December 10, 2024 |

ഇന്ത്യ vs ഭാരത്; പേരിന്റെ പേരില്‍ പോര്

സ്വതന്ത്രമായ നാടിന് എന്ത് പേരായിരിക്കണം വേണ്ടതെന്ന കാര്യത്തില്‍ അന്നും തര്‍ക്കം നടന്നിരുന്നു

‘ഇന്ത്യ അതായത് ഭാരത്’… ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഈ രാജ്യത്തിന്റെ നാമം എന്താണെന്ന് ഇപ്രകാരമാണ് പ്രസ്താവിച്ചിരിക്കുന്നത്. ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ഔദ്യോഗിക നാമം പൂര്‍ണമായി ‘ഭാരത്’ ആക്കുകയാണെന്നാണ് വിവരം. അവര്‍ ‘ ഇന്ത്യ’യെ ഒഴിവാക്കുകയാണ്. അതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ രംഗത്തിറങ്ങി കഴിഞ്ഞു. ചുരുക്കി പറഞ്ഞാല്‍, രാജ്യത്തിപ്പോള്‍, രാജ്യത്തിന്റെ പേരിനെ ചൊല്ലി പോര് മുറുകിയിരിക്കുകയാണ്.

സ്വതന്ത്രമായ നാടിന് എന്ത് പേരായിരിക്കണം വേണ്ടതെന്ന കാര്യത്തില്‍ അന്നും തര്‍ക്കം നടന്നിരുന്നു. ഭാരതത്തിനും ഇന്ത്യക്കും വേണ്ടി വാദപ്രദിവാദങ്ങള്‍ ശക്തമായി തന്നെ നടന്നിരുന്നു. പലരും പുരാണത്തെയും ഹൈന്ദവ സംസ്‌കാരത്തെയും കൂട്ടുപിടിച്ചാണ് അന്നും വാദിച്ചിരുന്നത്. എങ്കിലും ജനാധിപത്യപരമായ ഒരു തീരുമാനത്തിലെത്തി. ഇന്നത്തെ കാര്യം എങ്ങനെയാണെന്ന് പറയാന്‍ കഴിയില്ല.

ആര്‍ട്ടിക്കിള്‍ ഒന്നിനെ സംബന്ധിച്ച് ആദ്യത്തെ സംവാദം 1948 നവംബര്‍ 17 ന് ആണ് ആരംഭിക്കുന്നതെങ്കിലും അന്നത് കൂടുതല്‍ ചര്‍ച്ചയിലേക്ക് കടക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഗോവിന്ദ് ബല്ലഭ് പന്തിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു മാറ്റം. 1949 സെപ്തംബര്‍ 17 ന് ഡോ. ബി ആര്‍ അംബേദ്കര്‍ ‘ ഇന്ത്യയും ഭാരതും ഉള്‍പ്പെടുത്തി അന്തിരൂപം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പല അംഗങ്ങളും ‘ ഇന്ത്യ’ക്കു മേലുള്ള തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്ത്യ കോളോണിയല്‍ ഭൂതകാലത്തെ ഓര്‍മപ്പെടുത്തുന്നു എന്നായിരുന്നു അവരുടെ പരാതി. ജബല്‍പൂരില്‍ നിന്നുള്ള അംഗം സേഥ് ഗോവിന്ദ് ദാസ് ഇന്ത്യക്ക് പകരം ഭാരത് മതിയെന്ന് ആവശ്യം ഉയര്‍ത്തി. സഭയില്‍ ഉയര്‍ന്ന ഭൂരിപക്ഷ അഭിപ്രായം ഇംഗ്ലീഷ് ഭാഷയില്‍ ഭാരതത്തിന് പകരമെന്ന നിലയില്‍ ഇന്ത്യ ഉപയോഗിക്കാം എന്നതായിരുന്നു. എന്നാല്‍ സേഥ് ഗോവിന്ദ് ദാസ് അഭിപ്രായപ്പെട്ടത് ഇന്ത്യ എന്നത് ഒരു രാജ്യത്തിന് ചേരുന്ന ഭംഗിയുള്ള പേരല്ല എന്നായിരുന്നു. വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ ഇന്ത്യ എന്നറിയപ്പെടുന്ന പേര് ഭാരത് എന്നാക്കി നമ്മള്‍ മാറ്റണമെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യ എന്നത് ഒരു പേരല്ല എന്നും, അത് ഭാരതത്തിന്റെ വിവര്‍ത്തന പദം മാത്രമാണെന്നുമായിരുന്നു 1937 ല്‍ പാസ്സാക്കിയ ഐറിഷ് ഭരണഘടനയെ ഉദ്ദാഹരണമാക്കി ഹരി വിഷ്ണു കാമത്ത് ചൂണ്ടിക്കാട്ടിയത്. ആധുനിക ലോകത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പേരില്‍ മാറ്റം വരുത്തിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായ ഐറിഷ് ഫ്രീ സ്റ്റേറ്റിനെ മുന്‍നിര്‍ത്തിയായിരുന്നു കാമത്തിന്റെ വാദം. ഐറിഷ് ഭരണഘടനയുടെ നാലാം അനുച്ഛേദത്തില്‍ മണ്ണിന്റെ പേരില്‍ നടത്തിയ ആ മാറ്റം പ്രതിപാദിക്കുന്നുണ്ടെന്ന കാര്യം കാമത്ത് സഭാംഗങ്ങളെ ഓര്‍മപ്പെടുത്തി. ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ ഭരണഘടനയില്‍ രാജ്യത്തിന്റെ പേര് എയ്‌റ(Eire) അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ അയര്‍ലന്‍ഡ് എന്നാണ് എന്നു പറയുന്നുണ്ടെന്ന കാര്യവും കാമത്ത് ചൂണ്ടിക്കാട്ടി. അതേസമയം, ഐക്യ പ്രവിശ്യയിലെ മലയോര ജില്ലകളെ പ്രതിനിധീകരിച്ച ഹര്‍ഗോവിന്ദ് പന്ത് ഉയര്‍ത്തിയ ആവശ്യം, ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടത് ഭാരതവര്‍ഷ എന്ന പേരാണ് എന്നതായിരുന്നു. മറ്റൊരു പേരും സ്വീകാര്യമല്ലെന്നും ആ അംഗം വാശിപിടിച്ചു. ഇന്ത്യ വാക്കിനോട് സഭയിലെ അംഗങ്ങള്‍ക്ക് എന്തുതരം ബന്ധമാണുള്ളതെന്ന് തമിക്കാന്‍ മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും പന്ത് പരിഭവപ്പെട്ടു. രാജ്യത്തിന്റെ സമ്പത്തില്‍ കണ്ണുവച്ചെത്തി നമ്മുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്ത വിദേശികള്‍ നല്‍കിയ പേരാണ് ഇന്ത്യ എന്നും, അന്യരായ ഭരണാധികാരികള്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഈ അപമാനകരമായ വാക്ക് ഇപ്പോഴും മുറുകെ പിടിച്ചിരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നമുക്ക് ലജ്ജയില്ല എന്നാണെന്നും ഹര്‍ഗോവിന്ദ് പന്ത് കുറ്റപ്പെടുത്തി.

