UPDATES

പണത്തിലും വലുതല്ല മനുഷ്യ ജീവന്‍

മരുന്നു കമ്പനികളുടെ ‘ സംഭാവന’ ആയിരം കോടി; ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉണ്ടാക്കിയ കമ്പനികളും ബോണ്ടുകള്‍ വാങ്ങി സുരക്ഷിതരായി

                       

35 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് ആയിരം കോടി. ഇതില്‍ ഏഴു കമ്പനികള്‍ മരുന്നുകളുടെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടവ. 1940 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ പരിശോധിച്ച്, വില്‍പ്പനയ്‌ക്കെത്തുന്നതിന് മുമ്പ് അവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. പരിശോധനയില്‍ ഗുണനിലവാരം ഇല്ലെന്നു കണ്ടാല്‍ കമ്പനികള്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് അയക്കും. നോട്ടീസ് പ്രകാരം മരുന്നുകളുടെ ഉത്പാദനമോ വില്‍പ്പനയോ തടയാനും കമ്പനികളുടെ നിര്‍മാണ ലൈസന്‍സ് റദ്ദ് ചെയ്യാനുമുള്ള അധികാരം അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്കോ, കേന്ദ്രസര്‍ക്കാരിനോ ആണ്. പക്ഷേ, പലപ്പോഴും സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ നിന്നും മരുന്ന് നിര്‍മാണ കമ്പനികളോട് അയഞ്ഞ സമീപനമാണ് കണ്ടുവരുന്നത്. അത്, കമ്പനികളുടെ ഓഫറുകള്‍ ഭരണകൂടം സ്വീകരിക്കുന്നതുകൊണ്ടാവാം. ഇലക്ടറല്‍ ബോണ്ടുകള്‍ അക്കാര്യം തെൡയിച്ചിരിക്കുന്നു. ഏത് താത്പര്യത്തിന് പുറത്താണ് മരുന്ന് നിര്‍മാതാക്കള്‍ ആയിരം കോടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ‘ സംഭാവന’ നല്‍കിയെന്നതിനു പിന്നിലെ താത്പര്യം ചിന്തിച്ചാല്‍ കാര്യങ്ങള്‍ പിടികിട്ടും. ഇലക്ടറല്‍ ബോണ്ട് വിവരത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും സംസ്ഥാനതലങ്ങളില്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മരുന്ന് കമ്പനികള്‍ ധനസഹായം നല്‍കാറുണ്ടെന്നാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സിന്റെ എഡിറ്റര്‍ അമര്‍ ജെസാനി ന്യൂസ് ലോണ്‍ട്രിയോട് പറയുന്നത്. നിയമങ്ങളില്‍ നിന്നു രക്ഷപെടാന്‍ മാത്രമല്ല, ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ഭൂമി ലഭ്യമാക്കാനും, നികുതി ഇളവുകള്‍ നേടിയെടുക്കാനും തങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ രൂപീകരിക്കാനും, വില പരിധി നീക്കം ചെയ്യാനുമൊക്കെയായി കോടികള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മരുന്ന് വ്യവസായികള്‍ നല്‍കാറുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ന്യൂസ് ലോണ്‍ട്രിയോട് പറയുന്നത്.

ഏതൊക്കെ പാര്‍ട്ടികള്‍ക്കാണ് കമ്പനികള്‍, പ്രത്യേകിച്ച് ഗുണനിലവാരത്തില്‍ പരാജയപ്പെട്ട കമ്പനികള്‍ പണം കൊടുത്തിരിക്കുന്നതെന്ന് എസ്ബിഐ യുണീക്ക് നമ്പരുകള്‍ പുറത്തു വിട്ടെങ്കില്‍ മാത്രമെ മനസിലാക്കാന്‍ കഴിയൂ. എന്നാല്‍, ബോണ്ട് വാങ്ങിയവരില്‍ ഗുണനിലവാരം മോശമായതിനാല്‍ നോട്ടീസ് കിട്ടിയ ഏഴ് കമ്പനികള്‍ ഏതൊക്കെയാണെന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

