UPDATES

ശിഥിലമാകുമോ’ ഇന്ത്യ’, തുടരുമോ ‘മോദി ഭാരതം’

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകള്‍ ചില സൂചനകള്‍ തരും

                       

ഈ വര്‍ഷം നടക്കുന്ന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്ത വര്‍ഷം നടുക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ക്ക് വ്യക്തത വരുത്തിയേക്കാം. നിലവിലെ സൂചനകള്‍ എന്‍ഡിഎ-യ്ക്ക് മൂന്നാം ഊഴം പ്രവചിക്കുന്നു. പുതിയ പ്രതിപക്ഷ സഖ്യം-‘ ഇന്ത്യ’യില്‍ വിഭജനം സംഭവിക്കുന്നില്ലെങ്കില്‍ ഏകപക്ഷീയമായ വിധി ഉണ്ടാകണമെന്നില്ല. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നിലനിര്‍ത്തുകയും മധ്യപ്രദേശില്‍ അധികാരം നേടുകയും ചെയതാല്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ പ്രതിപക്ഷ നിരയെ നയിക്കാനുമാകും.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തിന് കാരണം, ശിഥിലമായ പ്രതിപക്ഷമായിരുന്നു. വിഘടിച്ചു നില്‍ക്കുന്ന എതിരാളികളില്‍ തന്നെയാകും തങ്ങളെ തുണയ്ക്കുമെന്ന കണക്കു കൂട്ടലിലായിരുന്നിരിക്കണം ഇന്ത്യന്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസിവ് അലയന്‍സ്-‘ഇന്ത്യ’യുടെ രൂപീകരണം വരെ ബിജെപിയ്ക്ക്. എന്നാല്‍ ഇപ്പോഴുമവര്‍ പ്രതീക്ഷ വിട്ടിട്ടില്ല. മത്സരരംഗത്തേക്ക് വരുമ്പോള്‍ ഒറ്റയ്ക്കാവില്ല, പലതായി പിരിഞ്ഞാവും എതിരാളികള്‍ കളത്തിലിറങ്ങുക എന്നു തന്നെയാണ് കരുതുന്നത്.

ഗുജറാത്തും ഹിന്ദി ഹൃദയഭൂമികയും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. അതിനു പുറമെയാണ് പ്രതിപക്ഷ ശൈഥില്യത്തില്‍ നിന്നുള്ള മുതലെടുപ്പ്. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടപ്പാകുമോയെന്നത് രാജസ്ഥാന്‍-ഛത്തീസ്ഗഢ്-മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പ് ഫലവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

കേരളത്തിലെന്ന പോലെയായിരുന്നു രാജസ്ഥാനിലെയും അധികാര കൈമാറ്റം. ഒരു തവണ കോണ്‍ഗ്രസ്, അടുത്ത തവണ ബിജെപി, പിന്നെയും കോണ്‍ഗ്രസ്, അതു കഴിഞ്ഞ് ബിജെപി എന്ന കളം മാറിയുള്ള കളി ഇത്തവണ അവസാനിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. പിണറായി വിജയന്‍ തുടര്‍ ഭരണം നേടിയപോലെ, രാജസ്ഥാനില്‍ അശോക് ഗെലോട്ടും ചരിത്രം എഴുതുമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. അവരുടെ മുഖ്യ ഭയമായിരുന്ന സച്ചിന്‍ പൈലറ്റിന് പ്രവര്‍ത്തക സമതിയില്‍ സ്ഥാനം കൊടുത്ത് വരുതിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഗെലോട്ട് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള ചില ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി ജനത്തെ കൈയിലെടുത്ത് വച്ചിരിക്കുകയാണ്. ഇപ്പുറത്താണെങ്കില്‍ വസന്ധുര രാജ സിന്ധ്യ ബിജെപിയെ ഭീഷണിപ്പെടുത്തുകയാണ്. മുന്‍ മുഖ്യമന്ത്രി കൂടിയായ വസുന്ധര തന്നെയാണ് സംസ്ഥാനത്ത് ഇപ്പോഴും ബിജെപിയുടെ പ്രധാന മുഖം. എന്നാല്‍ കേന്ദ്ര നേതൃത്വം ‘ രാജമാതാവിനെ’ അവഗണിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവര്‍ വസുന്ധരയെ ഉയര്‍ത്തി കാണിക്കുന്നില്ല. നിലപാട് മാറ്റാന്‍ ബിജെപി നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ വസുന്ധര സ്വന്തം പാര്‍ട്ടിക്ക് എതിരേ തന്നെ പട നയിക്കും. രാജസ്ഥാന്‍ പോലൊരു സംസ്ഥാനത്ത് പരാജയപ്പെടുക എന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. പൊതു തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ‘ ഒരുക്കാന്‍’ അവര്‍ക്ക് കഴിയാതെ പോകും. ഭരണമില്ലാതിരുന്നിട്ടും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 25 ല്‍ 24 ഉം നേടിയതാണെങ്കിലും ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാണ്, അവര്‍ക്കൊപ്പം പ്രതിപക്ഷ സഖ്യവുമുണ്ട്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനും ജയിക്കാവുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം എ ഐ സി സി പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞത്, മധ്യപ്രദേശിലും കര്‍ണാടകയിലും(2018) തങ്ങളാണ് ജയിച്ചതെന്നും ബിജെപി എംഎല്‍എമാരെ മോഷ്ടിച്ചുകൊണ്ടാണ് അധികാരം പിടിച്ചെടുത്തതെന്നുമാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഇത്തവണ തിരിച്ചടി കൊടുത്തു, മധ്യപ്രദേശിലും അതാവര്‍ത്തിക്കുമെന്നാണ് ഖാര്‍ഗെയുടെ മുന്നറിയിപ്പ്. വര്‍ഷാവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പയറ്റി തുടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന പ്രഖ്യാപനം. സാഗറില്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ ഉത്ഘാടനം ചെയ്തുകൊണ്ട് ഖാര്‍ഗെ പറഞ്ഞത്, സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും പിന്നാക്ക ജാതിക്കാരിലേക്ക് എത്തുന്നില്ലെന്നാണ്. ഈ അവസ്ഥ മാറ്റുമെന്നാണ് ജാതി സെന്‍സസിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനം.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ തന്നെയാകും ഒരു തവണ കൂടി ബിജെപി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നേരിടുക. ഇത്തവണയൊരു മാറ്റം ഉണ്ടാകില്ലെന്ന് തന്നെയാണ് കേള്‍ക്കുന്നത്. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ചൗഹാന്‍. ഇത്തവണ കൂടി അവസരം നല്‍കി മാറ്റി നിര്‍ത്താനാകും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

