UPDATES

മനുഷ്യാവകാശം vs മൃഗാവകാശം, മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായക്കളെ എന്തു ചെയ്യണം; വന്ധ്യംകരിക്കണോ, കൊല്ലണോ?

തെരുവ് നായ് ആക്രമണം കേരളത്തിലെ മാത്രം പ്രശ്‌നമല്ല

                       

കോഴിക്കോട് മുഴുപ്പിലങ്ങാടിയില്‍ ഓട്ടിസം ബാധിച്ച നിഹാല്‍ എന്ന 11 കാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കീറി കൊന്ന സംഭവത്തോടെ കേരളത്തില്‍ വീണ്ടും ‘ തെരുവ് നായ’ വിഷയം സജീവ ചര്‍ച്ചയായി. കഴിഞ്ഞ 25 വര്‍ഷത്തോളമായി കേരളം നേരിടുന്ന അതീവ ഗുരുതരമായ സാമൂഹിക പ്രശ്‌നമാണ് തെരുവ് നായ ആക്രമണം. 2016 ജനുവരി മുതല്‍ 2021 ജൂലൈ വരെയുള്ള കാലത്ത് കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 42 മനുഷ്യജീവനുകള്‍ നഷ്ടമായിട്ടുണ്ട്. 8,09629 കേസുകളാണ് തെരുവ് നായ് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട്‌ ചെയ്തത്.

പൊതുയിടങ്ങളില്‍ മാത്രമല്ല വീടുകളില്‍ പോലും തെരുവുനായ ആക്രമണത്തിന് മലയാളികള്‍ വിധേയരാവുന്നുണ്ട്. കോതമംഗലത്ത് ദേവനന്ദന്‍ എന്ന മൂന്നു വയസ്സുകാരന് നായയുടെ കടിയേറ്റത് വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു. നായ വരാന്തയില്‍ നിന്ന് കുട്ടിയെ കടിച്ചുവലിച്ച് മുറ്റത്തേക്കിട്ട് വീണ്ടും കടിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ കാലാമ്പൂരില്‍ അംഗനവാടിയില്‍ കയറിയ നായ രണ്ടു കുഞ്ഞുങ്ങളെ കടിച്ചുകീറിയിരുന്നു. തെരുവുനായ ആക്രമണത്തിന് ഇരയാവുന്നത് പതിനഞ്ച് വയസ്സില്‍ താഴെയുള്ളവരാണെന്നതും ഞെട്ടിക്കുന്ന കാര്യമാണ്. തെരുവുകള്‍, പാര്‍ക്കുകള്‍, ആശുപത്രി മുറ്റങ്ങള്‍, വിദ്യാലയ പരിസരങ്ങള്‍ തുടങ്ങി ജനങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സമാവുകയും പലപ്പോഴും ജീവനുതന്നെ ഭീഷണിയാവുയും ചെയ്യുന്ന തരത്തില്‍ തെരുവുനായ ശല്യം സംസ്ഥാനത്ത് രൂക്ഷമാകുമ്പോഴും, ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞതുപോലെ, തെരുവ് നായ് ആക്രമണം കേരളത്തിലെ മാത്രം പ്രശ്‌നമല്ല. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍ 2023 ലെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ആകെ 1.5 കോടി തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ 300 ന് മുകളില്‍ ആളുകള്‍ തെരുവ് നായ്ക്കളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നുമാണ്. ഇതില്‍ ഭൂരിഭാഗവും ഗ്രാമീണമേഖലയിലുള്ള ദരിദ്രകുടംബങ്ങളിലെ കുട്ടികളാണെന്നതാണ് വേദനിപ്പിക്കുന്ന കാര്യം. ഈ കാലയളവില്‍ 20,000 പേര്‍ പേ വിഷബാധയേറ്റ് മരണപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ ലൈവ് സ്റ്റോക്ക് സെന്‍സ് പ്രകാരം നല്‍കിയ കണക്കില്‍ തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ രാജ്യത്ത് 17 ാം സ്ഥാനത്താണ് കേരളമുള്ളത്. 290,000 തെരുവ് നായ്ക്കള്‍ കേരളത്തിലുണ്ടായിരുന്നുവെന്നായിരുന്നു കഴിഞ്ഞവര്‍ഷത്തെ കണക്ക്. ഇതില്‍ ഒരു പ്രശ്‌നമായുള്ളത്, കേരളത്തില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നതാണ്. 21,000 തെരുവ്‌നായ്ക്കള്‍ കേരളത്തില്‍ കൂടിയെന്നാണ് കണക്കുകള്‍ പറയുന്നത്. എണ്ണത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ പോലും കേരളം ഇല്ലെങ്കിലും പട്ടി കടിയേല്‍ക്കുന്നതില്‍ രാജ്യത്ത് ആറാം സ്ഥാനത്തുണ്ട് കേരളം. 2022 ല്‍ ആദ്യ ഏഴു മാസം കേരളത്തില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ പതിനായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 21 പേരാണ് കഴിഞ്ഞവര്‍ഷം പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ ഏറ്റവും സങ്കടകരമായ സംഭവം, മൂന്നു തവണ വാക്‌സിനേഷന്‍ എടുത്തിട്ടും ഒരു 12 വയസുകാരന്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നതാണ്.

