UPDATES

ജീവിക്കാന്‍ മനുഷ്യ മാലിന്യത്തിലിറങ്ങുന്ന മനുഷ്യര്‍

ഇന്ത്യയില്‍ തുടരുന്ന തോട്ടിത്തൊഴിലാളികള്‍ എന്ന യാഥാര്‍ത്ഥ്യം

                       

ഈ ഏപ്രില്‍ മാസത്തിലാണ്, 23 കാരന്‍ ഉമേഷ് ബമാനി അന്നും പതിവ് പോലെ ജോലിക്കിറങ്ങിയതായിരുന്നു. 2,000 രൂപ ശമ്പളത്തില്‍ തെരുവിലെ ഓടകളില്‍ മാലിന്യം വൃത്തിയാക്കുന്ന തൊഴിലാണ് ബമാനിക്ക്. അന്നേ ദിവസം ഗുജറാത്തിലെ തരാഡ് ടൗണിലായിരുന്നു അദ്ദേഹത്തിന് ജോലി. പൂര്‍ണ ഗര്‍ഭണിയായ ഭാര്യക്കും വരാനിരിക്കുന്ന കുഞ്ഞിനും വേണ്ടി മാലിന്യത്തിന്റെ ദുര്‍ഗന്ധം പേറുന്ന ബമാനിയെ പോലുള്ള നിരവധി തൊഴിലാളികള്‍ ഇന്നും ഇന്ത്യയിലുണ്ട്. അന്ന് ജോലിക്കിറങ്ങിയ ബമാനിയെ ഗര്‍ഭിണിയായ ഭാര്യ അഞ്ജന പിന്നീട് കാണുന്നത് ജീവനറ്റ നിലയിലായിരുന്നു. തന്റെ കുഞ്ഞ് ജനിക്കാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തരാഡ് ടൗണിലെ മാന്‍ഹോളില്‍ പെട്ട് ശ്വാസം മുട്ടി മരിച്ച നിലയില്‍ ഉമേഷ് ബമാനിയുടെ മൃതദേഹം കണ്ടെത്തുന്നത്. വൈദ്യുതി വെട്ടം കടന്നു വരാത്ത തന്റെ കുടുസ് വീടിനുള്ളില്‍ തങ്ങളുടെ മകന് അച്ഛന്റെ പേര് തന്നെ നല്‍കി അണഞ്ഞു പോയ ജീവിത വെളിച്ചം തിരിച്ചുപിടിക്കാനാവാതെ ഇന്നും കണ്ണീര്‍ വാര്‍ക്കുന്നുണ്ട് അഞ്ജന.

‘എന്റെ കുട്ടികളെ ഞാന്‍ ഇനി എങ്ങനെ വളര്‍ത്തും, എങ്ങനെ അവരെ പഠിപ്പിക്കും? ‘ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്തിയ മനോവ്യഥയോടെ അഞ്ജന ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.

വടക്കേ ഇന്ത്യയില്‍ മാത്രമല്ല ഇവിടെ തെക്കേ ഇന്ത്യലിയും അഞ്ജലിയെ പോലെ നിരവധി പേരുണ്ട്. തമിഴ്നാട് സ്വദേശിനി അന്നമ്മയുടെ ഭര്‍ത്താവ് മോസസും (40) സെപ്റ്റംബറില്‍ ചെന്നൈ നഗരത്തിലെ ഒരു ഫാക്ടറിയില്‍ അഴുക്കുചാലില്‍ ശ്വാസം മുട്ടിയാണ് മരിക്കുന്നത്. മരിക്കും വരെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ജോലിയാണ് ഭര്‍ത്താവിനെന്ന് അന്നമ്മ അറിഞ്ഞിരുന്നില്ല. ‘താന്‍ ഒരു കാന്റീനില്‍ ജോലി ചെയ്യുന്നുണ്ടെന്നും ചിലപ്പോള്‍ ഇരട്ടി കൂലിക്കായി പകലപം രാവും ജോലി ചെയ്യുമെന്നുമാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നത്,’ അന്നമ്മ പറയുന്നു.

