UPDATES

കഥയറിയാതെ കല്‍പ്പിച്ചവരോട് കലാകാരന്മാര്‍ പറയുന്നു ‘ഗവര്‍ണറും തൊപ്പിയും’ എന്ന പേരില്‍ തന്നെ നാടകം കളിക്കും

സ്വിസ് നാടോടിക്കഥയില്‍ കേരള ഗവര്‍ണര്‍ക്ക് വേഷമുണ്ടാകുന്നതെങ്ങനെ?

                       

ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ വേദയില്‍ അവതരിപ്പിക്കാനിരുന്ന ‘ഗവര്‍ണറും തൊപ്പിയും’ എന്ന നാടകം അതേ പേരില്‍ അവതരിപ്പിക്കരുതെന്ന ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ വിലക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നിഷേധമായിട്ടാണ് കേരളം പ്രതികരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റിനെയോ മറ്റ് ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരെയോ പരാമര്‍ശിക്കുന്ന തരത്തിലുള്ള അനുകരണമോ, വേഷവിധാനങ്ങളോ, സംസാര രീതിയോ നാടകത്തില്‍ ഉണ്ടാകരുതെന്നാണ് സബ് കളക്ടറുടെ കത്തില്‍ നിര്‍ദേശിക്കുന്നത്. ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു മുന്നാകെ ബിജെപി മട്ടാഞ്ചേരി കമ്മിറ്റി സമര്‍പ്പിച്ച പരാതിയിന്മേലാണ് ഇത്തരമൊരു നടപടി. എന്താണ് ആ നാടകം പറയുന്നതെന്നോ, സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോയെന്നോ പരിശോധിക്കാതെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് പുറത്തെടുത്ത തീരുമാനമായാണ് സബ് കളക്ടറുടെ നടപടി വിമര്‍ശിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ, ജനാധിപത്യത്തില്‍ കലാവിഷ്‌കാരത്തിന് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ ബലത്തില്‍ ഇതേ പേരില്‍ തന്നെ വേദികളില്‍ ഗവര്‍ണറും തൊപ്പിയും ഇനിയും അവതരിപ്പിക്കുമെന്നാണ് നാടക സംവിധായകന്‍ സുരേഷ് കൂവപ്പാടം ഉറപ്പിച്ചു പറയുന്നത്.പരാതി നൽകിയ ബിജെപി പ്രവർത്തകനോ,പരാതിയിന്മേൽ നടപടിയെടുത്ത കല്ക്ടറോ ഒരു വട്ടമെങ്കിലും നാടകം കണ്ടിരുന്നില്ലങ്കിൽ ഈ തീരുമാനത്തിലെത്തില്ലയിരുന്നുവെന്ന് നാടകത്തിന്റെ സംവിധായകന്‍  പറയുന്നു.”നാടകം കളിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് സബ് കളക്ടറുടെ ഉത്തരവ് വരുന്നത്.ഒരുക്കങ്ങൾ നടത്തുന്നതിനായി ചെലവായ തുകയുടെ നഷ്ടപരിഹാരം ഞങ്ങൾക്ക് ആരാണ് നൽകുക.ഇതിവൃത്തം പോലും കണക്കിലെടുക്കത്തെ നാടകം നിർത്തിവക്കാനുള്ള തീരുമാനം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് “സുരേഷ് പറയുന്നു.

സുരേഷ് കൂവപ്പാടം അഴിമുഖവുമായി സംസാരിക്കുന്നു.