ദേശീയതലത്തില്‍ തന്നെ തെരുവ് നായ് ശല്യം രൂക്ഷമായ സാമൂഹിക പ്രശ്‌നമായി നില്‍ക്കുമ്പോള്‍ കേരളത്തിലെ ഈ പ്രശ്‌നം ദേശീയതലത്തില്‍ തന്നെ പല തവണ ചര്‍ച്ചയായിട്ടുണ്ട്. തെരുവു നായ്ക്കളുടെ കാര്യത്തില്‍ കേരളം ക്രൂരത കാണിക്കുന്നവെന്നാണ് ഡല്‍ഹിയില്‍ നിന്നൊക്കെയുണ്ടാകുന്ന പ്രതിഷേധം. 2016 ല്‍ തിരുവനന്തപുരത്ത് ശീലുവമ്മ എന്ന വൃദ്ധ തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കേരളം കടുത്ത് നടപടികളിലേക്ക് നീങ്ങുമെന്ന ഘട്ടം വന്നപ്പോള്‍, സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ‘ഭീഷണി മുഴക്കിയത്’ തെരുവു നായ്ക്കളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കുമെന്നായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വന്ധ്യംകരണത്തിനു പകരം അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചാല്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങുന്ന സ്ഥിതിയാണ്. തെരുവുനായ ശല്യം രൂക്ഷമായ കേരളത്തില്‍ പട്ടികളെ കൊല്ലുന്നതുകൊണ്ടുമാത്രം പരിഹാരം കാണാന്‍ കഴിയില്ലെന്നായിരുന്നു മനേക ഗാന്ധി വാദിച്ചത്. 60 വര്‍ഷമായി കേരളത്തില്‍ പട്ടികളെ കൊന്നൊടുക്കുകയാണെന്നൊരു ആരോപണവും അവര്‍ ഉയര്‍ത്തിയിരുന്നു. ശീലുവമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന മനേക ഗാന്ധി പറഞ്ഞത്, ആ വൃദ്ധ മാംസവുമായി പോയതുകൊണ്ടാണ് നായ്ക്കള്‍ ആക്രമിച്ചതെന്നാണ്. ഇവിടെ നിഹാല്‍ എന്ന ബാലന്‍ എന്തു പ്രകോപനത്തിന്റെ പുറത്താണ് നായ്ക്കളാല്‍ ആക്രമിക്കപ്പെട്ടത്?

മൃഗസംരക്ഷണ നിയമങ്ങളും കോടതി വിധികളും കാരണം വ്യക്തമായൊരു പദ്ധതിയോ നിര്‍വഹണമോ തെരുവ് നായ്ക്കളുടെ കാര്യത്തില്‍ സ്വീകരിക്കാനും നടപ്പാക്കാനും കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഓരോ മരണങ്ങളും ആക്രമണങ്ങളും സംഭവിക്കുമ്പോള്‍ പൊതുസമൂഹത്തില്‍ നിന്നുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഒരു നിശ്ചിത സമയം വരെ ഉയര്‍ന്നു നില്‍ക്കും. സര്‍ക്കാര്‍ തങ്ങളുടെ വാദങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കണക്കും നിരത്തും, ഒപ്പം കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളും കോടതി വിധികളും ചൂണ്ടിക്കാട്ടി നിസ്സഹായവസ്ഥ പ്രകടിപ്പിക്കും. ഇതൊന്നും വഴിയരികിലും വീടിനുള്ളിലേക്കും കൊല വിളിയുമായി പാഞ്ഞെത്തുന്ന കൊലയാളി നായ്ക്കളെ തടയാന്‍ പര്യാപ്തമാകുന്നില്ല. ഒരു ചോദ്യത്തിന് ഇപ്പോഴും കൃത്യമായൊരു ഉത്തരമില്ല; മനുഷ്യ ജീവന് ഭീഷണിയൊഴിയാന്‍ തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചാല്‍ മതിയോ, അതോ കൊല്ലണോ?