രണ്ട് പെണ്‍കുഞ്ഞുങ്ങളുള്ള അന്നമ്മ ഇപ്പോഴും തന്റെ ഭര്‍ത്താവിന്റെ വിയോഗം ഉണ്ടാക്കിയ ആഘാതത്തിലാണ്. ‘പണവും അതിജീവനവും രണ്ടാമതാണ്, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ അച്ഛന്‍ മരിച്ചുവെന്ന് ഞാന്‍ എങ്ങനെയാണ് എന്റെ മക്കളോട് പറയുക?’

അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും ടോയ്ലറ്റുകളും ഡ്രെയ്‌നേജുകളും നേരിട്ടിറങ്ങി വൃത്തിയാക്കുന്ന താഴ്ന്ന ജാതി സമൂഹങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ശുചീകരണ തൊഴിലാളികളില്‍പ്പെടുന്നവരാണ് ഉമേഷും മോസസും. അവരെ മാനുവല്‍ സ്‌കാവെഞ്ചര്‍മാരായാണ് കണക്കാക്കുന്നത്. റെയില്‍വേ ട്രാക്കുകള്‍ പോലുള്ള സ്ഥലങ്ങളിലെ മനുഷ്യ വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കുന്നവര്‍ക്കു മാത്രമായാണ് ‘ഇന്‍സാനിറ്ററി ലാട്രിനുകള്‍’ എന്ന പദം വിദഗ്ധര്‍ നിയമപരമായി നിര്‍വചിച്ചുപോരുന്നത്. ഇന്ത്യയില്‍ കരകൃതമായ തോട്ടിപ്പണി നിരോധിച്ചിട്ടുണ്ടെങ്കിലും, കര്‍ക്കശമായ ജാതി നിയമങ്ങളും മറ്റ് ഉപജീവനമാര്‍ഗങ്ങളുടെ അഭാവവും കാരണം ആളുകള്‍ ഇതിലേക്ക് തന്നെ തിരിയുന്നു. ചെളിയും പ്ലാസ്റ്റിക്കും കാരണം അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും ഓടകളും വൃത്തിയാക്കാന്‍ പ്രാദേശിക കോര്‍പ്പറേഷനുകളും സ്വകാര്യ കരാറുകാരും വരെ ഇവരെ നിയമിക്കുന്നു. നിലവിലുള്ളത് ഉള്‍പ്പെടെ തുടര്‍ച്ചയായി വരുന്ന ഫെഡറല്‍ ഗവണ്‍മെന്റുകള്‍, ഇന്ത്യയെ മാനുവല്‍ സ്‌കാവെഞ്ചിംഗില്‍ നിന്ന് മുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇതുവരെയും നടത്തിയിട്ടില്ല.

നേരിട്ടുള്ള തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രപേരുണ്ട് എന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ കണക്കുകളില്ല. എന്നാല്‍ 2021-ല്‍, രാജ്യത്ത് 58,098 മാനുവല്‍ തോട്ടിപ്പണിക്കാരെ സര്‍ക്കാര്‍ കണ്ടെത്തിയതായി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നിലവില്‍ രാജ്യത്ത് മാനുവല്‍ സ്‌കാവെഞ്ചിംഗ് പ്രയോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ മാനുവല്‍ സ്‌കാവഞ്ചിംഗ് ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന സഫായി കര്‍മ്മചാരി ആന്ദോളന്‍ പറയുന്നതനുസരിച്ച്, അത്തരം 770,000-ത്തിലധികം തൊഴിലാളികള്‍ ഇന്ത്യയിലുണ്ട്. ഉമേഷിന്റെയും മോസസിന്റെയും മരണങ്ങള്‍ പോലെ അഴുക്കുചാലിലെ വിഷവാതകങ്ങള്‍ ശ്വസിച്ച് ശ്വാസംമുട്ടല്‍ വഴിയുള്ള മരണങ്ങള്‍ പലപ്പോഴും വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 339 പേര്‍ മരിച്ചതായി ജൂലൈയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

