ദ റെയില്‍വേമെന്‍; അപനിര്‍മിക്കപ്പെടാത്ത ചരിത്രം
ഇന്ത്യ വഞ്ചിക്കപ്പെട്ടൊരു ജനതയുടെ മാതൃരാജ്യമാണ്. ചരിത്രത്തിലും വര്‍ത്തമാനത്തിലും നിങ്ങള്‍ക്കതിന്റെ തെളിവുകള്‍ കാണാം. 1984 ഡിസംബര്‍ രണ്ടിന് ലോകത്തിലെ ഏറ്റവും മോശമായൊരു വ്യാവസായിക ദുരന്തം നടന്നത് ഇന്ത്യയിലാണ്. നാല് പതിറ്റാണ്ടാകുമ്പോഴും ആ ദുരന്തത്തിന്റെ നീറ്റല്‍ മാറിയിട്ടില്ല. നെറ്റ്ഫ്‌ളിക്‌സ് റിലീസ് ‘ ദ റെയില്‍വേ മെന്‍’ കണ്ടുതീര്‍ക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകളും ചുട്ടുനീറുന്നതായി തോന്നും.
യഷ് രാജ് ഫിലിംസിന്റെ റെയില്‍വേമെന്‍ ചരിത്രത്തിന്റെ യഥാതഥമായ പുനരവതരണമാണ്. അതു പൂര്‍ണമായതല്ലെങ്കിലും, ‘ഒരു രാവും പകലും കൊണ്ട് പതിനയ്യായിരത്തിലേറെ മനുഷ്യര്‍ മരിച്ചവീണ, അതിലുമേറെ ആയിരങ്ങളെ രോഗികളാക്കിയ മനുഷ്യ നിര്‍മിതമായ ഒരു ദുരന്തത്തെ അപനിര്‍മിച്ചിട്ടില്ല.
ഇന്ത്യന്‍ റെയില്‍വേയിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ ധീരത പറയുന്ന ഒരു അതിജീവന കഥയാണ് യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്‌കാരമായ റെയില്‍വേ മെന്‍. 1984 ഡിസംബര്‍ രണ്ടിന് സംഭവിച്ച ഭോപ്പാല്‍ വിഷവാതക ദുരന്തമാണ് പശ്ചാത്തലം. മീഥെയ്ല്‍ ഐസോസൈനേറ്റ് എന്ന കൊടുംവിഷം അന്തരീക്ഷ വായുവില്‍ പടര്‍ന്ന് മനുഷ്യര്‍ തീയില്‍പ്പെട്ട പ്രാണികളെ പോലെ മരിച്ചു വീണുകൊണ്ടിരുന്ന രാത്രിയില്‍ ഭോപ്പാല്‍ ജംഗ്ഷന്‍ എന്ന റെയില്‍വേ സ്‌റ്റേഷനില്‍ അകപ്പെട്ട കുറെ മനുഷ്യരുടെ അതിജീവനശ്രമങ്ങളും അതിന് മുന്നില്‍ നിന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെയും കഥയാണ് നാല് എപ്പിസോഡുകളുള്ള പരമ്പര പ്രധാനമായും പറയുന്നത്. ഇന്ത്യന്‍ റെയില്‍വേ ഭോപ്പാല്‍ ദുരന്ത സമയത്ത് എത്രത്തോളം മഹത്വരമായ ഉത്തരവാദിത്തമാണ് ചെയ്തതെന്നുകൂടി ഈ പരമ്പര അടയാളപ്പെടുത്തുന്നു. ഉത്തര റെയില്‍വേയിലെ ഏതാനും ഉദ്യോഗസ്ഥരുടെയും സാധാരണ ജീവനക്കാരുടെയും ധീരമായ തീരുമാനങ്ങളും മരണത്തെ ഭയക്കാതെയുള്ള ഇടപെടലുകളും ആയിരക്കണക്കിന് ജീവനുകളാണ് രക്ഷപ്പെടുത്തിയത്.
