ആകാംഷകള്‍ക്ക് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാര്‍ലമെന്റില്‍ എത്തി. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് മറുപടി പറയുന്നതിനാണ് അദ്ദേഹം അപ്രതീക്ഷിതമായി ലോക്സഭയില്‍ എത്തിയത്. രാജ്യസഭയില്‍ പ്രധാനമന്ത്രി മോദി എത്തിയിട്ടേ ഇല്ല. സ്വാതന്ത്രാനന്തരം മുന്‍ പ്രധാനമന്ത്രിമാരില്‍ നിന്ന് വ്യത്യസ്ഥമായി ലോക്‌സഭയില്‍ അപൂര്‍വ്വമായി മാത്രം എത്തുന്ന നരേന്ദ്ര മോദി വാര്‍ത്തകളിലും ചര്‍ച്ചകളിലും ഇടം പിടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയത്തിന് മറുപടി പറയുന്ന ആദ്യത്തെ ഒരു മണിക്കൂറിലേറെ പ്രതിപക്ഷ ബഞ്ചില്‍ രാഹുല്‍ ഗാന്ധി ഉണ്ടായില്ല എന്നത് ശ്രദ്ധിക്കപ്പെട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് രാഹുല്‍ ഗാന്ധി സഭയില്‍ എത്തിയത്.
അഞ്ച് മണിക്ക് ശേഷം ഏഴ് മിനിറ്റുള്ളപ്പോള്‍ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി മണിപ്പൂര്‍ എന്ന വാക്ക് പറഞ്ഞിട്ടില്ല. പ്രതിപക്ഷം വലിയ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും മോദി കേട്ട ഭാവം കാണിച്ചില്ല. മണിപ്പൂര്‍ മണിപ്പൂര്‍ എന്ന് പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു. മണിപ്പൂരിനെ കുറിച്ച് പറയൂ എന്ന് പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ഉയര്‍ന്ന ശബ്ദത്തിന് ചെവി കൊടുക്കാന്‍ മോദി തയ്യാറായില്ല.
ഒന്നര മണിക്കൂര്‍ പ്രസംഗിച്ചിട്ടും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഒന്നും സംസാരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ട് പുറത്തിറങ്ങിയ ശേഷമാണ് പ്രധാനമന്ത്രി മണിപ്പൂര്‍ എന്ന് ആദ്യം പറഞ്ഞത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിനെ കുറിച്ച് വാചാലനാകുന്നതാണ് രാജ്യം കണ്ടത്. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റ് നീണ്ട പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കേവലം ഏഴ് മിനിറ്റ് മാത്രമാണ് മണിപ്പൂരിനെ കുറിച്ച് പറഞ്ഞത്. മണിപ്പുരിനൊപ്പമാണ് രാജ്യം എന്ന് പ്രധാനമന്ത്രി പറഞ്ഞു എന്നത് മാത്രമാണ് ഒരാശ്വാസം.
പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന് മറുപടി പറഞ്ഞു തുടങ്ങിയ പ്രധാനമന്ത്രിയും ഭരണ പക്ഷത്തെ മുന്‍ പ്രാസംഗികരെ പോലെ സര്‍ക്കാര്‍ നടത്തിയ നേട്ടങ്ങളാണ് എണ്ണി പറഞ്ഞത്. സര്‍ക്കാര്‍ സഭയില്‍ കൊണ്ടുവന്ന ബില്ലുകള്‍ മോദി എണ്ണി പറഞ്ഞു. രാജ്യത്തെ ജനങ്ങളില്‍ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അവിശ്വാസ പ്രമേയം ദൈവാനുഗ്രഹമായി കാണുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 2018 ല്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 2019 ല്‍ ജനങ്ങള്‍ പ്രതിപക്ഷത്തിന് എതിരെ അവിശ്വാസം രേഖപ്പെടുത്തി. മൂന്നാം തവണയും ബി.ജെ.പി. അധികാരത്തില്‍ വരും എന്ന് മോദി സഭയില്‍ പറഞ്ഞപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ മോദി.. മോദി… എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. 2028 ല്‍ പ്രതിപക്ഷം വീണ്ടും അവിശ്വാസ പ്രമേയവുമായി വരും എന്ന പ്രവചനവും പ്രധാനമന്ത്രി നടത്തി. ഭരണപക്ഷ അംഗങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്ന പ്രസംഗമായിരുന്നു മോദി നടത്തിയത് എന്ന് പറയാം.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും, യുനസ്‌ക്കോയും കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തിയതാണ് മോദിക്ക് പറയാനുണ്ടായിരുന്നത്. തനിക്കെതിരെ രണ്ടാം തവണയാണ് അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം വന്നതെന്ന് പറഞ്ഞ മോദി , വേണ്ടത്രെ ഗൃഹപാഠം നടത്താതെയാണ് പ്രതിപക്ഷം എത്തിയതെന്ന് ആരോപിച്ചു. അഴിമതി പാര്‍ട്ടികളൊക്കെ ഒന്നിച്ചിരിക്കുകയാണ് എന്ന് പുതുതായി രൂപം കൊണ്ട പ്രതിപക്ഷ ഐക്യം ‘ ഇന്ത്യയെ ‘ ഉദ്ദേശിച്ച് വിമര്‍ശിക്കാനും മോദി പ്രസംഗത്തില്‍ സമയം കണ്ടെത്തി.
