UPDATES

‘ഭാരതം’ മറച്ചത് പ്രതിഷേധം തന്നെ

ആര്‍ക്കും പ്രശ്‌നമുണ്ടാക്കില്ല, എന്നാല്‍ ഇതിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടും: സുബീഷ് സുധി/ അഭിമുഖം

                       

സിനിമയെ ഭരണകൂട താത്പര്യത്തിന് വിധേയമാക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയില്‍ ശക്തമാണ്. ഇതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു ‘ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന ചിത്രം. പേരിലെ ‘ ഭാരതം’ ഒഴിവാക്കിയാല്‍ മാത്രം പ്രദര്‍ശനാനുമതി എന്ന നിര്‍ബന്ധം പിടിച്ചു സെന്‍സര്‍ ബോര്‍ഡ് നിന്നപ്പോള്‍, അണിയറക്കാര്‍ക്ക് വഴങ്ങേണ്ടി വന്നു. എന്നാല്‍, അതൊരു കീഴടങ്ങലായിരുന്നില്ല. ‘ ഭാരതം’ ഒഴിവാക്കുകയായിരുന്നില്ല, ‘ മറയ്ക്കുക’യായിരുന്നു അവര്‍ ചെയ്തത്. ആ മറയ്ക്കലില്‍ ഒരു രാഷ്ട്രീയ ധൈര്യമുണ്ട്. എന്തുകൊണ്ട് അങ്ങനെയൊരു നീക്കം എന്നതിന് വ്യക്തമായ മറുപടിയുണ്ട്, ‘ ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്ന ചിത്രത്തിലെ നായകന്‍ സുബീഷ് സുധിക്ക്. തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുബീഷ് മലയാളത്തില്‍ ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ‘ ഒരു സര്‍ക്കാര്‍ ഉത്പന്നം’ മാര്‍ച്ച് എട്ടിനാണ് റിലീസ്. സിനിമയെക്കുറിച്ചും, പേരിനെക്കുറിച്ചും സുബീഷ് അഴിമുഖവുമായി സംസാരിക്കുന്നു.

ഇതൊരു പ്രതിഷേധമാണ്

സിനിമയുടെ പേരില്‍ മാറ്റം വരുത്താനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ബന്ധത്തിനെതിരായ പ്രതിഷേധം തന്നെയാണ് ‘ഭാരതം’ എന്ന വാക്ക് പോസ്റ്ററില്‍ മറച്ചതിലൂടെ ചെയ്തത്. ഒരു സിനിമയുടെ പേര് എന്തായിരിക്കണമെന്നു വരെ സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുന്ന കാലത്ത്, പുതിയ തലമുറക്ക് വേണ്ടി ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതികരണം നടത്തേണ്ടത് അത്യാവശ്യമായിരുന്നു. ഒരുപാട് വ്യക്തികള്‍ കാലങ്ങളോളം പോരാടിയത് കൊണ്ടാണ് നാം ഇന്ന് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത്. ഈ സ്വാതന്ത്ര്യം ഇനിയും നിലനില്‍ക്കണം. അതിനു വേണ്ടിയുള്ള പോരാട്ടം തന്നെയാണ് സിനിമയുടെ പേരിലെ ‘ഭാരതം’ മറച്ചുകൊണ്ട് ഞങ്ങള്‍ നടത്തിയിരിക്കുന്നത്.

ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയം സിനിമയിലുണ്ട്

സെന്‍സര്‍ ബോര്‍ഡ് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയാണ് ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’. പിന്നെന്തുകൊണ്ടാണ് ഭാരതം എന്ന ഭാഗം മാറ്റണമെന്നു പറഞ്ഞത്? അതിനു പിന്നിലെ ചേതോവികാരം ഇതുവരെ മനസിലായിട്ടില്ല. ചിത്രം പങ്കുവയ്ക്കുന്ന ആശയത്തിന് യാതൊരു വിധ കുറ്റവുമില്ലാത്തത് കൊണ്ടാണല്ലോ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പുറത്തിറങ്ങുമ്പോള്‍ ആര്‍ക്കും യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ചിത്രമാണ് ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’. അതേസമയം, ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയം സിനിമ മുന്നോട്ട് വയ്ക്കുന്നുമുണ്ട്. ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രദീപന്റെ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും, ആ സമൂഹത്തിലുണ്ടാകുന്ന വിഷയങ്ങളുമാണ് ചിത്രം പറയുന്നത്.

അതിലും വലിയ വേദനയിലാണ് ഞങ്ങള്‍

സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തിയില്‍ അമ്പരന്ന് നില്‍ക്കുമ്പോഴാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. എല്ലാം കൊണ്ടും വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ഞങ്ങള്‍ കടന്ന് പോകുന്നത്. നിസാം ഇക്കയുടെ സ്വപ്നമായിരുന്നു ഈ ചിത്രം. അത് പരിസമാപ്തിയിലെത്തും മുന്‍പേ അദ്ദേഹം ഞങ്ങളെ വിട്ട് പോയി. ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരും അദ്ദേഹത്തിന്റെ വേര്‍പാട് നല്‍കിയ ദുഖത്തില്‍ നിന്ന് ഇപ്പോഴും മുക്തി നേടിയിട്ടില്ല. അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ വിടവ് ഒട്ടും ചെറുതല്ല. അദ്ദേഹം ഞങ്ങളുടെ കൂടെ തന്നെയുണ്ട് എന്നാണ് എന്റെ വിശ്വാസം. എനിക്ക് ജീവനുള്ളിടത്തോളം കാലം ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും എന്ന് മാത്രമേ എനിക്ക് പറയാന്‍ സാധിക്കൂ.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