UPDATES

ആരാണ് ‘പോളിയോ പോൾ’ എന്നറിയപ്പെട്ട അത്ഭുത മനുഷ്യൻ

78-ാം വയസ്സ് വരെ ഇരുമ്പ് ശ്വാസകോശവുമായി ജീവിച്ച മനുഷ്യൻ

                       

1952 ലെ ജൂലൈ മാസത്തിലെ ഒരു ദിവസം, ശാന്തമായ ഡാലസിൻ്റെ പ്രാന്തപ്രദേശത്ത്, പോൾ അലക്സാണ്ടർ എന്ന ആറുവയസ്സുള്ള ഒരു ആൺകുട്ടി വേനൽ മഴയിൽ പുറത്ത് കളിക്കുകയായിരുന്നു. ചെളി പുരണ്ട ഷൂസ് മുറ്റത്ത് വച്ച് നഗ്നപാദനായി അവൻ അടുക്കളയിലേക്ക് നടന്നു, വാടി തളർന്ന മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ പോളിന് പനി പിടി പെട്ടുവെന്ന് അമ്മക്ക് മനസിലാകുകയും, അവൾ അവനെ വാരി പുണർന്നുകൊണ്ട് ഉറങ്ങാൻ പറയുകയും ചെയ്തു. പനി പിടിച്ച കുട്ടി പോൾ ആദ്യ ദിവസം തന്റെ മാതാപിതാക്കളുടെ കിടപ്പുമുറിയിൽ കളർ പെൻസിലുകളുടെ നിറമുള്ള ലോകത്ത് ചെലവഴിച്ചു.  തുടർന്നുള്ള ദിവസങ്ങളിൽ അവന്റെ പനി മൂർച്ഛിക്കുകയും കൈകാലുകളിൽ വേദന അനുഭവപ്പെടാനും തുടങ്ങിയതോടെ മാതാപിതാക്കൾ കുടുംബ ഡോക്ടറെ കാണിച്ചു.

എന്നാൽ, സുഖം പ്രാപിക്കുന്നതിന് പകരം പോളിന്റെ നില കൂടുതൽ വഷളാവുകയായിരുന്നു. കുഞ്ഞു പോളിനെയും കൈകളിലേന്തി അവന്റെ ‘അമ്മ ആശുപത്രിയിൽ കാത്തിരുന്നു. പ്രത്യേക പോളിയോ വാർഡ് ഉണ്ടായിരുന്നിട്ടുകൂടി , ആശുപത്രി രോഗികളായ കുട്ടികളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു. കാത്തിരിപ്പിനൊടുവിൽ പോളിനെ ഡോക്ടറെ കാണിച്ചെങ്കിലും ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞു കയ്യൊഴിയുകയായിരുന്നു. ജീവന്റെ നേരിയ ശ്വാസവുമായി പോൾ ആ ആശുപത്രിയിലെ ഇടനാഴിയിൽ അമ്മയോടൊപ്പം കിടക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ മറ്റൊരു ഡോക്ടർ എത്തുന്നത്. അദ്ദേഹം പോളിനെയും കൊണ്ട് ഓപ്പറേഷൻ തിയേറ്ററിലേക്ക് പോവുകയും ശ്വാസകോശത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി.

ശസ്ത്രക്രിയക്ക് ശേഷം ബോധം മറഞ്ഞ പോൾ പിന്നീട് മൂന്നു ദിവസങ്ങൾക്കിപ്പുറമാണ് ഉണരുന്നത്. എന്നാൽ അവനു അനങ്ങാൻ സാധിച്ചിരുന്നില്ല. തന്റെ ശരീരത്തിന് ചുറ്റും പൊതിഞ്ഞിരുന്ന ലോഹനിർമ്മിതമായ ഒരു വസ്‍തുവും തന്നെ പോലുള്ള അനേകം കുട്ടികളെയും മാത്രമാണ് അവനു കാണാൻ സാധിച്ചത്. പിന്നീടുള്ള 18 മാസങ്ങൾ കാഠിന്യമേറിയതായിരുന്നു. ആശുപത്രിയിൽ ഓരോ സുഹൃത്തിനെ ഉണ്ടാക്കുമ്പോഴേക്കും അവർ മരണത്തിനു കീഴടങ്ങുമെന്ന് പോൾ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

