UPDATES

സയന്‍സ്/ടെക്നോളജി

കണ്‍നിറയെ കാണാന്‍…

ലോകത്ത് ആദ്യമായി മനുഷ്യ നേത്രം പൂര്‍ണമായി മാറ്റിവച്ച് ശാസ്ത്രലോകം

                       

ലോകത്തില്‍ ആദ്യമായി മനുഷ്യനേത്രം പൂര്‍ണമായി മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ശാസ്ത്രലോകം. എങ്കിലും കണ്ണ് മാറ്റി വയ്ക്കലിലൂടെ പൂര്‍ണമായ കാഴ്ച്ച ലഭിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ഹൈ-വോള്‍ട്ടേജ് വൈദ്യുതി ലൈനില്‍ നിന്നുണ്ടായ അപകടത്തില്‍ ഇടത് കണ്ണ് നഷ്ടപ്പെട്ട ആരോണ്‍ ജയിംസിനാണ് ന്യൂയോര്‍ക്കിലെ എന്‍ വൈ യു ലാങ്കോണ്‍ ഹെല്‍ത്തിലെ ശസ്ത്രക്രിയ വിദഗ്ധര്‍ പുതിയൊരു കണ്ണ് വച്ചു പിടിപ്പിച്ചത്. കണ്‍ത്തടവും കണ്‍പോളയും അടക്കം മുഴുവന്‍ കണ്ണാണ് ആരോണിന് മാറ്റി വച്ചത്.

കഴിഞ്ഞ മേയില്‍ നടന്ന ശസ്ത്രക്രിയയില്‍ നിന്ന് ആരോണ്‍ സുഖം പ്രാപിച്ച വരുന്നതായും, മാറ്റി വച്ച കണ്ണ് ആരോഗ്യമുള്ളതായി ഇരിക്കുന്നെന്നും എന്‍ വൈ യു സംഘം വ്യാഴാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാറ്റി വച്ച കണ്ണിന്റെ കണ്‍പോളകള്‍ അടയ്ക്കാനോ തുറക്കാനോ സാധിക്കുന്നില്ലെങ്കിലും കണ്ണുള്ളതിന്റ അനുഭൂതി ലഭിക്കുന്നുണ്ടെന്നാണ് ആരോണ്‍ തന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്.

‘നിങ്ങള്‍ക്ക് വിജയത്തിലേക്ക് എത്തണമെങ്കില്‍ അതിനൊരു തുടക്കം കുറിക്കണം, ഏതു പരീക്ഷണവും തുടങ്ങാന്‍ ആദ്യം ഒരാള്‍ വേണം, അടുത്തൊരു വ്യക്തിയെ സഹായിക്കുന്ന എന്തെങ്കിലും നിങ്ങള്‍ അതില്‍ നിന്ന് പഠിച്ചേക്കാം’; ആരോണ്‍ ജയിംസിന്റെ വാക്കുകള്‍.

ഇന്ന് കോര്‍ണിയ മാറ്റി വയ്ക്കുന്നത് സര്‍വസാധാരണമായി മാറിക്കഴിഞ്ഞു. എന്നിരുന്നാലും കണ്ണ് മുഴുവനായും മാറ്റിവെക്കുമ്പോള്‍ ചില കടമ്പകള്‍ കടക്കാനുണ്ട്. മാറ്റിവച്ച കണ്ണിലേക്കുള്ള രക്ത വിതരണം, തലച്ചോറുമായി ബന്ധിപ്പിക്കേണ്ട നിര്‍ണായകമായ ഒപ്റ്റിക് നാഡിയുടെ പ്രവര്‍ത്തനം എന്നിവ അന്ധത ഭേദമാക്കാനുള്ള പഠനങ്ങളിലേക്കുള്ള വലിയ മുതല്‍ കൂട്ടാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

അടുത്തത് എന്ത് സംഭവിച്ചാലും, ആരോണ്‍ ജെയിംസിന്റെ ഈ ശസ്ത്രക്രിയ ശാസ്ത്രജ്ഞര്‍ക്ക് മനുഷ്യന്റെ കണ്ണ് എങ്ങനെ സുഖപെടുന്നു എന്നതിന്റെ അഭൂതപൂര്‍വമായ വിവരങ്ങള്‍ നല്‍കുന്നവയാണ്.

”കാഴ്ച വീണ്ടെടുക്കാന്‍ പോകുന്നുവെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല, എന്നാല്‍ അതിലേക്ക് ഒരു പടി കൂടി ശാസ്ത്രലോകം അടുത്തിരിക്കുന്നു എന്ന് നിസംശയം പറയാന്‍ സാധിക്കും. ട്രാന്‍സ്പ്ലാന്റിന് നേതൃത്വം നല്‍കിയ എന്‍ വൈ യുവിന്റെ പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോക്ടര്‍ എഡ്വാര്‍ഡോ റോഡ്രിഗസിന്റെ വാക്കുകള്‍.