തെരുവു നായ്ക്കളെ വന്ധ്യംകരിച്ചാല്‍ അവയെക്കൊണ്ടുള്ള ഭീഷണി മാറുമെന്ന സിദ്ധാന്തം അത്രകണ്ട് വിജയമായിട്ടില്ലെന്നാണ് കേരളത്തില്‍ തെരുവ് നായ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. വന്ധ്യംകരണ പദ്ധതി അതിന്റെ ലക്ഷ്യപ്രാപ്തിയില്ലെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിയാത്തതുകൊണ്ടുമാകാം. തെരുവ് നായ വിഷയത്തില്‍ ഉത്തരവാദിത്തം എടുക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചിലത് അലസത കാണിച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും തെരുവ് നായ വിഷയം വലിയ ചര്‍ച്ചകളായി ഉയര്‍ന്നിരുന്നു. ഒരു പിഞ്ചു കുഞ്ഞ് തെരുവ് നായ്ക്കളുടെ അക്രമണത്തിന് ഇരയായ സംഭവം ഉണ്ടായി. അതിനു പിന്നാലെ ആ സമയത്തെ തദ്ദേശവകുപ്പ് മന്ത്രി പറഞ്ഞത് അക്രമാസക്തരായ തെരുവ് നായ്ക്കളെ കൊല്ലുമെന്നായിരുന്നു. മന്ത്രി അത് പറഞ്ഞതിന്റെ രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് 65 കാരിയായ ശീലുവമ്മയെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്. അതിനുശേഷവും മനുഷ്യര്‍ തെരുവു നായ്ക്കളാല്‍ കൊല്ലപ്പെട്ടു, ആ കണക്ക് ഇപ്പോള്‍ 11 കാരന്‍ നിഹാലില്‍ വരെ എത്തി നില്‍ക്കുന്നു. ഇനിയൊരു മരണം കൂടി ഇത്തരത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാന്‍ സര്‍ക്കാരിനെക്കൊണ്ടാകുന്നുമില്ല.

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി ആവിഷ്‌ക്കരിച്ച അനിമല്‍ ബര്‍ത്ത് കണ്ട്രോള്‍(എബിസി) പദ്ധതി നടപ്പാക്കിയാല്‍ മതി, തെരുവു നായ ഭീഷണിയില്‍ നിന്നും മനുഷ്യര്‍ മുക്തരാകുമെന്നാണ് പറയുന്നത്. എബിസി പദ്ധതി പ്രകാരം നായ്ക്കളെ കൊല്ലരുത്, വന്ധ്യംകരണത്തിന് ശേഷം തിരികെ വിടണം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി എബിസി പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ട്. പക്ഷെ രാഷ്ട്രീയവും ഭരണപരവുമായ പല കാരണങ്ങള്‍ കൊണ്ട് പ്രസ്തുത പദ്ധതി വിജയകരമായി നടപ്പാക്കാനായിട്ടില്ല. ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. സുപ്രിംകോടതി നിയോഗിച്ച പാനലിന്റെ കണക്കുപ്രകാരം 2015-16 കാലയളവില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. ഓരോ വര്‍ഷം കഴിയുമ്പോഴും ഈ കണക്ക് ഇരട്ടിയായി വര്‍ദ്ധിക്കുകയാണ്.

തെരുവു നായ പ്രശ്‌നം പരിഹരിക്കാനുള്ള ഏക മാര്‍ഗം അവയെ കൊല്ലുകയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. വന്ധ്യംകരണ പദ്ധതി കൊണ്ട് പ്രയോജനമില്ലെന്നാണ് ഈ വാദക്കാര്‍ പറയുന്നത്. എബിസി പദ്ധതികള്‍ എത്രത്തോളം പ്രായോഗികമാണെന്നുള്ളതാണ് ഇവര്‍ ചര്‍ച്ചയാക്കുന്നത്. വന്ധ്യംകരണം നടത്തിയ നായ്ക്കളെ അവയെ പിടിച്ചിടത്തു തന്നെ തിരിച്ചെത്തിക്കണമെന്നാണ് പദ്ധതി പറയുന്നത്. തിരിച്ചെത്തിച്ചാല്‍ ആ പ്രദേശത്ത് മറ്റു നായ്ക്കള്‍ കയ്യടക്കിയിട്ടുണ്ടെങ്കില്‍ വന്ധ്യംകരണം ചെയ്ത നായ്ക്കള്‍ ആക്രമിക്കപ്പെടാനും സാധ്യതയുണ്ടെന്നും എതിര്‍പക്ഷക്കാര്‍ പറയുമ്പോള്‍, കൃത്യമായ ആസൂത്രണത്തിലൂടെ പദ്ധതി വിജയകരമാക്കാന്‍ കഴിയുമെന്നാണ് അനിമല്‍ വെല്‍ഫെയര്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ജോധ്പൂര്‍, ചെന്നൈ, സിക്കിം, ഊട്ടി എന്നിവിടങ്ങളില്‍ എബിസി പദ്ധതി വിജയകരമായി നടപ്പാക്കിയതായും അവകാശപ്പെടുന്നു. തെരുവ് നായ്ക്കളെ കൊല്ലരുതെന്ന കടുംപിടുത്തമാണ് ഇപ്പോഴും മൃഗസ്‌നേഹികള്‍ക്കുള്ളത്. പൈശാചികമായി നായ്ക്കളെ കൊലചെയ്യുന്നതിന് പകരം വന്ധ്യംകരണം ചെയ്താല്‍ മതിയെന്നാണ് നായ്‌പ്രേമികളുടെ ആവശ്യം.