”20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളേജ് വിദ്യര്‍ത്ഥികള്‍ക്കു വേണ്ടി ഞാന്‍ എഴുതിയ നാടകമാണിത്. ഗവര്‍ണര്‍ എന്ന പദം ഉള്ളതുകൊണ്ട് നാടകം അവതരിപ്പിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. ഫ്രെഡറിക്കിന്റെ ജര്‍മന്‍ നാടകത്തെ അധരമാക്കിയാണ് ”ഗവര്‍ണറും തൊപ്പി”യുമെന്ന നാടകം ഞാന്‍ മലയാളത്തില്‍ ആവിഷ്‌കരിക്കുന്നത്. ഷേക്‌സ്പിയര്‍ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള വസ്ത്രങ്ങളും പശ്ചാത്തലവുമാണ് ഈ നാടകത്തിലുമുള്ളത്. അങ്ങനെ ഒരു നാടകത്തെ കേരളവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ഞങ്ങള്‍ ഈ നാടകം ആദ്യമായി അവതരിപ്പിച്ചിരുന്നത്. കാര്‍ണിവലിലേത് നാടകത്തിന്റെ രണ്ടാം വേദിയായിരുന്നു. ഡിസംബര്‍ 29 വൈകിട്ട് ആറിനായിരുന്നു നാടകം അവതരിപ്പിക്കേണ്ടിയിരുന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് നാടകത്തിനെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥനത്തില്‍ നാടകം കളിക്കാന്‍ അനുമതിയില്ലെന്നും സബ് കളക്ടര്‍ അറിയിക്കുന്നത്. ഇതോടെ ഞങ്ങള്‍ കളക്ടറെ നേരിട്ട് പോയി സന്ദര്‍ശിച്ചിരുന്നു. നാടകത്തിന്റെ പേരില്‍ മാറ്റം വരുത്തുകയും, ഗവര്‍ണര്‍ എന്ന പദം ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്യണമെന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ ഈ മാറ്റങ്ങളോടെ അവതരിപ്പിക്കേണ്ടി വരുന്ന ഒരു നാടകം ഞങ്ങളുടെ മനസ്സിലില്ല. മറ്റു വേദികളില്‍ ഞങ്ങള്‍ ഈ നാടകം തീര്‍ച്ചയായും ഒരു മാറ്റങ്ങളില്ലാതെ അവതരിപ്പിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്രത്തിനു മുകളിലുള്ള കടന്നുകയറ്റം അനുവദനീയമല്ലാത്തതുകൊണ്ടു കൂടിയാണത്. ഒരു നാടകം അവതരിപ്പിക്കപ്പെടുകയെന്നത് ഒരു എഴുത്തുകാരന്റെ അനവധി നാളുകളായുള്ള ആഗ്രഹസഫലീകരണമാണ്.”സുരേഷ് പറയുന്നു

”കൊച്ചിന്‍ കാര്‍ണിവലില്‍ ഭാഗമായി നാട്ടക് അവതരിപ്പിക്കേണ്ടിയിരുന്ന ”ഗവര്‍ണറും തൊപ്പി”യുമെന്ന നാടകം സമകാലിക രാഷ്ട്രീയവുമായി യാതൊരു തരത്തിലുള്ള ബന്ധവും പുലര്‍ത്തുന്നില്ലെന്നാണു നാട്ടക് സംസ്ഥാന കമ്മിറ്റി അംഗം ഫ്രാന്‍സിസ് എരവേലില്‍ പറയുന്നത്. നാട്ടക് ഫോര്‍ട്ട് കൊച്ചി മേഖല കമ്മിറ്റിയാണ് നാടകം അവതരിപ്പിക്കാനിരുന്നത്.