ശസ്ത്രക്രിയക്ക് ശേഷം കണ്ണ് പെട്ടെന്ന് ചുരുങ്ങി പോകുമെന്ന് വിദഗ്ധര്‍ ഭയപ്പെട്ടിരുന്നു. പക്ഷെ, ഡോക്ടര്‍ എഡ്വാര്‍ഡോ റോഡ്രിഗസ് കഴിഞ്ഞ മാസം ജെയിംസിന്റെ ഇടത് കണ്‍പോള പരിശോധിച്ചപ്പോള്‍, മാറ്റി വച്ച തവിട്ടുനിറമുള്ള കണ്ണ് ജെയിംസിന്റെ സ്വന്തം നീലക്കണ്ണ് പോലെ തടിച്ചതും നിറയെ ദ്രവകം നിറഞ്ഞതുമായിരുന്നു എന്നും കൂടാതെ കണ്ണിലേക്ക് നല്ല രക്തപ്രവാഹം ഉള്ളതായും കാണാന്‍ കഴിഞ്ഞു. ആരോണിന്റെ ശരീരം പുതിയ കണ്ണ് നിരസിക്കുന്നതിന്റെ ലക്ഷണമൊന്നും കണ്ടെത്താനായില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

ഗവേഷകര്‍ ഇപ്പോള്‍ ആരോണിന്റെ തലച്ചോറിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ച് വരികയാണ്, അതില്‍ നിന്ന് വളരെ പ്രധാനപ്പെട്ടതും എന്നാല്‍ പരിക്കേറ്റതുമായ ഒപ്റ്റിക് നാഡിയില്‍ ചില അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ കണ്ടെത്തിട്ടുണ്ട്. മനുഷ്യ നേത്രം മാറ്റിവെക്കലിന്റെ സാധ്യതകളെ പറ്റി ദീര്‍ഘനാളായി ഗവേഷണം ചെയ്യുന്ന ഗവേഷകര്‍ ഈ ശസ്ത്രക്രിയയെ പുതിയ ചുവടുവയ്പ്പിലേക്കുള്ള ആവേശകരമായ കണ്ടെത്തല്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

മുന്‍ കാലങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളുടെ അഭൂതപൂര്‍വമായ സാധൂകരണമായാണ് ആരോണ്‍ ജെയിംസില്‍ നടത്തിയ ഈ ശസ്ത്രക്രിയയെ കാലിഫോര്‍ണിയ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ നേത്രരോഗ വിദഗ്ദ്ധനായ ഡോ.ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് നിരീക്ഷിക്കുന്നത്. ഒപ്റ്റിക് നാഡിയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതാണ് ഇത്തരം ശാസ്ത്രക്രിയകളിലെ പ്രധാന വെല്ലുവിളി. മൃഗങ്ങളിലും മറ്റും പഠനങ്ങള്‍ നല്ലരീതിയില്‍ മുന്നേറുന്നുണ്ടെങ്കിലും മനുഷ്യനില്‍ പരീക്ഷിക്കുന്നത് ആദ്യമായാണ്, അതിനാല്‍ തന്നെ ഈ ശസ്ത്രക്രിയ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം എന്‍ വൈ യു സംഘത്തിന്റെ ധീരതയെ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് പ്രശംസിക്കുകയും ചെയ്തു.

2021 ജൂണില്‍ ഒരു പവര്‍ ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ ലൈവ് വയറില്‍ നിന്ന് ഷോക്കേറ്റാണ് ആരോണ്‍ ജെയിംസിന് ഇടതു കൈയും കണ്ണും ഉള്‍പ്പടെ നഷ്ടമായ അപകടമുണ്ടായത്. കണ്ണിനും ഇടത് കൈക്കുമേറ്റ പരിക്ക് വളരെ ഗുരുതരമായതിനാല്‍ രണ്ടും നീക്കം ചെയ്യേണ്ടതായി വന്നു. ദീര്‍ഘനാളത്തെ പരിചരണത്തിനും ഫിസിക്കല്‍ തെറാപ്പികള്‍ക്കും ശേഷമാണ് കുറച്ചെങ്കിലും പൂര്‍വ സ്ഥിതിയിലേക്ക് വരാന്‍ ആരോണിന് സാധിച്ചത്.

‘മനസു കൊണ്ടും ഹൃദയം കൊണ്ടും അതെന്റെ ആരോണാണ്, അതിനാല്‍ അവന്റെ മുഖത്തിന്റെ അപാകതകള്‍ എനിക്ക് ഒരു പ്രശ്‌നമല്ലായിരുന്നു. അവനെ ഇതൊന്നും ഒരിക്കലും ബാധിക്കാതിരിക്കാന്‍ ഞാന്‍ വളരെ അതികം ശ്രദ്ധിച്ചിട്ടുണ്ട്’; ആരോണിന്റെ ഭാര്യ മേഗന്‍ ജെയിസിന്റെ വാക്കുകള്‍. മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ അപൂര്‍വവും അപകടകരവുമാണ്. ജെയിംസിന്റേത് അടക്കം യുഎസിലെ 19-ാമത്തെ ശസ്ത്രക്രിയ മാത്രമാണിത്.

Share on

മറ്റുവാര്‍ത്തകള്‍