 

പിന്നീട്, അയാൾ സ്വയം ശ്വസിക്കാൻ പഠിച്ചു. അതോടെ കൃത്രിമ ശ്വാസകോശത്തിന് പുറത്ത് കുറച്ച് സമയം ചെലവഴിക്കാനും കഴിഞ്ഞു. എങ്കിലും, തന്റെ 74-ാം വയസ്സിൽ അദ്ദേഹത്തിന്
വീണ്ടും മുഴുവൻ സമയവും ശ്വാസകോശത്തിന്റെ സഹായം ആവശ്യമായി വന്നു. ഇരുമ്പ് ശ്വാസകോശം ഉപയോഗിക്കുന്ന ലോകത്തിലെ അവസാനത്തെ ആളുകളിൽ ഒരാളായിരുന്നു പോൾ. 600 പൗണ്ടോളം ഭാരമുള്ള ലോഹ നിർമ്മിത സംവിധാനത്തിൽ ഇത്രയും കാലം ജീവിക്കാൻ മനുഷ്യനെ കൊണ്ട് സാധിക്കുമോ എന്ന് സംശയിച്ചവർക്ക് ഒരു അത്ഭുതമായിരുന്നു പോളിന്റെ ജീവിതം.

എന്നാൽ പ്രതിസന്ധികളൊന്നും പോളിനെ തളർത്താൻ പോന്നതായിരുന്നില്ല തന്റെ 21-ാം വയസ്സിൽ പരിമിതികളെ അതിജീവിച്ച പോൾ ലോ സ്കൂളിൽ നിന്ന് നിയമ ബിരുദം നേടി അഭിഭാഷകനായി. പഠനം മാത്രമല്ല ചിത്രകലയും പോൾ സ്വായക്തമാക്കി. കൂടാതെ തന്റെ ജീവിതാനുഭവങ്ങൾ മുഴുവൻ ഉൾപ്പെടുത്തി ഒരു ഓർമ്മക്കുറിപ്പുമെഴുതിക്കൊണ്ട് എല്ലാറ്റിനും മീതെ, ഒരു എഴുത്തുകാരനുമായി. 2020 ലാണ് അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്. ഇരുമ്പ് ശ്വാസകോശത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തിയായി പോൾ അലക്‌സാണ്ടർ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിലും ഇടം നേടി.

ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ശ്വസന സഹായ സംവിധാനമാണ് ഇരുമ്പ് ശ്വാസകോശം. പുതിയ ആരോഗ്യ രംഗത്ത് ഇതിന്റെ ഉപയോഗം കാലഹരണപ്പെട്ടതാണ്. ‘പോളിയോ പോൾ’  എന്ന പേരിലാണ് ലോകം മുഴുവൻ അറിയപ്പെട്ടത്. ഇരുമ്പ് ശ്വാസകോശത്തിലൂടെ ഒരു വ്യക്തിയുടെ തൊണ്ടയിലെ പേശികളെ ഉപയോഗിച്ച് വോക്കൽ കോഡുകൾക്ക് അപ്പുറത്തേക്ക് വായു കടത്തിവിടുന്നു, ഇങ്ങനെ ചെയ്യുമ്പോൾ രോ​ഗിക്ക് ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്ന സംവിധനമാണ് ‘അയൺ ലങ്സ്; അഥവാ ഇരുമ്പ് ശ്വാസകോശം. ലോകത്തിന് മുൻപിൽ അവിശ്വസനീയമായ ഒരു മാതൃകയാണ് പോൾ അലക്‌സാണ്ടർ തൻെറ 78-ാം വയസ് വരെ ജീവിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