം പഠിക്കാന്‍, ഇത് അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന നിശ്ചയമില്ലാതെ കോളേജ് ക്യാമ്പസില്‍ നിന്ന് കാലെടുത്തു വച്ച് വന്ന ഞങ്ങളോട്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ, സമാരാദ്ധ്യനായ, സാക്ഷാല്‍ പി. രാജന്‍ ആദ്യത്തെ ക്ലാസില്‍ പറഞ്ഞത് ഇതാണു: ”നിങ്ങളുടെ ഈ അക്കാദമിയില്‍, ഈ ക്ലാസ് റൂമിന്റെ തൊട്ടപ്പുറത്ത് ഒന്നാന്തരമൊരു ലൈബ്രറിയുണ്ട്. പത്രപ്രവര്‍ത്തനത്തെപ്പറ്റി ലോകത്തുണ്ടായിട്ടുള്ള ഒരുവിധപ്പെട്ട ഒന്നാന്തരം ഗ്രന്ഥങ്ങളൊക്കെ അവിടെ കീട്ടും. അതിലൊക്കെ, പത്രധര്‍മ്മത്തെപ്പറ്റിയും, പത്രസ്വാതന്ത്ര്യത്തെപ്പറ്റിയുമൊക്കെ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാവും. പക്ഷെ….” ഇതു പറഞ്ഞിട്ട് രാജന്‍ സാര്‍ നാടകീയമായി ഒന്നു നിര്‍ത്തി. ഞങ്ങള്‍ ആകാംക്ഷാഭരിതരായി.

”പക്ഷെ, നിങ്ങള്‍ അതൊന്നും വായിക്കണ്ട!” ഞങ്ങള്‍ അത്യാവശ്യം ഞെട്ടി. ‘ആ പുസ്തകങ്ങളൊന്നും നിങ്ങള്‍ തൊട്ടു പോലും നോക്കണ്ട ആവശ്യമില്ല! കാരണം, പത്രധര്‍മ്മം എന്നു പറഞ്ഞാല്‍, യഥാര്‍ത്ഥത്തില്‍ പത്രമുതലാളിയുടെ ധര്‍മ്മമാണ്! പത്രത്തിന്റെ പോളിസി എന്നത് പത്രത്തിന്റെ ഉടമയുടെ പോളിസിയാണ്! അവരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഈ പത്രസ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത് ”

ദീര്‍ഘകാലം ജോലി ചെയ്ത ‘മാതൃഭൂമി’യുടെ മേലാവികളുമായി തെറ്റിപ്പിരിഞ്ഞ് പുറത്തു പോന്ന്, പത്രത്തിനെതിരേ അനേകവര്‍ഷങ്ങള്‍ നിയമയുദ്ധം നടത്തിയ രാജന്‍ സാര്‍ പത്രപ്രവര്‍ത്തനരംഗത്തിന്റെ കയ്പ്പുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഞങ്ങള്‍ക്കു മുന്നില്‍ തുറന്നു വെയ്ക്കുകയായിരുന്നു. മുതലാളിയുടെ താളത്തിനു തുള്ളാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ് ജോലി വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കാനുള്ള ധൈര്യമൊന്നും, ഞങ്ങള്‍ക്കാര്‍ക്കും ഒരുകാലത്തുമുണ്ടാവില്ലെന്ന് അന്നേ തിരിച്ചറിഞ്ഞുവെങ്കിലും, അതുപോലെ ആത്മധൈര്യമുള്ള പത്രപ്രവര്‍ത്തകര്‍ കാണിച്ചു തന്ന വഴിയിലൂടെയാണു നടക്കേണ്ടത് എന്ന ചെറിയൊരു ധാരണയെങ്കിലും അക്കാദമിയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ശരിയാണ്, മാധ്യമസ്ഥാപനങ്ങളുടെ നയം തീരുമാനിക്കുന്നത് മുതലാളിമാര്‍ തന്നെയാണ്. പ്രത്യേകിച്ച് ദൃശ്യമാധ്യമരംഗം എന്നത് അതിഭീകരമായ മത്സരബുദ്ധി കാണിച്ചാല്‍ മാത്രം സര്‍വൈവ് ചെയ്യാന്‍ പറ്റുന്ന ഇടമാണ്. സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് എന്ന ഡാര്‍വിന്‍ ഫോര്‍മുല മാത്രമാണിവിടെ പ്രയോഗികമാവുന്നത്. സര്‍ക്കുലേഷനും റേറ്റിംഗിനും വേണ്ടിയുള്ള മരണവെപ്രാളത്തില്‍ മാനുഷികമൂല്യങ്ങള്‍ക്ക് പ്രസക്തിയൊന്നുമില്ല.