തെരുവ്‌നായ്ക്കളെ ഉന്മൂലനം ചെയ്യാതെ വന്ധ്യംകരിച്ചും രോഗപ്രതിരോധ കുത്തിവയ്പ്പ് നല്‍കിയും( Sterilization and Immunization) അവയുടെ പ്രജനനം നിയന്ത്രിക്കുകയെന്നതാണ് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ(AWBI)യുടെ സഹായത്തോടെ മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, പഞ്ചായത്തുകള്‍ എന്നിവ എബിസി, ആന്റി-റാബിസ് പ്രോഗ്രാമുകള്‍ നടപ്പാക്കണമെന്നാണ് എബിസി റൂളില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എബിസി റൂള്‍സ് പ്രകാരം തെരുവ് നായ്ക്കളെ ‘ കമ്യൂണിറ്റി ആനിമല്‍സ്’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുകയും ഈ പദ്ധതിയുടെ ലക്ഷ്യമായി പറയുന്നുണ്ട്. എ ബി സി പദ്ധതി നിര്‍ദേശങ്ങളില്‍ പറയുന്നൊരു കാര്യം, റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ തെരുവ് നായ്ക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്തം കാണിക്കണമെന്നാണ്. കുട്ടികളെയും മുതിര്‍ന്നവരെയും സുരക്ഷിതരാക്കിക്കൊണ്ട് തെരുവ് നായ്ക്കള്‍ക്ക് നിശ്ചിത ഇടവേളകളില്‍ ഭക്ഷണം നല്‍കണമെന്ന നിര്‍ദേശവും പറയുന്നുണ്ട്. തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിര്‍ദേശങ്ങള്‍. ഒരു പ്രദേശത്ത് നിന്നും നായ്ക്കളെ ഒഴിവാക്കാതെ തന്നെ മനുഷ്യരും തെരുവ് നായ്ക്കളും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും എബിസി റൂള്‍സില്‍ പറയുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും ഒരു ക്രമമില്ലാതെ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും ഒഴിവാക്കണം. മനുഷ്യരും തെരുവ് നായ്ക്കളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെ എബിസി മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും തന്നെ ലംഘിക്കപ്പെടാതെ നോക്കേണ്ട ഉത്തരവാദിത്തം തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണമെന്നും പറയുന്നുണ്ട്.

ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കിയതുകൊണ്ട് മാത്രം തെരുവ് നായ് ഭീഷണി ഒഴിയുമോ എന്ന ചോദ്യത്തിനൊപ്പം തന്നെ നില്‍ക്കുന്ന മറ്റൊരു ചോദ്യമാണ്, ഈ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും എങ്ങനെ നടപ്പാക്കുമെന്നത്. വന്ധ്യംകരണവും വാക്‌സിനേഷനുമെല്ലാം കഴിഞ്ഞ് ഇതേ നായ്ക്കളെ തിരികെ വിടുന്നത് തെരുവിലേക്ക് തന്നെയാണ്. എ ബി സി നിര്‍ദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ പുനരധിവാസത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ലോക്കല്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനുകളോട് തെരുവ് നായ്ക്കളെ സംരക്ഷിക്കാനും പാലിക്കാനും നിര്‍ദേശിക്കുന്നുണ്ടെങ്കിലും, മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പരിചരണം നല്‍കാനുള്ള മാര്‍ഗവും കഴിവും ഉണ്ടോയെന്ന് ഉറപ്പു വരുത്തുന്നില്ല. പ്രാപ്തമായ ഫണ്ട് ഇക്കാര്യത്തില്‍ അനുവദിക്കപ്പെടുകയോ, ലഭ്യമാക്കുകയോ ചെയ്യുന്നില്ലെന്നതും തെരുവ് നായ് വിഷയം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ചയ്ക്ക് കാരണമാകുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