1993-നും 2020-നും ഇടയില്‍ 928 മലിനജലത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ കമ്മീഷന്‍ ഫോര്‍ സഫായി കരംചാരിസിന്റെ (NCSK) മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ഇത് പോലും ഒരു കുറവായിരിക്കാം – ബാധിതരായ തൊഴിലാളികളില്‍ ഭൂരിഭാഗവും കരാറില്‍ നിയമിക്കപ്പെട്ടവരാണ്, ഇത് അധികാരികള്‍ക്കും അവരെ നിയമിച്ച ആളുകള്‍ക്കും ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാന്‍ എളുപ്പമാക്കുന്നു. ‘ഫലമായി, മലിനജല മരണങ്ങളുടെ ഡാറ്റ കംപൈല്‍ ചെയ്യുമ്പോള്‍ ഈ മരണങ്ങള്‍ സംസ്ഥാന ഭരണകൂടം ഒരിക്കലും പരിഗണിക്കില്ല, അതിനാല്‍ അവ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയും നഷ്ടപരിഹാരം നല്‍കാതെയും തുടരുന്നു,’ NCSK റിപ്പോര്‍ട്ട് പറയുന്നു.

തോട്ടിപ്പണിക്കാരുടെ കൃത്യമായ എണ്ണം കണക്കാക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും സന്നദ്ധരായിട്ടില്ലെന്ന് സഫായി കര്‍മ്മചാരി ആന്ദോളന്‍ ദേശീയ കണ്‍വീനര്‍ ബെസ്വാഡ വില്‍സണ്‍ ആരോപിക്കുന്നു.’കോളനികളില്‍ പോയി തൊഴിലാളികളുടെ എണ്ണം കണക്കാക്കാന്‍ സര്‍ക്കാര്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ പലരും തൊഴില്‍ തുറന്നു പറയാന്‍ മടിച്ചുകൊണ്ട് കണക്കെടുപ്പില്‍ നിന്ന് വിട്ടുനില്‍കുന്നതായും’ അദ്ദേഹം പറയുന്നു. ഈ കണക്കുകള്‍ നിഷേധിച്ച, ബിജെപി സര്‍ക്കാരിന്റെ പട്ടികജാതി മുന്നണിയുടെ ദേശീയ പ്രസിഡന്റ് ലാല്‍ സിംഗ് ആര്യ മാനുവല്‍ സ്‌കാവെഞ്ചിംഗ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പറയുന്നു. അഴുക്കുചാലുകള്‍ ശുദ്ധീകരിക്കാന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ബജറ്റ് വകയിരുത്തുകയും തൊഴിലാളികള്‍ക്ക് ഇതര തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറയുന്നു. ‘എന്നാല്‍ ഈ രീതി ഇപ്പോഴും തുടരുകയാണെങ്കില്‍ ശക്തമായ നടപടിയെടുക്കണം,” ആര്യ കൂട്ടിച്ചേര്‍ത്തു. ആക്ടിവിസ്റ്റുകള്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന് ചോദ്യങ്ങള്‍ ഇമെയില്‍ ചെയ്തെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ബിബിസിയും വ്യക്തമാക്കുന്നു. ഗവണ്‍മെന്റുകള്‍ മെക്കാനിക്കല്‍ ഡി-സ്ലഡ്ജിംഗിനും സംരക്ഷണ ഉപകരണങ്ങള്‍ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട് – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ (ക്ലീന്‍ ഇന്ത്യന്‍ കാമ്പെയ്ന്‍) ഒരു ദശാബ്ദത്തിന് മുമ്പ് ഈ വിഷയം മുഖ്യധാരാ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു – എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഉദാഹരണത്തിന്, പല കരാറുകാരും കോര്‍പ്പറേഷനുകളും തൊഴിലാളികള്‍ക്ക് സുരക്ഷാ ഗിയര്‍ നല്‍കുന്നില്ല അല്ലെങ്കില്‍ യന്ത്രവല്‍കൃത മലിനജല ശുചീകരണത്തിനുള്ള ഉപകരണങ്ങളില്ല. അഴുക്കുചാലുകളും പലപ്പോഴും യന്ത്രങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍ കഴിയാത്ത വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