UPDATES

കത്തിയെരിയുന്ന മണിപ്പൂര്‍, മരിച്ചു വീഴുന്ന മനുഷ്യര്‍, മൗനം തുടരുന്ന മോദി

ബുധനാഴ്ച്ചയും 10 പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു

                       

മണിപ്പൂരിന്റെ മണ്ണില്‍ മനുഷ്യര്‍ മരിച്ചു വീഴുന്നത് അവസാനിക്കുന്നില്ല. അഞ്ച് ആഴ്ച്ചയിലേറെയായി തുടരുന്ന കലാപത്തില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഖമന്‍ലോക്ക് ഗ്രാമത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് ഇത്രയേറെ മനുഷ്യ ജീവനുകള്‍ നഷ്ടമായത്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ അത്യാധുനിക ആയുധങ്ങളുമായെത്തിയ തീവ്രവാദികള്‍, മെയ്‌തെയ് വിഭാഗത്തിന് ആധിപത്യമുള്ള കിഴക്കന്‍ ഇംഫാലിന്റെയും ഗോത്രവര്‍ഗത്തിന് ആധിപത്യമുള്ള കാംഗ്‌പോക് ജില്ലയുടെയും അതിര്‍ത്തിയിലുള്ള ഖമെന്‍ലോക് പ്രദേശത്ത് പാര്‍ക്കുന്ന ഗ്രാമീണരെ വളഞ്ഞാക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രിയും ഖമെന്‍ലോകില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. തീവ്രവാദികളും ഗ്രാമീണരായ സായുധ സംഘവും തമ്മിലായിരുന്നു വെടിവയ്പ്പ്. ഇതു കൂടാതെ ചൊവ്വാഴ്ച്ച ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗക്ചാവോ ഇഖായില്‍ സുരക്ഷ സേനയും കുക്കി സായുധസംഘവുമായും വെടിവയ്പ്പ് നടന്നിരുന്നു.

മേയ് 3 ന് തുടങ്ങിയ മെയ്‌തെയ്-കുക്കി വംശീയ കലാപം സംസ്ഥാനത്തെ ചുട്ടെരിക്കുന്ന നിലയിലേക്ക് ആളിപ്പടര്‍ന്നിട്ടും ഇതുവരെയും ആ തീയണയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ആയിട്ടില്ല. ഒന്നര മാസത്തിനടുത്തായി ദിനംപ്രതി രൂക്ഷതയേറി വരുന്ന കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടല്‍ ഇതുവരെ നടത്തിയിട്ടില്ലെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. മണിപ്പൂരിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനം ദുഃഖകരമാണെന്ന വിമര്‍ശനം ശക്തമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തി പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളുമൊക്കെ നടത്തിയിട്ടും ഫലം ഉണ്ടായില്ല. കൊലപാതകങ്ങളും കൊള്ളിവയ്പ്പുകളും അതീവരൂക്ഷമായിരുന്നിട്ടും ഒരു മാസത്തോളം വൈകിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ആ സംസ്ഥാനത്തേക്ക് പോയതെന്നതും വിമര്‍ശനവിധേയമായ കാര്യമാണ്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു നിസ്സഹായവസ്ഥയില്‍ മണിപ്പൂരിനെ സംരക്ഷിക്കാന്‍ മോദി നേരിട്ട് രംഗത്തിറങ്ങണമെന്നാണ് ആവശ്യം.