ഹെട്‌റോ ലാബസ് ആന്‍ഡ് ഹെട്‌റോ ഹെല്‍ത്ത്‌കെയര്‍

60 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ഇവര്‍ 2022 ഏപ്രലില്‍ വാങ്ങിയത്. പത്തു മാസത്തിനുള്ള ആറ് നോട്ടീസുകളാണ് മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് അയച്ചത്. കോവിഡ് മഹാമാരിക്കാലത്ത് കമ്പനിയുടെ വില്‍പ്പന ഇരട്ടിപ്പിച്ച ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍(Remdesivir) ഉള്‍പ്പെടെ കോവിഡുമായി ബന്ധപ്പെട്ട മൂന്നു മരുന്നുകളുടെ ഗുണനിലവാരത്തില്‍ അപാകത ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേഷന്‍ കത്തയച്ചിരുന്നു. റെംഡെസിവിറില്‍ ക്ലിയര്‍ ലിക്വഡിന് പകരം മഞ്ഞ നിറത്തിലുള്ള ലിക്വിഡ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2021 ജൂലെ, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ കമ്പനിക്ക് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ നോട്ടീസ് പോയതാണ്. 2023 ഏപ്രിലില്‍ അവര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമുണ്ടായിരുന്നിട്ടും തെലങ്കാന സര്‍ക്കാര്‍ ഹെട്‌റോയ്‌ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചില്ല. ആന്റി ഫംഗല്‍ മെഡിസന്‍ ആയ ഇറ്റ്‌ബോര്‍ ക്യാപ്‌സൂള്‍(Itbor capsule), ബാക്ടീരിയല്‍ ഇന്‍ഫെക്ഷനെതിരേ ഉപയോഗിക്കുന്ന മോണോസെഫ്(Monocef) എന്നിവയ്ക്കും ഗുണനിലവാരമില്ലെന്നു ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നു. 2022 ഏപ്രിലില്‍ 39 കോടി, 2023 ജൂലൈയില്‍ 10 കോടി, 2023 ഒക്ടോബറില്‍ 11 കോടി എന്നിങ്ങനെയാണ് മൊത്തം 60 കോടിയുടെ ബോണ്ടുകള്‍ ഹെട്‌റോ വാങ്ങിയത്.

ടോറന്റ് ഫാര്‍മ

മേയ് 2019 നും ജനുവരി 2024 നും ഇടയില്‍ 77.5 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ടോറന്റ് ഫാര്‍മ വാങ്ങിയത്.

ഗുജറാത്ത് ആസ്ഥാനമായുള്ള ടോറന്റ് കമ്പനി ഉത്പാദിപ്പിക്കുന്ന ആന്റി-പ്ലേറ്റ്‌ലെറ്റ് മെഡിസനായ ഡെപ്‌ലാറ്റ്-150(Deplatt-150) സാലിസിലിക് ആസിഡ് പരിശോധനയില്‍ പരാജയപ്പെട്ടുവെന്നും മരുന്നിന് ഗുണനിലവാരം ഇല്ലെന്നും കാണിച്ച് മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 2018 ല്‍ നോട്ടീസ് അയച്ചിരുന്നു. 2019 ഒക്ടോബറില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ തുടര്‍ച്ചയായി ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെടുന്നതില്‍ കമ്പനിക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. എന്നിരുന്നിട്ടും ഗുജറാത്ത് സര്‍ക്കാര്‍ കമ്പനിക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചില്ല. 2019 ല്‍ ടോറന്റ് ഫാര്‍മയുടെ, താഴ്ന്ന രക്തസമര്‍ദ്ദത്തിന് കഴിക്കുന്ന ലോസര്‍ എച്ച്(Losar H) എന്ന മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഫൂഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തി. 2021 ഡിസംബറില്‍ ടോറന്റ് ഫാര്‍മയുടെ തന്നെ ഹൃദ്‌രോഗത്തിനുള്ള നികോരന്‍ എല്‍ വി(Nicoran LV)യുടെ ഉത്പാദനവും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തിയിരുന്നു. വയറിളക്കത്തിന് കൊടുക്കുന്ന ലോപാമൈഡ്(Lopamide)ഗുണനിലവാരം കുറഞ്ഞതാണെന്ന് 2023 ഫെബ്രുവരിയിലും കണ്ടെത്തി.

2019 ഒക്ടോബറില്‍ കമ്പനി 12.5 കോടിയുടെ ബോണ്ട് വാങ്ങി, 2021 ഏപ്രിലില്‍ 7.50 കോടിയുടെയും, 2021 ജനുവരി, ഒക്ടോബര്‍ മാസങ്ങളില്‍ 25 കോടിയുടെയും ബോണ്ടുകള്‍ വാങ്ങി. 2023 ഒക്ടോബറില്‍ ഏഴ് കോടിയുടെയും 2024 ജനുവരിയില്‍ 25.5 കോടിയുടെയും ബോണ്ടുകള്‍ കൂടി വാങ്ങി കമ്പനി മൊത്തം 77.5 കോടി ‘ സംഭാവന’ നല്‍കി.

സൈഡസ് ഹെല്‍ത്ത് കെയര്‍

2022 നും 2023 നും ഇടയില്‍ 29 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്.

2021-ല്‍ ബിഹാര്‍ ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ഹെല്‍ത്ത് കെയറിന്റെ റെംഡിസിവിര്‍ മെഡിസിനില്‍ എന്‍ഡോടോക്‌സിന്‍ ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മരുന്ന് ഗുണനിലവാരം ഇല്ലാത്തതെന്നു വിധിയെഴുതി. പ്രസ്തുത മരുന്ന് കഴിച്ച പല രോഗികള്‍ക്കും അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഗുജറാത്തില്‍ ഇതു സംബന്ധിച്ച് യാതൊരു പരിശോധനകളും നടന്നുമില്ല, കമ്പനിക്കെതിരേ നടപടികളൊന്നും എടുത്തുമില്ല.

