Continue reading “ഇന്ത്യ അതായത് ഭാരതം: പേരിന്റെ പ്രസക്തി”

" /> Continue reading “ഇന്ത്യ അതായത് ഭാരതം: പേരിന്റെ പ്രസക്തി”

"> Continue reading “ഇന്ത്യ അതായത് ഭാരതം: പേരിന്റെ പ്രസക്തി”

">

UPDATES

ഓഫ് ബീറ്റ്

ഇന്ത്യ അതായത് ഭാരതം: പേരിന്റെ പ്രസക്തി

                       

ഒക്‌ടോബര്‍ മാസം 25-ാം തീയതി NCERT യുടെ High Level Committee for Social Science രാജ്യത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യ എന്ന പേരിന് പകരം ഭാരതം എന്ന പേര് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം. രണ്ടു മാസം മുമ്പ് ജി 20 ഉച്ചകോടിയുടെ സമയത്താണ് കേന്ദ്രഗവണ്‍മെന്റ് പേരുമാറ്റത്തിന്റെ സൂചനകള്‍ നല്‍കിയത്. ഉച്ചകോടിയുടെ ഭാഗമായി മറ്റ് രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് രാഷ്ട്രപതി നല്‍കുന്ന അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലാണ് പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തുന്നതിന് പകരമായി ഭാരതത്തിന്റെ പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയത്. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ രാജ്യത്തിന്റെ പേര് പൂര്‍ണമായും ഭാരതം എന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള സൂചനകളാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. ഭാരതം എന്ന പേര് പൂര്‍ണമായും സ്വീകരിക്കാനുള്ള വാദത്തിന് ബലം നല്‍കാന്‍ ഉപയോഗിക്കുന്നത് ഭരണഘടനയുടെ ഒന്നാം അനുച്ഛേദമാണ്. ഒന്നാം അനുച്ഛേദം പറയുന്നത് ‘ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു സംഘമാണ്’ എന്നാണ്. ഇതില്‍ ഇന്ത്യ എന്ന വാക്കിന് കൂടുതല്‍ ഉറപ്പും വ്യക്തതയും നല്‍കാനാണ് ഭാരതം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. 1949 സെപ്റ്റംബര്‍ മാസം 18-ാം തീയതിയാണ് ഭരണഘടനാ നിര്‍മാണസഭ രാജ്യത്തിന്റെ പേര് ഭരണഘടനയില്‍ എങ്ങനെയായിരിക്കണമെന്നതിനെ സംബന്ധിച്ചും ഒന്നാം അനുച്ഛേദത്തെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തത്.

കരട് ഭരണഘടനയില്‍ ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു സംഘമാണ് എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഇതിന്മേലാണ് പേരിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ഭരണഘടന നിര്‍മാണസഭയില്‍ നടന്നത്. എച്ച്.വി. കമ്മത്ത് അവതരിപ്പിച്ച ഭേദഗതിയില്‍ ‘ഭാരതം അഥവ ഇന്ത്യ എന്ന് വിളിക്കുന്ന രാജ്യം’ എന്നായിരുന്നു. സേത്ത് ഗോവിന്ദദാസ് കൊണ്ടുവന്ന ഭേദഗതി ‘വിദേശരാജ്യങ്ങളില്‍ ഇന്ത്യ എന്നറിയപ്പെടുന്ന ഭാരതം’ എന്നാണ്. മറ്റൊരംഗമായിരുന്ന അനന്തശയനം അയ്യങ്കാരും കമലാപതി ത്രിപാഠിയും ഇന്ത്യ എന്ന പേരിന് പകരം ഭാരതം, ഭാരതവര്‍ഷം, ഹിന്ദുസ്ഥാന്‍ എന്നീ പേരുകള്‍ മുന്നോട്ടുവച്ചു. ഗോവിന്ദ് വല്ലഭ് പന്ത് ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന പേര് മാത്രമാണ് നിര്‍ദ്ദേശിച്ചത്. നസറുദ്ദീന്‍ അഹമ്മദ് നിര്‍ദ്ദേശിച്ചത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ എന്ന പേരായിരുന്നു. എന്നാല്‍ മറ്റെല്ലാ നിര്‍ദ്ദേശങ്ങളും ഒഴിവാക്കി ഒന്നാം അനുച്ഛേദത്തിന് ഡോ.ബി.ആര്‍.അംബേദ്കര്‍ അവതരിപ്പിച്ച 137-ാം ഭേദഗതിയില്‍ പറഞ്ഞിരുന്ന ഭാരതം എന്ന വാക്ക് ഉള്‍പ്പെടുത്തി ഒന്നാം അനുച്ഛേദം ‘ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു സംഘമായിരിക്കും’ എന്ന് ഭരണഘടന നിര്‍മാണസഭ തീരുമാനിക്കുകയായിരുന്നു.