മോദിയുടെ നിശബ്ദത വല്ലാത്ത വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്നാണ് ജെ എന്‍ യു പ്രൊഫസറായ ഡോ. അംഗോംച ബിമോല്‍ അകോയിജം പറയുന്നത്. ദി വയറിനുവേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് ഡോ. ബിമോല്‍ അകോയിജം മണിപ്പൂരിന്റെ വേദനയും അസ്വസ്ഥതയും പങ്കുവയ്ക്കുന്നത്. മേയ് 3 ന് തുടങ്ങിയ കലാപത്തില്‍ ഇതുവരെ 110 നു മുകളില്‍ മനുഷ്യരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 310 ലേറെയാണ്. 45,000 ഓളം പേരെ അവരുടെ ജീവനെ കരുതി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ആര്‍മിയെയും പാരാമിലട്ടറിയെയും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. കര്‍ഫ്യൂവും ഇന്റര്‍നെറ്റ് വിച്ചേദ്ദനവുമൊക്കെയായി കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമൊക്കെ ഏര്‍പ്പെടുത്തിയിട്ടും സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. ഇത്തരമൊരു സാഹചര്യം വടക്കേ ഇന്ത്യയിലാണ് സംഭവിച്ചതെങ്കില്‍ ഇങ്ങനെയായിരിക്കുമോ മാധ്യമങ്ങളും ഭരണകര്‍ത്താക്കളുമൊക്കെ പ്രതികരിക്കുകയെന്നാണ് ജെ എന്‍ യു വില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റം വിഭാഗം അസോഷ്യേറ്റ് പ്രൊഫസറായ ബിമോല്‍ അകോയിജം ചോദിക്കുന്നത്. ‘ അദ്ദേഹത്തിന്റെ(മോദിയുടെ) നിശബ്ദത അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്, ശരിക്കും വേദനിപ്പിക്കുന്നു. എനിക്ക് ദേഷ്യമില്ല, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയിലുള്ള വിടവിന്റെ പ്രതീകമാണ് അദ്ദേഹമെന്നാണ് ഞാന്‍ കരുതുന്നത്’ അഭിമുഖത്തില്‍ ജെ എന്‍ യു പ്രൊഫസര്‍ തന്റെ നിരാശ പങ്കുവയ്ക്കുന്നതിങ്ങനെയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയും മണിപ്പൂരില്‍ മോദി തുടരുന്ന മൗനത്തെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നില്ലെന്നും ജനങ്ങളോട് സമാധാനത്തിന് ആഹ്വാനം ചെയ്യുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് ചോദിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ക്രമസമാധാന പരാജയമാണ് മണിപ്പൂരില്‍ സംഭവിച്ചിരിക്കുന്നതെന്നും ചൈനപോലുള്ള അയല്‍രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനത്ത് സ്ഥിതി അപകടകരമായി മാറുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ഏറെ വൈകിയുള്ള ആഭ്യന്തര മന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലുടെ ചോദിച്ചത്, എന്തുകൊണ്ട് ഒരു സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നാണ്. മറ്റ് രാജ്യങ്ങളുടെ ദേശീയ ദിനത്തിലും ആളുകളുടെ പിറന്നാളിനുമൊക്കെ എപ്പോഴും ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ മനുഷ്യരെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഒരു ട്വീറ്റോ, ഒരു വാക്കോ, പശ്ചാത്താപ്പം പ്രകടിപ്പിക്കലോ ഇല്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് അജോയ് സിംഗ് കുറ്റപ്പെടുത്തിയത്. നൂറുകണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുപോലും മോദി ഒരു വാക്ക് മിണ്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് വിമര്‍ശിക്കുന്നത്. മണിപ്പൂരില്‍ ബിജെപി അവരുടെ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണെന്നു കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ്, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഇരുവിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തി സംസ്ഥാനം ശാന്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമാധാ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇതിനോട് സഹകരിക്കാന്‍ കുക്കി ഗോത്രവിഭാഗം തയ്യാറാകുന്നില്ല. ഇപ്പോഴും തങ്ങള്‍ക്കെതിരേ അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് കുക്കികള്‍ പറയുന്നത്. മുഖ്യമന്ത്രി ബിരേന്‍ സിംഗിനേയും അവര്‍ വിശ്വാസത്തിലെടുക്കുന്നില്ല. മുഖ്യമന്ത്രിയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഗോത്രവിഭാഗങ്ങള്‍ ഉയര്‍ത്തുന്നത്. സമാധാനം തങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമത്തിന്റെയും ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പശ്ചാത്തലത്തില്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് നിഷ്ഫലമാണെന്നും ഈ അക്രമത്തിന്റെയെല്ലാം പ്രധാന സൂത്രധാരനായ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ സമാധാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് കുക്കി, സോമി, ഹ്‌മര്‍, മിസോ സമുദായങ്ങളെ അപമാനിക്കുന്നത് തുല്യമാണെന്നുമാണ് ഗോത്രവിഭാഗങ്ങളുടെ സംയുക്തപ്രസ്താവനയില്‍ പറയുന്നത്. സംസ്ഥാന ഗവര്‍ണറുടെ നേതൃത്വത്തിലുള്ള 51 അംഗ സമിതിയെയാണ് മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വംശീയ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മെയ്‌തെയ് വിഭാഗത്തില്‍ നിന്നും കുക്കി വിഭാഗത്തില്‍ നിന്നും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ അനുമതി ചോദിക്കാതെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കുക്കി വിഭാഗം പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വിട്ടുകൊടുക്കാതെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സമാധാന സമിതി കൈകാര്യം ചെയ്യണമെന്നാണ് കുക്കി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്. ഭൂരിപക്ഷ സമുദായമായ മെയ്‌തെയ് വിഭാഗത്തില്‍ നിന്നും 25 പേരെയും കുക്കി വിഭാഗത്തില്‍ നിന്നും 11 പേരെയും നാഗ സമുദായത്തില്‍ നിന്നും 10 പേരെയും മുസ്ലിം, നേപ്പാളി വിഭാഗങ്ങളില്‍ നിന്നും യഥാക്രമം മുന്നും രണ്ടും അംഗങ്ങളെയുമാണ് സമാധാന സമിതിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാമനിര്‍ദേശം ചെയ്തത്. മേയ് 29 മുതല്‍ ജൂണ്‍ ഒന്ന് വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി സമാധാനം പുനസ്ഥാപിക്കാന്‍ കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഷാ പ്രഖ്യാപിച്ചിരുന്നു, അതിലൊന്നായിരുന്നു സമാധാന സമിതി. ജൂണ്‍ 10 നാണ് സംസ്ഥാന ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ ചെയര്‍പേഴ്‌സണ്‍ ആയിക്കൊണ്ട് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, വിവിധ സമുദായാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സമാധാന സമിതി പ്രഖ്യാപിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