ബിജെപിയുടെ പ്രധാന സമ്പാദ്യം വിശാല ഹിന്ദു വോട്ടാണ്. മറ്റ് പാര്‍ട്ടികള്‍ക്കും ഹിന്ദു വോട്ടുകളുണ്ടെങ്കിലും ജാതി തിരിച്ചുള്ളതാണ്. ബിജെപി ചെയ്യുന്നതാകട്ടെ, എല്ലാത്തരം ഹിന്ദു വോട്ടുകളും തങ്ങളിലേക്ക് എത്തിക്കുന്നു. ഉത്തര്‍പ്രദേശില്‍ ദളിത് വോട്ട് ബാങ്ക് കൈയിലുണ്ടായിരുന്ന ബിഎസ്പി-യെയൊക്കെ ബിജെപി പരാജയപ്പെടുത്തുന്നത് അങ്ങനെയാണ്.എല്ലാ ഹിന്ദുവോട്ടുകളും ബിജെപിയിലേക്ക് പോകാതെ, ജാതി വോട്ടുകള്‍ വിഘടിപ്പിക്കുകയെന്ന ലക്ഷ്യം കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കുമുണ്ട്.

ഛത്തീസ്ഗഢ് വലിയ പ്രശ്‌നങ്ങളുമൊന്നുമില്ലാതെ കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. ഭരണം നിലനിര്‍ത്താമെന്ന് തന്നെയാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. രാജസ്ഥാനിലെ പോലെ, പാര്‍ട്ടിക്കുള്ളില്‍ നേതാക്കളുടെ വടംവലിയൊന്നുമില്ല. മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്നവര്‍ ഒന്നലധികമുണ്ടെങ്കിലും നേതൃത്വത്തിന് കൈകാര്യം ചെയ്യുന്ന തീവ്രതയെയുള്ളൂ.

കര്‍ണാടകയാണ് കോണ്‍ഗ്രസിന്റെയും ‘ഇന്ത്യ’യുടെയും പ്രധാന ആത്മവിശ്വാസം. അവിടെ വിജയിച്ച തന്ത്രങ്ങള്‍ ബിജെപിക്കെതിരേ പൊതു തെരഞ്ഞെടുപ്പിലും പ്രയോഗിക്കാമെന്ന വിശ്വാസം അവര്‍ക്കുണ്ട്. അത് തന്നെയാണ് വേണ്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. ‘ ചൗക്കിദാര്‍ ചോര്‍ ഹേ’ പോലുള്ള മുദ്രാവാക്യങ്ങള്‍ക്കൊണ്ട് കാര്യമില്ല. ഓരോ സ്ഥലത്തും അവിടുത്തെ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാക്കണം. കര്‍ണാടകയില്‍ അങ്ങനെ ചെയ്തു, ഫലം കിട്ടി. തെക്കേ ഇന്ത്യയിലെ പരമാവധി സീറ്റുകള്‍ ഏതു വിധേനയായാലും കൈക്കലാക്കാമെന്ന വിശ്വാസം പ്രതിപക്ഷ സഖ്യത്തിനുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലൊന്നും ബിജെപി വലിയ നേട്ടമുണ്ടാക്കില്ല.