ശിവ് റാവാലി സംവിധാനം ചെയ്ത റെയില്‍വേ മെന്‍, പ്രധാനമായും മൂന്ന് അവസ്ഥകളാണ് പറയുന്നത്- കോര്‍പ്പറേറ്റുകളുടെ ദുരയും മനുഷ്യത്വമില്ലായ്മയും, ഭരണകൂടത്തിന്റെ നീതിനിഷേധം, ഇവ രണ്ടിനെയും നേരിട്ടുകൊണ്ടുള്ള സാധാരണക്കാരന്റെ അതിജീവനം. കെ കെ മേനോന്‍ അവതരിപ്പിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഇഫ്തിക്കര്‍ സിദ്ദിഖീ, ബബില്‍ ഖാന്‍ ചെയ്ത ഇമാദ് റിയാസ്, ദിവ്യേന്ദുവിന്റെ ബല്‍വന്ത് യാദവ്, മാധവന്‍ വേഷമിട്ട രതി പാണ്ഡെ, സണ്ണി ഹിന്ദുജയുടെ കഥാപാത്രമായ ജഗ്‌മോഹന്‍ കുമാവത്ത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെങ്കിലും ഭോപ്പാല്‍ സ്റ്റേഷനിലെ യാചകരായ ആ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റു കഥാപാത്രങ്ങളും പരമ്പരയുടെ ശക്തിയാണ്. ഇങ്ങനെയൊരു ദുരന്തം ഇന്ത്യയില്‍ സംഭവിച്ചിരുന്നു, അതെന്തുകൊണ്ട് സംഭവിച്ചു, അതിനോട് ഏതെല്ലാം തരത്തിലുള്ള പ്രതികരണങ്ങളാണുണ്ടായതെന്ന് കാലത്തിന്റെ മുന്‍പിന്‍ യാത്രകളിലൂടെ വിവരിക്കുന്നതാണ് ആയുഷ് ഗുപ്തയുടെ എഴുത്ത്. റുബൈസിന്റെ കാമറ ആ മഹാദുരന്തത്തിന്റെ നേര്‍സാക്ഷിയെപ്പോലെ പ്രവര്‍ത്തിച്ചിരിക്കുന്നു. പ്രത്യേകിച്ച് അവസാന രംഗങ്ങളില്‍ ആ ശ്മശാന ഭൂമികയിലൂടെ സഞ്ചരിക്കുമ്പോള്‍. അതുപോലെതന്നെയാണ് ഈ പരമ്പരയുടെ ജീവനാഡിയായി മാറിയ സാം സ്ലേറ്ററിന്റെ ഉള്ള് മുറിക്കുന്ന പശ്ചാത്തല സംഗീതവും.
ഒരമേരിക്കന്‍ കമ്പനി ഇന്ത്യന്‍ ഭരണകൂടത്തിന്റെ സമ്മതത്തോടെ ഇന്നാട്ടിലെ ജനങ്ങളുടെ മേല്‍ വര്‍ഷിച്ച വിഷബോംബായിരുന്നു ഭോപ്പാല്‍ വിഷവാതക ദുരന്തം. നര്‍മദയുടെ തീരത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യന്‍ പ്ലാന്റ് എങ്ങനെ സ്ഥാപിക്കപ്പെട്ടു എന്ന് അന്വേഷിക്കുന്നത്, ഈ രാജ്യത്തിന്റെ ഭരണധാകാരികള്‍ക്ക് അതിന്റെ പ്രജകളോടുള്ള താത്പര്യം എത്രത്തോളമുണ്ടെന്നു മനസിലാക്കാനുള്ള ഏറ്റവും ലളിതമായൊരു വഴിയാണ്. സെവിന്‍ എന്ന കീടനാശിനി ഉത്പാദിപ്പിച്ച് ഇന്ത്യന്‍ കമ്പോളത്തില്‍ നിന്നും ലാഭം കൊയ്യാനെത്തിയ കമ്പനി, യാതൊരു സുരക്ഷമാനദണ്ഡങ്ങളും പാലിക്കാതെ മനുഷ്യരുടെ നടുവില്‍ പ്രവര്‍ത്തിച്ചു പോരുകയായിരുന്നു, ഒടുവിലതിന്റെ അപകട ഭീഷണി തിരിച്ചറിഞ്ഞിട്ടും കമ്പനിയധികൃതര്‍ അനങ്ങയില്ല. മരണപ്പുകയില്‍ മനുഷ്യന്‍ ചത്തു മലക്കുമ്പോഴും രാജ്യത്തെ നയിച്ചിരുന്നവര്‍ നിശബ്ദരായിരുന്നു. കൊലപാതകികളെ സുരക്ഷിതരായി രാജ്യം കടത്തിവിടാനെടുത്ത പരിശ്രമത്തിന്റെ പകുതിയിലൊന്നു പോലും സ്വന്തം ജനതയുടെ ജീവന്‍ സംരക്ഷിക്കാനവര്‍ എടുത്തില്ല. ചരിത്രം സത്യത്തിന്റെയും മിഥ്യയുടെയും മിശ്രിതമാണ്. റെയില്‍വേമെന്‍ ആ മിശ്രിതത്തില്‍ നിന്നും സത്യത്തെ മാത്രം അരിച്ചെടുത്തിരിക്കുകയാണ്. അതുകൊണ്ട് ഈ പരമ്പര കാണുമ്പോള്‍ നിങ്ങള്‍ക്ക് ക്ഷോഭം തോന്നാം, ഈ ജനതയുടെ നിര്‍ഭാഗ്യമോര്‍ത്ത് സ്വയം ശപിക്കാം.