മണിപ്പൂര്‍ കലാപം വിഷയമാക്കി പ്രതിപക്ഷ രാഷ്ട്രീയ കക്ഷിയായ ഇന്ത്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി പറയാന്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിന്റെ തൊട്ട് മുന്‍പ് മാത്രമാണ് സഭയില്‍ എത്തിയത്. മണിപ്പൂരിനെ കുറിച്ച് സംസാരിക്കാതെ മുന്‍പ് പലതവണ പറഞ്ഞ കാര്യങ്ങള്‍ ഒന്നര മണിക്കൂര്‍ സഭയില്‍ പ്രസംഗിച്ച് പ്രതിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കുന്നതില്‍ മോദി വിജയിച്ചു.
പ്രതിപക്ഷം സഭവിട്ട് പോയശേഷമുള്ള പ്രധാനമന്ത്രിയുടെ ശരീര ഭാഷയില്‍ വ്യത്യാസമുണ്ടായി. പറയുന്നതെല്ലാം ഡസ്‌ക്കിലടിച്ച് പ്രോത്സാഹനം നല്‍കുന്ന ഭരണപക്ഷ അംഗങ്ങള്‍ മാത്രമായിരുന്നു സഭയില്‍ ഉണ്ടായിരുന്നത്. ഉണ്ടായിരുന്ന അംഗങ്ങളെ കൊണ്ട് ആത്മപ്രശംസ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും ചെയ്തത് രാജ്യം കണ്ടു. മണിപ്പൂരില്‍ സമാധാനത്തിന്റെ സൂര്യനുദിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളോടുള്ള അതിക്രമം പൊറുക്കാന്‍ സാധിക്കില്ല. പ്രതിപക്ഷത്തിന് രാഷ്ട്രീയ കളി മാത്രമാണ് താത്പര്യമെന്ന് വിമര്‍ശിച്ച മോദി ഭാരത് മാതാവിനെ കുറിച്ചുള്ള പരാമര്‍ശം പൊറുക്കാന്‍ പറ്റാത്തതാണെന്ന് പറഞ്ഞു. ‘ഇന്ത്യ’ സഖ്യം അഹങ്കാരികളുടെ കൂട്ടായ്മയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. താന്‍ എല്ലാ അംഗങ്ങളുടെയും പ്രസംഗം കേട്ടിരുന്നുവെന്നും മോദി അവകാശപ്പെട്ടു.
പാര്‍ലമെന്റിന്റെ സ്വന്തം ചാനലുകള്‍ വഴിയാണ് രാജ്യം അവിടുന്നുള്ള ദൃശ്യങ്ങള്‍ കാണുന്നത്. രാജ്യത്തെ ചാനലുകള്‍ അവിടെ നിന്നാണ് ദൃശ്യങ്ങള്‍ എടുക്കുന്നത്. എന്നാല്‍ ഭരണപക്ഷത്തെ മാത്രം ഭൂരിപക്ഷ സമയത്തും കാണിക്കുന്ന നടപടി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി പ്രസംഗിച്ചപ്പോള്‍ പകുതിയിലേറെ സമയം സ്പീക്കറും ഭരണപക്ഷ ബഞ്ചുമായിരുന്നു സ്‌ക്രീനില്‍. എന്നാല്‍ ഭരണപക്ഷത്തെ ഒരാള്‍ സംസാരിക്കുന്ന അവസരത്തില്‍ മറിച്ചാണ് സംഭവിച്ചത്.
അവിശ്വാസ പ്രമേയം ശബ്ദ വോട്ട് നേടി വിജയിച്ചെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ പ്രതിരോധം തീര്‍ക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്ന ഭരണപക്ഷത്തെയാണ് രാജ്യം കണ്ടത്. പ്രധാനമന്ത്രിയും മറ്റ് ഭരണപക്ഷ അംഗങ്ങളും മണിപ്പൂര്‍ വിഷയം സംസാരിക്കാന്‍ വിമുഖത കാട്ടിയത് മൂന്ന് ദിവസവും സഭയില്‍ മുഴച്ചു നിന്നു എന്നുള്ളത് വിസ്മരിക്കാന്‍ സാധിക്കില്ല.