1950-ല്‍ തന്നെ ഭരണഘടന നിര്‍മ്മാണസഭയിലെ അംഗങ്ങള്‍ ഒപ്പുവച്ച് ഭരണഘടനയുടെ ഹിന്ദി മൊഴിമാറ്റം പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം 09-12-1987 ല്‍ നിലവില്‍ വന്ന ഭരണഘടനയുടെ ഭേദഗതി പ്രകാരം അനുച്ഛേദം 394 A കൂട്ടിച്ചേര്‍ക്കുകയും ഇതിന്‍പ്രകാരം ഭരണഘടനയുടെ ഹിന്ദി പതിപ്പ് പ്രസിദ്ധീകരിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ഇതിന്റെ 394A(3) അനുസരിച്ച് ഹിന്ദി ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ഭരണഘടനയ്ക്ക് ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ ആധികാരികതയും ഉണ്ടായിരിക്കും എന്ന് ഉറപ്പിക്കുകയും ചെയ്തു. ഭരണഘടനയുടെ ഹിന്ദി പതിപ്പില്‍ ഒന്നാം അനുച്ഛേദം ആരംഭിക്കുന്നത്, ‘ഭാരതം അതായത് ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു സംഘമാണ് ‘ എന്നാണ്. ഇത് ഭരണഘടനാ അസംബ്ലി അംഗീകരിച്ച അനുച്ഛേദത്തിന് വിരുദ്ധമാണെങ്കിലും അനുച്ഛേദം 394A(3) പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഭരണഘടനാപരമായി മാത്രമേ കാണാന്‍ കഴിയൂ. രാജ്യത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി 2016ലും 2020ലും രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രിം കോടതിയില്‍ എത്തിയിരുന്നു. നിരഞ്ജന്‍ ലാല്‍ ഫത്‌വല്‍ എന്ന സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ‘ഇന്ത്യ എന്നത് ഒരു പ്രത്യേക മതത്തെയോ വര്‍ഗത്തെയോ പ്രതിനിധീകരിക്കുന്നില്ലെന്നും അത് രാജ്യത്തെ മൊത്തം പ്രതിനിധീകരിക്കുന്നുവെന്ന് ‘നിരീക്ഷിച്ചുകൊണ്ട് കോടതി ഹര്‍ജി തള്ളുകയായിരുന്നു. 2020 ല്‍ ഈ ആവശ്യവുമായി കോടതിയില്‍ വന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഭാരതം എന്ന പേര് ഇപ്പോള്‍ത്തന്നെ രാജ്യവ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്ന നിരീക്ഷണത്തില്‍ ഹര്‍ജി ഒരു നിവേദനമായി സ്വീകരിച്ച് ഇതില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രഗവണ്‍മെന്റിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് ഭാരതമെന്നും ഇന്ത്യ എന്നുമുള്ള പേരുകളില്‍ രാജ്യം അറിയപ്പെടുകയും ഈ രണ്ട് പേരുകളും ഇന്ത്യയിലെ പൗരന്മാര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഗവണ്‍മെന്റ് രേഖകളില്‍ ഭാരത്, ഇന്ത്യ എന്നീ പേരുകള്‍ ഉപയോഗിച്ചുപോരുന്നുണ്ട്. ഹിന്ദി ഭാഷയില്‍ ഭാരതം എന്നാണ് കൂടുതല്‍ ഉപയോഗിച്ചുപോരുന്നത്. രാജ്യത്തിന്റെ അന്തര്‍ദ്ദേശീയ ആശയവിനിമയത്തിന് ഇന്ത്യ എന്ന പേരും, രാജ്യത്തിനകത്ത് ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യയോടൊപ്പം ഭാരതം എന്ന വാക്കും ചേര്‍ത്താണ് പലപ്പോഴും ഉപയോഗിക്കാറുള്ളത്. ഗവണ്‍മെന്റ് പ്രസിദ്ധീകരിക്കുന്ന ഗസറ്റ് ഇംഗ്ലീഷില്‍ ഗസറ്റ് ഓഫ് ഇന്ത്യ എന്നും ഹിന്ദിയില്‍ ഭാരത് കാ രാജ്യപത്ര് എന്നീ രണ്ടു പേരുകളും ചേര്‍ത്തിട്ടുള്ളതായി കാണാം. ഭരണഘടനയെത്തന്നെ ഹിന്ദിയില്‍ വിശേഷിപ്പിക്കുന്നത് ഭാരത് കാ സംവിധാന്‍ എന്നാണ്. നിലവില്‍ രണ്ട് പേരുകളും മുമ്പ് ഉപയോഗിച്ചുവന്നത് പോലെ തുല്യപ്രാധാന്യത്തോടെ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയെന്നോ ഭാരതമെന്നോ ഒറ്റ പേരിലേക്ക് രാജ്യത്തെ മാറ്റുന്നത് ഭരണഘടനാപരമായും പ്രായോഗികമായും ശരിയായിരിക്കില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. മനീഷ്‌ നാരായണന്‍

അഡ്വ. മനീഷ്‌ നാരായണന്‍

(കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ് അഡ്വ. മനീഷ് നാരയണന്‍. ഫോണ്‍:8826082341)

More Posts

Share on

മറ്റുവാര്‍ത്തകള്‍