1984 ഇന്ത്യയെ സംബന്ധിച്ച് നിര്‍ഭാഗ്യത്തിന്റെ വര്‍ഷമായിരുന്നു. ഭോപ്പാല്‍ ദുരന്തത്തിന് കഷ്ടിച്ച് ഒരു മാസം മുമ്പാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി കൊല്ലപ്പെടുന്നത്. പരമ്പരയുടെ തുടക്കത്തില്‍ തന്നെ ഇന്ദിര വധത്തിന്റെ പ്രതികാരത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ‘വന്‍മരങ്ങള്‍ നിലംപതിക്കുമ്പോള്‍ ഭൂമികുലുങ്ങുന്നത് സ്വാഭാവികമാണെന്ന’, ഏറ്റവും മനുഷ്യത്വവിരുദ്ധമായൊരു പ്രസ്താവനയുടെ പ്രത്യാഘാതങ്ങള്‍ പരമ്പരയില്‍ കാണിക്കുന്നു. ഖൊരഖ്പൂര്‍ എക്‌സ്പ്രസ്സില്‍ നടക്കുന്ന സിഖ് വേട്ടയും ഒരു അമ്മയും മകനും അനുഭവിക്കുന്ന പ്രാണഭീതിയും, ഈ രാജ്യം ഇന്നലെയും ഇന്നും ഒരുപോലുള്ള വേട്ടയാടലുകള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കാണിക്കുന്നു. അന്നു കൊല്ലാനിറങ്ങിയവരില്‍ അജയും അഹമ്മദും ഒരുമിച്ചായിരുന്നുവെങ്കില്‍, ഇന്ന് അവര്‍ ശത്രുക്കളായിരിക്കുന്നൂ എന്നതു മാത്രമാണ് വ്യത്യാസം. ചരിത്രത്തെ കുറിച്ച് നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത താളുകള്‍ കീറി മാറ്റിയിട്ടാണ് സംസാരിക്കുന്നതെങ്കില്‍, നിങ്ങള്‍ നടത്തുക ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനമായിരിക്കും. അവസാന രംഗങ്ങളില്‍ മെലോഡ്രാമയിലേക്ക് പോകുന്നുണ്ടെങ്കിലും റെയില്‍വേമെന്‍ ചരിത്രത്തോട് നീതി പുലര്‍ത്തിയിരിക്കുന്നു.
1999-ല്‍ ഇറങ്ങിയ ഭോപ്പാല്‍ എക്‌സ്പ്രസ് എന്ന ചിത്രവും ഇതേ വിഷയം തന്നെയാണ് പറയുന്നത്. ഗ്യാസ് ദുരന്തത്തിനിടയില്‍ യൂണിയന്‍ കാര്‍ബൈഡിലെ ഒരു ജീവനക്കാരന്‍ തന്റെ ഭാര്യയുടെ ജീവനുവേണ്ടി നടത്തുന്ന പോരാട്ടമാണ് ആ കഥയില്‍ പ്രധാനമായും പറയുന്നത്. കെ കെ മേനോന്‍ എന്ന നടനെ ഇന്ത്യന്‍ സിനിമയില്‍ അയാളപ്പെടുത്തുന്ന വേഷമായിരുന്നു ആ ചിത്രത്തിലേത്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ പ്രമേയത്തില്‍ തന്നെ വീണ്ടും പ്രധാന കഥാപാത്രമായി വരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ടെന്നു തോന്നി. ഇഫ്തിക്കര്‍ സിദ്ദിഖിയെ മേനോന്‍ ഗംഭീരമാക്കിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! മാധവനും ജൂഹി ചൗളയും ദിവ്യേന്ദുവുമെല്ലാം സ്വഭാവിക പ്രകടനത്തിലൂടെ, പരമ്പരയുടെ ജീവസ് നിലനിര്‍ത്തിയപ്പോള്‍, വൈകാരികമായൊരു സ്‌നേഹം തോന്നിയത് ഇമാദ് റിയാസ് എന്ന കഥാപാത്രത്തോടാണ്. പ്രിയപ്പെട്ട ഇര്‍ഫാന്‍, എത്ര മനോഹരമായിട്ടാണോ ബബില്‍ ഖാന്‍ അഭിനയിച്ചിരിക്കുന്നത്…