എന്നിരുന്നാലും കോണ്‍ഗ്രസും ‘ ഇന്ത്യ’യും നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ പലതുണ്ട്. തെക്കേ ഇന്ത്യ, പശ്ചിമ ബംഗാള്‍ തുടങ്ങി ഏതാനും സംസ്ഥാനങ്ങള്‍ ബിജെപിയെ പ്രതിരോധിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഉത്തരേന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. അവിടെ ബിജെപി അജയ്യരായി തന്നെ നില്‍ക്കുകയാണ്. നേരത്തെ പറഞ്ഞതുപോലെ, ഹിന്ദി ഹൃദയ ഭൂമികയില്‍ പ്രത്യേകിച്ച്. അവിടെയവര്‍ക്ക് തുല്യരായ എതിരാളിയോ എതിരാളികളോ ഇല്ല.

പ്രതിപക്ഷ ഐക്യം പറയുമ്പോഴും, നേതാക്കന്മാര്‍ക്ക് അപ്പുറത്തേക്ക് അണികള്‍ക്കിടയില്‍ ഐക്യം ഉണ്ടായിട്ടുണ്ടെന്നോ ഉണ്ടാകുമെന്നോ പറയാന്‍ കഴിയില്ല. പശ്ചിമ ബംഗാള്‍ ബിജെപി വലിയ പ്രതീക്ഷ വയ്ക്കാത്ത സംസ്ഥാനമാണ്. എന്നാല്‍, അവിടെ പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ചേക്കാം. തൃണമൂലിനും സിപിഎമ്മിനും ഒരിക്കലും ബംഗാളില്‍ ഐക്യപ്പെടാന്‍ സാധിക്കില്ല. നേതാക്കന്മാര്‍ ഒരുമിച്ച് ചായ കുടിക്കുന്നുണ്ടാകാം, എന്നാല്‍ അണികള്‍ ശത്രുക്കളാണ്. തങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് വിശ്വസിക്കുന്ന സിപിഎം, ബിജെപിയെക്കാള്‍ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് തൃണമൂലിനെയാകും. തിരിച്ചും അങ്ങനെ തന്നെ. കോണ്‍ഗ്രസിനും എത്രകണ്ട്, തങ്ങളുടെ പ്രാദേശിക എതിരാളികളോട് സഹകരിക്കാന്‍ സാധിക്കുമെന്നത് ചോദ്യമാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള മത്സരമുണ്ടായാല്‍ ബിജെപി അതില്‍ നിന്നും ലാഭം കൊയ്യും.

ഇതേ അവസ്ഥ തന്നെയാണ് കേരളത്തിലും. ദേശീയ തലത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും താത്പര്യമെങ്കിലും, കേരളത്തില്‍ അവര്‍ക്കിടയില്‍ കടുത്ത മത്സരം തന്നെയുണ്ടാകും. യോജിപ്പിന്റെ രാഷ്ട്രീയം അവര്‍ക്കിടയില്‍ ഉണ്ടാകില്ല. ലോക്‌സഭയിലേക്ക് ആണെങ്കിലും സിപിഎമ്മിനെ തറപറ്റിക്കുക കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നിലനില്‍പ്പിന് അത്യാവശ്യമാണ്. മറുവശത്താകട്ടെ, തങ്ങളുടെ പ്രധാന്യം ദേശീയതലത്തില്‍ നിലനിര്‍ത്തണമെങ്കില്‍ കേരളത്തില്‍ നിന്നു കിട്ടുന്ന സീറ്റുകള്‍ മാത്രമെ(നിലവില്‍ അതിനുള്ള ശക്തിയെയുള്ളൂ) സഹായിക്കൂ എന്ന് സിപിഎമ്മിനും അറിയാം. അതുകൊണ്ട് തന്നെ ത്രികോണ മത്സരത്തിനുള്ള കളം തന്നെ കേരളത്തിലൊരുങ്ങും. സിപിഎം-കോണ്‍ഗ്രസ് ശത്രുത തന്നെയാണ് ബിജെപി കേരളത്തില്‍ അകൗണ്ട് തുറക്കാന്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതും.

ഇതുപോലെ, എത്ര സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എതിരേ ഒറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമെന്നത് ചോദ്യമാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതുകൊണ്ട് മാത്രം കാര്യമില്ല, ഭരണവിരുദ്ധ വികാരം രാജ്യത്തുണ്ടെങ്കില്‍, അത് മുതലാക്കാന്‍ യോജിച്ചു നീങ്ങാനും ‘ ഇന്ത്യ’ക്ക് കഴിയണം, അതല്ലെങ്കില്‍ മോദി തന്നെ മൂന്നാം വട്ടവും ഇന്ത്യ ഭരിക്കും.

Share on

മറ്റുവാര്‍ത്തകള്‍