ഗ്ലെന്‍മാര്‍ക്

ഗുണനിലവാരം ഇല്ലാത്ത മരുന്നുകളുടെ പേരില്‍ 2022 നും 2023 നും ഇടയില്‍ അഞ്ചു നോട്ടീസുകളാണ് ഗ്ലെന്‍മാര്‍ക്കിന് കിട്ടിയത്. രക്തസമര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിക്കുന്ന ടെല്‍മ എന്ന മെഡിസിന്‍ ഡിസ്‌ല്യൂഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, മരുന്നിന്റെ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ നാല് നോട്ടീസുകളാണ് അയച്ചത്. ഗ്ലെന്‍മാര്‍ക് 2022 നവംബറില്‍ വാങ്ങിയത് 9.75 കോടിയുടെ ബോണ്ടുകളാണ്.

സിപ്ല

2019 മുതല്‍ 39.2 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് സിപ്ല കമ്പനി വാങ്ങിയത്. 2018 നും 2022 നും ഇടയില്‍ ഗുണനിലവാരമില്ലായ്മയുടെ പേരില്‍ കമ്പനിക്ക് കിട്ടിയത് നാല് കാരണം കാണിക്കല്‍ നോട്ടീസുകളും. 2018 ല്‍ കമ്പനിയുടെ ചുമയ്ക്കുള്ള മരുന്നായ ആര്‍സി കഫ് സിറപ്പ്(RC cough Syrup) ഗുണനിലവാരമില്ലാത്തതാണെന്നു കണ്ടെത്തി. തൊട്ടടുത്ത വര്‍ഷം കമ്പനി 14 കോടിയുടെ ബോണ്ടുകള്‍ വാങ്ങി. 2021 ജൂലൈയില്‍ ആന്റിവൈറല്‍ മെഡിസിനായ സിപ്‌റെമി റെംഡെസിവിര്‍(Cipremi Remdesivir) ഗുണനിലവാരം കുറഞ്ഞതാണെന്നു കണ്ടെത്തി. മാനദണ്ഡപ്രകാരമുള്ള റെംഡിസിവിര്‍ മരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു പരിശോധനയില്‍ തെളിഞ്ഞത്. 2022 നവംബറില്‍ സിപ്ല 25.2 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി.

ഐപിസിഎ ലബോറട്ടറീസ് ലിമിറ്റഡ്

2022 നവംബറിനും 2023 ഒക്ടോബറിനും ഇടയില്‍ 13.5 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ഐപിസിഎ വാങ്ങിയത്. 2018 ഒക്ടോബറില്‍ അവരുടെ ആന്റി-പാരാസിറ്റിക് മെഡിസിനായ ലാരിയാഗോയില്‍(Lar-iago) മാനദണ്ഡപ്രകാരം വേണ്ട ക്ലോറോക്വിന്‍ ഫോസ്ഫറേറ്റിന്റെ അളവ് കുറവായതിനാല്‍ മരുന്നിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഡെറാഡൂണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന മരുന്നിനെതിരേ മുംബൈ ഫൂഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനായിരുന്നു നോട്ടീസ് അയച്ചത്. അതിനു പിന്നാലെ കമ്പനി ബോണ്ടുകള്‍ വാങ്ങി.

ഇന്റസ് ഫാര്‍മസ്യൂട്ടിക്കല്‍

2020 ല്‍ മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ ഇന്റസ് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പാദിപ്പിക്കുന്ന എനാപ്രില്‍-5(Enapril-5) ടാബ്‌ലെറ്റിന് ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയിരുന്നു. 2022 ഒക്ടോബറില്‍ ഇന്റസ് 20 കോടിയുടെ ബോണ്ടുകള്‍ വാങ്ങി.

ന്യൂസ് ലോണ്‍ട്രി പറയുന്നത്, സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകളും കണ്ണില് ഉപയോഗിക്കുന്ന ഓയിന്‍മെന്റുകളും വിദേശ രാജ്യങ്ങളില്‍ മരണങ്ങള്‍ക്കും അണുബാധകള്‍ക്കും കാരണമായിട്ടുണ്ടെന്നാണ്. ഇതുമൂലം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ലോകത്തിന്റെ ശ്രദ്ധകേന്ദ്രമായി മാറിയിട്ടുണ്ട്. പല വിദേശ സര്‍ക്കാരുകളും ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ വാങ്ങുന്നത് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതുപോലെ ലോകാരോഗ്യ സംഘടന മുതലായ പല അന്താരാഷ്ട്ര സംഘടനകളും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താതെ ഇന്ത്യന്‍ ഗവണ്‍മെന്റ് അലസത കാണിക്കുകയാണെന്നാണ് ആക്ഷേപം. ഇവിടെ മരുന്ന് നിര്‍മാതാക്കള്‍ പണമെറിഞ്ഞ് സര്‍ക്കാരില്‍ അവരുടെ സ്വാധീനം ഉറപ്പിക്കുകയാണ്. നിയമങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനപ്പുറം സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നു. ജനങ്ങളുടെ ജീവന്‍ വച്ചുള്ള കളിയാണന്നറിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ നിശബ്ദരായി കണ്ണടച്ചിരിക്കുന്നു എന്നും മരുന്ന് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