പുരണാത്തെയും ചരിത്രത്തെയും കൂട്ടിപിടിച്ചും അംഗങ്ങള്‍ ഇന്ത്യക്കെതിരേ ഭാരത്തിനായി വാദിച്ചിരുന്നു. സേഥ് ഗോവിന്ദ് ദാസ് പറഞ്ഞത്, വിഷ്ണുപുരാണത്തിലും ബ്രഹ്‌മപുരണാത്തിലും ഭാരത് എന്ന പേര് പരാമര്‍ശിക്കുന്നുണ്ടെന്നാണ്. കൂട്ടത്തില്‍ അദ്ദേഹം ചൈനീസ് സഞ്ചാരി ഹ്യുയാന്‍ സാങിനെയും ഉദ്ദാഹരണമാക്കി. ചൈനീസ് സഞ്ചാരി ഈ രാജ്യത്തെ സംബോധന ചെയ്തിരുന്നത് ഭാരത് എന്നായിരുന്നുവെന്നാണ് ദാസ് വാദിച്ചത്. ഭാരത് എന്ന് പേരിടുന്നതുകൊണ്ട് രാജ്യത്തിന്റെ പുരോഗതിയെ തടയുന്ന ഒന്നും തന്നെ നമ്മള്‍ ചെയ്യുന്നില്ലെന്നും മറിച്ച് നമ്മുടെ ചരിത്രത്തിനും സംസ്‌കാരത്തിനും യോജിച്ച പേര് ഇടുകയാണ് ചെയ്യുന്നതെന്ന വാദവും ദാസിനുണ്ടായിരുന്നു. ഹരി വിഷ്ണു കാമത്ത് മൂന്നു പേരുകള്‍ മുന്നോട്ടു വച്ചു. ഭാരത വര്‍ഷ, ഭാരതഭൂമി,ഭാരത്. ഇവയെല്ലാം വേദങ്ങളില്‍ നിന്നുള്ള പേരുകളാണെന്നും അദ്ദേഹം പറഞ്ഞു. പുരാണത്തെയാണ് കാമത്ത് ഭാരത്തിനു വേണ്ടി കൂട്ടുപിടിച്ചത്. ഇത്തരം സംവാദങ്ങള്‍ രൂക്ഷമായപ്പോള്‍, അംബേദ്കര്‍ സഭയില്‍ പലതവണയായി ഓര്‍മിപ്പിച്ച കാര്യം, ഭാരത് എന്ന പേരിനെ ആരും തന്നെ എതിര്‍ക്കാത്ത സാഹചര്യത്തില്‍ ഇത്തരം തര്‍ക്കങ്ങള്‍ അനാവശ്യമാണെന്നായിരുന്നു. രാജ്യത്തിന്റെ പ്രൗഢമായ പാരമ്പര്യത്തെ ഭാരത് എന്ന പേര് എങ്ങനെ ഓര്‍മിപ്പിക്കുന്ന എന്നതിനെക്കുറിച്ച് കിഷോരി മോഹന്‍ ത്രിപാഠി ദീര്‍ഘമായി സഭയില്‍ സംസാരിച്ചിരുന്നു. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നായിരുന്നു അംബേദ്കറിന് ചോദിക്കാനുണ്ടായിരുന്നത്. പേരിന്റെ പേരില്‍ തര്‍ക്കിക്കാന്‍ വന്നവരോട് അന്ന് അംബേദ്കര്‍ പറ്ഞ്ഞ വാചകം ഇപ്പോത്തെ സാഹചര്യത്തിലും പ്രസക്തമാണ്; ‘ ചെയ്തു തീര്‍ക്കാന്‍ ഒരുപാട് ജോലികള്‍ വേറെയുണ്ട്’

രാജ്യത്ത് ചെയ്ത് തീര്‍ക്കാന്‍ നിരവധി ജോലികള്‍ സര്‍ക്കാരിനു മുന്നിലുണ്ട്. അതിനിടയില്‍ പേര് മാറ്റം ഇപ്പോള്‍ അത്യാവശ്യമായൊരു കാര്യമാണോ?

Tags:

×