”ഒരു സ്വിസ് നാടോടിക്കഥയെ ആസ്പദമാക്കി 1804-ല്‍ ജര്‍മന്‍ നാടകൃത്തായ ഫ്രെഡറിക് ഷില്ലര്‍ അവതരിപ്പിച്ച നാടകമാണിത്. യൂറോപ്പിലും സ്വിറ്റ്‌സര്‍ലന്‍ഡിലും ഇന്നും ഈ നാടകം അവതരിപ്പിച്ചു പോരുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ചിരുന്നതായി പറയപ്പെടുന്ന സ്വിസ് നാടോടി നായകനായ വില്യം ടെല്ലിനെയാണ് ഇതിവൃത്തമാക്കുന്നത്. പൊതുരംഗത്തു നിന്നടക്കം നല്ല പ്രതികരണങ്ങള്‍ ലഭിച്ച ഒരു നാടകം കൂടിയാണിത്. തിരക്കഥയില്‍ കഥാപാത്രങ്ങളെ കുറിച്ച് വ്യക്തമായിരുന്നിട്ടു പോലും ‘ഗവര്‍ണര്‍’എന്ന പദത്തിന് സംസ്ഥാന ഗവര്‍ണറാണെന്നും, തൊപ്പി മറ്റൊരു കഥാപാത്രമാണെന്ന് തീരുമാനിക്കുകയും ചെയ്യുന്നിടത്താണ് യഥാര്‍ത്ഥ പ്രശ്‌നം. അതെ സമയം റോട്ടറി, ലയണ്‍സ് ക്ലബ് പോലുള്ള സംഘടന ഭാരവാഹികളെ ഗവര്‍ണര്‍ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. അപ്പോള്‍ ഗവര്‍ണര്‍ എന്ന പദത്തിന് ഒരു സംസ്ഥനത്തിന്റെ അധികാരിയാണെന്ന വ്യഖ്യാനം മാത്രം നല്‍കുന്നത് ഒരു തരത്തില്‍ അധഃപതനമായി കണക്കാക്കാവുന്നതാണ്. നാടകം ഒരു സംഘകലയാണെന്ന് വിശ്വസിക്കുന്ന ആളുകളില്‍ ഒരാളാണ് ഞാന്‍. പതിനൊന്ന് അഭിനേതാക്കള്‍, പിന്നണി പ്രവര്‍ത്തകര്‍, ലൈറ്റ്, സൗണ്ട് തുടങ്ങി ഒരുപാടാളുകളുടെ അക്ഷീണ പ്രയത്‌നത്തെ ഇല്ലാതാക്കുന്നത് അങ്ങേയറ്റം നിരാശജനകമാണ്. ചാക്യാര്‍ കൂത്ത് എന്ന കലയില്‍ നിറഞ്ഞു നില്‍ക്കുന്നത് ആക്ഷേപഹാസ്യമാണ്. പണ്ട് കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ കൊട്ടാരങ്ങളില്‍ വിദൂഷകന്മാരുണ്ടായിരുന്നു. സദസ്സിനെ ചിരിപ്പുക്കുന്നതിലുപരി അധികാരികളുടെ തെറ്റിനെ സരസമായി ചൂണ്ടിക്കണിക്കുന്നവരായിരുന്നു ഈ വിദൂഷകര്‍. അപ്പോള്‍ ഗവര്‍ണര്‍ എന്ന പദത്തിന് ഭരണഘടന പദവിയിലയിരിക്കുന്ന വ്യക്തികള്‍ മാത്രമാണെന്ന ചിന്താഗതി മലയാളിക്ക് ചേരുന്നതല്ല. പ്രതികരണത്തിനുള്ള അവസരമുള്ള ഇടങ്ങളില്‍ നിന്ന് പഴയ റേഡിയോയ്ക്കു സമമായി ജനാധിപത്യം വീണുപോയികൊണ്ടിരിക്കുകയാണ്. നാടകം ഉണ്ടാക്കിയത് അവതരിപ്പിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ നാടകം തീര്‍ച്ചയായും കളിക്കും. കാര്‍ണിവല്‍ വേദിയില്‍ ക്രമാസമാധാനം ഉന്നയിച്ചുകൊണ്ടു കൂടിയാണ് നാടകം അവതരിപ്പിക്കാതിരുന്നത്. എന്നാല്‍ മറ്റു വേദികളില്‍ അടക്കം നാടകം ഇനിയും അവതരിപ്പിക്കും.”-ഫ്രാന്‍സിസ് എരവേലിലും നിലപാട് വ്യക്തമാക്കുന്നു.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