ഇതൊക്കെ എനിക്കുമറിയാം.

പക്ഷെ, ഈ എല്ലാ സമ്മര്‍ദ്ദങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ, ചെയ്യുന്ന തൊഴിലിനോട് നീതി പുലര്‍ത്താന്‍, വേണമെങ്കില്‍, വേണമെന്നുണ്ടെങ്കില്‍ മാത്രം, സാധിക്കുമെന്നും, എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയുന്നതാണ്. നിങ്ങള്‍ പറയുന്ന ഓരോ വാക്കും, നിങ്ങളുടെ ശരീരഭാഷയുടെ ഓരോ ചലനവും, ലക്ഷക്കണക്കിനു കാഴ്ചക്കാരിലേക്കും കേള്‍വിക്കാരിലേക്കുമാണെത്തുന്നത് എന്നും, അവരില്‍ ഓരോരുത്തരെയും ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ സ്വരവും ചലനങ്ങളും ബാധിക്കാന്‍ പോവുന്നതെന്നും ഉള്ളതിനെപ്പറ്റി അടിസ്ഥാനപരമായ ധാരണയെങ്കിലും ഉണ്ടാവേണ്ടതാണു ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും അവതാരകര്‍ക്കും.

സെന്‍സിറ്റിവിറ്റി എന്നൊരു പദമുണ്ട്, അത് സിനിമയിലെ ഡയലോഗ് മാത്രമല്ല. ഏത് റേറ്റിംഗ് മത്സരത്തിനുള്ളിലും വേണമെങ്കില്‍ നിങ്ങള്‍ക്ക് സെന്‍സിറ്റിവിറ്റിക്ക് പരിഗണന കൊടുക്കാന്‍ കഴിയും. പക്ഷെ, അതിനു വേണ്ട മാനസിക പക്വത ആദ്യം നേടണം. അടിസ്ഥാനപരമായ രാഷ്ട്രീയവിദ്യാഭ്യാസം നേടണം. സിവിക് സെന്‍സ് ഉണ്ടാവണം. ഈ പറയുന്ന അവസ്ഥകളൊക്കെ നാളെ തനിക്കും തന്റെ കുടുംബത്തിനും സംഭവിക്കാവുന്നതേയുള്ളൂ എന്ന ബോധം വേണം.

വര്‍ഷങ്ങള്‍ക്കു മുമ്പ്, പ്രിന്‍സസ് ഓഫ് വെയില്‍സ് ഡയാനയുടെയും സുഹൃത്ത് ദോഡി ഫായദിന്റെയും മരണത്തിനിടയാക്കിയത് ഇതുപോലെ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളികണ്ണിടാന്‍ വേണ്ടി പത്രപ്രവര്‍ത്തകര്‍ നടത്തിയ മരണപ്പാച്ചിലായിരുന്നുവെന്ന് ലോകത്തിനു മുഴുവന്‍ അറിയുന്ന കാര്യമാണ്. രണ്ടു മൂന്ന് മനുഷ്യജീവനുകള്‍ അപഹരിച്ചിട്ടും, അവരെ പിന്തുടര്‍ന്ന പാപ്പരാസികളില്‍ ആര്‍ക്കെങ്കിലും മനസ്താപമോ പശ്ചാത്താപമോ ഉണ്ടായതായി അറിവില്ല. ഡയാനയുടെ ഒരു ചിത്രം കൊണ്ട് സമ്പാദിക്കാന്‍ സാധ്യതയുള്ള കോടികളുടെ കണക്കു മാത്രമേ അന്ന് പാപ്പരാസികളുടെ മനസ്സിലുണ്ടായിരുന്നുള്ളൂവല്ലോ.

പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള കാര്യങ്ങളാണിതൊക്കെ. എത്ര വട്ടം പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടാകില്ല എന്നുമറിയാം. എങ്കിലും പറഞ്ഞു കൊണ്ടേയിരിക്കുക എന്നു മാത്രം.

ക്രൈം സ്റ്റോറികളോടും സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തോടും പൊതുജനത്തിനു താല്പര്യമുള്ളതു കൊണ്ടു മാത്രമാണു തങ്ങള്‍ ഇതിന്റെയൊക്കെ പുറകെ ഓടുന്നതെന്ന് പല ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരും പ്രഖ്യാപിക്കുന്നതു കാണുന്നുണ്ട്. ടീവിയങ്ങ് അടച്ചു വെച്ചൂടേ, കാണണ്ടാന്നു വെച്ചാപ്പോരേ തുടങ്ങിയ നിഷ്‌കളങ്ക പ്രസ്താവനകളും സാമൂഹ്യമാധ്യമങ്ങളില്‍ അരങ്ങു തകര്‍ക്കുന്നുണ്ട് ഒരുവശത്ത്. ഉപയോഗിക്കാതിരുന്നാല്‍ പോരെ എന്നതാണു വാദമെങ്കില്‍, മയക്കുമരുന്നുകള്‍ എന്തിനാണു നിരോധിക്കുന്നത് എന്നു കൂടി ഇവര്‍ വിശദമാക്കേണ്ടതാണ്. എം ഡി എം എയും കൊക്കെയിനും കഞ്ചാവുമൊക്കെ നിരോധിക്കേണ്ട വല്ല കാര്യവുമുണ്ടോ? ആള്‍ക്കാര്‍ക്ക് ആവശ്യമുള്ളതു കൊണ്ടല്ലേ പാവപ്പെട്ട കച്ചവടക്കാര്‍ അത് എത്തിച്ചു കൊടുക്കുന്നത് ? ആരും ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ ഇതിനൊക്കെ വല്ല ചെലവും ഉണ്ടാകുമോ? എന്ന് ചോദിക്കുന്നതു പോലെയുള്ള നിരര്‍ത്ഥകവും പരിതാപകരവുമായ വാദങ്ങള്‍ മാത്രമാണിവ. ആത്മീയപാപ്പരത്തം എന്നു മാത്രമേ വിശേഷിപ്പിക്കാനാവു!

ഇന്ത്യയൊട്ടാകെ മാധ്യമസ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത്, ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ തടങ്കലിലാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്തൊക്കെയാണു ക്രൈം സ്റ്റോറി കാച്ചാനുള്ള മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി ആള്‍ക്കാര്‍ വാചാലരാവുന്നതെന്നതാണു രസകരമായ വസ്തുത.

വെറുതെയല്ല, 1988-ല്‍ പ്രസിദ്ധീകരിച്ച Manufacturing Consent: The Political Economy of the Mass Media എന്ന ഗ്രന്ഥത്തില്‍ നോം ചോംസ്‌കിയും എഡ് വാര്‍ഡ് എസ്. ഹെര്‍മനും പറഞ്ഞു വെച്ചത് – Education is a system of imposed ignorance എന്ന്.

രേണു രാമനാഥ്

രേണു രാമനാഥ്

ജേര്‍ണലിസ്റ്റ്, കലാ, സാംസ്കാരിക, നാടക പ്രവര്‍ത്തക

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